ഒരു നിരീക്ഷണം



 മനുഷ്യനും മറ്റു ജീവജാലങ്ങളും,  ആത്മാവും ദൈവാത്മാവും, ജന്മപാപവും വീണ്ടുംജനനവും ....

ഇരതേടല്‍, ഇണതേടല്‍, വിശ്രമം എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ മനുഷ്യന്‍  മറ്റു ജീവജാലങ്ങളുമായി സമാനത പങ്കുവയ്ക്കുന്നുണ്ട്.  ബുദ്ധിശക്തിയുടെ ഏറ്റക്കുറച്ചിലിനു ആനുപാതികമായി അവയുടെ ജീവിത നിലവാരത്തില്‍ മാറ്റം വരുന്നതും ദൃശ്യമാണ്.  സമൂഹമായി ജീവിക്കുന്ന മൃഗങ്ങളില്‍ അവയുടെ ബൌദ്ധിക നിലവാരത്തിനനുസൃതമായി ചില നിയമങ്ങളും ആചാരങ്ങളും  സംസ്കാരങ്ങളും രൂപപ്പെട്ടുവരുന്നതും സൂക്ഷിച്ചു വീക്ഷിച്ചാല്‍ കാണാവുന്നതേയുള്ളൂ, പ്രത്യേകിച്ച് ആഹാരം പങ്കുവയ്ക്കലിലേ ക്രമം, കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഉള്ള മുന്ഗണന, ശിശു സംരക്ഷണം, അധികാരശ്രേണികള്‍ ഇവയിലൊക്കെ.  മനുഷ്യന്‍ ഉന്നത ശ്രേണിയിലുള്ള ഒരു മൃഗം മാത്രമാണെന്ന അനുമാനത്തിലേക്ക് നാം എത്തിച്ചേരും മുമ്പ് ഒരു വ്യത്യസ്തത നമ്മുടെ കണ്ണില്‍ പെടുന്നു.  അതിതാണ്.  എത്ര ഉയര്‍ന്ന ബൌദ്ധിക നിലവാരമുള്ളതായാലും മൃഗങ്ങളില്‍ ദൈവാരാധനയുടെയോ ദൈവാന്വേഷണത്തിന്റെയോ ഏറ്റം താഴ്ന്ന രൂപങ്ങള്‍ പോലും കാണാനില്ല.  എന്നാല്‍, ശിലായുഗ മനുഷ്യന്‍ പോലും ദൈവാരാധനയിലേക്കും ദൈവാന്വേഷണത്തിലേക്കും പ്രകൃത്യാ തന്നെ നയിക്കപ്പെടുന്നതായി കാണുന്നു.  ആ ആരാധനയും അന്വേഷണങ്ങളും പ്രകൃതി ശക്തികളിലോ അവനു മനസ്സിലാക്കാനോ നിയന്ത്രിക്കാനോ ആവാത്ത പ്രതിഭാസങ്ങളിലോ ചെന്നവസാനിച്ചിരിക്കാമെങ്കിലും തനിക്കു മുകളില്‍  തന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഒരു ശക്തിയെക്കുറിച്ച് അവന്‍ ബോധവാനായിരുന്നു എന്ന് കാണാം.  എനിക്കു തോന്നുന്നു മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഇടയിലുള്ള വര ഇവിടെ വരക്കാമെന്ന്.

എന്തുകൊണ്ട്  ഈ വ്യത്യസ്തത?  ബൈബിള്‍ ഇതിനു വ്യക്തമായ ഒരു ഉത്തരം തരുന്നുണ്ട്.  ഉല്പത്തി പുസ്തകത്തില്‍ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കാല്‍ മാത്രം സൃഷ്ടിക്കുന്ന ദൈവം മനുഷ്യനെ തന്റെ ഛായില്‍ സൃഷ്ടിക്കുന്നതായി എടുത്തു പറയുന്നു. (ഉല്‍.1/27 നോക്കുക)  സമയസ്ഥലദ്രവ്യോര്‍ജ്ജങ്ങളിലൂടെ പ്രകാശിതമാകുന്ന പ്രപഞ്ചബന്ധിയായ ഒരു അസ്തിത്വം മാത്രമുള്ള ഇതര സൃഷ്ടികളില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാകുന്നതു ഈ ഛായ മൂലം.  അങ്ങിനെ മനുഷ്യനു നിത്യതയിലും ഒരു അസ്തിത്വമുണ്ടാകുന്നു.  ദൈവാത്മാവിനോട് ചേര്‍ന്നാല്‍ മാത്രം സ്വന്ത പൂര്‍ണ്ണതയും സംതൃപ്തിയും പ്രാപിക്കാനാവും വിധം ദൈവം തീര്‍ത്തിരിക്കുന്നതിനാല്‍ ദൈവ ദാഹവും ദൈവാന്വേഷണവും മനുഷ്യന്റെ പ്രകൃതമായി തീര്‍ന്നിരിക്കുന്നു.  ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു;  നിന്നില്‍ വിശ്രമം കണ്ടെത്തുവോളം ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും എന്ന വാക്കുകളിലൂടെ വിശുദ്ധ അഗസ്തീനോസ് പരാമര്‍ശിക്കുന്നതു ഈ ദാഹത്തെയാണ്.

ശമിപ്പിക്കാനാവാത്ത ഒരു ദാഹത്തോടെ ദൈവം ഒന്നിനെ സൃഷ്ടിക്കുമോ?  ദൈവത്തിന്റെ സ്വഭാവം നിരീക്ഷിച്ചാല്‍ അങ്ങിനെ ഒന്നുണ്ടാവുകയില്ല എന്നു മനസ്സിലാക്കാവുന്നതേയുള്ളു.  ഇവിടെ ഉല്‍പ്പത്തി 2/7 നമ്മുടെ ശ്രദ്ധയില്‍ വരുന്നു.ദൈവമായ കര്‍ത്താവു ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു.  അങ്ങിനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.  എന്താണീ ജീവന്റെ ശ്വാസം?  അതെന്തായിരുന്നാലും തന്മൂലമാണ്‌ മനുഷ്യന്‍ ജീവനുള്ളവനായി തീര്‍ന്നത് എന്ന് വ്യക്തം.  മനുഷ്യനൊഴികെ, പ്രപഞ്ചത്തിലെ സര്‍വ്വതിനെയും ദൈവം സൃഷ്ടിച്ചതു  ഉണ്ടാകട്ടെ എന്ന വാക്കിനാലാണ്.  അവയിലെക്കൊന്നും ജീവന്റെ ശ്വാസം നിവേശിപ്പിക്കുന്നതായി കാണുന്നുമില്ല. അപ്പോള്‍ അവയ്ക്കൊന്നിനും ജീവനില്ലെന്നാണോ?  അവയ്ക്കുള്ളതില്‍ നിന്നു വ്യത്യസ്തമായ ഒരു ജീവന്‍ മനുഷ്യനുണ്ടെന്നു മനസ്സിലാക്കുന്നതാവും ശരി.  നന്മതിന്മാ അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുതു;  തിന്നുന്ന ദിവസം നീ മരിക്കും(ഉല്‍.2/17)  എന്നു ദൈവം പറഞ്ഞത് ഈ ജീവശ്വാസത്തിന്റെ നഷ്ടത്തെക്കുറിച്ച് ആയിരിക്കും.  പിന്നീടു, അരുതെന്നു പറഞ്ഞതു മനുഷ്യന്‍ ചെയ്തപ്പോളും അവന്‍ പുറകോട്ടു മറിഞ്ഞുവീണ് മരിക്കുന്നതു നാം കാണുന്നുമില്ല.  എന്നാല്‍ മനുഷ്യന്‍ ചെയ്ത  ഈ പാപത്തിന്റെ ദുരന്ത ഫലങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വന്ന യേശു രക്ഷണീയ കര്‍മ്മം പൂര്‍ത്തിയാക്കുമ്പോള്‍ ശിഷ്യരുടെമേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു പറഞ്ഞു നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. (യോഹ.20/22)  ഈ പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതിനു വേണ്ടിയാണു അവിടുന്നു രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്കു കരേറുന്നതു എന്ന് പീഡാനുഭവത്തിനു തൊട്ടുമുമ്പ് യേശു വ്യക്തമാക്കുന്നുമുണ്ട്.(യോഹ.16/5-11 നോക്കുക)  കളിമണ്ണില്‍ മെനഞ്ഞ മനുഷ്യനിലേക്ക് നിശ്വസിച്ചത് പരിശുദ്ധാത്മാവിനെയാണെന്നും പാപത്തിലൂടെ നഷ്ടമായ ആ പരിശുദ്ധാത്മാവിനെ വീണ്ടും നിശ്വസിക്കാനായിരുന്നു യേശുവിന്റെ രക്ഷണീയ കര്‍മ്മത്തിന്റെ മുഖ്യോദ്ദ്യേശ്യം എന്നും വ്യക്തമാകുന്നു. ഈ പരിശുദ്ധാത്മാവിനു വേണ്ടിയുള്ള ദാഹമാണ് മനുഷ്യനുള്ളത്. തിരിച്ചു ദൈവത്തിനോ?  നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു(യാക്കോ.4/5)  എങ്ങിനെയും തന്റെ മാത്രം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മൂല ഭാഷ. തീവ്രമായ പരസ്പര ദാമ്പത്യ സ്നേഹമല്ലാതെ മറ്റൊന്നല്ലിത്.  സ്ത്രീപുരുഷന്മാരില്‍ പ്രകടമാകുന്ന പരസ്പര ദാഹം ഇതിന്റെ ഒരുപമ മാത്രം. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ച(യോഹ.3/16)തിന്റെ വിശദീകരണം ഇവിടെ നമുക്ക് ലഭിക്കുന്നു.   മനുഷ്യനില്‍ ദൈവാത്മാവിനാല്‍ മാത്രം ശമിപ്പിക്കാവുന്ന ഒരു ദാഹം നിക്ഷേപിക്കുക മാത്രമല്ല തന്റെ നിശ്വസനത്താല്‍ അതിനു പരിഹാരമുണ്ടാക്കുന്നുമുണ്ട് ദൈവം എന്ന് സാരം.

മനുഷ്യാത്മാവിനോട് ദൈവാത്മാവു ചേരുന്ന ഈ സംവിധാനം ദൈവം എന്തിനായി ഒരുക്കി?  അതിന്റെ ഉത്തരം തേടി നാം മനുഷ്യ സൃഷ്ടി വിവരിക്കുന്ന വചന ഭാഗങ്ങളിലൂടെ ഒരിക്കല്‍ക്കൂടി കടന്നു പോകേണ്ടിയിരിക്കുന്നു.  പ്രപഞ്ച സൃഷ്ടിയുടെ പരിസമാപ്തിയില്‍ ദൈവം ഇങ്ങനെ പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം (ഉല്‍.1/26)   ഇങ്ങനെ പറയുന്നുണ്ടെങ്കിലും സൃഷ്ടിച്ചതു ദൈവത്തിന്റെ  ഛായയില്‍ മാത്രമാണെന്ന് 27 ആം തിരുവചനത്തില്‍ നാം കാണുന്നു.  അപ്പോള്‍ ഈ സാദൃശ്യത്തിന്റെ കാര്യം എന്തായി?  എന്താണീ സാദൃശ്യം?  അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപ(കൊളോ.1/15) മാണെന്ന് യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു.  അപ്പോള്‍,  ദൈവത്തിന്റെ സാദൃശ്യം യേശുക്രിസ്തുവാണെന്നു നാം മനസ്സിലാക്കുന്നു.  ആ സാദൃശ്യത്തോടെയല്ല മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.  എന്നാല്‍ അതിനുള്ള സാദ്ധ്യത നിലനിന്നിരുന്നു താനും.  മനുഷ്യന്റെയും ദൈവാത്മാവിന്റെയും സംയോഗത്തിലൂടെ മനുഷ്യനില്‍ രൂപപ്പെടാന്‍ ആരംഭിക്കേണ്ട ദൈവ സാദൃശ്യമാണ് യേശു ക്രിസ്തു.  ദൈവത്തിന്റെ നിശ്വാസത്തോടെ ഈ സാദ്ധ്യത കഴിവായി മാറി. പാകമായ ഒരു തേങ്ങയ്ക്കു ഒരു തെങ്ങിനെ മുളപ്പിക്കാന്‍ കഴിവുള്ളതുപോലെ,  ഒരു നല്ല മുട്ടയ്ക്ക് കോഴിക്കുഞ്ഞിനെ വിരിയിക്കാന്‍ കഴിവുള്ളതുപോലെ അനുകൂല സാഹചര്യത്തില്‍ മനുഷ്യനില്‍ യേശുക്രിസ്തു പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കാനുള്ള അവസ്ഥയിലായി.  അതിനായി ദൈവമൊരുക്കിയ സാഹചര്യമായിരുന്നു ഏദന്‍ തോട്ടം, കുഞ്ഞിനു വളരാന്‍ ഗര്‍ഭ പാത്രം എന്ന പോലെ.   എന്തായിരുന്നു ആ സാഹചര്യം?  യേശുക്രിസ്തു മനുഷ്യനില്‍ വളരുക എന്നാല്‍ ദൈവപുത്രത്വത്തില്‍ വളരുക എന്ന് തന്നെ.  പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു (ഹെബ്രാ. 5/8) എന്ന് യേശുവിനെക്കുറിച്ചു എഴുതപ്പെട്ടിരിക്കുന്നു.  അവിടുന്ന് പുത്രനായിരുന്നതിനാല്‍ അനുസരണം അഭ്യസിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് പറയുന്നതില്‍ നിന്നും പുത്രത്വത്തില്‍ വളരാന്‍ അനുസരണം അഭ്യസിക്കേണ്ടത് എത്ര അത്യാവശ്യമാണെന്നു നാം മനസ്സിലാക്കുന്നു.  ഏദന്‍ തോട്ടത്തില്‍  ജീവന്റെ വൃക്ഷം കൂടാതെ തിന്നാന്‍ പാടില്ലാത്ത നന്മതിന്മാ അറിവിന്റെ വൃക്ഷം കൂടി വന്നതിന്റെ രഹസ്യം ഇവിടെ വെളിവാകുന്നു.  ലോകത്തില്‍ സഹനം രംഗത്തു വന്നിട്ടില്ലാതിരുന്നതിനാല്‍ സഹനത്തിലൂടെ അനുസരണം അഭ്യസിക്കേണ്ട കാര്യം ഏദനില്‍ ഇല്ലായിരുന്നെങ്കിലും അനുസരിക്കുക അത്ര എളുപ്പമല്ലായിരുന്നു എന്ന് വേണം കരുതാന്‍.  അതുകൊണ്ടാകുമല്ലോ സര്‍പ്പത്തിനു മനുഷ്യനെ വേഗം വഞ്ചിക്കാനായത്.  എന്തായാലും മനുഷ്യന്റെ ആ പതനത്തോടെ യേശുക്രിസ്തുവിനെ തന്നില്‍ രൂപപ്പെടുത്താനുള്ള കഴിവു അവനു നഷ്ടമായി,  മുള  ഒടിഞ്ഞ തേങ്ങപോലെ, കുഞ്ഞിനെ വിരിയിക്കാന്‍ കഴിവില്ലാത്ത ചീമുട്ടപോലെ.  തിരിച്ചു വരാന്‍ ഒരിക്കലും കഴിയാത്ത യാത്രയെ മരണമെന്ന് വിളിക്കുന്നത്‌ ഉചിതം.  അങ്ങിനെ മനുഷ്യന്റെ അനുസരണക്കേടിന്റെ ഫലം  മരണമായി.  പ്രകൃത്യാ മനുഷ്യനു ദൈവഛായ ഉണ്ടെങ്കിലും സാദൃശ്യം അവനില്‍  രൂപപ്പെടേണ്ട  ഒന്നായിരുന്നു.  അത് രൂപപ്പെടാതെ അസ്തമിച്ചതോടെ  മനുഷ്യനു തലമുറകളിലേക്ക് ദൈവഛായ പകരാമെങ്കിലും  ദൈവസാദൃശ്യം പകരാനാവാതായി.  ഇങ്ങനെ ദൈവഛായ പേറുകയും സാദൃശ്യം അസാധ്യമാവുകയും ചെയ്തു  ജനിക്കുന്ന മനുഷ്യ സന്തതിയുടെ  അവസ്ഥയെ ജന്മപാപം എന്ന് വിളിക്കുന്നു.  ജന്മനാ ഉള്ളതാകയാല്‍ ജന്മ എന്നും ആദ്യ പാപത്തിന്റെ ഫലമായി ഉളവായതാകയാല്‍ പാപം എന്നും വിളിക്കുന്നു എന്നല്ലാതെ നാം ചെയ്യുന്ന പാപവുമായി ഇതിനു സാമ്യമില്ല. പാപത്തോടെയാണു ഞാന്‍ പിറന്നത്‌; അമ്മയുടെ ഉദരത്തില്‍ ഞാന്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ് (സങ്കീ. 51/5)  എന്നു സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നതു ഇക്കാര്യമാണ്.  പൂര്‍ണ്ണതയ്ക്കായി ദാഹിക്കുന്ന അപൂര്‍ണ്ണമായ ഒരസ്തിത്വമായി നിത്യതയില്‍ അവശേഷിക്കുക എന്ന ഈ അവസ്ഥ  വളരെ ദയനീയമായ ഒന്നാണ്.  മുന്‍പ് സൂചിപ്പിച്ചതുപോലെ യേശുക്രിസ്തുവിന്റെ രക്ഷണീയ കര്‍മ്മത്തിലൂടെ ഇതിനു പരിഹാരമാകുന്നു.  തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി(യോഹ.1/12) എന്നു യേശുക്രിസ്തുവിനെക്കുറിച്ചു എഴുതപ്പെട്ടിരിക്കുന്നതു അതുകൊണ്ടാണ്.  ഈ കഴിവു പരിശുദ്ധാത്മാവാണെന്ന് നാം നേരത്തെ കണ്ടല്ലോ.  അണ്ഡബീജസങ്കലനം ഒരു പുതു ജീവനു ആരംഭമാകുന്നതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലൂടെ മനുഷ്യനില്‍  ദൈവസാദൃശ്യം (യേശുക്രിസ്തു) രൂപപ്പെടാന്‍ ആരംഭിക്കുന്നു.  ഒരിക്കല്‍ മനുഷ്യന് നഷ്ടമായ പരിശുദ്ധാത്മാവിനെ വീണ്ടും ലഭിക്കുന്നതിനാലും,  ദൈവഛായില്‍ മാത്രം ജനിച്ചവനു ദൈവാആത്മാവിനെ ലഭിച്ചു ജീവനുള്ളവനാകുന്നതിനാലും ഈ സംഭവത്തെ വീണ്ടും ജനനം എന്ന് വിളിക്കുന്നതു ഉചിതം തന്നെ.  ദൈവരാജ്യപ്രവേശനത്തിനു ഉപാധിയായി യേശു നിക്കോദേമോസിനു ചൂണ്ടിക്കാണിച്ചു കൊടുത്തതു ഈ വീണ്ടും ജനനം തന്നെ.(യോഹ.3/3 നോക്കുക)  ജലത്താലും ആത്മാവിനാലുമുള്ള ജനനമായി യേശു ഇത് വിശദീകരിക്കുന്നുമുണ്ട്.  ജ്ഞാനസ്നാനത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.

സഭയും ജ്ഞാനസ്നാനവും.......തുടരും


Comments