പൂർത്തിയായോ? തീർന്നോ?

 പൂർത്തിയായോ? തീർന്നോ?


അടുത്തയിടെ സോഷ്യൽ മീഡിയയിൽ കണ്ടത്..
ഭാര്യ: ഈ completed ഉം finished ഉം തമ്മിലുള്ള അർത്ഥവ്യത്യാസമെന്താണ്?
ഭർത്താവ്: അർത്ഥവ്യത്യാസം പറയുക അത്ര എളപ്പമല്ല.  ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം.  നമ്മുടെ വിവാഹം കഴിഞ്ഞതോടെ നിൻ്റെ ജീവിതം completed ആയി.  എൻ്റെ ജീവിതം finished ഉം ആയി.
***.                ***.              ****.            ***
POC ബൈബിളിൽ യോഹന്നാൻ 19/30 വാക്യം വായിച്ചപ്പോൾ ഓർമ്മിച്ചതാണിത്.  ആ വാക്യം ഇങ്ങനെയാണ്: 'യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.'
ഇവിടെ 'എല്ലാം പൂർത്തിയായിരിക്കുന്നു' എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഭാഗം മിക്ക ഇംഗ്ലീഷ്  വിവർത്തനങ്ങളിലും 'It is finished' എന്നാണു കാണുന്നത്‌.  ഇതു മൂലഭാഷയിൽ എന്തായിരിക്കും പറഞ്ഞിരിക്കുന്നത്  എന്ന ചിന്തയിലേക്കു എന്നെ നയിച്ചു.  അന്വേഷണത്തിൽ, അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു വാക്കിന് തീർന്നു, (കടം)വീട്ടി എന്നിങ്ങനെയുള്ള അർത്ഥങ്ങളാണുള്ളതെന്നു കണ്ടു.  കടം വീട്ടി എന്ന അർത്ഥം യോഹ. 19/30 ൽ എടുക്കുകയാണെങ്കിൽ എല്ലാ (കടങ്ങളും) വീട്ടി,  അതായത് ലോകത്തിൻ്റെ പാപപരിഹാരമായി എന്ന അർത്ഥം ലഭിക്കും. 
'യേശു പറഞ്ഞു: എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം.' (യോഹന്നാന്‍ 4 : 34) ഈ ഉപമ വളരെ മനോഹരമാണ്. ജീവൻ്റെ ആധാരമാണ് ഭക്ഷണം. പിതാവിൻ്റെ ഇഷ്ടവും ജോലിയുമാണ് യേശുവിൻ്റെ ജീവിതത്തിന് ആധാരം. ഭക്ഷണം തീർന്നു കഴിഞ്ഞാൽ ജീവൻ നിലനില്ക്കില്ല;  പിതാവേല്പിച്ച ജോലി തീർന്നാൽ യേശുവിൻ്റെ ഈ ലോകജീവിതവും.  യോഹ. 19/30 ൽ തീർന്നു എന്ന അർത്ഥമെടുത്താൽ എൻ്റെ ഭക്ഷണം - എന്നെ പിതാവേല്പിച്ച ജോലി - തീർന്നു എന്നാണ് യേശു പറഞ്ഞത് എന്നു മനസ്സിലാകും.
എന്നാൽ, പൂർത്തിയായി എന്നു പറയാമോ? പിതാവ് ഏല്പിച്ച ജോലി പൂർത്തിയായി എന്നു പറയാം.  എന്നാൽ ദൗത്യം പൂർത്തിയായിട്ടില്ല. കാരണം ഏദൻ തോട്ടത്തിൽ മനുഷ്യനു നഷ്ടമായ ജീവൻ- ദൈവനിശ്വാസം, പ. ആത്മാവ് - തിരികെ നേടിക്കൊടുക്കാനല്ലേ യേശു വന്നത്?  അതിന് യേശുവിൻ്റെ മരണം മാത്രം പോരാ. ഉത്ഥാനവും സ്വർഗ്ഗാരോഹണവും സംഭവിക്കണം. (യോഹ.16/7 നോക്കുക) അതുകൊണ്ടും പൂർത്തിയാകുന്നില്ല. 'അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും അവസാനമാകും.'    (1കോറിന്തോസ്‌ 15 : 24)  അവിടെയാണ് പൂർത്തിയാകൽ.  ആ (പിതാവിൻ്റെ) രാജ്യം വരണമേ എന്നാണല്ലോ കർത്തൃപ്രാർത്ഥനയിൽ നാം അപേക്ഷിക്കുന്നത്.

തുടർവായനയ്ക്ക്:
ഇനിയും അവസാനിക്കാത്ത പെസഹാ വിരുന്ന്

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments