കാലു കഴുകലിനെക്കുറിച്ചു തന്നെ

 കാലു കഴുകലിനെക്കുറിച്ചു തന്നെ
  

സമാന്തര സുവിശേഷകർ മൂവരും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തെ പരാമർശിക്കുന്ന സ്ഥാനത്ത് കർത്താവിൻ്റെ കാലു കഴുകൽ ശുശ്രുഷയാണ് യോഹന്നാൻ സുവിശേഷകൻ വർണ്ണിച്ചിരിക്കുന്നതു്.  എന്നാൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ആഴമായ പഠനം തൻ്റെ സുവിശേഷത്തിൻ്റെ ആറാം അദ്ധ്യായത്തിൽ നൽകുന്നുണ്ടു താനും.  ഒരു പക്ഷേ, യോഹന്നാൻ സുവിശേഷമെഴുതിയ കാലഘട്ടമായപ്പോഴേക്കും കുർബാനയാചരണം സഭയിലെങ്ങും സാർവ്വത്രികമായിരുന്നിരിക്കും. എന്നാൽ, കുർബാനയെക്കുറിച്ചുള്ള ആഴമായ അറിവും കാലു കഴുകലിൻ്റെ മനോഭാവവും അത്രത്തോളം വേരുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കണ്ടിരിക്കാം.  അനുഷ്ഠാനങ്ങൾ പ്രായോഗീക ജീവിതത്തിൽ മാറ്റമുളവാകത്തക്കവിധം ആഴപ്പെട്ടിരിക്കണമെന്നില്ലല്ലോ.  നമ്മുടെ കാലത്തു തന്നെ,  ഈ കാലു കഴുകൽ പോലും ഒരനുഷ്ഠാനം മാത്രമായി തീർന്നിട്ടില്ലേ? 

എല്ലാക്കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ക്രമമായി എഴുതിയ ലുക്കാസുവിശേഷകനും അന്ത്യ അത്താഴ വേളയിൽ പരിചാരക മനോഭാവം ശിഷ്യർക്ക് ഉണ്ടാവേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് യേശു പഠിപ്പിച്ചതിനെ പരാമർശിക്കുന്നുണ്ട്,  സംഭവ വിവരണത്തോടെയല്ലെങ്കിലും.

യഹൂദരുടെ വിരുന്നുകളിൽ ആതിഥേയൻ അതിഥികളുടെ കാലു കഴുകാൻ വെള്ളമൊഴിച്ചു കൊടുത്ത്, തലയിൽ സുഗന്ധതൈലം പൂശി, ചുംബനം നൽകി സ്വീകരിക്കുന്ന ആചാരം ഉണ്ടായിരുന്നു.(ലൂക്കാ .7/ 44-46 നോക്കുക) യേശുവിൻ്റെ അവസാനത്തെ പെസഹാ ഒരുക്കുവാൻ നിയുക്തരായിരുന്നത് പത്രോസും യോഹന്നാനും ആയിരുന്നു.(ലൂക്കാ: 22/8 നോക്കുക)  സ്വാഭാവീകമായും പത്രോസിനായിരുന്നിരിക്കണം നേതൃത്വം. അങ്ങിനെ വരുമ്പോൾ ആതിഥേയൻ്റെ സ്ഥാനത്ത് അദ്ദേഹം തന്നെയാവും വരേണ്ടത്.  അപ്പോൾ ഗുരുവും ശേഷം പത്തുപേരും അതിഥികൾ.  എന്തുകൊണ്ടോ പത്രോസ് അതിഥികളുടെ - ഗുരുവിൻ്റെ പോലും - കാലു കഴുകാൻ വെള്ളമൊഴിച്ചു കൊടുക്കുകയോ ചുംബനം നൽകുകയോ ഒന്നും ചെയ്തില്ല.  ഇതു ഉള്ളിൽ കിടന്നതുകൊണ്ടായിരിക്കണം ഗുരു കാൽ കഴുകാൻ എത്തിയപ്പോൾ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി പത്രോസ് തടസ്സം പറഞ്ഞതു.  അപ്പോൾ യേശു ചെയ്തതോ? അതു് ആതിഥേയൻ്റെ റോൾ ആയിരുന്നോ?  അല്ല.  ആയിരുന്നെങ്കിൽ കാലു കഴുകാൻ വെള്ളമൊഴിച്ചു കൊടുത്താൽ മതിയായിരുന്നു. ആലിംഗനം ചെയ്തു മുഖത്ത് ഉമ്മ കൊടുത്താൽ മതിയായിരുന്നു.  യജമാനൻ്റെ പാദങ്ങൾ കഴുകുന്നതു അടിമയായിരുന്നു.  യേശു പാദക്ഷാളനം തുടങ്ങും മുമ്പ് 'മേലങ്കി മാറ്റി ' എന്നു യോഹന്നാൻ സുവിശേഷകൻ പറഞ്ഞിരിക്കുന്നു. അടിമ ഒരിക്കലും മേലങ്കി ധരിക്കില്ല, ധരിക്കാൻ അനുവാദമില്ല. അതെ, യേശു അടിമയുടെ റോളിൽ ആയിരുന്നു എന്ന് യോഹന്നാൻ  ഭംഗ്യന്തരേണ സൂചിപ്പിക്കുകയായിരുന്നു.

എന്തിനായിരുന്നു യേശു ഇങ്ങനെ ചെയ്തത്? യേശു തന്നെ അതിനുത്തരം പറഞ്ഞിട്ടുണ്ട്. നാം എന്തു വ്യാഖ്യാനവും കൊടുക്കും മുമ്പ് അത് യേശുവിൻ്റെ ഈ ഉത്തരവുമായി പൊരുത്തപ്പെടുന്നതാണെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്.  

'കർത്താവേ, നീ എൻ്റെ കാൽ കഴുകുകയോ?' എന്നു ചോദിച്ചു കൊണ്ട്  തന്നെ തടഞ്ഞ പത്രോസിനോട്  'യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും.' (യോഹന്നാന്‍ 13 : 7)  എന്താണ് പത്രോസ് പിന്നീടറിയുന്നത്? അതാണ് നമ്മൾ അന്വേഷിക്കുന്നതും.

'അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?

നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.

നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.

എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.' (യോഹന്നാന്‍ 13:12-15)

മേലങ്കി ധരിച്ച് ഗുരുസ്ഥാനത്തിരുന്ന് യേശു പറഞ്ഞു തന്ന ഈ പാഠം നമുക്കു സ്വീകരിക്കാതെ വയ്യ.  അതിനു വിപരീതമായ മറ്റൊരു വ്യാഖ്യാനം നൽകാനുമാവില്ല.  ആ പാഠമിതാണ്: നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകേണ്ടവരാണ്.   ഗുരുവും കർത്താവുമായ ഞാൻ നിങ്ങൾക്കൊരു മാതൃക തന്നിരിക്കുന്നു. 'ഇതേ ആശയം തന്നെ ഈ രംഗത്ത് യേശു നൽകുന്നതായി ലൂക്കാ സുവിശേഷകൻ പറയുന്നുമുണ്ടല്ലോ. 

എന്നാൽ, ഇതിനുമപ്പുറം പത്രോസ് പിന്നീട് എന്തെങ്കിലും അറിഞ്ഞോ? പിന്നീടറിയുമെന്ന് പറഞ്ഞിട്ടും  തൻ്റെ പാദം കഴുകാൻ സമ്മതിക്കാഞ്ഞ പത്രോസിനോട് യേശു പറഞ്ഞ കാര്യങ്ങളാണ് ഇങ്ങനെ ഒരു ചിന്ത ഉണർത്തുന്നത്. 

'യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല. ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ! യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്‍റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും.' (യോഹന്നാന്‍ 13:8-10) ഈ പാദം കഴുകലും യേശുവിനോടു കൂടെയുള്ള പങ്കും തമ്മിലെന്താണ് ബന്ധം? പത്രോസ് അതു ചോദിച്ചില്ല,  യേശു ഒട്ടു പറഞ്ഞുമില്ല. പത്രോസിൻ്റെ കണ്ണുടക്കിയതു പങ്കിലായിരുന്നു.  അതു മുഴുവൻ കിട്ടാൻ, വേണ്ടി വന്നാൽ കയ്യും തലയും കൂടി കഴുകിക്കാനും അയാൾ തയ്യാറായിരുന്നു താനും.  യഹൂദരുടെ രീതിയനുസരിച്ച് ആഹാരത്തിനു മുമ്പ് ക്ഷാളനത്തിൻ്റെ ഒരു പതിവുണ്ട്. എന്നാൽ യേശുവിൻ്റെ ശിഷ്യർ അതു അത്ര ശ്രദ്ധിക്കാറില്ലായിരുന്നു. യേശുവാകട്ടെ  അതു ഗൗരവമായി എടുത്തിരുന്നില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ആ നിലയ്ക്ക് പെസഹാ ആചരിക്കന്നതിനു മുമ്പുള്ള ക്ഷാളനത്തിൻ്റെ പ്രശ്നവും ആകാൻ വഴിയില്ല.  യേശു പറഞ്ഞതുപോലെ പത്രോസും കൂടെ സഭയും പിന്നീട് അതറിഞ്ഞു.  1കൊറി.11/27-30ൽ നാം അതു വായിക്കുന്നു.  അയോഗ്യതയോടെ കർത്താവിൻ്റെ മേശയിൽ നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുന്നതിനെതിരെയുള്ള താക്കീതാണവിടെ.  അവർ സ്നാനപ്പെട്ടവരാണ്. എന്നാൽ, കർത്താവിനാൽ കഴുകപ്പെട്ട അവസ്ഥയിലാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. രണ്ടായിരം കൊല്ലങ്ങൾക്കിപ്പുറവും ജ്ഞാനസ്നാനം സ്വീകരിച്ചവർ ദിവൃ കാരുണ്യം സ്വീകരിക്കും മുമ്പ് വരപ്രസാദാവസ്ഥയിലാണോ എന്ന് സ്വയം പരിശോധിക്കണമെന്നും അല്ലെങ്കിൽ കർത്താവിനാൽ കഴുകപ്പെടണ(കുമ്പസാരിക്കണ) മെന്നും സഭ പഠിപ്പിക്കുന്നു.  അപ്പോൾ ആദ്യ ദിവ്യകാരുണ്യ സ്വീകരണത്തിന് ശിഷ്യരെ ഒരുക്കുക കൂടിയായിരുന്നു കാലു കഴുകൽ ശുശ്രൂഷയിലൂടെ എന്നു നാം തിരിച്ചറിയുന്നു.  അപ്പോൾ 'ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ'  നിനക്ക് എൻ്റെ ശരീര രക്തങ്ങൾ സ്വീകരിക്കാനാവില്ല എന്നാണ് യേശു പത്രോസിനോടു പറഞ്ഞതു എന്നു നാം മനസ്സിലാക്കുന്നു.  പക്ഷേ, എന്നോടു കൂടെ  പങ്കില്ല എന്നതിന് ഈ അർത്ഥം വരുന്നതെങ്ങിനെ?  പരിശോധിക്കാം.

പൗലോസ് അപ്പസ്തോലൻ പറയുന്നു: 'നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും.' (റോമാ 8:17)  ക്രിസ്തുവിനോടു കൂടെ പങ്കുണ്ടാകണമെങ്കിൽ നാം ക്രിസ്തുവിൻ്റെ സഹോദരരായിരിക്കണം.

'അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ (യേശു) ലജ്ജിച്ചില്ല.' (ഹെബ്രായര്‍ 2:11)  ഒരേ മാംസത്തിലും രക്തത്തിലും പങ്കുപറ്റുന്നവരാണ് സഹോദരർ.  യേശുവിൻ്റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്നില്ലെങ്കിൽ യേശുവിനോടു കൂടെ പങ്കില്ലാതാവുന്നതെങ്ങിനെ എന്ന് ഇവിടെ വ്യക്തമാകുന്നു. ഇവിടെ ഒന്നു ശ്രദ്ധിക്കുക.  ക്ഷാളനമല്ല പ്രധാനം;  എന്തിനായി ക്ഷാളനം ചെയ്യപ്പെടുന്നു എന്നതാണ്.  ക്ഷാളനത്തിന് അർത്ഥം ലഭിക്കുന്നത് അത് എന്തിനു വേണ്ടി ചെയ്യപ്പെട്ടോ അതുമായി ബന്ധപ്പെട്ടാണ്.

ഇതിവിടെ എടുത്തു പറയാൻ കാരണം ഇസ്രായേലിൽ നിരവധി ക്ഷാളനങ്ങൾ നിലവിലിരുന്നിരുന്നു.  ആഹാരത്തിനു മുമ്പ്, ചന്തയിൽ നിന്നു വന്നാൽ, ശവത്തിൽ തൊട്ടാൽ, രക്തസ്രാവമുള്ള സ്ത്രീയുടെയോ ശുക്ലസ്രാവമുണ്ടായ പുരുഷൻ്റെയോ വസ്ത്രത്തിലെങ്കിലും തൊട്ടാൽ..... ഇങ്ങനെ നൂറു കൂട്ടം കാരണങ്ങളും ക്ഷാളനം ആവശ്യപ്പെടുന്നതായി ഉണ്ടായിരുന്നു.

'നവീകരണകാലം വരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പല വിധ ക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ.' (ഹെബ്രായര്‍ 9:10)  അത്തരം ക്ഷാളനങ്ങളിലൊന്നായിരുന്നു അഭിഷേകത്തിനു മുമ്പുള്ള ക്ഷാളനവും.  അഭിഷേകത്തിനാണ് പ്രാധാന്യം. അതിനോട് ബന്ധപ്പെട്ട ക്ഷാളനത്തിനും തദനുസാരമുള്ള അർത്ഥം ലഭിക്കും.  അഭിഷേകത്തിനു മുമ്പുള്ള ക്ഷാളനവുമായി അന്ത്യ അത്താഴ വേളയിലെ കാലു കഴുകലിനെ ബന്ധപ്പെടുത്തി പറയുന്നതു കേട്ടിട്ടുണ്ട്. അതിനു പ്രത്യേകിച്ച് ഒരു സാംഗിത്യമുള്ളതായി കാണുന്നില്ല. അങ്ങിനെ പറയുകയാണെങ്കിൽ മറ്റേതൊരു ക്ഷാളനത്തോടും കാൽ കഴുകലിനെ ബന്ധപ്പെടുത്താം എന്നു വരും.  

'ഞാനാണു നിന്‍റെ അവകാശവും ഓഹരിയും.' (സംഖ്യ 18:20)

'കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതു പോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി.' (നിയമാവര്‍ത്തനം 18:2)

'കര്‍ത്താവു തന്നെയാണ് അവന്‍റെ ഓഹരിയും അവകാശവും.' (പ്രഭാഷകന്‍ 45:22) എന്നിങ്ങനെ അഭിഷേചിതനോടു പറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു സാദൃശ്യമായി പറഞ്ഞു കേൾക്കുന്നത്. കർത്താവാണ് ഓഹരി എന്നതിൻ്റെ അർത്ഥമെന്താണെന്ന് അതിനു മുമ്പ് പറഞ്ഞിട്ടുണ്ടെന്നു കൂടി ശ്രദ്ധിക്കുക. ചുരുക്കിപ്പറഞ്ഞാൽ മറ്റു പതിനൊന്നു ഗോത്രക്കാരുടെയും ദശാംശവും ആദ്യഫലങ്ങളും മറ്റു കാഴ്ചവസ്തുക്കളും ബലികളും അല്ലാതെ അദ്ധ്വാനിക്കാൻ മണ്ണില്ല എന്നതാണ് പുരോഹിതർ ഉൾപ്പെട്ട ലേവീഗോത്രത്തിൻ്റെ ഓഹരി.  എന്നാൽ വസിക്കാൻ അവർക്കു നഗരങ്ങൾ 42 ഉണ്ടുതാനും.  തന്നെയുമല്ല, സങ്കീർത്തകനും വിലാപഗ്രന്ഥ കർത്താവും ഒക്കെ കർത്താവാണ് എൻ്റെ ഓഹരി എന്നു അവകാശപ്പെട്ടിട്ടുമുണ്ട്. (സങ്കീ.16:5, 73:26, 119:57, വിലാപങ്ങൾ 3:24 തുടങ്ങിയവ നോക്കുക)

ഇനി, പാദക്ഷാളന വേദിയിൽ ഞാനെന്ന ഓഹരി നിനക്കു കിട്ടില്ല എന്നല്ല എന്നോടു കൂടെ നിനക്ക് ഓഹരി ഉണ്ടാവില്ല എന്നാണ് യേശു പറഞ്ഞതു എന്നോർക്കുക.  കർത്താവാണ് ഓഹരി എന്നതും കർത്താവിനോടുകൂടെ ഓഹരി എന്നതും തികച്ചും വ്യത്യസ്തമാണ്.  അതിനാൽ അവിടെ എന്തെങ്കിലും അഭിഷേകം നടന്നു എന്നത് അടിസ്ഥാനം ഇല്ലാത്ത വാദഗതിയാണ്. ഉദ്ദിഷ്ടകാര്യം സ്ഥാപിക്കാൻ ദൈവവചനം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ('വചനപ്പൊരുൾ തേടുമ്പോൾ' എന്ന കുറിപ്പു നോക്കുക.) 

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക.

Comments