കഴുത്തറപ്പൻ മത്സരങ്ങൾ

 കഴുത്തറപ്പൻ മത്സരങ്ങൾ


ഗുരോ, നീ പരിചയപ്പെടുത്തിയവൻ അതാ നമ്മുടെ തട്ടകത്തു കയറി കളിക്കുന്നു. ആൾക്കാരെല്ലാം ദേ, അവൻ്റെ പിന്നാലെ പോയി. എന്തെങ്കിലും ഉടൻ ചെയ്തില്ലെങ്കിൽ വല്യ താമസമില്ലാതെ നമ്മുടെ ശുശ്രുഷ പൂട്ടിപ്പോകും എന്ന് സ്നാപകനോടു നിലവിളിക്കുന്ന അദ്ദേഹത്തിൻ്റെ ശിഷ്യരെയാണ് ഈ ഞായറാഴ്ചത്തെ സുവിശേഷവായന(യോഹ.3/22-31)യിൽ നാം കാണുന്നത്. മാത്സര്യം - അതു ലോകത്തിൻ്റെ മുഖമുദ്രയാണ്. വീടുകളിൽ പോലും ഭാര്യയും ഭർത്താവും തമ്മിൽ, മക്കളും മാതാപിതാക്കളും തമ്മിൽ പ്രമുഖ സ്ഥാനത്തിനും കൂടുതൽ പങ്കിനും വേണ്ടി മത്സരമാണ്. കുഞ്ഞുങ്ങളെ ബാലപാഠശാലയിൽ അയയ്ക്കുന്നതു തന്നെ, നന്നായി പഠിക്കണമെന്നു പറഞ്ഞല്ല. ഒന്നാമതെത്തണമെന്നു പറഞ്ഞാണ്. കുഞ്ഞുങ്ങൾ പിറന്നു വീഴുന്നതു തന്നെ മത്സരത്തിലേക്കാണെന്നു സാരം.  ഈയിടെ സാമുഹ്യ മാദ്ധ്യമങ്ങളിൽ കണ്ട സ്കൂൾ കലോത്സവവേദിയിൽ നിന്നുള്ള ഒരു വീഡിയോ. ഒപ്പന മത്സരത്തിനിടയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളിലൊരാൾ തല കറങ്ങിയോ മറ്റോ വേദിയിൽ വീഴുന്നു. കൂടെ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ അങ്ങോട്ടൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ കളി തുടരുകയാണ്. കൂട്ടുകാരി മരിച്ചാലും വേണ്ടില്ല, മത്സര വിജയമാണ് പ്രധാനം.  ആ കുട്ടികളെ പറഞ്ഞിട്ടു കാര്യമില്ല.  അങ്ങിനെയാണ് അവരെ പഠിപ്പിച്ചു വിട്ടിരിക്കുന്നത്, പരിശീലിപ്പിച്ചിരിക്കുന്നത്.  അല്ലെങ്കിൽ അദ്ധ്യാപകരോ സംഘാടകരോ ഓടിയെത്തി ആ വീണ കുട്ടിയെ പരിചരിക്കുമായിരുന്നല്ലൊ. നേരത്തെ എപ്പോഴോ കണ്ട മറ്റൊരു വീഡിയോ ഓർമ്മ വരുന്നു.  ഏതോ അന്താരാഷ്ട്ര കായിക മത്സരവേദിയാണ്. ഓട്ടമത്സരത്തിൽ ഒന്നാമതെത്തുമെന്നു ഉറപ്പായ ആൾ ഫിനീഷിങ് ലൈനിനു തൊട്ടു മുമ്പ് തട്ടി വീഴുന്നു. രണ്ടാമതെത്തിയ ആൾ  വീണയാളെ പിടിച്ചെണീപ്പിച്ച്  ഫിനീഷിങ് ലൈനിൽ എത്തിച്ച്, തനിക്കർഹമായ രണ്ടാം സ്ഥാനത്തേയ്ക്കൊതുങ്ങുന്നു. ആ നിമിഷത്തിൽ ആലോചിച്ചെടുത്ത ഒരു തീരുമാനമെന്നതിലുപരി, അയാളിൽ രൂപപ്പെടുത്തിയിരുന്ന ഒരു മനോഭാവത്തിൻ്റെ പ്രതിഫലനമാണ് അതെന്നു കരുതുന്നതാവും ശരി. ഇങ്ങനെ മാത്സര്യം വെടിഞ്ഞ് സഹവർത്തിത്വവും സാഹോദര്യവും  സമൂഹത്തിൽ വളർത്തേണ്ടിയിരുന്ന സഭ തന്നെ ഇന്ന് മത്സര രംഗത്താണ്, മറ്റു സഭകളുമായി.  സഭയ്ക്കുള്ളിലാകട്ടെ റീത്തുകൾ തമ്മിൽ. അതിനകത്തു വിഭാഗങ്ങൾ തമ്മിൽ .......  മത്സരം ഇന്നു അവശ്യം വേണ്ട ഗുണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.  ലോകം എപ്പോഴും അങ്ങിനെയായിരുന്നു. സ്നാപകൻ്റെ ശിഷ്യരെ നാം കണ്ടു.  യേശുവിൻ്റെ ശിഷ്യരും ഒട്ടും മോശമായിരുന്നില്ല. ഒന്നാം സ്ഥാനത്തിനു വേണ്ടി ശിപാർശയുമായി അമ്മയെ വരെ രംഗത്തിറക്കി കളിക്കാൻ മടിക്കാത്തവരായിരുന്നു അവർ (മത്താ.20/20-24 നോക്കുക). തങ്ങളുടെ കൂട്ടത്തിൽ പെടാത്തവർ തങ്ങളുടെ തട്ടിൽ കളിക്കാനിറങ്ങിയതായി കണ്ടപ്പോൾ ഗുരുവിനോട് ചോദിക്കാൻ പോലും നില്ക്കാതെ നിരോധനാജ്ഞ പുറപ്പെടുവിച്ചവരാണവർ (മർക്കോ. 9/38 നോക്കുക). സ്നാപകൻ്റെ ശിഷ്യർ അത്രത്തോളം എത്തിയിരുന്നില്ല. അതാണു പറഞ്ഞത് ലോകം എന്നും അങ്ങിനെയായിരുന്നു എന്ന്.  എന്നാൽ, അന്ന്  'അവൻ വളരുകയും  ഞാൻ കുറയുകയും വേണം' എന്നു സ്വയം ശൂന്യവൽക്കരണത്തിൻ്റെ മാതൃക കാണിച്ചു കൊടുക്കാൻ സ്നാപകനെ പോലെയുള്ള ഗുരുക്കന്മാർ ഉണ്ടായിരുന്നു. ('ഞാൻ പറഞ്ഞിട്ടല്ലാതെ മൂത്രമൊഴിക്കുക പോലുമില്ലാത്ത പത്തു മുപ്പതു ചെറുപ്പക്കാർ എനിക്കുണ്ട് 'എന്നു പറഞ്ഞഭിമാനിക്കുന്ന ഒരു ധ്യാനഗുരുവിനെ ഓർമ്മിച്ചു പോകുന്നു.) അവരും നമ്മളും മത്സരത്തിലല്ല, അവർ നമ്മുടെ സഹപ്രവർത്തകരാണ് (മർക്കോ .9/38-40 നോക്കുക) എന്നു പറഞ്ഞു കൊടുക്കാൻ,  ഒന്നാമനാകാൻ മറ്റുള്ളവരുടെ കാലു കഴുകുകയാണ് വേണ്ടതെന്നു (യോഹ.13/5-15 നോക്കുക) കാണിച്ചു കൊടുക്കാൻ യേശു എന്നൊരു ഗുരു കൂടെയുണ്ടായിരുന്നു എന്നതായിരുന്നു അവിടുത്തെ ശിഷ്യരുടെ ഭാഗ്യം. അവരാകട്ടെ അതിൽ നിന്നും ഊർജ്ജം സ്വീകരിച്ച് 'ആദ്യത്തെ കൂട്ടര്‍ കക്ഷി മാത്സര്യം മൂലം, എന്‍റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട് ആത്മാര്‍ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
എന്നാലെന്ത്? ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും.' (ഫിലിപ്പി 1:17-18) എന്നിടം വരെ എത്തുകയും ചെയ്തു.  ഇന്നത്തെ ലോകത്തിൻ്റെ ദാരിദ്ര്യം ഇത്തരം സദ്ഗുരുക്കളുടെ അഭാവം കൊണ്ടുള്ളതാണ്.  അതെ, ഇന്നു  നല്ല റോൾ മോഡലുകൾ ഇല്ലാണ്ടായിരിക്കുന്നു.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments