ഇനിയും അവസാനിക്കാത്ത പെസഹാ വിരുന്ന്.

 ഇനിയും അവസാനിക്കാത്ത പെസഹാ വിരുന്ന്.

യഹൂദരുടെ പെസഹാ വിരുന്നിലെ പാനോപചാരത്തിൽ നാലു കപ്പ് വീഞ്ഞുകൾ ഉൾപ്പെടുന്നു. അവയോരോന്നിനും കൃത്യമായ പേരുകളും നിയതമായ ക്രമങ്ങളും ഉണ്ടായിരുന്നു. അതിലെ മൂന്നാമത്തെ കപ്പിനെ അനുഗ്രഹത്തിൻ്റെ പാനപാത്രം എന്നാണ് വിളിച്ചിരുന്നത്.  ഇതിനെയാണ് തൻ്റെ അവസാന പെസഹാ ആചരണത്തിൽ യേശു തൻ്റെ രക്തമായി മാറ്റിയത്.
'അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.
ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്.
ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.'   (മത്തായി 26 : 27-29)  അതായതു് , നാലാമത്തെ കപ്പ് ഇന്ന് ഉണ്ടാവില്ല എന്നാണ് യേശു തൻ്റെ ശിഷ്യരോട് 29 ആം വചനത്തിൽ പറയുന്നതു്. നാലാമത്തെ കപ്പുകൂടി ആയാലെ വിരുന്നു പൂർണ്ണമാവുകയുള്ളു. മുന്തിരിയുടെ ഈ ഫലത്തിൽ നിന്നു ഞാൻ വീണ്ടും കുടിക്കുകയില്ല എന്നു യേശു പറഞ്ഞതുകൊണ്ട്  'സ്തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.'  (മത്തായി 26 : 30)
പിന്നീട്, കുരിശിൽ 'യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.' (യോഹന്നാന്‍ 19 : 30) എന്നു നാം കാണുന്നു. ഈ വിനാഗിരി വീഞ്ഞു പുളിച്ചുണ്ടാകുന്നതാണ്. അതായത് മുന്തിരിയുടെ ഫലം.  എല്ലാം പൂർത്തിയായിരിക്കുന്നു. അതായത് പെസഹാ വിരുന്ന് പൂർത്തിയായിരിക്കുന്നു, ഈ നാലാം കപ്പോടെ.  ഇങ്ങനെയൊരു വാദഗതി കേൾക്കാറുണ്ട്‌. അതൊന്നു പരിശോധിക്കാം.
'മുന്തിരിയുടെ ഈ ഫലത്തിൽ നിന്ന്' എന്നതിന് മുന്തിരിപ്പഴത്തിൽ നിന്ന് എന്ന അർത്ഥമെടുത്താൽ കുഴപ്പമില്ല. എന്നാൽ യേശുവിൻ്റെ മുന്നിൽ അപ്പോൾ ഇരുന്നിരുന്ന വീഞ്ഞിനെ ചൂണ്ടിയാണു് ഇതു പറഞ്ഞതെങ്കിൽ വീഞ്ഞിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വിനാഗരി എന്നത് ശ്രദ്ധിക്കേണ്ടി വരും.
'അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്‍റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.'(മത്തായി 26:39) ഇവിടെ പിതാവിൽ നിന്നും യേശു ഏറ്റു വാങ്ങിയ പാനപാത്രമാണ് നാലാമത്തെ കപ്പ് എന്നു കരുതുന്നവരുണ്ട്.  എന്നാൽ, പാനപാത്രമെന്നത് യഹൂദർ സാധാരണ ഉപയോഗിക്കുന്ന ഒരു ശൈലിയാണ്.  അനുഗ്രഹത്തിൻ്റെ, ശാപത്തിൻ്റെ, ക്രോധത്തിൻ്റെ, ദു:ഖത്തിൻ്റെ, രക്ഷയുടെ, ആനന്ദത്തിൻ്റെ.... എന്നിങ്ങനെ പാനപാത്ര പ്രയോഗം സങ്കീർത്തനങ്ങളിലും പ്രവാചകരിലും ധാരാളമായി കാണാം.  രക്ഷയാണെങ്കിലും ശിക്ഷയാണെങ്കിലും  ദൈവത്തിൽ നിന്നുള്ളത് എന്നൊരു പൊതു അർത്ഥമേ അതിനെടുക്കാനാവൂ. അതിനാൽ ആ പാനപാത്രവുമായി നാലാമത്തെ കപ്പിനെ ബന്ധിപ്പിക്കുന്നതിൽ സാംഗിത്യമില്ല.
'പൂർത്തിയായിരിക്കുന്നു' എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു വാക്കിന്  വിരുന്നു പൂർണ്ണമായി എന്ന അർത്ഥ കല്പന ഇല്ല താനും.(കൂടുതൽ വിശദീകരണങ്ങൾക്ക് 'പൂർത്തിയായോ? തീർന്നോ?' എന്ന ലേഖനം വായിക്കുക.)
ഇതിനൊക്കെയപ്പുറം നാലാമത്തെ കപ്പ് എങ്ങിനെ എവിടെ വച്ചു താൻ കുടിക്കുമെന്ന് വ്യക്തമായി യേശു പറഞ്ഞിട്ടുണ്ട്. ശിഷ്യരോടൊപ്പമാണ് അതു കുടിക്കുക; ഒറ്റയക്കല്ല. 'നവമായി' എന്നൊരു പ്രയോഗം കൂടിയുള്ളതും ശ്രദ്ധിക്കണം. വെളിപാട് 21 ആം അദ്ധ്യായത്തിൽ പരാമർശിക്കുന്ന നവീകരണത്തോടു ചേർത്തു വച്ചേ നമുക്കിതു മനസ്സിലാക്കാനാവൂ.
ഉയർപ്പിൻ്റെ ദിവസവും വിരുന്നു പൂർണ്ണമായില്ല എന്നതിനു വ്യക്തമായ സൂചനയുണ്ട്. ഉയർത്തെണീറ്റ യേശുവിൻ്റെ കല്ലറയിൽ ആദ്യം പ്രവേശിച്ച പത്രോസ് കണ്ട കാഴ്ച വിവരിക്കുന്നതിങ്ങനെയാണ്. 'കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടു കൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു.' (യോഹന്നാന്‍ 20 : 7) 'തലയിൽ കെട്ടിയിരുന്ന തൂവാല'യ്ക്ക് എന്താണിത്ര പ്രാധാന്യം എന്നു തോന്നിയ്ക്കുന്ന വിവരണം.  എന്നാൽ യഹൂദരുടെ രീതികൾ അറിയാമായിരുന്ന ആദിമ ക്രൈസ്തവർക്ക് കാര്യം പിടികിട്ടിയിരിക്കും. യഹൂദരുടെ വിരുന്നിനിടയിൽ ഒരാൾക്കു പുറത്തു പോകേണ്ടി വന്നാൽ  തൂവാല മടക്കി വച്ചിരുന്നാൽ അയാൾ മടങ്ങി വരില്ല എന്നു പരിചാരകർ മനസ്സിലാക്കും. നേരേ മറിച്ച് തൂവാല ചുരുട്ടിയാണു വച്ചിരിക്കുന്നതെങ്കിൽ അയാൾ ഭക്ഷണം മതിയാക്കിയിട്ടില്ല, മടങ്ങി വരും എന്നും. യേശു മടങ്ങി വരും, വിരുന്നിൽ തുടരും എന്നതിൻ്റെ വ്യക്തമായ സൂചനയായി ഇതിനെ കണ്ടതു കൊണ്ടായിരിക്കണം യോഹന്നാൻ സുവിശേഷകൻ ഈ തൂവാലക്കാര്യം ഇത്ര പ്രധാനപ്പെട്ടതായി കണ്ടത്. പെസഹാ വിരുന്ന് കുരിശിൽ പൂർത്തിയായില്ല എന്നു വ്യക്തം.
ഇതിലുപരിയായി ഈ നാലാം കപ്പ് കുടിക്കുന്നത്  'പിതാവിൻ്റെ രാജ്യത്തിൽ' എന്നു വ്യക്തമാക്കിയിട്ടുണ്ട് യേശു.  ശ്രദ്ധിക്കുക. ദൈവരാജ്യമെന്നല്ല പറഞ്ഞിരിക്കുന്നത്.  വ്യത്യാസം ഗ്രഹിക്കണമെങ്കിൽ ചില ദൈവവചനങ്ങൾ കൂടി നാം പരിശോധിക്കേണ്ടിയിരിക്കുന്നു. 'കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്കുക.'
(സങ്കീര്‍ത്തനങ്ങള്‍ 110 : 1)  യേശു ഉദ്ധരിച്ചതുൾപ്പെടെ, പല പ്രാവശ്യം പുതിയ നിയമത്തിൽ പരാമർശിതമായ സങ്കീർത്തന ഭാഗമാണിത്.  ഇതു പിതാവായ ദൈവം യേശുവിനോടു പറയുന്നതാണെന്നു വ്യക്തം. ഇനി ഈ വചനങ്ങൾ കൂടി ശ്രദ്ധിക്കു! 'കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.' (മര്‍ക്കോസ്‌ 16 : 19)  'എന്തെന്നാല്‍, സകല ശത്രുക്കളെയും തൻ്റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു.'          (1 കോറിന്തോസ്‌ 15:25)
രക്ഷാകര പ്രവൃത്തികൾ നിർവ്വഹിച്ചു കഴിഞ്ഞ യേശു, സകലശത്രുക്കളെയും പിതാവു തൻ്റെ പാദപീഠമാക്കുവോളം പിതാവിൻ്റെ വലതുഭാഗത്തിരുന്ന് വാഴേണ്ടിയിരിക്കുന്നു.  അതിനു ശേഷം 'അവന്‍ എല്ലാ ഭരണവും അധികാരവും ശക്‌തിയും നിര്‍മാര്‍ജനംചെയ്‌ത്‌ രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിൻ്റെയും അവസാനമാകും.' (1 കോറിന്തോസ്‌ 15:24) രാജ്യം പിതാവിനു സമർപ്പിക്കുന്നതു വരെ വാഴുന്നതു  പുത്രനാണ്, യേശുവാണ്; അതിനു ശേഷം പിതാവും.  പിതാവ് വചനത്താൽ (പുത്രനാൽ ) സൃഷ്ടിച്ച്, പരിശുദ്ധാത്മവിനാൽ രൂപപ്പെടുത്തിയത് കറങ്ങി തിരിഞ്ഞ് പിതാവിൽത്തന്നെ എത്തിച്ചേരുന്നു. പിതാവിൻ്റെ രാജ്യമായാലും യേശുവിൻ്റെ രാജ്യമായാലും ദൈവരാജ്യം തന്നെ.  പക്ഷേ, വ്യത്യാസമുണ്ട്.  യേശുവിൻ്റെ രാജ്യത്തോടൊപ്പം അതിനെ എതിർക്കുന്ന തിന്മയുടെ രാജ്യവും നിലനില്ക്കുന്നു എന്നു മാത്രമല്ല നിരന്തര യുദ്ധം നടക്കുകയും ചെയ്യുന്നു.  തിന്മയെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തിട്ടാണ് പിതാവ് ഭരണമേൽക്കുന്നത്.  അതു കൊണ്ട് പിതാവിൻ്റെ രാജ്യത്തിൽ പൂർണ്ണമായ സമാധാനവും സന്തോഷത്തിൻ്റെ തികവുമാണ്.  'ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല.പഴയതെല്ലാം കടന്നുപോയി.സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. (വെളിപാട് 21 : 1,4,5)  പിതാവിൻ്റെ ഈ രാജ്യത്തിലാണ് യേശു തൻ്റെ പെസഹാ വിരുന്നു സമാപിപ്പിച്ചു കൊണ്ട് ശിഷ്യരോടൊപ്പം മുന്തിരിയുടെ ഈ ഫലത്തിൻ്റെ നാലാമത്തെ കപ്പ് ആസ്വദിക്കുന്നത്.  അങ്ങിനെ പെസഹാ (കടന്നു പോകൽ) സമാപിക്കുമ്പോൾ പുത്രൻ്റെ  വിവാഹ വിരുന്ന് ആരംഭിക്കുകയായി,  അവിരാമം തുടരുകയായി.
'വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.' .(വെളിപാട് 21:2)

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക.






Comments