കല്യാണവും വീടുപണിയും കഷ്ടകാലത്താണ് നടക്കുന്നെതെന്ന ഒരു വിശ്വാസം കഴിഞ്ഞ കാലത്തു നമ്മുടെ നാട്ടിൽ പരക്കെ ഉണ്ടായിരുന്നു. ജീവിതത്തിൽ എന്തെങ്കിലും നന്മ സംഭവിക്കുന്നതായി കാണുമ്പോൾ ഇനിയിപ്പോൾ എന്തെങ്കിലും തിന്മയുണ്ടായേക്കുമോ എന്ന് ഭയപ്പെടുന്നവരുടെ എണ്ണം ഇന്നും കുറവല്ല. ജോർദ്ദാനിൽ വച്ച് പിതാവിൻ്റെ അംഗീകാരവും പരിശുദ്ധാത്മാവിൻ്റെ ആവാസവും ലഭിച്ച യേശുവിനെ ആത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേക്കു നയിക്കുന്ന രംഗമാണ് മത്താ.4/1-11 ൽ വിവരിക്കുന്നതു്. മുൻപ് പരാമർശിച്ച ആളുകൾക്ക് അവരുടെ വിശ്വാസത്തെ ഉറപ്പിക്കാവുന്ന ഒരു സംഭവം, അതും യേശുവിൻ്റെ ജീവിതത്തിൽ നിന്ന്. എന്തുകൊണ്ട് യേശുവിൻ്റെ ജീവിതത്തിൽ ഇതു സംഭവിച്ചു?
ലൂക്ക സുവിശേഷകൻ യേശുവിൻ്റെ മരുഭൂമിയിലെ പരീക്ഷ വിവരിക്കുന്നതിൻ്റെ തുടക്കത്തിലും ഒടുക്കത്തിലും ഓരോ പ്രസ്താവനകൾ നൽകുന്നുണ്ട്. അവ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമാണ്.
'യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി.' (ലൂക്കാ 4 : 1)
'യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി.' (ലൂക്കാ 4:14)
പരിശുദ്ധാത്മാവു നിറഞ്ഞവനായി മരുഭൂമിയിലേക്കു നയിക്കപ്പെട്ട യേശു ആത്മാവിൻ്റെ ശക്തിയോടെയാണ് അവിടെ നിന്നു മടങ്ങുന്നതു. തുടർന്നുള്ള
യേശുവിൻ്റെ പ്രവർത്തനങ്ങൾ ആ ശക്തി തെളിയിക്കുന്നതായി വചനം സാക്ഷിക്കുന്നു. യേശുവിൻ്റെ കാര്യത്തിൽ മാത്രമല്ല, പ്രകൃതി നിയമം തന്നെ അങ്ങിനെയാണ്. വർഷകാലത്തു കുതിരുന്നവ വരൾച്ചക്കാലത്ത് ശക്തി പ്രാപിക്കുന്നു. നിരന്തരം വെള്ളവും വളവും കിട്ടിക്കൊണ്ടിരുന്നാൽ വളരുമെങ്കിലും കരുത്താർജ്ജിക്കയില്ല. ഇക്കാരണത്താലാണ് തോട്ടത്തിൽ വളരുന്ന മരങ്ങളേക്കാൾ, കാട്ടിലെ വരൾച്ചയേയും കാറ്റിനെയും അതിജീവിക്കുന്ന മരങ്ങളുടെ തടിയ്ക്ക് മേന്മയേറുന്നത്. കൂടുതൽ പരിചരിക്കപ്പെടുന്നവ വേഗം കീടബാധയ്ക്കു അടിപ്പെടുകയും ചെയ്യും. ഇതു പോലെ നമ്മളും നിരന്തരം അനുഗ്രഹങ്ങൾ മാത്രം സ്വീകരിച്ചു കൊണ്ടിരുന്നാൽ വളരുമെങ്കിലും ബലപ്പെടുകയില്ല. ശത്രുവിനു വേഗം കീഴ്പ്പെടുത്താനാവുകയും ചെയ്യും. മരുഭൂ അനുഭവങ്ങളും പരീക്ഷകളുമാണ് നമ്മെ ശക്തിപ്പെടുത്തുന്നത്. മരുഭൂമിയിലെ പരീക്ഷകളിൽ വിജയിയായ യേശുവാണ് ശക്തനായി മടങ്ങുന്നത്. നമ്മുടെ ജീവിതത്തിലും സംഭവിക്കേണ്ടത് ഇതു തന്നെയാണ്. എന്നാൽ,പലപ്പോഴും പരീക്ഷകളിൽ പരാജിതരാകുന്ന നാം മടങ്ങുന്നത് ഒടിഞ്ഞു വീണ്, വാടിത്തളർന്നാണ്. അങ്ങിനെ ഇത്തരം സന്ദർഭങ്ങൾ നമുക്കു ദുരന്തങ്ങളായി പരിണമിക്കുന്നു. അനുഗ്രഹത്തിനു പിന്നാലെ ദുരന്തം വരുന്നതായി നമുക്കു തോന്നാനുള്ള കാരണമിതാണ്. പരീക്ഷകളിലെ വിജയം നമുക്ക് പ്രധാനപ്പെട്ടതാകുന്നതങ്ങനെ.
എങ്ങിനെയാണ് യേശു പരീക്ഷകളിൽ വിജയിയായതു എന്നു കൂടി നമുക്കൊന്നു നോക്കാം. ആ പരീക്ഷകളെയെല്ലാം യേശു നേരിട്ടത് എഴുതപ്പെട്ട വചനങ്ങളാലാണ് എന്ന് നോക്കിയാൽ കാണാവുന്നതേയുള്ളു. സ്വബുദ്ധിയിൽ ആശ്രയിക്കുകയോ സ്വന്തം കണ്ടെത്തലുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. പില്ക്കാലത്ത്, എഴുതപ്പെട്ട വചനത്തിനു തിരുത്തലുകൾ നിർദ്ദേശിച്ച യേശു വാണ് പക്ഷേ, പരീക്ഷാ വേളയിൽ എഴുതപ്പെട്ട വചനത്തെ മാത്രം ആശ്രയിച്ചത് എന്നോർക്കുക. എഴുതപ്പെട്ട വചനത്തിൽ ഉത്തരമില്ലാത്ത പരീക്ഷകളൊന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല എന്നതാണു സത്യം. വചനം അറിയുക എന്നത് പരീക്ഷകളിൽ വിജയിക്കുന്നതിന് അത്യന്താപേക്ഷിതമാകുന്നു. ആ വിജയങ്ങളാണ് അനുഗ്രഹങ്ങൾക്കു പിന്നാലെ സംഭവിക്കുന്ന ദുരന്തങ്ങളെ ഒഴിവാക്കി, നമ്മേ ശക്തരാക്കുന്നത്.
ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക
Comments
Post a Comment