ആദിപാപം

 

ആദിപാപം


മനുഷ്യകുലത്തിന്റെ ഭാഗധേയം മാറ്റിക്കുറിച്ച സുപ്രധാന സംഭവമെന്ന നിലയില്‍  ആദിപാപം തീര്‍ച്ചയായും പ്രഥമ പരിഗണ അര്‍ഹിക്കുന്നു

ഒരു പരമ്പരയിലെ മൂന്നാം ലേഖനമാണിത്.  രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 ആദ്യഭാഗം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പാപസാഹചര്യം മുതല്‍ നമുക്ക് തുടങ്ങാം.  ഒറ്റക്കായിരുന്ന ആദ്യ സ്ത്രീയോട് സര്‍പ്പം (സാത്താന്‍) സംഭാഷണം ആരംഭിക്കുന്നതാണ് നാം ഉല്‍.3/1 ല്‍ കാണുന്നത്.  ഉല്പത്തി 2/18 ല്‍ നാം ഇങ്ങനെ വായിക്കുന്നു  മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല.  ഭര്‍ത്താവിനോടൊപ്പം നില്‍ക്കേണ്ട അവള്‍  കാരണമൊന്നുമില്ലാതെ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ അവള്‍ നില്‍ക്കുന്നത് നന്മയിലല്ല;  തിന്മയിലാണ്.  (പ്രാര്‍ത്ഥനാ ജീവിതത്തിനായിപോലും അല്പകാലത്തേക്കു മാറിനില്‍ക്കുന്ന ദമ്പതികള്‍ ആ കാലത്തിന്റെ അന്ത്യത്തില്‍ ഒന്നിച്ചു ചേരണം എന്നു വി. പൗലോസ്‌ 1 കോറിന്തോസ് 7/5ല്‍  കര്‍ശനമായി നിര്‍ദ്ദേശിക്കുന്നത് ഇവിടെ ഓര്‍മ്മിക്കുന്നത് നമുക്ക് പാഠമാകാന്‍ സഹായകം.)  സാത്താന്റെ വാക്കുകള്‍ ദൈവവചനത്തേക്കാള്‍  അവളെ ബോദ്ധ്യപ്പെടുത്തുന്നതായി തീരുന്നതിന്റെ കാരണം അതാണ്‌. ഒറ്റയ്ക്ക് നില്‍ക്കരുത് എന്നു ദൈവകല്പന ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ഉത്തരം.   ഇവിടെയാണ്‌ ദൈവകല്പന നിറവേറ്റുന്ന വേലക്കാരനായാല്‍ പോര ദൈവഹിതമനുസരിക്കുന്ന പുത്രനാകണം എന്ന് പറയുന്നതു.  ഇനി, എന്തുകൊണ്ടാണ് സ്ത്രീ അരുതാത്ത പഴം തിന്നതെന്ന് നോക്കാം.  സാത്താന്‍ കള്ളം പറഞ്ഞു അവളെ പറ്റിച്ചതുകൊണ്ട്,  തെറ്റിദ്ധരിപ്പിച്ചതുകൊണ്ട്, പ്രലോഭിപ്പിച്ചതുകൊണ്ട്  എന്നൊക്കെ ഇതിനു മറുപടി പറയും മുമ്പു വചനം പരിശോധിക്കാം.  അവിടെ അതിനുത്തരം വ്യക്തമായി തരുന്നുണ്ട്.  ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും,   കണ്ണിനു കൌതുകകരവും,  അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ടു അവള്‍ അത് പറിച്ചു തിന്നു. (ഉല്‍.3/6)  പൂര്‍ണ്ണമായ മനസ്സോടെ  വിലയിരുത്തി സ്വതന്ത്രമായ ഇച്ഛാശക്തിയോടെ തീരുമാനിച്ചു  ദൈവകല്പന ലംഘിച്ചതിനാല്‍ അത് മരണകരമായ പാപം തന്നെ. സാത്താന്റെ തലയിലേക്ക് ഉത്തരവാദിത്തം മാറ്റാനുള്ള നമ്മുടെ ശ്രമം ആദ്യ സ്ത്രീയേ രക്ഷിക്കാനല്ല നമ്മുടെ സ്വയം നീതീകരണത്തിന്റെ ഭാഗമാണെന്നു നാം തിരിച്ചറിയണം.  നമ്മുടെ തെറ്റ് തിരിച്ചറിഞ്ഞു, അംഗീകരിച്ചു, നാം മാനസാന്തരപ്പെടുന്നില്ലെങ്കില്‍ ഇത്തരം പഴികള്‍  കേള്‍ക്കാന്‍ സാത്താനും സന്തോഷമായിരിക്കും.  പഴം പറിച്ചു തിന്നുന്നതിന്  മൂന്നു കാര്യങ്ങളാണ് സ്ത്രീ കണ്ടതു.  1. തിന്നാന്‍ നല്ലത്   2.കാണാന്‍ നല്ലത്   3.അറിവേകുമെന്നതിനാല്‍ അഭികാമ്യം.  ഏദന്‍ തോട്ടത്തിലെ എല്ലാ പഴങ്ങള്‍ക്കും  ആദ്യത്തെ രണ്ടു ഗുണങ്ങളും ഉണ്ടായിരുന്ന എന്ന് ഉല്‍. 2/9 ല്‍ നിന്ന് നാം മനസ്സിലാക്കുന്നു. അപ്പോള്‍ ദൈവത്തെക്കൂടാതെ അറിവു നേടാനുള്ള അഹന്തയാണ് അവളുടെ ഉപദേഷ്ടാവിനെപ്പോലെ അവളെയും നാശത്തിലെത്തിക്കാന്‍ പ്രധാന കാരണമായതെന്ന്  തെളിയുന്നു.  ആദ്യമനുഷ്യനെ വീഴിക്കാന്‍ സാത്താന്‍ മുന്നോട്ടുവച്ച ഈമൂന്നു കാര്യങ്ങള്‍ നമ്മുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.  ഏറെ നൂറ്റാണ്ടുകള്‍ക്കു ശേഷം രണ്ടാമത്തെ ആദമായ യേശുവിനെ പരീക്ഷിക്കാന്‍ സാത്താന്‍ മരുഭൂമിയിലെത്തുന്നത് ഇതേ മൂന്നായുധങ്ങളുമായിത്തന്നെയാണു  (ലൂക്കാ.4/1-13 നോക്കുക) എന്നതു കൌതുകകരമല്ലേ?  ഇതുകൂടി നോക്കുക. ജഡത്തിന്റെ ദുരാശ,  കണ്ണുകളുടെ ദുരാശ,  ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല (1യോഹ.2/16).  സര്‍ഗ്ഗാത്മകത തെല്ലുമില്ലാത്ത സാത്താന്‍ ഈ തുരുമ്പിച്ച ആയുധങ്ങളുമായിത്തന്നെ നമ്മുടെ അടുക്കലും എത്തുന്നു എന്നതിലത്ഭുതമില്ല.  ഇത്രയൊക്കെയായിട്ടും നാം അവനോടു തോറ്റു കൊടുക്കുന്നു എന്നതിലെങ്കിലും അതിശയം തോന്നുന്നില്ലേ? 

സാത്താന്‍ നുണ പറഞ്ഞു സ്ത്രീയേ പറ്റിച്ചു എന്നതാണു സാത്താനെക്കുറിച്ചുള്ള നമ്മുടെ ഒരാരോപണം.  എന്താണു സാത്താന്‍ പറഞ്ഞ നുണ?  നമുക്കൊന്നു നോക്കാം.  സര്‍പ്പം സ്ത്രീയോടു പറഞ്ഞു:  നിങ്ങള്‍ മരിക്കുകയില്ല.  അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും,  നന്മയും തിന്മയും അറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.(ഉല്‍.3/4,5)  ഇതില്‍ ഏതാണ് നുണ? മരിക്കുകയില്ല എന്ന് പറഞ്ഞതോ?  ആദം പിന്നെയും നൂറ്റാണ്ടുകള്‍ ജീവിച്ചു. കണ്ണുകള്‍ തുറക്കുമെന്നു പറഞ്ഞതോ? ഉടനേ ഇരുവരുടെയും കണ്ണുകള്‍ തുറന്നു എന്ന് ഏഴാം വചനം.  നന്മയും തിന്മയും അറിഞ്ഞു ദൈവത്തെപ്പോലെ ആകുമെന്ന് പറഞ്ഞതോ?  അനന്തരം അവിടുന്നു(ദൈവം) പറഞ്ഞു:  മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. (ഉല്‍.3/22)  എവിടെയാണ് നുണ?  അതാണ്‌ കര്‍ത്താവ് സാത്താനെക്കുറിച്ചു പറഞ്ഞതു അവന്‍ നുണയനും നുണയുടെ പിതാവുമാണ്(യോഹ. 8/44) എന്ന്.  അത്ര വക്രതയോടെ അവന്‍ കള്ളം പറയുന്നതുകൊണ്ട്,  സത്യത്തിന്റെ മുഖം മൂടി അണിഞ്ഞുകൊണ്ട് നുണ പറയുന്നതുകൊണ്ട് മിക്കപ്പോഴും നമുക്ക് അതു തിരിച്ചറിയാനാവില്ല.  അതുകൊണ്ടാണ് സാത്താനുമായി സംവാദത്തിനു പോകരുതെന്ന് സഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവിടുന്ന് വചനമായിരുന്നിട്ടും യേശുതന്നെയും മരുഭൂമിയില്‍  തന്നെ പരീക്ഷിക്കാനെത്തിയ സാത്താനോടു സ്വന്തമായി ഒന്നും പറയാതെ എഴുതപ്പെട്ട വചനംകൊണ്ട്  മാത്രം മറുപടി പറയുന്നത് ശ്രദ്ധിക്കുക;  അവസാനം സാത്താന്‍ തന്നെയും വചനം ഉദ്ധരിക്കുന്നതും. അമ്മയെന്നോടങ്ങനെയാ പറഞ്ഞേഎന്ന് വാശിയോടെ അമ്മയുടെ വാക്കുകളില്‍ മുറുകെപ്പിടിക്കുന്ന ശിശുവിനെപ്പോലെ  എഴുതപ്പെട്ട വചനത്തെ മുറുകെപ്പിടിക്കുക മാത്രമാവും  ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ആകെ ചെയ്യാവുന്നത്.

സാത്താന്‍ എന്താണു പറഞ്ഞതെന്നു ഒന്നുകൂടി നോക്കാം.  അവന്‍ പറഞ്ഞു : നിങ്ങള്‍ മരിക്കുകയില്ല.

എന്നാല്‍ സത്യമെന്താണ്?  മനുഷ്യനെ ജീവനുള്ളവനാക്കുന്ന ദൈവാത്മാവിനെ അപ്പോള്‍ തന്നെ അവര്‍ക്കു നഷ്ടമായി.  നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മര്‍ത്ത്യനായി.  തന്നില്‍ ആരംഭിച്ച ദൈവസാദൃശ്യത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയില്‍ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടേണ്ടിയിരുന്ന മനുഷ്യന്‍ മണ്ണിലേക്കു മടങ്ങേണ്ടി വന്നു.  അവന്‍ പറഞ്ഞു: കണ്ണ് തുറക്കും  പാവം മനുഷ്യന്‍ മനസ്സിലാക്കിയതും പ്രതീക്ഷിച്ചതും ഉപരി നന്മയായിരുന്നു. ഉപരി സൗന്ദര്യമായിരുന്നു.  സത്യത്തിന്റെ തികവായിരുന്നു.  എനാല്‍ അവന്‍ കണ്ണ് തുറന്നത് അവന്റെ തന്നെ നഗ്നതയിലേക്കായിരുന്നു.  തിന്മ അറിയാതിരുന്ന അവന്‍ തന്നിലെ നന്മ  കണ്ടിരുന്നു; അവന്‍ നന്മയിലായിരുന്നു.  ഇപ്പോള്‍ തന്റെ നഗ്നത ജുഗുപ്സാവഹമാണെന്ന് അവന്‍ കാണുന്നു; എങ്ങിനെയും മറച്ചുപിടിക്കാന്‍ വൃഥാശ്രമം നടത്തുന്നു. സ്വാഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു; മാന്യത കളഞ്ഞു കുളിച്ചിരിക്കുന്നു.  തന്നെ വസ്ത്രം പോലെ പൊതിഞ്ഞുനിന്നിരുന്ന ദൈവാത്മാവു (മത്തായി 22/10-13 നോക്കുക) നഷ്ടമായിരിക്കുന്നു. കൊതിച്ചതെന്തു? ലഭിച്ചതെന്തു? ഇത് രണ്ടിനുമിടയില്‍ ഒളിച്ചിരിക്കുന്ന കള്ളത്തെ തിരിച്ചറിയുക.  ഇന്നും  സാത്താന്റെ വാക്കു പിഞ്ചെന്നു പാപത്തില്‍ വീഴുമ്പോള്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്‌.  ധനം തരും, സംതൃപ്തി നഷ്ടമാക്കും.  നൈമിഷിക സന്തോഷം തരും നിത്യാനന്ദം നഷ്ടമാക്കും.  അധികാരവും ആധിപത്യവും തരും; സമാധാനം നഷ്ടമാക്കും. ..

 സ്വാഭിമാനം നഷ്ടമായി തലകുനിച്ചു മനുഷ്യന് തുടര്‍ന്ന് ജീവിക്കാനാവില്ലെന്നു അറിയുന്ന ദൈവം ദൈവാത്മാവിന്റെ പുതുവസ്ത്രം ലഭ്യമാക്കും വരെ തത്കാലം മറ്റുള്ളവരില്‍ നിന്നു നഗ്നത മറയ്ക്കാന്‍ ഒരു തോല്‍വസ്ത്രമുണ്ടാക്കി കൊടുക്കുന്നതായി  നാം കാണുന്നു.(ഉല്‍.3/21 നോക്കുക) അതു മൃഗത്തോല്‍  ആണെന്നു മൂലഭാഷയിലെ വാക്കില്‍ നിന്നും നാം മനസ്സിലാക്കുന്നു.  അതിനര്‍ത്ഥം  ആദ്യമായി ഒരു മൃഗം ബലിയായി, മനുഷ്യനുവേണ്ടി.  ഞാന്‍ കരുതുന്നു അതൊരു കുഞ്ഞാടായിരിക്കും എന്നു.  എങ്കില്‍,  മനുഷ്യനു നഷ്ടമായ ദൈവാത്മാവെന്ന വസ്ത്രം വീണ്ടും നേടിത്തരുവാന്‍  കാല്‍വരിയില്‍ ബലിയാവാനിരുന്ന യേശുവിന്റെ  ബൈബിളിലെ ആദ്യപ്രതീകം അതായിരിക്കും.  ജപമാലയിലെ ദുഃഖത്തിന്റെ അഞ്ചാം രഹസ്യം ധ്യാനിക്കുമ്പോള്‍, കുരിശില്‍ തറയ്ക്കും മുമ്പ് യേശുവിന്റെ വസ്ത്രങ്ങള്‍  ഉരിഞ്ഞെടുത്തത് നമുക്കീ പുതുവസ്ത്രം തരാന്‍ വേണ്ടിയായിരുന്നു എന്നോര്‍ക്കാം.  എന്തായിരുന്നാലും   നമുക്കു  ഇന്നും ആ തോല്‍വസ്ത്രത്തിന്റെ സംരക്ഷണയുണ്ട്.  നമ്മുടെ ഉള്ളിലിരുപ്പ് ആരും അറിയില്ലെന്ന ആ ഒറ്റ തന്റെടത്തിലല്ലേ നാം ഇന്നും സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതു?  തലയുയര്‍ത്തി നില്‍ക്കുന്നത്?  ഇന്നു നമുക്ക് ചുറ്റും നേരിട്ട് നാം കാണുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്കു കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊള്ളട്ടെ.  ദുഷ്കൃത്യങ്ങളുടെ വിളനിലമായ ചില മനുഷ്യര്‍,  അവരുടെ മാനസാന്തര വേദികളില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു പരിശുദ്ധാത്മാവിനെ പുതച്ചു കഴിയുമ്പോള്‍ തങ്ങളുടെ ചീഞ്ഞ ഭൂതകാല ചെയ്തികളെ വിളിച്ചുപറഞ്ഞു ദൈവം അവരോടു ചെയ്ത കരുണയെ പ്രഘോഷിക്കുന്നതു കണ്ടിട്ടില്ലേ?  മാനസാന്തരത്തിനു മുമ്പെങ്ങാനും നാം അയാളുടെ അത്തരം ചെയ്തികളെക്കുറിച്ച് സംസാരിക്കുന്നതായി അയാള്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രതികരണം കൂടി ഊഹിച്ചു നോക്കൂ.  ദൈവാത്മാവെന്ന വസ്ത്രം ധരിക്കുമ്പോള്‍ മനുഷ്യന്റെ നഗ്നതയ്ക്കുണ്ടാകുന്ന മാറ്റത്തിന്റെ നല്ലൊരു ഉദാഹരണമായിരിക്കുമിത്.

സാത്താന്‍ പറഞ്ഞു: നിങ്ങള്‍ ദൈവത്തെപ്പോലെയാകും എന്നിട്ടു ആയല്ലോ.  മനുഷ്യന്‍ ദൈവത്തെപ്പോലെയാകേണ്ടതല്ലായിരുന്നു;  ദൈവമാകേണ്ടതായിരുന്നു.  പുലിക്കുഞ്ഞു വലുതായാല്‍ പുലിയെപ്പോലെയാവുകയല്ല പുലിയാവുകയാണ് ചെയ്യുന്നതു.  ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടു സാദൃശ്യത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന മനുഷ്യര്‍  ദൈവമക്കളായിരുന്നു; ദൈവത്തിലേക്ക് വളരേണ്ടിയിരുന്നവര്‍.  പോലെയാകല്‍ ഒരു വലിയ കബളിപ്പിക്കലാണ്.  തല മൊട്ടയടിച്ചു, ഒരു വട്ടക്കണ്ണടയും വച്ചു,  ഒരു ഒറ്റമുണ്ടു കൊണ്ട് താറുടുത്തു, ഒരു വടിയും കയ്യില്‍ പിടിച്ചാല്‍ മഹാത്മ ഗാന്ധിയെ പോലെയാകും;  മഹാത്മ ഗാന്ധിയാവില്ല.  അതൊരു പ്രച്ഛന്നവേഷം മാത്രം.  ഈ പ്രച്ഛന്ന വേഷത്തിന് യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമൊട്ടില്ല താനും.  ഒരിക്കല്‍ ചാര്‍ളി ചാപ്ലിനായി പ്രച്ഛന്നവേഷം കെട്ടുന്ന ഒരു മത്സരത്തില്‍ ആളറിയിക്കാതെ ചാര്‍ളി ചാപ്ലിനും പങ്കെടുത്തു.  അദ്ദേഹത്തിനു ഒരു സമ്മാനവും കിട്ടിയില്ല എന്നതാണ് രസകരമായ കാര്യം.  ദൈവമാകാന്‍ ഉള്ളില്‍ കൊതിയുണ്ടായിരുന്ന മനുഷ്യനേ ദൈവത്തെപ്പോലെയാക്കി ദൈവമാകാനുള്ള അവസരം നഷ്ടമാക്കി സാത്താന്‍.  ഇവിടെയാണവന്റെ കള്ളത്തരം വെളിവാകുന്നത്

നന്മതിന്മ അറിവിൻ്റെ വൃക്ഷം.....തുടരും

Comments

  1. Though this article is based on an unhistorical story, the message is very good.

    ReplyDelete
    Replies
    1. If we are only interested in the message God intend to
      convey, the discrimination between historic and unhistoric is not that much important.
      Please see 2Timo.3/16, 1Cor.10/11.

      Delete
  2. Inspiring interpretation... Clear articulation and logical narration georgechetta.... Thread of holy spirit binds everything together... Hallelujah

    ReplyDelete
  3. വലിയ ഉൾക്കാഴ്ച ജോർജേട്ടാ. ദൈവത്തിന് സ്തുതി.
    Rosemary

    ReplyDelete
  4. Deep spiritual thoughs shared in simple words, appreciate your love for Jesus, and your way of writing. Really guiding us deeper into love of God.

    ReplyDelete

Post a Comment