വചനപ്പൊരുള്‍ തേടുമ്പോള്‍


 

ദൈവ വചനം വേണ്ട വിധം മനസ്സിലാക്കാൻ നമുക്കു കഴിവില്ലാത്തിടത്താണ് വ്യാഖ്യാനങ്ങൾ ആവശ്യമാകുന്നത്.  എത്യോപ്യക്കാരനായ ഷണ്ഡൻ പറഞ്ഞ പോലെ 'ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക?'(അപ്പ. പ്രവ. 8 : 31)  ഒരുദാഹരണത്തിലൂടെ വിശദമാക്കാൻ ശ്രമിക്കാം.

'നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.' (യോഹ15 : 7)

നമ്മൾ എന്തു ചോദിച്ചാലും ദൈവം നമുക്കു തരും എന്നൊരർത്ഥമാകാം നാം പലപ്പോഴും ഈ വചനത്തിൽ നിന്നു മനസ്സിലാക്കുക. നമ്മൾ യേശുവിൽ വസിക്കുകയും നമ്മുടെ ഉള്ളിൽ യേശുവിന്റെ വചനം ( വീണ്ടും യേശു )  ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ - എന്നു പറഞ്ഞാൽ നമ്മുടെ അകത്തും പുറത്തും യേശു ആയിരിക്കുമ്പോൾ - നമ്മുടെ ഇഷ്ടം യേശുവിന്റെ ഇഷ്ടം തന്നെയാവില്ലേ എന്നാരെങ്കിലും പറഞ്ഞു തരുമ്പോഴാവും നമുക്കു കാര്യം പിടികിട്ടുക.  യേശു ഈ വചനം പറയുമ്പോൾ അവിടുത്തെ നെഞ്ചിൽ ചാരിയിരുന്നു കേട്ട യോഹന്നാൻ അതിനു വ്യാഖ്യാനം തരുന്നുണ്ട്.

'അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.' (1 യോഹ. 5 : 14)

ഇങ്ങനെയുള്ള വ്യാഖ്യാനങ്ങളല്ലാതെ പറഞ്ഞു വരുന്ന വിഷയം വ്യക്തമാക്കാനോ അതിന് ഊന്നൽ നൽകാനോ ഒക്കെ ദൈവ വചനം ഉപയോഗിക്കാറുണ്ട്.  ഈ കുറിപ്പിന്റെ ആരംഭത്തിൽ അപ്പ.പ്രവ. 8:31 ഉദ്ധരിച്ചിരിക്കുന്നതു്  ഇതിനു ഉദാഹരണമാണു.  തെറ്റായ ഉദ്ദേശത്തോടെയല്ലെങ്കിൽ അതിലൊട്ടു കുഴപ്പവുമില്ല. എന്നാൽ ഇങ്ങനെ ഉദ്ധരിച്ചു പറയുന്ന കാര്യങ്ങൾ ആ വചനത്തിന്റെ വ്യാഖ്യാനമായെടുത്താൽ സംഗതി കുഴപ്പമാകും.  ചില ഉദാഹരണങ്ങൾ എടുത്തു കാട്ടി വിശദീകരിക്കാൻ ശ്രമിക്കട്ടെ.

കരിസ്മാറ്റിക് ധ്യാനത്തിന്റെ അവസാനത്തിലെ കൈവയ്പ് പ്രാർത്ഥനയ്ക്കു ശേഷമുള്ള ഉപദേശത്തിൽ പരിശുദ്ധാത്മ നിറവു ലഭിച്ച പ. കന്യാമറിയം എലിസബത്തിനെ ശുശ്രൂഷിക്കാനായി ഓടിയതുപോലെ, ആത്മനിറവു ലഭിച്ച നിങ്ങളും മറ്റുള്ളവരുടെ പരിചാരകരാവണമെന്ന് ധ്യാനഗുരു പറഞ്ഞു വയ്ക്കും. 'ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു.' (ലൂക്കാ 1 : 39) എന്ന വചനമായിരിക്കും ഉദ്ധരിക്കുക.

ഒരു നല്ല സ്ഥാനക്കയറ്റം കിട്ടിയ ആളെ ഉപദേശിക്കുമ്പോൾ ആത്മീയ ഗുരു നിർദ്ദേശിക്കും, ദൈവമാതാവാകാൻ വിളി ലഭിച്ചപ്പോൾ എലിസബത്തിന്റെ ശുശ്രൂഷകയാകാൻ തിടുക്കത്തിൽ പോയ മറിയത്തിന്റെ വിനയം മാതൃകയാക്കണം. ഉദ്ധരിക്കുന്നതു മേൽ പറഞ്ഞ വചനം തന്നെയാവും.  കുഴപ്പമൊന്നുമില്ല.  നല്ല കാര്യങ്ങൾ തന്നെയാണ് പറഞ്ഞതെല്ലാം.  പക്ഷേ, ആ വചനത്തിന്റെയും തുടർന്നുള്ള വചനഭാഗങ്ങളുടെയും വ്യാഖ്യാനമായി അതു നമ്മൾ എടുക്കുമ്പോൾ കാര്യം പിശകുന്നു.  പ. മറിയം വിനീതയാണ്; പരിചരിക്കുന്ന സ്വഭാവമുള്ളവളുമാണ്.  പക്ഷേ, ലൂക്ക 1:39-56 വചനഭാഗത്തു കൂടി ദൈവം നമുക്കു വെളിപ്പെടുത്തുന്നത് ഇക്കാര്യങ്ങളല്ല.   പ.ആത്മാവിനാൽ പൂരിതയായ മറിയം എലിസബത്തിന്റെ ഉദരത്തിലായിരുന്ന സ്നാപകന് തന്റെ അഭിവാദന സ്വരത്തിലൂടെ ആത്മാഭിഷേകം നൽകിയതും അതിന്റെ അനുരണനങ്ങളുമാണ് പ്രധാനമായും ഇവിടെ പരാമർശിക്കുന്നത്.  അതിനായുള്ള ദൈവീക പ്രചോദനത്താലാവണം മറിയം തിടുക്കത്തിൽ പുറപ്പെട്ടത്.  ഇതിനർത്ഥം മൂന്നു മാസക്കാലം മറിയം എലിസബത്തിന്റെ വീട്ടിൽ കാലുന്മേൽ കാലും കയറ്റി വച്ചിരിക്കയായിരുന്നു എന്നല്ല.  മറിച്ചു, മറിയം ചെയ്തിരിക്കാവുന്ന അനേകമായ പരിചരണങ്ങളിൽ കണ്ണുടക്കി അവളിലൂടെ സംഭവിച്ച മഹാത്തായ ഈ പ്രവൃത്തി നാം കാണാതെ പോകരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനായി ഈ വചനഭാഗത്തെങ്ങും പരിചരണമെന്നോ ശുശ്രൂഷയെന്നോ അർത്ഥമാക്കാവുന്ന ഒരു വാക്കു പോലും ഉപയോഗിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കുക.  'മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.' (ലൂക്കാ 1 : 56)  എന്നതിനു പകരം ' മറിയം മൂന്നു മാസത്തോളം അവളെ ശുശ്രൂഷിച്ചു.  പിന്നെ വീട്ടിലേക്കു മടങ്ങി' എന്നു വേണമെങ്കിൽ ആ രംഗം സമാപിക്കാമായിരുന്നതേയുള്ളു എന്നോർക്കുക.

മറ്റൊരു ഉദാഹരണം നോക്കാം.  അപ്രതീക്ഷിതമായ വിപൽ സന്ധികൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം ദൈവസന്നിധിയിൽ എത്തി സഹായം തേടണം. വളരെ ശരിയായ ഒരു കാര്യമാണിത്.  ഇക്കാര്യം ഉപദേശിക്കാൻ വേണ്ടി ഉപദേശകർ തിരഞ്ഞെടുക്കുന്ന വചനഭാഗമാണു മത്താ.8:23-27. സമാന്തര സുവിശേഷകർ മൂവരും ഈ സംഭവം വിവരിക്കുന്നുണ്ട്.  ലോകമാകുന്ന കടലിൽ നമ്മുടെ ജീവിതമാകുന്ന ചെറുതോണി പ്രതിസന്ധികളാകുന്ന കാറ്റും തിരയും ഏറ്റ് ഉലയുമ്പോൾ തോണിയിലുറങ്ങുന്ന കർത്താവിനെ വിളിച്ചുണർത്തി നിലവിളിക്കണം.  അവിടുന്ന് ഉണർന്നാൽ കാറ്റിനെയും കടലിനെയും ശാസിക്കും.  ശാന്തതയുണ്ടാകും.  കേൾക്കുമ്പോൾ  വേഗം സമരസപ്പെട്ടു പോകും, ആകെ ആടിയുലഞ്ഞു നിൽക്കുന്ന നമ്മൾ. കർത്താവല്ലാതെ നമുക്കാശ്രയമാര്?  ഇവിടം വരെ കാര്യം ശരി തന്നെ.  പക്ഷേ, ഇതാണു ആ വചനഭാഗത്തിന്റെ സാരം എന്നു നാം കരുതിയാൽ തെറ്റി.

മൂന്നു സുവിശേഷകരും ഒന്നുപോലെ പറയുന്നു, ഉണർന്നെണീറ്റ യേശു ശിഷ്യരെ ശാസിച്ചു എന്ന്. മത്തായി സുവിശേഷകന്റെ സാക്ഷ്യമനുസരിച്ച് കടലിനെയും കാറ്റിനെയും ശാസിക്കും മുമ്പേ ശിഷ്യരെ ശാസിച്ചുവത്രെ. എന്താണു കാരണം? ഒരാപത്തു വന്നപ്പോൾ അവർ ഭയപ്പെട്ടു. ഭയം കൊണ്ടുള്ള പ്രാർത്ഥനയെ അവിടുന്നു പ്രോത്സാഹിപ്പിക്കുന്നില്ല. അതു വിശ്വാസക്കുറവിനെയാണ് സൂചിപ്പിക്കുന്നതു്.  അതു കൊണ്ടാണ് അവരെ അല്പ വിശ്വാസികളേ എന്നു അവിടുന്ന് വിളിക്കുന്നതു്.  തീർച്ചയായും അവർ അവിശ്വാസികളായിരുന്നില്ല.  ആയിരുന്നെങ്കിൽ അവർ പ്രാർത്ഥിക്കുമായിരുന്നില്ല. അവർ വിശ്വാസികളുമായിരുന്നില്ല.  ആയിരുന്നെങ്കിൽ കർത്താവ് നമ്മുടെ കൂടെ ഉണ്ട് എന്നറിഞ്ഞ് അവർ സമാധാനം വെടിയാതെ തുഴഞ്ഞു കൊണ്ടേ ഇരുന്നേനെ.  ആ വഞ്ചിയിൽ വിശ്വാസിയായി ഒരാളേ ഉണ്ടായിരുന്നുള്ളു. അയാൾ പിതാവിന്റെ കൈകളിൽ താൻ സുരക്ഷിതനാണു് എന്നറിഞ്ഞ് അമരത്തു തല വച്ച് ഉറങ്ങുകയായിരുന്നു.  അപ്പോൾ നമുക്കുള്ള പാഠമെന്ത്?  വിപൽ സന്ധികളിൽ കർത്താവ് നമ്മുടെ കൂടെയുണ്ടെന്നറിഞ്ഞ് ശാന്തമായി നമ്മുടെ കർത്തവ്യം നിറവേറ്റുക.  ഭയത്തിൽ നിന്നുയർന്നതെങ്കിലും  ആ പ്രാർത്ഥനയും അവിടുന്നു കൈക്കൊള്ളുന്നു, തിരുത്തുന്നുണ്ടെങ്കിലും എന്നും നമുക്കോർക്കാം.

തോമ്മാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വചനഭാഗത്തെക്കുറിച്ച് (യോഹ. 20: 24-29) കൂടി സൂചിപ്പിച്ചിട്ട് അവസാനിപ്പിക്കാം.  ഒരു ജൂലൈ മൂന്നാം തീയതിയിലെ ദിവ്യബലി മദ്ധ്യേയുള്ള പ്രസംഗം സ്വാഭാവീകമായും മേൽ പറഞ്ഞ വചനത്തെ അടിസ്ഥാനമാക്കിയായിരുന്നു.   കുർബാനയ്ക്കു ശേഷം അച്ചനെ കണ്ട് ഞാൻ പറഞ്ഞു:  "അച്ചാ, പ്രസംഗം ഒത്തിരി നന്നായി.  തോമാശ്ശീഹ അവിശ്വാസിയായിരുന്നില്ലെന്നു മാത്രമല്ല മറ്റു പത്തുപേരിലും വലിയ വിശ്വാസിയായിരുന്നു എന്നും എനിക്കു മനസ്സിലായി. കർത്താവിന് ഇക്കാര്യങ്ങൾ പിടികിട്ടിയിരുന്നെങ്കിൽ 'അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.' എന്നു അദ്ദേഹത്തോടു പറയുമായിരുന്നില്ല."

നാം ചെയ്യേണ്ടതു്: ഉദ്ദിഷ്ട കാര്യം സമർത്ഥിക്കുന്നതിനായി ഉദ്ധരിക്കുന്ന വചനത്തെയും വചന വ്യാഖ്യാനത്തെയും തിരിച്ചറിയുക.  ഈ നിലപാട് നമുക്കും സ്വീകാര്യമാണ്.  'ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു.'(അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 11 )

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക. 

Comments