ഒളിഞ്ഞിരിക്കുന്ന മുത്ത്‌

ഒളിഞ്ഞിരിക്കുന്ന മുത്ത്‌ 


'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.' (യോഹന്നാന്‍ 3 : 16) 

ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്റെ ആഴം വിശദീകരിക്കാൻ എപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു വചനമാണിതു്.  നമുക്ക് ആ വചനത്തെ വിശദമായി ഒന്നു പരിശോധിക്കാം.  ദൈവം ലോകത്തെ സ്നേഹിച്ചു എന്നതാണ് അവിടത്തേ പ്രസ്താവന. ഏതളവോളം, എന്തിനു വേണ്ടി തുടങ്ങിയ കാര്യങ്ങളാണ്  ബാക്കി.  (ഇംഗ്ലീഷ് വിവർത്തനം നോക്കിയാൽ, ആ ഭാഷയുടെ പ്രത്യേകത മൂലം ഇക്കാര്യം പകൽ പോലെ വ്യക്തം.)  ഇവിടെ ലോകം എന്നതിന് മനുഷ്യനെ ലക്ഷ്യമിട്ട ഒരർത്ഥമാണുള്ളതെന്നു വ്യക്തം.  മനുഷ്യൻ നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കാൻ വേണ്ടിയാണല്ലൊ ദൈവം ലോകത്തെ സ്നേഹിച്ചത്.  ഇവിടെ സ്നേഹം എന്നു വിവർത്തനം ചെയ്തിരിക്കുന്നതു മൂലഭാഷയിൽ 'അഗാപ്പേ' എന്ന വാക്കിനെയാണ്. ഇതിനർത്ഥം സ്വയം നൽകുന്ന സ്നേഹം എന്നാണ്.  അതായതു് ദൈവം ലോകത്തിനു തന്നെത്തന്നെ നൽകി എന്നു സാരം. അങ്ങിനെ നൽകപ്പെട്ട ദൈവമാണ് പുത്രൻ (ഏകജാതൻ).  നൽകിയ ഏകദൈവം പിതാവാണെന്നു വ്യക്തം.  ഈ പ്രക്രീയ മനുഷ്യനെ എങ്ങിനെ നിത്യജീവനിലെത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന വചനം ഇതാണ്.  'ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍'. (യോഹന്നാന്‍ 17 : 3)  ദൈവം തന്നെയും പുത്രനേയും മനുഷ്യനു നൽകിയതു കൊണ്ടാണു അവനു അവരെ അറിയാൻ സാധിക്കുന്നത്.  

'നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.' (റോമാ 5 : 5) എന്ന വചനം പുത്രനേ നൽകുന്ന ഈ സ്നേഹം എങ്ങിനെയാണ് മനുഷ്യനിലെത്തുന്നത് എന്ന്  നമുക്കു പറഞ്ഞു തരുന്നു. കുഴലിലുടെ വെള്ളം ഒഴുകി വരുന്നു എന്നു പറയും പോലെയല്ല ഇവിടെ നാം അർത്ഥം മനസ്സിലാക്കേണ്ടത്. ചൊരിയപ്പെട്ടിരിക്കുന്നതു പരിശുദ്ധാത്മാവാണ്; ദൈവത്തിന്റെ സ്നേഹമാണ്.  ഈ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലാണ് പുത്രനെ നമുക്കു ലഭിച്ചത് - അതു മറിയത്തിന്റെ ഉദരത്തിലായാലും തമ്മിലായാലും.

ചുരുക്കിപ്പറഞ്ഞാൽ,   'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.' (യോഹന്നാന്‍ 3 : 16)  എന്ന വചനത്തിൽ ത്രിത്വത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നു.

കൂടുതൽ വായനയ്ക്ക്: ത്രിത്വം


നന്നെന്നു തോന്നുന്നെങ്കില്‍ ഷെയര്‍ ചെയ്യുക.

Comments