ത്രിത്വം

 ത്രിത്വം

You can hear the audio    Click here
ഈലേഖനം കേള്‍ക്കാം  ഇവിടെ  

ത്രിത്വവിശ്വാസികള്‍ക്ക് തന്നെ പിടികിട്ടാത്ത ഒരു സമസ്യയാണ് ത്രിത്വം.  അവരുടെ വിശ്വാസത്തിനാധാരം വെളിപാടാണ്.  എന്നാല്‍ ത്രിത്വത്തെക്കുറിച്ചു നമുക്കൊന്നും പിടികിട്ടില്ലേ?  പിടികിട്ടില്ല എന്ന മുന്‍‌കൂര്‍ ധാരണയാണ് പിടികിട്ടാത്തതിന്റെ ഒന്നാമത്തെ കാരണം.  എന്തെങ്കിലും ഒന്നു നമുക്ക് കണ്ടെത്തണമെങ്കില്‍  അതിരിക്കുന്നിടത്തു നമ്മുടെ അന്വേഷണം എത്തണം.  പലപ്പോഴും നാം ത്രിത്വത്തെ അന്വേഷിക്കുന്നതു യുക്തിയുടെ തലത്തിലാണ്.  എന്നാല്‍ ബന്ധങ്ങളുടെ തലത്തിലാണ് ത്രിത്വത്തിന്റെ സ്ഥാനം.  അവിടെ വേണം നാം തേടാനും.

ത്രിത്വത്തിലെ ആദികാരണമായി വിശേഷിപ്പിക്കപ്പെടുന്നത് പിതാവിനെയാണ്.  ഈ പിതാവെന്നത് ത്രിത്വത്തിലെ ഒന്നാമത്തെ ആളിന്റെ പേരല്ല,  സ്ഥാനപ്പേരുമല്ല.  അവിടുന്നു പിതാവാണ്.  ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം.  ജോര്‍ജ് എന്നതു ഞാന്‍ ജനിച്ച ശേഷം എനിക്ക് കിട്ടിയ പേരാണ്.  ചിലര്‍ക്കു ജനിക്കും മുമ്പേ പേരു കിട്ടിയിരിക്കാം.  ആ പേരിലാണ് ഞാന്‍ അറിയപ്പെടുന്നതും.  എങ്കിലും വേണമെങ്കില്‍ എനിക്കാ പേരു മാറ്റാം.  പേരു മാറ്റിയെന്നതുകൊണ്ട്‌  എനിക്ക് വേറെ മാറ്റമൊന്നും സംഭവിക്കുന്നില്ല.  പേരുമാറ്റത്തിനു ശേഷവും ഞാന്‍ ഞാന്‍ തന്നെ.  കാരണം ജോര്‍ജ് എന്നതു എന്റെ പേരു മാത്രമാണ്.  ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോളാണ് ഞാന്‍ അപ്പനായത്.  അപ്പന്‍ എന്നതു ഞാന്‍ എത്തിപ്പെട്ട,  നേടിയെടുത്ത ഒരു സ്ഥാനമാണ്.  ത്രിത്വത്തിലെ ഒന്നാമത്തെ ആള്‍ പിതാവാണ്.  അതവിടുത്തെ പേരുമല്ല സ്ഥാനപ്പേരുമല്ല.  പിതാവ് എന്ന് പറയുമ്പോള്‍ തന്നെ പുത്രന്റെ സാന്നിദ്ധ്യം വ്യക്തമാകുന്നു.  പുത്രനില്ലെങ്കില്‍ പിന്നെ ആരുടെ പിതാവ്?  ഇത് തന്നെ പുത്രന്റെ കാര്യവും.  പിതാവില്ലെങ്കില്‍ പിന്നെ ആരുടെ പുത്രന്‍?  അപ്പോള്‍ ഈ പിതാവും പുത്രനും അവര്‍ തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

എന്റെ ആത്മാവ്(soul) എന്റെ തനിമയെ ആണ് സൂചിപ്പിക്കുന്നത്.  എനിക്ക് ശരീരം കൂടിയുള്ളതുകൊണ്ട് അതു കൂടി ചേര്‍ന്നാലേ ഞാന്‍ മുഴുവനാവുകയുള്ളു.  എന്നാല്‍ ദൈവം ആത്മാവാ(spirit)കുന്നു.  അതുകൊണ്ട് ദൈവാത്മാവ് ദൈവം തന്നെ.  പിതാവും പുത്രനുമായ ദൈവത്തിന്റെ ആത്മാവ്.  ഇതാണ്  ത്രിത്വത്തിലെ  മൂന്നാളുകൾ തമ്മിലുള്ള ബന്ധം.  ആ ബന്ധമാണ് സ്നേഹം.  ദൈവം സ്നേഹമാണ് (1യോഹ.4/8, 16).

തുടരും.......കുടുംബം.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

 

Comments