ദൈവഹിതത്തിനായ് വിരിഞ്ഞ പൂവ്

 ദൈവഹിതത്തിനായ് വിരിഞ്ഞ പൂവ്


ജോസഫ്: ഒരു മൗനത്തിൻ്റെ മനുഷ്യനാണു. രക്ഷാകര സംഭവങ്ങളുടെ പിന്നണിയിൽ മറഞ്ഞിരിക്കാൻ മാത്രം ആഗ്രഹിച്ച മഹാമനസ്കൻ.  ബൈബിളിൽ ഒരു സംഭാഷണം പോലും ജോസഫിന്റെതായി ഇല്ല.  തിരുകുടുംബത്തിൻറെ ഏറ്റവും വലിയ പ്രത്യേകത അവർ മൂന്നു പേരും, ജോസഫും മറിയവും യേശുവും, സ്വന്തം ജീവിതത്തിൽ വലിയ ത്യാഗം വിലയായി കൊടുത്ത് പിതാവായ ദൈവത്തിൻ്റെ ഇഷ്ടം നിറവേറ്റിയവരാണ് എന്നതാണ്.  പറയുക എളുപ്പമാണെങ്കിലും ജീവിതത്തിലെ ചില നിർണായക നിമിഷങ്ങളിൽ ഇത് രക്തം പൊടിയുന്ന അനുഭവമാണ്.  കരിസ്മാറ്റിക് ധ്യാനങ്ങളുടെ സ്വാധീന ഫലമായി മനുഷ്യർ പ്രയോഗം കൊണ്ട് മലിനമാക്കിയ ഒരു ആത്മീയ പദമാണ് 'പ്ലാനും പദ്ധതിയും'.  വീൽചെയറിൽ ഇരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഞാനും ഇത് ഒത്തിരി കേട്ടിട്ടുണ്ട്. കാലത്തിൻ്റെ തികവിൽ ജീവിത ചിത്രം കുറച്ചുകൂടി വ്യക്തമായതോടെ ഇപ്പോൾ ചില സ്വകാര്യ നിമിഷങ്ങളിൽ ഞാനും എൻ്റെ ഹൃദയത്തിൽ മന്ത്രിക്കാറുണ്ട്: 'ദൈവമേ നിൻ്റെ ഹിതത്തിനെതിരായി, എന്നെ കുറിച്ചുള്ള നിൻ്റെ സ്വപ്നത്തിന് വിരുദ്ധമായി എന്തെങ്കിലും എൻ്റെ
ജീവിതത്തിൽ ഉണ്ടെങ്കിൽ അത് എനിക്ക് എത്ര പ്രിയപ്പെട്ടതായാലും അങ്ങ് അതിനെ നീക്കി കളയണമേ'.
ഏതുനേരവും ഒരു ദൈവദൂതന് സമ്പർക്കത്തിൽ ഏർപ്പെടാൻ തക്കവിധം തെളിനീര് പോലൊരു ജീവിതമായിരുന്നു ജോസഫിന്റേത്.  ദൈവഹിതം വഴിവെട്ടി കൊടുത്ത ഏതെല്ലാം കനൽ വഴികളിലൂടെയാണ് അദ്ദേഹം നടന്നു നീങ്ങിയത്? ജോസഫ്, അങ്ങയുടെ കൈയിലെ ഉണങ്ങിയ മരക്കമ്പ് പോലും എങ്ങനെ പൂക്കാതിരിക്കും.
                                 മിനി തട്ടിൽ

നന്നെന്നു തോന്നുന്നെങ്കില്‍ ഷെയര്‍ ചെയ്യുക

Comments