നന്മതിന്മാ അറിവിന്റെ വൃക്ഷം


നന്മതിന്മാ അറിവിന്റെ വൃക്ഷം



#നന്മയും തിന്മയും   #holy Trinity explained  #ത്രിത്വം 

 ഒരു പരമ്പരയിലെ നാലാം ലേഖനമാണിത്. മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യഭാഗം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണു നന്മയും തിന്മയും?

ആദിപാപത്തെക്കുറിച്ചു കൂടുതല്‍  അറിയണമെങ്കില്‍  രണ്ടു വൃക്ഷങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു ജീവന്റെ വൃക്ഷവും നന്മ തിന്മാ അറിവിന്റെ വൃക്ഷവും.  ഇവയില്‍ നന്മതിന്മാ അറിവിന്റെ വൃക്ഷം കൂടുതല്‍ സംശയങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുള്ളതിനാല്‍ അതുതന്നെ ആദ്യം പരിശോധിക്കാം.  എന്താണ് ഈ വൃക്ഷം തോട്ടത്തില്‍ വരുവാനുള്ള കാരണമെന്ന് നാം കണ്ടുകഴിഞ്ഞു.  സ്നേഹമായ ദൈവം ഇങ്ങനെ ഒരു വിഷവൃക്ഷം തോട്ടത്തില്‍ നടുമോ എന്നു തുടങ്ങിയുള്ള ചോദ്യങ്ങളുടെ എല്ലാം ആധാരം ഈ വൃക്ഷമാണ് പാപത്തിനു കാരണമായത്‌ എന്ന ചിന്തയാണ്.  സത്യമതല്ല.  മനുഷ്യന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പില്‍ പറ്റിയ തെറ്റാണ് പാപകാരണമായത്.  ഈ ചര്‍ച്ച അവസാനിക്കുമ്പോഴേക്കും ഇതൊരു വിഷവൃക്ഷമല്ലായിരുന്നു എന്ന് നമുക്ക് ബോദ്ധ്യമാകും.  പലരും ധരിച്ചിരിക്കുന്നതുപോലെ നന്മതിന്മകളെ തിരിച്ചറിയാന്‍ കഴിവു തരുന്ന വൃക്ഷമല്ലിത്.  നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവുമല്ല.  നന്മയും തിന്മയും അറിയുക എന്ന വൃക്ഷമാണിത്‌. എന്താണ് വ്യത്യാസമെന്നു വിശദീകരിക്കാം.  ലൂക്കാ.1/34 ല്‍ മറിയം ദൂതനോടു പറഞ്ഞു:  ഇതെങ്ങിനെ സംഭവിക്കും?  ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ എന്ന് മറിയം പറഞ്ഞതിനര്‍ത്ഥം  പുരുഷനെക്കുറിച്ച് തനിക്കു അറിവൊന്നുമില്ലെന്നോ  പുരുഷനെയും സ്ത്രീയെയും തിരിച്ചറിയില്ല എന്നോ അല്ലല്ലോ.  പ്രധാനമന്ത്രിയെക്കുറിച്ചറിഞ്ഞാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കിട്ടിയേക്കാം.  പ്രധാനമന്ത്രിയെ അറിയാമെങ്കില്‍ കാര്യം സാധിച്ചെടുക്കാം.  ഫിലിപ്പി.3/8ല്‍ വി.പൌലോസ് പറയുന്നതും എന്റെകര്‍ത്താവായ യേശുവിനെ അറിയുന്നതു കൂടുതല്‍ വിലയുള്ളതാകയാല്‍ എന്നാണു.  യേശുവിനെ അറിയുന്നതു രക്ഷാകരമാണ്.  യേശുവിനെക്കുറിച്ചുള്ള/യേശുവിനെപ്പറ്റിയുള്ള അറിവു രക്ഷാകരമാകണമെന്നില്ല.  ഒരു നിരീശ്വരനു പോലും ആ അറിവുണ്ടാകാം.  അപ്പോള്‍ ഈ വൃക്ഷം നന്മയും തിന്മയും അറിയുകയെന്ന വൃക്ഷമാണ്. എങ്കില്‍ എന്താണ് നന്മ? എന്താണ് തിന്മ?  യേശുവിനെ ഒരുവന്‍ നല്ലവനായ ഗുരോ എന്നു വിളിച്ചതായി മാര്‍ക്കോ.10/17,18ല്‍ നാം വായിക്കുന്നു.  യേശു അവനോടു തിരിച്ചു ചോദിച്ചു; നീ എന്തുകൊണ്ടാണ് എന്നേ നല്ലവന്‍ എന്ന് വിളിക്കുന്നതു?  ദൈവം ഒരുവനല്ലാതെ നല്ലവനായി ആരുമില്ല.  ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത്  ദൈവം ഉള്ള അവസ്ഥയാണ് നന്മ.  അങ്ങിനെയെങ്കില്‍ ദൈവം ഇല്ലാത്ത അവസ്ഥയാണ് തിന്മ.  ദൈവ സാന്നിദ്ധ്യത്തില്‍ ജീവിച്ചിരുന്ന മനുഷ്യനു തീര്‍ച്ചയായും നന്മ അറിയാം.  എന്നാല്‍ തിന്മ അറിയില്ല.  തിന്മ അറിയാത്ത അവസ്ഥയില്‍ നന്മയെ അറിയുന്നതു പൂര്‍ണ്ണമാകുന്നില്ല.  മധുരമില്ലാത്തതു നാവിലെത്തുമ്പോഴാണ് മധുരത്തെക്കുറിച്ചു നാം ബോധാവാന്മാരാകുന്നത്.  രോഗം വരുമ്പോള്‍ ആരോഗ്യമെന്തെന്നു പിടികിട്ടുംപോലെ.  കാര്യം ഇങ്ങനെയാണെങ്കിലും മനുഷ്യന്‍ തിന്മ അറിയണ്ട എന്ന് ദൈവം തീരുമാനിച്ചു.  മനുഷ്യന്‍ ദൈവത്തെ ധിക്കരിച്ചു അതറിഞ്ഞു.  ഈ അനുസരണക്കേടാണ് പാപം എന്ന് നാം നേരത്തെ തന്നെ കണ്ടതാണല്ലോ.

ദൈവം നന്മതിന്മകള്‍ അറിയുമ്പോള്‍.

എന്നാല്‍, ഇനി രസകരമായ ഒരു കാര്യം പറയാം.  ദൈവം നന്മയും തിന്മയും അറിഞ്ഞിരുന്നു.  ഉല്പത്തി 3/22 ല്‍ അതാണ്‌ പറയുന്നതു.  മനുഷ്യനിതാ, നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു.  ദൈവം നന്മ അറിയുന്നു എന്നു പറഞ്ഞാല്‍  ദൈവം ദൈവത്തെ അറിയുന്നു എന്നര്‍ത്ഥം.    തികച്ചും ദുര്‍ബ്ബലമായ ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാം.  നമ്മളെത്തന്നെ കാണാന്‍ എങ്ങിനെയുണ്ട് എന്നറിയുന്നതിനാണ് നാം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കുന്നതു.  കണ്ണാടിയില്‍ നോക്കാതെ നമ്മെത്തനെ കാണാന്‍ നമുക്കാവില്ല.  നാം കണ്ണാടിയില്‍ കാണുന്നതു നമ്മെയല്ല,  നമ്മുടെ നിഴലിനെയാണ്.  അതിന്റെ അപൂര്‍ണ്ണത നമുക്കു ഉണ്ടാകുന്ന അറിവിനെയും ബാധിക്കും.  എന്നാല്‍ ദൈവം പൂര്‍ണ്ണമായി ദൈവത്തെ അറിയുന്നു.   ഇവിടെ അറിയുന്ന ദൈവവും അറിയപ്പെടുന്ന ദൈവവും ഉണ്ട് എന്ന് വരുന്നു.  എന്നാല്‍ ആകെ ഒരു ദൈവമേ ഉള്ളു താനും. ദൈവത്തെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവു പൂര്‍ണ്ണമായതിനാല്‍  അറിയുന്ന ദൈവവും അറിയപ്പെടുന്ന ദൈവവും സര്‍വ്വഥാ തുല്ല്യമായിരിക്കും.  അതുകൊണ്ട് അവര്‍ തമ്മിലുള്ള സ്നേഹം പൂര്‍ണ്ണമായിരിക്കും.  ഈ സ്നേഹം ഒരു വികാരമല്ല.  സ്വയം ദാനമാകുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.  അതുകൊണ്ട് തന്നെ ഇതും ഒരു വ്യക്തിയാകുന്നു.  അപ്പോള്‍ സ്നേഹിക്കുന്ന ദൈവവും സ്നേഹിക്കപ്പെടുന്ന ദൈവവും സ്നേഹമാകുന്ന ദൈവവും.  എന്നാല്‍ ആകെ ഒരു ദൈവവും.  സ്നേഹിക്കുന്ന, അറിയുന്ന ദൈവം പിതാവ്.  അവിടുന്ന് പിതാവാണ് എന്ന് നാം പറയുമ്പോള്‍ പിതാവ് എന്നതു അവിടുത്തെ പേരാണ് എന്നല്ല നാം മനസ്സിലാക്കുന്നത്; അത് അവിടുത്തെ പദവിയോ സ്ഥാനമോ അല്ല്ല.  അത് സകലതിനും ഉറവിടമായ (യോഹ. 15/26, 16/28 നോക്കുക) അവിടുത്തെ അസ്തിത്വത്തെ സൂചിപ്പിക്കുന്നു.  പിതാവ് സ്വയം അറിഞ്ഞതു പുത്രന്‍;  പിതാവ് സ്നേഹിച്ചതു പുത്രനെ.  പിതാവിന്റെ കാര്യം പറഞ്ഞതുപോലെ പുത്രന്‍ എന്നതും അവിടുത്തെ അസ്തിത്വത്തെ സൂചിപ്പിക്കുന്നു.  ഇപ്പോള്‍ നമുക്കൊന്നു മനസ്സിലായി പുത്രനില്ലാതെ പിതാവില്ല;   പിതാവില്ലെങ്കില്‍  പുത്രനും.  പിതാവും പുത്രനുമുണ്ടെങ്കില്‍ അവര്‍ക്കിടയിലെ സ്നേഹവുമുണ്ട്.  ആ സ്നേഹമാകട്ടെ പിതാവില്‍നിന്നും അനര്‍ഗ്ഗളമായി പുത്രനിലേക്കൊഴുകുന്നു; പുത്രനില്‍ നിന്ന് നിര്‍ബ്ബാദം പിതാവിലേക്കും.  തികച്ചും ചലനാത്മകമായ  ഈ സ്നേഹാത്മാവിനെ റൂഹ (കാറ്റ്) എന്നു വിളിക്കുന്നത് ഉചിതം തന്നെ.  നന്മ അറിഞ്ഞ ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കയായിരുന്നു നാം. 

നാം നേരത്തെ കണ്ടതുപോലെ,  ദൈവം തിന്മ അറിയുന്നില്ലെങ്കില്‍ നന്മയെക്കുറിച്ചുള്ള അറിവു പൂര്‍ണ്ണമാകുന്നില്ല.  സര്‍വ്വജ്ഞനായ അവിടുത്തേക്ക്‌ അങ്ങിനെയായിരിക്കുക സാദ്ധ്യമല്ല.  എന്നാല്‍,  ദൈവം തിന്മ അറിയുക എന്നാല്‍ ദൈവം ദൈവമില്ലായ്മയെ അറിയുക എന്നാണു. അതെങ്ങനെയാണ്‌ സാധിക്കുക?  പ്രകാശത്തിനെങ്ങിനെയാണ് ഇരുളിനെ അറിയാനാവുക? പ്രകാശമെത്തുമ്പോള്‍ തന്നെ അന്ധകാരം അകന്നു പോകും.  അല്ലെങ്കില്‍ തന്നെ ഈ അന്ധകാരം തന്നെ ഒരു ഇല്ലായ്മയല്ലേ?  ഉണ്മ കടന്നു വരുമ്പോള്‍ തന്നെഇല്ലായ്മ ഇല്ലാതാകുമല്ലോ. ഇനി ഈ ദൈവവചനം കൂടി ശ്രദ്ധിക്കുക.  ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.(യോഹ.1/5)  പ്രകാശം ഇരുളിനെ അറിഞ്ഞ കാര്യമാണിവിടെ പറയുന്നതു.  അവന്‍ മരണത്തിന്റെപിടിയില്‍ കഴിയുക അസാദ്ധ്യമായിരുന്നു. (അ. പ്ര. 2/24) ക്രിസ്തുവിന്റെ മരണത്തെയും പുനരുത്ഥാനാവും ആണ് ഇവിടെ പരാമര്‍ശിതം.  നിത്യതയില്‍ ദൈവം മരണം ആസ്വദിച്ചിരുന്നു എന്നും കാലപരിധിക്കുള്ളില്‍ യേശുവില്‍ അതു നമുക്കു ദൃശ്യമായി എന്നും മനസ്സിലാക്കുക.  ദൈവം തിന്മയെ അറിഞ്ഞതുകൊണ്ട്‌ തിന്മ ഒരു സാദ്ധ്യതയായി.  അത് ഇല്ലായ്മയായിരുന്നതിനാല്‍ ഒരു വ്യക്തി ഉണ്ടായതുമില്ല. എന്നില്‍ ദൈവമില്ല എന്ന് അതിനധികാരമുള്ള ഒരാള്‍ പ്രഖ്യാപിക്കുമ്പോള്‍  അയാളില്‍ തിന്മ എന്ന സാദ്ധ്യത യാഥാര്‍ത്ഥ്യമാകുന്നു.  ഈ അധികാരത്തിന്റെ പേരാണു സ്വാതന്ത്ര്യം.  പൂര്‍ണ്ണമായും ആത്യന്തികമായും ഒരാള്‍ അങ്ങിനെ ഒരു തീരുമാനമെടുക്കുമ്പോള്‍ തിന്മയ്ക്കു ഒരു വ്യക്തിത്വം ലഭിക്കുന്നു.  അയാളുടെ അവസ്ഥയെ സൂചിപ്പിക്കാനാണ് സാധാരണയായി നരകം എന്ന വാക്കു ഉപയോഗിക്കുക.   ദാരിദ്ര്യം അനുഭവിച്ചു വളര്‍ന്ന ഒരപ്പന്‍ തന്റെ മക്കള്‍ ദാരിദ്ര്യം അറിയാനിടയാകരുതെന്ന ആഗ്രഹത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്നതുപോലെ ദൈവം മനുഷ്യന്‍ തിന്മ അറിയരുതെന്ന് സ്നേഹോദാരതയില്‍ ആഗ്രഹിച്ചു. ദൈവം  വെളിച്ചമായിരുന്നതുകൊണ്ട് അതിനെ ഇരുളിനു കീഴടക്കാനായില്ല.  യേശു ജീവനായിരുന്നതുകൊണ്ട് മരണത്തിനു പിടിച്ചു വയ്ക്കാനായില്ല.  മനുഷ്യന്‍ പ്രകാശത്തിന്റെ, ജീവന്റെ, നന്മയുടെ സാദൃശ്യത്തില്‍ പൂര്‍ണ്ണവളര്‍ച്ച എത്താത്തതിനാല്‍  കഥ അങ്ങിനെയാവില്ലെന്നു ദൈവത്തിനറിയാമായിരുന്നു.  ദൈവം  ആ അറിവു മനുഷ്യനു പകര്‍ന്നു കൊടുത്തു:  ആ പഴം തിന്നാല്‍ നീ മരിക്കും.  അല്ലാതെ അത് ദൈവത്തിന്റെ ശിക്ഷയായിരുന്നില്ല.  ഇവിടെ നിന്ന് തന്നെ പത്തു കല്പനകളിലെ ആദ്യ കല്പനയെയും മനസ്സിലാക്കാവുന്നതേയുള്ളു.  ആകെ ഒരു ദൈവമേയുള്ളു.  ആ ദൈവത്തെ ദൈവമായി അംഗീകരിക്കാതെ മറ്റാരെയും/ മറ്റെന്തിനെയും ദൈവമാക്കുമ്പോഴും ദൈവമില്ലാത്ത അവസ്ഥയിലാണു എത്തുക;  അതായതു നരകത്തില്‍.  ആ അപകടം ചൂണ്ടിക്കാണിക്കയാണ് ഒന്നാം പ്രമാണത്തില്‍ ദൈവം.

           ജീവൻ്റെ വൃക്ഷം.തുടരും

Comments