ദൈവം മരിക്കുമ്പോൾ ...

 


ദൈവം മരിച്ചു.  ദൈവത്തെ ഞങ്ങള്‍ കൊന്നു.’എന്ന് പ്രശസ്ത തത്വചിന്തകനായിരുന്ന നീഷേ (Friedrich Nietzsche) (1844-1900) എഴുതി.  ദൈവം മരിച്ചോ? വ്യത്യസ്തമായൊരു  അന്വേഷണം; വേറിട്ടൊരു ചിന്ത.  

പാപത്തിന്റെ കൂലി മരണമാണ്.( റോമ. 6/23) പാപത്തിലൂടെ മനുഷ്യൻ സമ്പാദിച്ച മരണത്തെ കയ്യൊഴിയാനോ മറികടക്കാനോ കഴിയാതെ മനുഷ്യൻ കുഴഞ്ഞു. കാരണം, മരണം ഒറ്റ വഴി യാത്രാ ടിക്കറ്റാണ്.  തിരിച്ചു യാത്രയ്ക്കു ടിക്കറ്റില്ല. ക്രിസ്തു മരണത്തിലേക്കു കടന്നു ചെന്ന് അവിടെ നിന്ന് ജീവനിലേക്ക് ഒരു പാലം തീർത്ത് ഉയിർത്തു.  ആ പാലം ക്രിസ്തു തന്നെയാണ്. അതിനാൽ, ക്രിസ്തുവിലൂടെ ആർക്കും ജീവനിലേക്കു തിരിച്ചു വരാം. (യോഹ. 14/6)

ഇനി പാപത്തിന്റെ കൂലിയായ മരണം എന്താണ് എന്നാണറിയേണ്ടത്. പഴം തിന്ന ആദം പുറകോട്ടു മറിഞ്ഞു വീണു മരിക്കുന്നതു നാം കാണുന്നില്ല. പൊട്ടാസിയം സയനൈഡു പോലെ ഉടൻ മരിക്കുന്ന വിഷമായിരുന്നില്ല, മറിച്ച് വളരെ സ്ലോ പോയിസൺ ആയിരുന്നു അതെന്നും തൊളളായിരത്തി മുപ്പതോളം വർഷം പ്രവർത്തിച്ച് അത് ആദത്തെ മരണത്തിലെത്തിച്ചു എന്നും വേണമെങ്കിൽ വാദിക്കാം. അതു കൊണ്ട് ബൈബിൾ വിവക്ഷിക്കുന്ന ജീവൻ എന്താണ് എന്നു പരിശോധിക്കാം.

ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.  (ഉല്‍പത്തി 2 : 7)  (ജീവനുള്ള ദേഹിയായി തീർന്നു എന്നു ചില വിവർത്തനങ്ങളിൽ കാണുന്നു.  ദേഹമുള്ളവൻ ദേഹി.  ദേഹമുളള ആത്മാവായ മനുഷ്യനു ജീവനുണ്ടായി എന്ന അർത്ഥം ഈ വിവർത്തനം ധ്വനിപ്പിക്കുന്നു.)  മറ്റു ജീവജാലങ്ങൾക്കൊന്നും ഈ നിശ്വാസം ലഭിക്കുന്നതായി കാണുന്നില്ല. അപ്പോൾ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ജീവന്റെ കാര്യമാണിവിടെ പരാമർശിക്കുന്നതു് എന്നു വ്യക്തം.  മനുഷ്യനു സവിശേഷമായുളളത് ആത്മാവായതിനാൽ അതാണിവിടെ പരാമർശിക്കുന്നതെന്നു തോന്നിയേക്കാം. സ്വന്തം ഛായയിലും സാദൃശ്യത്തിലും  മനുഷ്യനെ സൃഷ്ടിക്കാമെന്നു പറഞ്ഞ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിൽ പറയുന്നു.  'അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.'(ഉല്‍പത്തി 1 : 27) അരൂപിയായ ദൈവത്തിന്റെ  ഛായയും അരൂപിയായിരിക്കുമല്ലോ.  ശരീരമുള്ള മനുഷ്യനു ആത്മാവ് ലഭിച്ചതു അവിടെയായിരിക്കണം. അപ്പോൾ ഈ ജീവൻ എന്തായിരിക്കണം?  'ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.' (യോഹന്നാന്‍ 10:10) ജീവൻ സമൃദ്ധമാകാൻ മാത്രമല്ല,  ഉണ്ടാകാനുമാണ് യേശു വന്നത് എങ്കിൽ യേശുവിനു മുമ്പ് അവര്‍ക്കു ജീവൻ ഇല്ലായിരുന്നു എന്നർത്ഥം. അതു ശരീരത്തിന്റെ ജീവനും  ആത്മാവുമല്ല എന്നു വ്യക്തം. അപ്പോൾ പാപത്തിന്റെ വേതനമായ മരണത്തിൽ മറ്റെന്തോ ജീവനാണ് നഷ്ടമായത്.

ഉൽ.2/7 ൽ നാം കണ്ടതിനു സമാന്തരമായി ഒരു നിശ്വാസം സുവിശേഷത്തിൽ നാം കാണുന്നു.   'ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.' (യോഹന്നാന്‍ 20 : 22)  നിശ്വാസം എന്താണെന്ന് ഇവിടെ വ്യക്തമാകുന്നു. ഈ പരിശുദ്ധാത്മാവിനെ അയക്കാൻ വേണ്ടിയാണ്  രക്ഷാകർമ്മം പൂർത്തിയാക്കി യേശു സ്വർഗ്ഗത്തിലേക്കു കരേറുന്നത് എന്ന് അന്ത്യ പ്രഭാഷണത്തിൻ പറയുന്നതായി യോഹന്നാൻ സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു. അതു വായിക്കുമ്പോൾ യേശുവിന്റെ രക്ഷാകര പ്രവൃത്തിയുടെ സുപ്രധാന ലക്ഷ്യമായിരുന്നു ഈ പരിശുദ്ധാത്മ അഭിഷേകം എന്നു നമുക്കു മനസ്സിലാകും. ആദ്യ പാപത്തോടെ നഷ്ടമായത് ഈ പരിശുദ്ധാത്മാവിനെയാണ്. അതാണു മരണം. പരിശുദ്ധാത്മാവിലൂടെയാണ് ദൈവസ്നേഹം നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നത് (റോമ.5/5). അപ്പോൾ പരിശുദ്ധാത്മാവ് നഷ്ടമായി എങ്കിൽ ദൈവവുമായുള്ള നമ്മുടെ ബന്ധം തകർന്നു എന്നർത്ഥം. അതാണ് പാപം;  അതിന്റെ വേതനവും.  പാപ പ്രവൃത്തികൾ അതിന്റെ സൂചകങ്ങൾ മാത്രം.(റോമ. 1/28 നോക്കുക) ജീവസ്രോതസ്സായ ദൈവവുമായുള്ള ബന്ധം തകർന്നാൽ മരിക്കുമെന്നത് ന്യായയുക്തം. ഇതാണ് പാപത്തിന്റെ വേതനമായ മരണമെങ്കിൽ യേശു ഏറ്റെടുത്തത് ഇതു തന്നെയായിരിക്കണം

'എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?' (മത്തായി 27:46) എന്ന യേശുവിന്റെ കുരിശിലെ വിലാപം ഇത്തരുണത്തിൽ നമ്മുടെ ശ്രദ്ധയിൽ വരുന്നു.  ദൈവവുമായുള്ള ബന്ധം വേർപെട്ട മനുഷ്യന്റെ വിലാപമാണതു. ദൈവത്തെ ദൈവമേ എന്നു യേശു വിളിക്കുന്ന ഏക സന്ദർഭമാണിത്. പറയുന്നതു വ്യക്തമാക്കാൻ 'ദൈവം' എന്നു പറയാൻ നിർബ്ബന്ധിതനായ സന്ദർഭത്തിൽ പോലും യേശു 'നിങ്ങൾ ദൈവമെന്നു വിളിക്കുന്ന എന്റെ പിതാവ്' എന്നു പറഞ്ഞ് രക്ഷപ്പെടുന്നത് നാം കാണുന്നുണ്ടല്ലോ. (യോഹ. 8/55 നോക്കുക.) എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ടുള്ള എന്റെ അച്ചായനെ സാർ എന്നു ഞാൻ ഒരിക്കൽ പോലും വിളിച്ചിട്ടില്ല,  മറ്റു സഹപാഠികൾ അങ്ങിനെ വിളിക്കുമെങ്കിലും.  അതേ നിർബ്ബന്ധ ബുദ്ധി കാണിക്കുന്ന യേശുവിനെ എനിക്കു മനസ്സിലാവും.  ആ യേശുവാണിവിടെ  ദൈവമേ എന്നു വിളിക്കുന്നത്. യേശുവിന്റെ പിതൃ അനുഭവം നഷ്ടമായി എന്നർത്ഥം. പിതാവേ എന്നു വിളിക്കാൻ പ്രേരിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹവാസം നഷ്ടമായി എന്നു സാരം.  ത്രിത്വം വിഘടിക്കപ്പെട്ടു  എന്നു തന്നെ. അതെ, ദൈവം മരണം രുചിച്ചു. "പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ  ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു." എന്ന് ആ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു. എന്നാൽ അതുകൊണ്ട് ആ മരണത്തിന്റെ ഗൗരവം കുറയുന്നില്ല. ആയിരിക്കുന്ന എല്ലാറ്റിനും ആധാരമായിരിക്കുന്നവൻ  മരിച്ചാൽ.........! അപ്പോൾ നടക്കുന്ന വിചിത്ര സംഭവങ്ങളുടെ വിവരണത്തിലൂടെ സുവിശേഷകർ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഇതാണ്. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാനാവാത്ത വേദപുസ്തക വ്യാഖ്യാതാക്കൾ യേശു 22 ആം സങ്കീർത്തനം  ചൊല്ലുകയായിരുന്നു എന്നു പറഞ്ഞു രക്ഷപ്പെടുന്നു. അതിലൂടെ പ്രവചനങ്ങളെ തല തിരിച്ചു വ്യാഖ്യാനിക്കുന്നവരാവുകയും ചെയ്യുന്നു. ആ സങ്കീർത്തനം ബാക്കി കൂടി വായിച്ചു നോക്കുന്ന ആർക്കും ഇതു മനസ്സിലാക്കാവുന്നതേയുള്ളു.   കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച ഒരാളുടെ അനുഭവങ്ങൾ ഒന്നോ രണ്ടോയിടത്തല്ല അതിൽ വർണ്ണിക്കുന്നതു്. ദാവീദോ രചയിതാവ് വേറെയാരെങ്കിലുമാണെങ്കിൽ അവരോ ഒരിക്കലും കടന്നു പോയിട്ടില്ലാത്ത അനുഭവമാണതു.  ക്രൂശീകരണം റോമൻ സാമ്രാജ്യത്തിന്റെ സൃഷ്ടിയായിരുന്നല്ലോ. അപ്പോൾ ആ സങ്കീർത്തനം യേശുവിന്റെ മരണം മുൻകൂട്ടി കണ്ടു കൊണ്ട്  എഴുതിയതാണെന്നു വ്യക്തം.  ആ ദീർഘദർശനം കുരിശിൽ നിറവേറുകയായിരുന്നു.

ദൈവം മരണം രുചിച്ചു എന്ന കാര്യം യുക്തിക്കു നിരക്കാത്തതായി കണ്ടതിനാൽ, യേശുവിന് പിതൃ അനുഭവം നഷ്ടമായതേ ഉള്ളു,  പിതൃ ബന്ധം ഉലഞ്ഞില്ല എന്നു വാദിക്കുന്നവരുമുണ്ട്.  അനാദിയും അനന്തനും സർവ്വവ്യാപിയുമായ ദൈവം സ്ഥലകാല പരിമിതികളിൽ ഒതുങ്ങിക്കൂടി എന്നതും യുക്തിസഹമല്ലാത്തതിനാൽ അതും യഥാർത്ഥ്യമല്ല,  മനുഷ്യാവതാരത്തില്‍ അങ്ങിനെ ഒരനുഭവം ഉണ്ടായതേ ഉള്ളു എന്നും പറയുമോ? അങ്ങിനെയെങ്കിൽ ദൈവമായിരിക്കും ഏറ്റം വലിയ കപടനാട്യക്കാരൻ.  ചുങ്കക്കാരോടും വേശ്യകളോടും വിട്ടുവീഴ്ച ചെയ്യുന്ന,  കപടനാട്യക്കാരോട് ഒരു ഒത്തുതീർപ്പിനും തയ്യാറില്ലാത്ത ഒരു ദൈവമാണ് യേശുവിലൂടെ പ്രകാശിതമായിരിക്കുന്നത് എന്നുകൂടി ഓർക്കുക. 

ദൈവത്തിന്റെ മരണം അനിവാര്യമായിത്തീരുന്ന മറ്റു സാഹചര്യങ്ങൾ ഉണ്ടോയെന്നു കൂടി നോക്കാം.

സംഭാവ്യതകളുടെയും സാദ്ധ്യതകളുടെയും കരുക്കൾ നിരത്തിയ ചതുരംഗപ്പലകയായാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു[1]. അറിവുള്ളവന് വേണ്ട കരുക്കൾ ഉചിതമായി നീക്കി ഉദ്ദിഷ്ട ഫലം നേടാനാവും.  ഈ അറിവില്ലാത്തവനു അത് അത്ഭുതമായി തോന്നും.  ദൈവം സർവ്വജ്ഞനായതു കൊണ്ട് അവിടുത്തേയ്ക്ക് എന്തും സാദ്ധ്യമാണ്.  അവിടെ പ്രപഞ്ച നിയമങ്ങളൊന്നും ലംഘിക്കപ്പെടുകയോ അതിന് അതീതമാവുകയോ  ചെയ്യുന്നില്ല.  പ്രപഞ്ചത്തിൽ എല്ലാ യാഥാർത്ഥ്യങ്ങളും സമയമാകുന്ന ചരടിൽ കോർത്തിരിക്കുന്നതായാണ് നാം മനസ്സിലാക്കുന്നത്. ആ സമയമാകട്ടെ ഒരു അനുസ്യൂത പ്രവാഹവും.  ഈ സമയം ആപേക്ഷികമാണെന്നു ശാസ്ത്രം പറയുന്നെങ്കിലും അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന നമുക്ക് നിത്യതയിൽ സമയമില്ല എന്നത് ഉൾക്കൊള്ളാൻ പ്രയാസമാകും.  എങ്കിലും സത്യമതാണ്. സമയം മാത്രമല്ല സ്ഥലവും ദ്രവ്യോർജ്ജ യുഗ്മവും അവിടെ ഇല്ല. അവിടെ യാഥാർത്ഥ്യങ്ങളെ കോർത്തിണക്കിയിരിക്കുന്നതു കാര്യകാരണ ബന്ധത്തിലാണ്.  ആദി കാരണമാണ് ദൈവം.   കാര്യകാരണബന്ധത്തിന്റെ ഈ പ്രപഞ്ചത്തിലെ നിഴലാണ് സമയം.  സമയത്തിൽ ജീവിക്കാൻ പഠിച്ച നമുക്ക് കാര്യകാരണബന്ധത്തിൽ ജീവിക്കാനും സാധിക്കും. സമയത്തിന്റെ കാര്യത്തിലെന്ന പോലെ കാര്യകാരണബന്ധത്തിലും പുറകോട്ടു പോയി ഒരു മാറ്റം വരുത്താനാവില്ല.  ഡിജിറ്റൽ കറൻസികൾ അടിസ്ഥാനമാക്കിയിരിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയ്ക്ക് കാര്യകാരണബന്ധവുമായി സാമ്യമുണ്ട്. ബ്ലോക്ക് ചെയിനിലും പുറകോട്ടു പോയി ഒരു മാറ്റവും ഉണ്ടാക്കാനാവില്ല എന്നതാണ് ഡിജിറ്റൽ കറൻസിയുടെ ഉറപ്പിനാധാരം.  ഇക്കാരണത്താൽ, ഈ പ്രപഞ്ചത്തിലെന്ന പോലെ നിത്യതയിൽ എന്തും സാദ്ധ്യമാണ് എന്ന സ്ഥിതി ഇല്ല. ഇതു നിത്യതയിൽ ദൈവം തന്നെ സ്ഥാപിച്ച ദൈവീക നിയമമാകയാൽ സ്വയം നിഷേധിക്കാതെ ദൈവത്തിന് ഇതിൽ മാറ്റം വരുത്താനാവില്ല. (ദൈവത്തിന്റെ  വിശ്വസ്തതയ്ക്കു തെളിവായി പൗലോസ് ശ്ലീഹ ഹാജരാക്കുന്നത് ഇക്കാര്യമാണ്. 2തിമോ.2/13 നോക്കുക.)  ആദിപാപത്തിന്റെ കാരണം (ഉത്തരവാദിത്വവും) ആദി മനുഷ്യനിൽ നിന്നും ക്രിസ്തുവിലേക്കു മാറ്റുമ്പോൾ (കാലത്തിന്റെ തികവിൽ ജോർദ്ദാൻ നദിയിൽ യേശു സ്നാപകന്റെ മുന്നിൽ സ്നാനപ്പെടുമ്പോൾ നാം കാണുന്നതതാണ്) ദൈവത്തിന്റെ ഈ സ്വയം നിരാസമാണ്  സംഭവിക്കുന്നത്. സ്വയം നിരാസം എന്നാൽ മരണമാണ്.  പാപത്തിന്റെ ആദി കാരണം മനുഷ്യനിൽ നിന്നും ദൈവം ഏറ്റെടുക്കുമ്പോൾ ദൈവത്തിന്റെ മരണം അനിവാര്യമാകുന്നു. പാപത്തിന്റെ ആദികാരണം മനുഷ്യൻ ദൈവത്തിൽ ആരോപിക്കുമ്പോൾ (ഉൽ. 3/12) 'കൊല്ലാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും മൗന'മായി നില്ക്കുന്ന ദൈവത്തിന്റെ ചിത്രം കൂടി കാണുമ്പോൾ കാര്യം കൂടുതൽ വ്യക്തമാകുന്നു.

 ദൈവത്തിന്റെ മരണം അനിവാര്യമാക്കുന്ന മറ്റെന്തെങ്കിലും സാഹചര്യമുണ്ടോ എന്നു നോക്കാം.

'അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്‍മയും തിന്‍മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍ നിന്നു കൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്.' (ഉല്‍പത്തി 3 : 22)  ഇവിടെ മനുഷ്യൻ സർവ്വഥാ ദൈവത്തെ പോലെയായി എന്നല്ല മറിച്ച് നന്മയെയും തിന്മയെയും അറിയുക എന്ന കാര്യത്തിൽ മനുഷ്യൻ ദൈവത്തേപ്പോലെയായി എന്നാണ് പറഞ്ഞിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. അപ്പോൾ ദൈവം നന്മയും തിന്മയും അറിഞ്ഞിട്ടുണ്ട് എന്ന് സിദ്ധിക്കുന്നു.  എന്താണീ നന്മയും തിന്മയും? ദൈവം സർവ്വതിനും ആദി കാരണമാകയാൽ ദൈവമുള്ള അവസ്ഥ ആവണം നന്മ, അതേ സാദ്ധ്യമാകൂ. എങ്കിൽ തിന്മ തീർച്ചയായും ദൈവമില്ലാത്ത അവസ്ഥയായിരിക്കും.  അപ്പോൾ ദൈവം നന്മ അറിഞ്ഞു എന്നതിനർത്ഥം[2] ദൈവം സ്വയം അറിഞ്ഞു എന്നു തന്നെ.  അങ്ങിനെയെങ്കിൽ ദൈവം തിന്മയറിഞ്ഞു എന്നതിനർത്ഥം ദൈവം ദൈവമില്ലായ്മയെ, ദൈവനിരാസത്തെ അറിഞ്ഞു എന്നു വരുന്നു.

ദൈവം തിന്മ അറിയുന്നില്ലെങ്കില്‍ നന്മയെക്കുറിച്ചുള്ള അറിവു പൂര്‍ണ്ണമാകുന്നില്ല.      സര്‍വ്വജ്ഞനായ അവിടുത്തേക്ക് അങ്ങിനെയായിരിക്കുക സാദ്ധ്യമല്ല.  എന്നാല്‍ദൈവം തിന്മ അറിയുക എന്നാല്‍ ദൈവം ദൈവമില്ലായ്മയെ അറിയുക എന്നാണു. അതെങ്ങനെയാണ്‌ സാധിക്കുകപ്രകാശത്തിനെങ്ങിനെയാണ് ഇരുളിനെ അറിയാനാവുക? പ്രകാശമെത്തുമ്പോള്‍ തന്നെ അന്ധകാരം അകന്നു പോകും.  അല്ലെങ്കില്‍ തന്നെ ഈ അന്ധകാരം തന്നെ ഒരു ഇല്ലായ്മയല്ലേഉണ്മ കടന്നു വരുമ്പോള്‍ തന്നെ ഇല്ലായ്മ ഇല്ലാതാകുമല്ലോ. ഇനി ഈ ദൈവവചനം കൂടി ശ്രദ്ധിക്കുക.  ‘ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. (യോഹ.1/5)  പ്രകാശം ഇരുളിനെ അറിഞ്ഞ കാര്യമാണിവിടെ പറയുന്നതു;  ദൈവം ദൈവമില്ലയ്മയെ അറിഞ്ഞ കാര്യം തന്നെ.  ‘അവന്‍ മരണത്തിന്റെപിടിയില്‍ കഴിയുക അസാദ്ധ്യമായിരുന്നു.’ (അ. പ്ര. 2/24) ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനാവും ആണ് ഇവിടെ പരാമര്‍ശിതം.  നിത്യതയില്‍ ദൈവം മരണം ആസ്വദിച്ചിരുന്നു.  ദൈവത്തിന്റെ അസ്തിത്വത്തിന് അത് അനിവാര്യമായിരുന്നു.  കാലപരിധികൾക്കുള്ളില്‍ യേശുവില്‍ അതു നമുക്കു ദൃശ്യമായി.  ദൈവത്തിനു അതെത്ര ദുഷ്കരമായിരുന്നു എന്നതു രക്ഷാകര കര്‍മ്മത്തില്‍ - വിശിഷ്യാ അതിന്റെ മൂര്‍ദ്ധന്യമായ കുരിശുമരണത്തില്‍ - യേശു  കടന്നു പോയ കഷ്ടതകളിലൂടെ നമുക്കനാവൃതമായിരിക്കുന്നു.

ദൈവത്തിന്റെ മരണം അനിവാര്യമാക്കുന്ന എന്റെ അറിവിൽ വന്ന ചില കാര്യങ്ങൾ കുറിച്ചു എന്നു മാത്രം



[1] അത്ഭുതങ്ങളും അടയാളങ്ങളും’ എന്ന ലേഖനം നോക്കുക.

[2] നന്മതിന്മാ അറിവിന്റെ വൃക്ഷം’ എന്ന ലേഖനത്തില്‍ ‘ദൈവം നന്മതിന്മകള്‍ അറിയുമ്പോള്‍’എന്ന ഖണ്ഡിക നോക്കുക.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക. 

Comments