ദൈവഛായയിൽ[1] സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവകുടുംബത്തിലേക്കു ജനിക്കാനായി ദൈവസാദൃശ്യത്തിൽ[2] (ക്രിസ്തുവിൽ) വളരാനുള്ള ഗർഭപാത്രമായിരുന്നു ഏദൻ തോട്ടം. ക്രിസ്തു ജനിക്കാനും വളരാനുമായി, മണ്ണിൽ നിന്നു രൂപപ്പെടുത്തിയ മനുഷ്യനിലേക്ക് ജീവശ്വാസത്തെ (പരിശുദ്ധാത്മാവിനെ) ഊതുന്നുമുണ്ട്[3], ദൈവം. ഈ ആത്മാവിനെ നഷ്ടപ്പെടലായിരുന്നു പാപത്തിന്റെ ശമ്പളമായി മനുഷ്യൻ നേടിയ മരണം[4]. ചികിത്സാ സൗകര്യത്തോടെയുള്ള പുതിയ ഗർഭപാത്രമായ സഭ രൂപപ്പെടും വരെ മനുഷ്യനെ 'ഇൻകുബേറ്ററി'ലേക്കു ദൈവം മാറ്റി. കാലത്തിന്റെ തികവിൽ രക്ഷാകരദൗത്യം പൂർത്തിയാക്കി യേശു വീണ്ടും പരിശുദ്ധാത്മാവിനെ ശിഷ്യരിലേക്കു നിശ്വസിച്ചു[5]; പരിശുദ്ധാത്മാവിന്റെ തന്നെ പ്രവൃത്തിയായ സഭയിലാക്കി, അവരിൽ ക്രിസ്തു രൂപീകരണം[6] പൂർത്തിയാക്കാൻ വേണ്ടി.
യേശുവിനെ സ്വീകരിച്ചവർക്കെല്ലാം, അവനിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാകാനുള്ള കഴിവു
ലഭിക്കുന്നു[7]
എങ്കിലും ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ്[8] ദൈവമക്കളാകുന്നത്. കാരണം അനുസരണത്തിലൂടെയാണ്
ദൈവപുത്രത്വത്തിലേക്ക്[9] വളരുന്നത്. ആമേൻ[10] എന്നു പേരു ലഭിക്കാൻ തക്കവിധം
പിതാവിന്റെ എല്ലാ ഇഷ്ടത്തിനും ആമേൻ ആയിരുന്നല്ലോ, ദൈവപുത്രനായ ക്രിസ്തു. ഇനി അഥവാ അനുസരണക്കേടിലൂടെ വീണ്ടും ജീവൻ
നഷ്ടമായാലും സഭയിൽ ചികിത്സാ സൗകര്യമുണ്ട് - കുമ്പസാരം, രോഗീലേപനം. ഗർഭസ്ഥ
ശിശു അമ്മയുടെ മാംസത്തിലും രക്തത്തിലും പങ്കുപറ്റി വളരുന്നതുപോലെ, ക്രിസ്തുവിന്റെ
ശരീര-രക്തങ്ങൾ സ്വീകരിച്ച് ക്രിസ്തുവായി
വളരാനുള്ള ക്രമീകരണവും സഭയിലുണ്ട് - പുതിയ നിയമത്തിലെ ജീവവൃക്ഷഫലമായ
ദിവ്യകാരുണ്യം. ജ്ഞാനസ്നാന
സ്ഥൈര്യലേപനങ്ങളിലൂടെ രൂപപ്പെട്ടു സ്ഥിരീകരിക്കപ്പെട്ടതാണ് നമ്മിലെ ഈ ക്രിസ്തു
എന്നോർമ്മിക്കുക. ക്രിസ്തുവിന്റെ ദൗത്യം
ലോകത്തിൽ തുടരാൻ ഭരമേല്പിക്കപ്പെടുന്ന വിവാഹവും പട്ടവും ഉൾപ്പെടെ എല്ലാ കൂദാശകളിലും
കൂദാശാനുകരണങ്ങളിലും പ്രവർത്തിക്കുന്നതു പരിശുദ്ധാത്മാവു തന്നെ. ആദിമസഭയിൽ,
ഇത്ര മാത്രമല്ല, അനുദിന ജീവിതത്തിൽ നിരന്തരം ഇടപെടുകയും[11] നയിക്കുകയും ചെയ്യുന്ന
ദൈവസാന്നിദ്ധ്യമായിരുന്നു പരിശുദ്ധാത്മാവ്.
അക്കാലത്തു ഉരുത്തിരിഞ്ഞ വിശ്വാസ പ്രമാണത്തിൽ, യേശുവിന്റെ ജനനം സൂചിപ്പിക്കുന്നിടത്തൊഴികെ
പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരേ ഒരു പരാമർശമേ ഉള്ളു. 'പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു.' നിത്യം
ചോറുണ്ണുന്ന മലയാളിക്ക് ചോറ് എന്നു പറഞ്ഞാൽത്തന്നെ കാര്യം മനസ്സിലാകും.
മറ്റുള്ളവർക്ക് നെൽചെടിയുടെ ധാന്യം പുഴുങ്ങിയുണങ്ങി കുത്തിയെടുത്ത അരി
വേവിച്ചെടുത്തു് ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥം എന്നു പറയേണ്ടി വരും. എന്നാൽ, നിഖ്യാ സൂനഹദോസിന്റെ കാലമായപ്പോഴേക്കും പരിശുദ്ധാത്മാവ് തർക്ക വിഷയമായി. അറിവും പരിചയവുമില്ലാത്തതിനെ കുറിച്ചാണല്ലോ
തർക്കങ്ങൾ ഉടലെടുക്കുന്നത്. പരിശുദ്ധാത്മാവ്
എവിടെ നിന്നു വരുന്നു, എവിടേയ്ക്കു
പോകുന്നു,
എന്തെല്ലാം ചെയ്തിട്ടുണ്ട്, ചെയ്യും എന്നിവയെല്ലാം വിശദമായി വർണ്ണിക്കുന്ന നിഖ്യാ വിശ്വാസ പ്രമാണം ഇതിനു
തെളിവ്. എന്നിട്ടും തർക്കം അവസാനിച്ചോ?
അതുമില്ല. ഇഷ്ടമുള്ളിടത്തേക്കു
വീശുന്ന കാറ്റിനെ നിയന്ത്രിച്ച് വീശേണ്ട വഴികളും സമയങ്ങളും ക്രമങ്ങളും നിശ്ചയിച്ചു
കൊടുത്തപ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളും അടയാളങ്ങളും കൂദാശകളിലും
കൂദാശാനുകരണങ്ങളിലും ചുരുക്കം ചില വിശുദ്ധരിലുമായി ഒതുങ്ങിപ്പോയി.
കരിസ്മാറ്റിക് നവീകരണമാണ്
ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ കത്തോലിക്കാ സഭയിൽ ത്രിത്വത്തിലെ ഈ 'അജ്ഞാത' വ്യക്തിയെ
വീണ്ടും വെളിച്ചത്തു കൊണ്ടുവന്നത്. എന്നാൽ, പഴയ നിയമത്തിൽ കാതുകളുടെ പിന്നിൽ നിന്നു കേൾക്കുന്ന സ്വരമായും[12] പുതിയ നിയമത്തിൽ മുന്നിൽ
നിന്നു നയിക്കുന്ന വ്യക്തിയായും കാണപ്പെടുന്ന പരിശുദ്ധാത്മാവ്[13] വളരെ വേഗം തന്നെ
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനുള്ള ഉപഭോഗവസ്തുവായി മാറി. ഇതെത്ര മാരകമാണെന്നറിയാൻ ഇത്തരക്കാരോടുള്ള
യേശുവിന്റെ പ്രതികരണവും അവരുടെ പരിണാമവും നോക്കിയാൽ മതി. യേശുവിന്റെ ആത്മാവും അങ്ങിനെ തന്നെയാവും. യേശു വർദ്ധിപ്പിച്ച അപ്പത്തിന്റെ രുചി പറ്റി
അവിടുത്തെ അന്വേഷിച്ചു പിറ്റേന്നും എത്തിയവരുടെ മുഖത്തു നോക്കി 'യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു
പറയുന്നു,
അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്[14].' ആ രംഗം
അവസാനിക്കുന്നതിങ്ങനെ. 'ഇതിനുശേഷം അവന്റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ
വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ
കൂടെ നടന്നില്ല[15].' നിസ്സാരമല്ലിത്. വഴിയും സത്യവും ജീവനുമായവനെ[16], പിതാവിങ്കലേക്കുള്ള ഏക മാർഗ്ഗത്തെ വിട്ട് അവർ പോയത്
അസത്യത്തിലേക്കും മരണത്തിലേക്കും അന്ധകാരത്തി[17]ലേക്കുമാണ്. സഹോദര ഘാതകനായി
മാറിയ കായേൻ കർത്താവിന്റെ സന്നിധിവിട്ട് ദൂരത്തു താമസിച്ചതിനെ[18] ഇതോർമ്മിപ്പിക്കുന്നു.
കേവലം
നന്മ പ്രവൃത്തികള്‍ ചെയ്തു അവസാനിപ്പിക്കേണ്ട ഒന്നല്ല ക്രിസ്തീയ ജീവിതം. ദൈവഹിതം
സ്വർഗ്ഗത്തിലെന്ന പോലെ നിറവേറ്റേണ്ടവരാണ് ക്രൈസ്തവർ. അല്ലെങ്കിൽ
ആസ്വാദ്യവും, കണ്ണിനു
കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍
അഭികാമ്യവും ആണെന്നു കണ്ട്[19] പലതും ചെയ്തു അനിവാര്യമായ നിത്യ മരണത്തിലേക്കു
നാം ചുവടുവയ്ക്കും. ദൈവഹിതം അറിയാവുന്നത്
ദൈവാത്മാവിനാണെന്ന്[20] പൗലോസ് ശ്ലീഹ
സമർത്ഥിക്കുന്നു. ആ സഹായകനെ കൂടാതെ നാം
എങ്ങനെ ദൈവത്തിന്റെ മനസ്സറിയും?
പരിശുദ്ധാത്മാവിലൂടെയാണ് ദൈവസ്നേഹം നമ്മളിലേക്ക്
ചൊരിയപ്പെട്ടിരിക്കുന്നത്[21]. നമ്മിൽ ക്രിസ്തുവിനെ രൂപപ്പെടുത്തി നമ്മെ ദൈവമക്കളാക്കുക മാത്രമല്ല നാം
ദൈവമക്കളാണെന്നു സാക്ഷ്യപ്പെടുത്തുകയും അപ്പായെന്ന് ദൈവത്തെ വിളിക്കാൻ
പ്രചോദിപ്പിക്കുകയും[22] ചെയ്യുന്നതു
പരിശുദ്ധാത്മാവാണ്. ക്രിസ്തുവിനെ
സാക്ഷ്യപ്പെടുത്തുകയും[23] അവിടുത്തെ വചനങ്ങൾ
ഓർമ്മിപ്പിക്കുകയും വ്യാഖ്യാനിച്ചു[24] തരികയും ചെയ്യുന്നതും
മറ്റാരുമല്ല. പ്രാർത്ഥിക്കാൻ നമ്മേ
പഠിപ്പിക്കുന്നതും നമ്മുടെ ആത്മാവോടു ചേർന്ന് പ്രാർത്ഥിക്കുന്നതും[25] പരിശുദ്ധാത്മാവു തന്നെ.
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരെ[26]യാണല്ലോ പിതാവ്
അന്വേഷിക്കുന്നത്. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും പ്രഘോഷിക്കപ്പെടുന്ന
വചനത്തെ സ്ഥിരീകരിക്കുന്നത് പരിശുദ്ധാത്മാവിന്റെ വരദാനങ്ങളിലൂടെയാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തീയ ജീവിതം നയിക്കാൻ
പരിശുദ്ധാത്മാവിന്റെ സഹവാസം കൂടാതെ പറ്റില്ല.
എന്നത്തേക്കാളുമധികമായി
ക്രിസ്തീയ ജീവിതം വെല്ലുവിളികളെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ. ഇവിടെ പിടിച്ചു നിൽക്കാൻ ആത്മാവിന്റെ ഇരട്ടി
പങ്ക്[27] നമുക്കാവശ്യമുണ്ട്. ശക്തമായ പരീക്ഷകളുടെ മുന്നിൽ തലകുനിക്കാതെ, കണ്ണുകളുയർത്തി
സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു
നില്‍ക്കുന്നതും[28] നാം
കാണുവാൻ അത് അത്യന്താപേക്ഷിതമാണ്. ദൈവം
നമ്മെ അനുഗ്രഹിക്കട്ടെ!
(ഏഞ്ചല്‍സ് ആര്‍മി മാസികയുടെ 2024 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക.
[1] ഉല്‍.1/27
[2] കൊളോ.1/15
[3] ഉല്‍.2/7
[4] ഉല്‍.2/17
[5] യോഹ.20/22
[6] ഗലാ.4/19
[7] യോഹ.1/12
[8] റോമാ.8/14
[9] ഹെബ്രാ.5/8
[10] വെളി.3/14
[11]മാര്‍ക്കോ.16/20, അ.പ്ര.11/28,etc
[12] ഏശ.30/21
[13] യോഹ.14/26, 15/26, 16/13
[14] യോഹ.6/10
[15] യോഹ 6/66
[16] യോഹ.14/6
[17] യോഹ.8/12
[18] ഉല്‍.4/16
[19] ഉല്‍.3/6
[20] 1കൊറി.2/11
[21] റോമാ.5/5
[22] റോമാ.8/15
[23] യോഹ.15/26
[24] യോഹ.14/26
[25] റോമാ.8/26
[26] യോഹ.4/23
[27] 2രാജാ.2/9
[28] അ.പ്ര.7/56
Comments
Post a Comment