സഭയും ജ്ഞാനസ്നാനവും



 

പരിശുദ്ധാത്മാവാണ് നമ്മില്‍ യേശുവിനെ രൂപപ്പെടുത്തുന്നതെന്നും ജ്ഞാനസ്നാനമാണ് ഇതിനു പ്രാരംഭമിടുന്നതെന്നും നാം നേരത്തെ കണ്ടു.

ഒരു പരമ്പരയിലെ രണ്ടാം ലേഖനമാണിത്.  ആദ്യഭാഗം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റൊരു ചിന്തയിലേക്ക് ഇത് നമ്മെ നയിക്കുന്നു.  ജ്ഞാനസ്നാനം സഭയിലേക്കുള്ള പ്രവേശനത്തെക്കൂടി സൂചിപ്പിക്കുന്നു.  അണ്ഡവും ബീജവും തമ്മില്‍ ചേര്‍ന്നാല്‍ ജീവന്‍ ഉണ്ടാകുമെങ്കിലും അതു നിലനില്ക്കാനും പൂര്‍ണ്ണതയിലേക്കു വളരാനും ഒരു ഗര്‍ഭപാത്രത്തിന്റെ സംരക്ഷണത്തില്‍ വേണം ഇത് സംഭവിക്കാന്‍.  വീണ്ടും ജനനത്തിലും ഇത് പ്രസക്തമാണ്.  ആദ്യമനുഷ്യനില്‍   ദൈവാത്മാവിനെ നിശ്വസിച്ചിട്ടു ദൈവം അവനെ പാര്‍പ്പിച്ചത്‌  ഏദന്‍തോട്ടത്തിലായിരുന്നു.  യേശുക്രിസ്തു അവനില്‍ വളരാന്‍ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ക്രമീകരിച്ചിരുന്ന ഗര്‍ഭപാത്രമായിരുന്നു ഗ്രീക്കു പരിഭാഷയില്‍ പറുദീസ എന്ന് വിളിച്ചിരുന്ന ഏദന്‍ തോട്ടം.  എങ്കിലും ഗര്‍ഭഛിദ്രം സംഭവിച്ചു;  ചാപിള്ളയെ അടിയന്തരമായി പുറത്തെടുക്കേണ്ടിയും വന്നു എന്ന് നാമറിയുന്നു.  വീണ്ടും ജനനത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്ള ഗര്‍ഭപാത്രമായി  സഭ രംഗത്തു വരുന്നു.  ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ചികിത്സിക്കാനുള്ള സൌകര്യമാണ് സഭയെ ഏദന്‍ തോട്ടത്തില്‍നിന്നു ഏറെ മെച്ചപ്പെട്ടതാക്കുന്നത്. പാപമോചനത്തിനായി  സഭയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുമ്പസാരമെന്ന കൂദാശയുടെ കാര്യമാണു സൂചിപ്പിക്കുന്നത്.  ഇക്കാരണത്താല്‍ ക്രിസ്തു നമ്മില്‍  പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ സാദ്ധ്യത വളരെ ഏറെയാണ്‌.  ക്രിസ്തു നമ്മില്‍ രൂപപ്പെടുന്നതുവരെ ഈറ്റുനോവനുഭവിക്കുന്ന അമ്മ കൂടിയാണ് സഭ.  എങ്കിലും ഓര്‍ത്തിരിക്കുക.  സ്നാനപ്പെട്ടു എന്നതുകൊണ്ടു മാത്രം രക്ഷ ഉറപ്പായില്ല.  അങ്ങിനെയായിരുന്നെങ്കില്‍ ആദ്യമനുഷ്യനു മരണം രുചിക്കേണ്ടി വരില്ലായിരുന്നു.  യജമാനന്‍ എല്പിച്ചിട്ടു പോയ ജോലിയില്‍ മുഴുകാതെ സ്വന്തഇഷ്ടം നോക്കിനടന്നാല്‍  പ്രതീക്ഷിക്കാത്ത ദിവസത്തിലും  അറിയാത്ത മണിക്കൂറിലും യജമാനന്‍ വരികയും അവനെ ശിക്ഷിച്ചു അവന്റെ പങ്കു അവിശ്വാസികളോട് കൂടിയാക്കുകയും ചെയ്യും.(ലൂക്കാ.12/46)  സ്നാനപ്പെട്ടവന്‍,  വിശ്വാസി അവിശ്വാസിയായി എണ്ണപ്പെട്ടു ശിക്ഷിക്കപ്പെടുന്ന അവസ്ഥ.  അതായത് നമ്മില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന യേശു സൂക്ഷിച്ചില്ലെങ്കില്‍ മരണപ്പെടുക പോലും ആവാം.  അതിനെയാണ്  ചാവുദോഷം മരണകരമായ പാപം- എന്ന് വിളിക്കുന്നതു.  ആ അവസ്ഥയിലാണ് യജമാനന്‍ വരുന്നതെങ്കില്‍ ഈ ലോകജീവിതം അവസാനിക്കുന്നതെങ്കില്‍ - നമ്മുടെ ഗതി എന്താവും?  ജാഗരൂകരായിരിക്കുക എന്ന ആഹ്വാനത്തിന്റെ പൊരുളറിയുക.  അതുകൊണ്ട് നമ്മില്‍ എത്രയും വേഗം ക്രിസ്തു പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ സഭയില്‍ ലഭ്യമായ ക്രമീകരണങ്ങള്‍ അറിയുക, ഉപയോഗപ്പെടുത്തുക;  യജമാനന്‍ ഏതു യാമത്തില്‍ വന്നാലും തയ്യാറായിരിക്കുക.

സഭയില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളത്?  അത് പരിശോധിക്കും മുമ്പ്  പറുദീസായിലെ ക്രമീകരണങ്ങള്‍ എന്തെല്ലാമായിരുന്നു എന്നു ഒന്ന് പരിശോധിക്കാം.  കാഴ്ചയ്ക്ക് കൌതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു.  ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി.(ഉല്‍. 2/9)  മനുഷ്യന്റെ അഭിരുചികള്‍ക്കെല്ലാം തൃപ്തി നല്കാന്‍ ആവശ്യമായതത്രയും അവിടെ ക്രമീകരിച്ചിരുന്നു.  എന്നാല്‍ തോട്ടത്തിന്റെ നടുവിലുണ്ടായിരുന്ന ജീവന്റെ വൃക്ഷവും നന്മതിന്മാ അറിവിന്റെ വൃക്ഷവും നമ്മുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുന്നു. ദൈവീകജീവനില്‍ പങ്കു പറ്റുന്നതിനും അങ്ങിനെ അമര്‍ത്യത വരിക്കുന്നതിനും ഉള്ള സംവിധാനമായിരുന്നു ജീവന്റെ വൃക്ഷമെങ്കില്‍ അനുസരണ അഭ്യസിക്കുന്നതിലൂടെ ദൈവസാദൃശ്യത്തില്‍ വളരുന്നതിനുള്ള ക്രമീകരണമായിരുന്നു നന്മതിന്മാ അറിവിന്റെ വൃക്ഷം.  അനുസരണത്തിലൂടെ എങ്ങിനെ ദൈവസാദൃശ്യത്തില്‍ വളരും?  യേശു തന്നെ മാതൃക.  യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.  സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല...... കാരണം, എന്റെ ഇഷ്ടമല്ല,  എന്നെ അയച്ചവന്റെ  ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്. (യോഹ. 5/3൦)  ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്.  ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ  അയച്ച പിതാവുതന്നെ എനിക്കു കല്പന നല്‍കിയിരിക്കുന്നു.(യോഹ. 12/49) യേശുപറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തു കാണുന്നതല്ലാതെ പുത്രനു സ്വന്ത ഇഷ്ടമനുസരിച്ചു  ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല.  എന്നാല്‍, പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു.(യോഹ.5/19)  പിതാവിനെപ്പോലെ ചിന്തിച്ചു,  പിതാവ് പറഞ്ഞു കേട്ടതു മാത്രം പറഞ്ഞു,  പിതാവ് ചെയ്തു കാണിച്ചതു മാത്രം ചെയ്തു പുത്രന്‍ പിതാവിലും പിതാവ് പുത്രനിലുമാണെന്നു തെളിയിച്ചു.  ഗത്സമെനിയിലും സ്വന്തം ഇഷ്ടം ത്യജിച്ചു പിതാവിന്റെ ഇഷ്ടത്തിനു സമര്‍പ്പിച്ചു.  അങ്ങിനെ എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു(യോഹ.14/9 നോക്കുക) എന്നു പറയാന്‍ തക്കവണ്ണം സാദൃശ്യപ്പെട്ടു.  സകല കാര്യങ്ങളിലും പിതാവിന്റെ മുമ്പില്‍ ആമ്മേന്‍  ആയി.  ഞാനും പിതാവും ഒന്നാണ്(യോഹ.10/3൦) എന്ന് പറയാന്‍ മാത്രം വളര്‍ന്നു.   ഇങ്ങനെയാണ് യേശു പുത്രനായിരുന്നെങ്കിലും സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു നമുക്ക് മാതൃകയായത്‌. 

ഏദന്‍ തോട്ടത്തില്‍ അനുസരണക്കേടിന്റെ ഫലം മരണമായിരുന്നു. പിന്നീടൊരു തിരിച്ചുവരവില്ലായിരുന്നു.  സഭയിലും അനുസരണത്തിനു പ്രാധാന്യം കുറഞ്ഞിട്ടില്ല.  യേശു സഭയെ ഏല്‍പിച്ച ദൗത്യംഇതായിരുന്നു:  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍.  ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍.(മത്താ. 28/20)  വചനമനുസരിച്ചുള്ള ജീവിതത്തിലൂടെ വേണം നാം ദൈവ സാദൃശ്യത്തിലേക്ക് യേശുവിലേക്ക് വളരാന്‍.  പക്ഷെ, അനുസരണക്കേടിന്റെ ഫലമായുണ്ടാകുന്ന മരണത്തില്‍ നിന്നു തിരിച്ചുവരവിനു സാദ്ധ്യതയുണ്ട്, സംവിധാനമുണ്ട്.  അവിടുന്ന് ആചരിക്കാന്‍ ആവശ്യപ്പെട്ട സുപ്രധാനമായ ഒരു കാര്യം വി. പൗലോസ്‌ അവതരിപ്പിക്കുന്നതു ഇങ്ങനെ.  കര്‍ത്താവില്‍  നിന്നു എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭാരമേല്പിച്ചതുമായ കാര്യമിതാണ്‌:  കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്തു,കൃതജ്ഞതയര്‍പ്പിച്ചശേഷം,. അത് മുറിച്ചുകൊണ്ട് അരുളിച്ചെയ്തു:ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്.  എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍.  അപ്രകാരം തന്നെ, അത്താഴത്തിനു ശേഷം പാനപാത്രമെടുത്തു അരുളിച്ചെയ്തു:  ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്;  നിങ്ങള്‍ ഇത് പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. (1കോറി. 11/23-25)  അതായതു ദിവ്യബലി.  ഏദനിലെ ജീവന്റെ വൃക്ഷത്തെക്കുറിച്ചു നമുക്കൊന്നെ അറിയൂ, അതിന്റെ ഫലം കഴിച്ചാല്‍  അമര്‍ത്ത്യത കൈവരിക്കാം.  എന്റെ ശരീരം ഭക്ഷിക്കുകയും   എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്.(യോഹ. 6/54) എന്ന് പറഞ്ഞ യേശു ദിവ്യബലി സ്ഥാപിച്ചു കൊണ്ട് നമുക്കത് ലഭ്യമാക്കുകയും ചെയ്തു.  ഏദന്‍ തോട്ടത്തില്‍ മനുഷ്യനു നഷ്ടമായ ജീവന്റെ വൃക്ഷം സഭയില്‍ ലഭ്യമായതിങ്ങനെ.  അപ്പോള്‍ സഭയുടെ ദൌത്യം വ്യക്തമാവുകയാണ്.  സുവിശേഷം പ്രഘോഷിക്കുക. മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിക്കാന്‍ ലോകത്തോട്‌ ആഹ്വാനം ചെയ്യുക. വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുക.  സ്നാനപ്പെട്ടവരെ കര്‍ത്താവ് പറഞ്ഞിട്ടുള്ളതനുസരിച്ചു ജീവിക്കാന്‍ പഠിപ്പിക്കുക.  ദിവ്യബലിയുടെ ആചരണത്തിലൂടെ യേശുവിന്റെ ശരീരരക്തങ്ങള്‍ പകുത്തു കൊടുക്കുക.  ഏതെങ്കിലും കാരണത്താല്‍ നിത്യജീവന് തകരാര് സംഭവിച്ചവരെ സുഖപ്പെടുത്തുക, പുനര്‍ജ്ജീവിപ്പിക്കുക.  കാഴ്ചയ്ക്ക് കൌതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന മറ്റനേകം വൃക്ഷങ്ങള്‍ സഭയില്‍ ഉണ്ടായിരിക്കാം.  എന്നാല്‍, ദിവ്യകാരുണ്യവും ദൈവവചനവും ശ്രദ്ധാകേന്ദ്രമായി മദ്ധ്യത്തില്‍ തന്നെ ഉണ്ടാവണം.  അതാണു സഭയുടെ ശരിയായ ഘടന. 

ആദിപാപം.....തുടരും

Comments