അത്ഭുതങ്ങളും അടയാളങ്ങളും

 

കുറച്ചു വര്‍ഷങ്ങള്‍ മുമ്പാണ്.  എന്റെ ജന്മ ദിനം.  മക്കള്‍ വാങ്ങിയ മെഴുകുതിരികളൊക്കെ കത്തിച്ചു വച്ചു അലങ്കരിച്ച കേക്ക്.  പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആചാരപ്രകാരം മെഴുകു തിരിയൊക്കെ ഊതിക്കെടുത്തി കേക്കു മുറിക്കാന്‍ നോക്കുകയാണ് ഞാന്‍.  ഊതിയിട്ടൊന്നും തിരികള്‍ കെടുന്നില്ല.  അല്ല, കെട്ട തിരികള്‍ വീണ്ടും കത്തുകയാണ്  എന്ന് വളരെ വേഗം ഞാന്‍ കണ്ടെത്തി.  എനിക്ക് അത്ഭുതമായി.  മക്കള്‍ അതെങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കി തന്നു.  ഓ! അതാണല്ലേ?’ എന്നായി എന്റെ ഭാവം.  അത്ഭുതഭാവം അപ്രത്യക്ഷമായി. അതുകൊണ്ടാണ് മജീഷ്യന്മാര്‍ തങ്ങളുടെ മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്താത്തത്.  അറിയാത്തതും മനസ്സിലാകാത്തതുമായ കാര്യങ്ങളാണ് അത്ഭുതഭാവമുണര്‍ത്തുന്നത്.  സൂര്യന്‍ രാവിലെ കൃത്യ സമയത്ത് കിഴക്ക് തന്നെ ഉദിക്കുന്നത് എങ്ങനെയെന്നറിയാത്ത കാലത്തും അറിയാത്തവര്‍ക്കും അതൊരത്ഭുതമാകുന്നില്ല. അങ്ങിനെ സംഭവിക്കാതിരുന്നാലാണ് അത്ഭുതം.  ചിരപരിചിതത്വം അത്ഭുതഭാവത്തെ ഇല്ലാതാക്കുന്നു.  അത്ഭുതങ്ങളുടെ ഒരു ലക്ഷണം അസാധാരണത്തമാണെന്നു സാരം.  ബൈബിളില്‍ നാം കാണുന്ന അത്ഭുതങ്ങളും ഇങ്ങനെ തന്നെ.  ഒരുദാഹരണം പറയാം.  ജോഷ്വ 6/4,5 ല്‍ ജറീക്കോ മതിലുകള്‍ കാഹളം മുഴക്കുകയും ജനം ആര്‍ത്തു വിളിക്കുകയും ചെയ്തപ്പോള്‍  അത്ഭുതകരമായി തകര്‍ന്നു വീഴുന്നതു നാം കാണുന്നു.  ആധുനിക കാലത്ത്,  ബൈബിളില്‍ പരാമര്‍ശിക്കുന്ന കാലത്തെ നിര്‍മ്മാണ വിദ്യയില്‍ മതില്‍ പണുതു അതില്‍ പറഞ്ഞിരുന്നതുപോലെ അത്രയും പേര്‍ ചെയ്തപ്പോള്‍ മതില്‍ തകര്‍ന്നു വീണുവത്രേ.  അത് ശബ്ദോര്‍ജ്ജത്തിന്റെ  പ്രഭാവമാണെന്ന്  ഇന്ന് നമുക്കറിയാം.  വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നിടത്തും വലിയ ശബ്ദത്തോടെയുള്ള വെടിക്കെട്ട്‌ നടക്കുന്നിടത്തും ജനല്‍ ചില്ലുകള്‍ പൊട്ടുന്നതും ഇതേ പ്രതിഭാസം.  ഇത് പറഞ്ഞതുകൊണ്ട് അന്ന് ഇസ്രായേല്‍ ജറീക്കോ മതില്‍ തകര്‍ത്ത കാര്യത്തില്‍ ദൈവം ഇടപെട്ടില്ല എന്നല്ല.  അന്നവര്‍ക്ക് അറിയാത്ത കാര്യം അവര്‍ക്കു പറഞ്ഞു കൊടുത്തത് ദൈവമാണ്. ഇങ്ങനെ തന്നെ മറ്റത്ഭുതങ്ങളെയും ഒരു കാലത്ത് വിശദീകരിക്കാന്‍ നമുക്കായേക്കും.

ഇക്കാരണത്താല്‍,  നാം അത്ഭുതങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയാവില്ല. അത്ഭുതങ്ങളുടെ അസാധാരണത്തം ഉപയോഗപ്പെടുത്തി ദൈവം ഒരു സന്ദേശം നമ്മുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഉദ്യമിക്കുകയാണ്.  നാം ഒരാളെ കൈകൊട്ടി വിളിക്കുന്നത്‌ അങ്ങിനെയാണ്.  മീന്‍ വണ്ടിക്കാരന്റെ പ്രത്യേക സ്വരമുള്ള ഹോണും വഴിയോര ഐസ്ക്രീം വില്പനക്കാരന്റെ മണിയടിയും ആംബുലന്‍സ് മുഴക്കുന്ന പ്രത്യേക സ്വരവും ഓരോ കാര്യങ്ങളിലേക്ക്  നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.  അതാണ്‌ നാം ശ്രദ്ധിക്കേണ്ടതും.  അല്ലാതെ കൈകൊട്ടിന്റെ താളവും ഹോണിന്റെ ഈണവും മണിയടിയുടെ സ്വരസ്ഥാനവും സൈറന്റെ ആവൃതിയും നോക്കിയിട്ട് കാര്യമില്ല.  ഇവിടെയാണ്‌ അത്ഭുതങ്ങളെ അടയാളങ്ങളായി നാം തിരിച്ചറിയേണ്ടത്.  ഓരോ അത്ഭുതവും ഓരോ ദൈവീക സന്ദേശങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്നുണ്ട്‌.  യോഹന്നാന്റെ സുവിശേഷം ഈ നിലപാടാണെടുക്കുന്നത്.  ഇങ്ങനെ അടയാളങ്ങളിലൂടെ സംവേദനം ചെയ്യുന്ന ആശയങ്ങളിലേക്കെത്താതെ, അത്ഭുതങ്ങളില്‍ തന്നെ അഭിരമിക്കുന്നവര്‍ എത്തിപ്പെടുന്ന ദുരന്തത്തിലെക്കും വിരല്‍ ചൂണ്ടുന്നുണ്ട് വി.യോഹന്നാന്‍. (യോഹ.6/66

നോക്കുക.)  അതുപോലെ തന്നെ പ്രധാനമാണ് ഈ അത്ഭുതങ്ങളുടെ ഉറവിടം എന്താണെന്നു ശ്രദ്ധിക്കുന്നതും.(മത്താ.24/24 നോക്കുക.)  ഈ അത്ഭുതങ്ങള്‍ നമ്മെ എങ്ങോട്ടാണു നയിക്കുന്നത്, നമ്മിലേക്ക്‌ പകരാന്‍ ശ്രമിക്കുന്ന ആശയമെന്ത് എന്ന് നോക്കിയാല്‍ ഉറവിടത്തെ തിരിച്ചറിയാന്‍ എളുപ്പമുണ്ട്.  ‘എന്തെന്നാല്‍ ഫലത്തില്‍ നിന്നാണ് വൃക്ഷത്തെ മനസ്സിലാക്കുന്നത്‌.’(മത്താ.12/33)

പ്രകൃതി നിയമങ്ങള്‍ക്കു വിരുദ്ധമായാണല്ലോ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌.  ദൈവം തന്നെ ഏര്‍പ്പെടുത്തിയ പ്രകൃതി നിയമങ്ങള്‍ക്കെതിരായി ദൈവം പ്രവര്‍ത്തിക്കുമോ?  പ്രകൃതിവിരുദ്ധമായല്ല  പ്രകൃതിയ്ക്കും അതീതനായ ദൈവം പ്രകൃത്യാതീതമായി പ്രവര്‍ത്തിക്കുന്നതാണ് എന്നാണു ഈ ചോദ്യത്തിന് കൊടുക്കാറുള്ള ഉത്തരം.  ഈ അത്ഭുതങ്ങളൊന്നും പ്രകൃതിവിരുദ്ധമോ പ്രകൃത്യാതീതമോ അല്ല എന്നതാന്നു സത്യം. ഈ പ്രപഞ്ചത്തില്‍, പ്രകൃതിയില്‍ ഒന്നും അസാദ്ധ്യമല്ല.  വിശദമാക്കാന്‍ ശ്രമിക്കാം.

സംഭാവ്യതയും സാദ്ധ്യതയും

രണ്ടു കാര്യങ്ങള്‍ക്കിടയില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാന്‍ വിഷമിക്കുമ്പോള്‍ ചിലര്‍ നാണയമെറിഞ്ഞു (toss coin) നോക്കാറുണ്ട്.  നാണയമെറിഞ്ഞാല്‍ അതിന്റെ ഇരു വശങ്ങളില്‍ ഒന്നേ മുകളില്‍ വരൂ എന്ന ധാരണയുള്ളതുകൊണ്ടാണ് നാം അങ്ങിനെ ചെയ്യുന്നത്.  മൂന്നു കാര്യങ്ങള്‍ക്കിടയില്‍ നിന്നു ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാല്‍ നാം നാണയമെറിയില്ല.  ഒരു പകിട (dice) എറിഞ്ഞാല്‍ ആറു സാദ്ധ്യതകളാണുള്ളത് എന്നും നമുക്കറിയാം.  എന്നാല്‍, നാമെറിഞ്ഞ നാണയം ഇളകിക്കിടക്കുന്ന പൂഴിയിലാണു വീഴുന്നതെങ്കില്‍  അരികു കുത്തി എത്രയോ തരത്തില്‍ അതു വീഴാം.  പകിട മൂല കുത്തി  പോലും നില്‍ക്കാം.  ആ സാധ്യതകളെ നാം മുന്‍കൂട്ടി കണ്ടില്ലെന്നു മാത്രം. ന്നമെറിഞ്ഞ നാണയം താഴെ വീഴും മുമ്പേ ഒരു കാക്ക കൊത്തിക്കൊണ്ടു പോവുക പോലും സംഭവിക്കാം.  ചുരുക്കി പറഞ്ഞാല്‍,  എത്രത്തോളും സംഭാവ്യതകള്‍(probabilities) ഉണ്ടോ അത്രത്തോളും സാദ്ധ്യതകളും(possibilities) ഉണ്ടാവാം.  ഇവയുടെ എണ്ണം മിക്കപ്പോഴും അനന്തതയോളമെത്തും താനും.  എന്നാല്‍ എല്ലാ സംഭാവ്യതകളുടെയും സാദ്ധ്യത ഒരുപോലെയായിരിക്കില്ല.  ചിലതിനു  സാദ്ധ്യത വളരെ ഏറെ ആയിരിക്കുമ്പോള്‍ മറ്റു ചിലതു തീരെ കുറവായിരിക്കാം.  നാം കണ്ട ഉദാഹരണം തന്നെ നോക്കിയാല്‍ ഒരു നാണയം എറിഞ്ഞാല്‍ ഏതെങ്കിലും ഒരു മുഖം വീഴാനുള്ള സാദ്ധ്യത 50% എന്ന് നാം കരുതാറുണ്ടെങ്കിലും അതില്‍ അല്പം കുറവായിരിക്കും എന്ന് നാം കണ്ടു. വശം കുത്തി വീഴാനും നേരിയ സാദ്ധ്യതയുണ്ട്.  കാക്ക കൊത്തിക്കൊണ്ടുപോകാന്‍ അതിലും നേരിയ സാദ്ധ്യതയെ ഉള്ളു.  ഇത്തരം കുറഞ്ഞ സാദ്ധ്യതകളെ നാം അവഗണിക്കുകയാണ് പതിവ്.  ഫലമോ?  അവയിലേതെങ്കിലും സംഭവിക്കുമ്പോള്‍ നമുക്ക് അത്ഭുതമായി.  അസാദ്ധ്യ കാര്യം സംഭവിച്ചു എന്നു വരെ നാം പറഞ്ഞേക്കാം.  എന്നാല്‍ സത്യമിതാണ്.  ഈ പ്രപഞ്ചം  സംഭാവ്യതകളുടെയും സാദ്ധ്യതകളുടെയും കരുക്കള്‍ നിരത്തിയ ഒരു ചതുരംഗ പലകയായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  അറിവുള്ളവനു വേണ്ട കരുക്കള്‍ ഉചിതമായി  നീക്കി ഏതു സംഭാവ്യതയെയും സാദ്ധ്യമാക്കാം.  ആ അറിവില്ലാത്തവനു അത് അത്ഭുതമായിരിക്കും. ദൈവം സര്‍വ്വജ്ഞനായതിനാല്‍ അവിടുത്തേയ്ക്ക് ഈ പ്രപഞ്ചത്തില്‍ എന്തും സാദ്ധ്യമാണ്.  അതിനു അവിടുന്ന് പ്രകൃതിവിരുദ്ധമായോ പ്രകൃത്യാതീതമായോ പ്രവര്‍ത്തിക്കേണ്ടതില്ല.  പ്രകൃതിയില്‍ തന്നെ അതിനുള്ള സാദ്ധ്യത ഉള്‍ച്ചേര്‍ന്നിരിക്കുന്നു.


ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക. 

 


Comments

Post a Comment