അറിവും ആക്ഷേപവും

 അറിവും ആക്ഷേപവും

1981 - 82 കാലഘട്ടത്തിലാണ് ഞാൻ ആ കരിസ്മാറ്റിക് പ്രാർത്ഥനാ സമൂഹത്തിൽ എത്തിപ്പെട്ടത്. ഞായറാഴ്ച രണ്ടാമത്തെ കുർബാനയ്ക്കു ശേഷമാണു് പ്രാർത്ഥനാ യോഗം.  കരിസ്മാറ്റിക് മുന്നേറ്റത്തിനു സഭയിൽ കാര്യമായ സ്വീകാര്യത അന്നില്ലായിരുന്നു. കുർബാനയിലെ പാട്ടുകളും പ്രാർത്ഥനകളും ഉച്ചത്തിൽ ചൊല്ലുക, കർത്തൃ പ്രാർത്ഥനാ സമയത്തു കയ്യുയർത്തി പിടിക്കുക തുടങ്ങിയ കരിസ്മാറ്റിക്കുകാരുടെ പരിപാടികൾ മൂലം മറ്റുള്ളവർ അവരെ ഷഡ്ഭുജാകൃതിയിലുള്ള ആ പളളിയിൽ അൾത്താരയ്ക്കു സമീപമുള്ള ഒരു സാങ്കല്പിക വൃത്തത്തിലേക്ക് ഒതുക്കിയിരുന്നു.  കരിസ്മാറ്റിക് വിരുദ്ധനായിരുന്ന വികാരിയച്ചൻ്റെ ഒരു ഞായറാഴ്ചത്തെ സുവിശേഷ വ്യാഖ്യാനത്തിലെ പ്രസക്ത ഭാഗം ഇങ്ങനെയായിരുന്നു.  'സ്നാപക യോഹന്നാൻ വരെയാണ് പ്രവാചകർ എന്നാണ് ഞങ്ങളൊക്കെ പഠിച്ചിരിക്കുന്നത്. ഇവിടെ ചിലർക്ക് ഇപ്പോഴാണ് പ്രവചനങ്ങൾ വരുന്നത്.'  മുൻപു സൂചിപ്പിച്ച സാങ്കല്പിക വൃത്തത്തിലേക്ക് ഒന്നു പാളി നോക്കിയിട്ടു അച്ചൻ തുടർന്നു.  'രോഗശാന്തി പോലും! എന്നാപ്പിന്നെ ഇവിടെ മെഡിക്കൽ കോളജൊന്നും വേണ്ടാരുന്നല്ലോ. സഭ തന്നെ എത്ര ആശുപത്രികളാണ് നടത്തുന്നത്?' വായ മൂടിക്കെട്ടിയവൻ്റെ മുന്നിൽ പറയുന്നതിൻ്റെ ആ ഹരത്തിൽ അച്ചൻ കത്തിക്കയറി:  'ഇവരെയൊക്കെ വീട്ടുകാർ ചികിത്സിപ്പിക്കുന്നില്ലെങ്കിൽ, നാട്ടുകാർ പിടിച്ചുകെട്ടി വല്ല ആശുപത്രിയിലുമാക്കണം.' എൻ്റെയുള്ളിൽ എന്തെല്ലാമോ തികട്ടിവന്നു.  ഞാൻ ചേട്ടന്മാരുടെ മുഖങ്ങളിലേക്കു ഒന്നു ഒളിഞ്ഞു നോക്കി.  ഒരു ഭാവമാറ്റവും കാണാത്തത് എന്നെ അത്ഭുപ്പെടുത്തി.  കേട്ടു കേട്ടു ചെവി തഴമ്പിച്ചതായിരിക്കും എന്നു കരുതി.  ഇതിലും വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.  കുർബാനയ്ക്കു ശേഷം ഈ ചേട്ടന്മാർ പള്ളിമേടയിലെത്തി  'അടുത്തയാഴ്ച തലശ്ശേരിയിൽ വച്ച് ഞങ്ങളുടെ ഒരു ധ്യാനം നടക്കുന്നുണ്ട്. അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണേ' എന്ന് അച്ചനോട് ഭവ്യതയോടെ പറയുന്നതു കണ്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.  ഇവർക്ക് എങ്ങിനെ ഇതു സാധിക്കുന്നു എന്ന് ഞാൻ അമ്പരന്നു, ഈ വചനത്തിൻ്റെ പൊരുളറിയും വരെ.
'യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്‍റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.' (യോഹ 8:14)
'ഞാൻ ലോകത്തിൻ്റെ പ്രകാശമാകുന്നു' എന്ന യേശുവിൻ്റെ പ്രസ്താവനയെ ആക്ഷേപിക്കുന്ന ഫരിസേയരോട് യേശു പ്രതികരിക്കുന്നതാണ് സന്ദർഭം. ഞാൻ എവിടെ നിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം.  എന്താണതിനർത്ഥം? എൻ്റെ തുടക്കം മുതൽ ഒടുക്കം വരെ എനിക്കറിയാം. അതായതു് എന്നെ  പൂർണ്ണമായി ഞാനറിയുന്നു. ഞാൻ ആരാണ്, ഞാൻ എന്താണ് എന്നു ഞാൻ അറിയുന്നു.  അതറിയാത്ത നിങ്ങൾ എന്നെക്കുറിച്ചു പറയുന്ന കമൻ്റുകൾ എനിക്കു ബാധകമല്ല. അതു് അജ്ഞൻ്റെ ജല്പനങ്ങൾ മാത്രം. 'ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും.'(വെളിപാട്‌ 22:13) എന്നരുളിയ ദൈവമല്ല നമ്മുടെ മുന്നിൽ നില്ക്കുന്നത്. 'എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്‍റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.' (യോഹന്നാന്‍ 14:12) എന്നു പറഞ്ഞ പച്ചയായ മനുഷ്യനാണ്.  അതായത് ഇതു നമുക്കും സാദ്ധ്യമാണ് എന്നു തന്നെ. ഞാൻ എൻ്റെ സ്വത്വം തിരിച്ചറിയണം. നാം മറ്റെന്തെല്ലാമോ ആണെന്നു  തെറ്റിദ്ധരിക്കുന്നു. ഉദാഹരണമായി ഞാൻ ഒരു ബാങ്കുദ്യോഗസ്ഥനാണ് - അതാണെൻ്റെ തനിമ - എന്നു  ധരിച്ചിരുന്നാൽ റിട്ടയറാകുമ്പോൾ ഞാൻ അങ്കലാപ്പിലാകും. ഈ ശരീരമാണ് ഞാനെന്നു കരുതിയിരുന്നാൽ കാലൊടിഞ്ഞപ്പോൾ ഞാൻ ചിതറും. ഇതിനെല്ലാം അപ്പുറമാണ് ഞാൻ. ഈ അറിവിലേക്ക് നാം വളർന്നു വരേണ്ടിയിരിക്കുന്നു. യേശുവും ആ അറിവിൽ വളർന്നു വരികയായിരുന്നു. കാലു കഴുകലിനു മുമ്പ് മാത്രമാണു് യേശു ഈ അറിവിൻ്റെ പൂർണ്ണതയിലേക്കെത്തുന്നത് എന്നു വചനം സാക്ഷ്യപ്പെടുത്തുന്നു. 
'പിതാവ് സകലതും തന്‍റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.
(യോഹന്നാന്‍ 13:3)
എത്രയേറെ ഈ അറിവിലേക്ക്  നാം എത്തുന്നുവോ അത്രയും നന്ന്.
നമുക്ക് ഈ കുറിപ്പിൻ്റെ ആദ്യ ഭാഗത്തു പറഞ്ഞ സംഭവത്തിലേക്കു മടങ്ങാം.  അന്ന് ആ വികാരിയച്ചൻ പറഞ്ഞതു് ആ ചേട്ടന്മാർ ഉൾപെടെ ഉള്ളവർക്ക് ഭ്രാന്താണെന്നാണ്. അതവർക്കു മനസ്സിലാകായ്കയല്ല. അവർക്കറിയാമായിരുന്നു അവരിൽ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവാണെന്ന്;  പ്രകടമാകുന്നതു വരങ്ങളും ദാനങ്ങളുമാണെന്ന്.  അത്രത്തോളം അവർ സ്വയാവബോധത്തിൽ വളർന്നിരുന്നു. അച്ചൻ പറയുന്നത് അറിവില്ലായ്മയിൽ നിന്നാണെന്നും.  അതു കൊണ്ടു തന്നെ അവർ അതു തീർത്തും അവഗണിച്ചു. വർഷങ്ങൾക്കു ശേഷം ഈ വൈദീകൻ പാറ എന്ന് അവസാനിക്കുന്ന പേരുള്ള ഒരു ഇടവകയിലേക്കു സ്ഥലം മാറി പോവുകയും അവിടെ നിന്ന് ഇതേ ചേട്ടന്മാർക്ക് 'ഇവിടത്തെ മനുഷൃരുടെ മനസ്സും കട്ടിപ്പാറയാണ്. നിങ്ങളുടെ ടീം ഇവിടെ വന്നൊരു ധ്യാനം നടത്തി സഹായിക്കണം' എന്നൊരു കത്തെഴുതിയതു കാണാനും എനിക്കവസരമുണ്ടായി.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments