കേരളത്തിന് സംഭവിക്കാനിരിക്കുന്നത് ...

കേരളത്തിന് സംഭവിക്കാനിരിക്കുന്നത് ...


 കോവിഡിന്‌ മുമ്പുള്ള മുപ്പതിൽപരം വർഷങ്ങൾ ഒന്നു പരിശോധിച്ചാൽ കേരള ജനസംഖ്യയേക്കാൾ എത്രയോ അധികം ആളുകൾ ഈ നാട്ടിൽ ദൈവവചനം ശ്രവിക്കാൻ ഒരുമിച്ചുകൂടിയിരിക്കുന്നു എന്നു ആരും അത്ഭുതപ്പെട്ടു പോകും. ഒരു പക്ഷേ, ഇത്രയും ചെറിയൊരു സ്ഥലത്തു ഇത്രയും കാലയളവിനുള്ളിൽ ഇത്രയധികം വചന പ്രഘോഷണം നടന്നിട്ടുള്ള മറ്റൊരുദാഹരണം ലോകത്തുണ്ടാവില്ല. വെറും പ്രഘോഷണമല്ല,  അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് കർത്താവ് സ്ഥിരീകരിച്ച വചനപ്രഘോഷണങ്ങൾ. ശരിയായി ഡോക്കുമെൻ്റ് ചെയ്തിരുന്നെങ്കിൽ, ഒരു പക്ഷേ, ഫാത്തിമയിലോ ലൂർദ്ദിലോ നടന്നതിലേറെ അത്ഭുതങ്ങളും അടയാളങ്ങളും കേരളത്തിൽ നടന്നിട്ടുണ്ടെന്നു സ്ഥാപിക്കാനായേക്കുമായിരുന്നു.  അതല്ല ഇവിടെ ചർച്ച ചെയ്യാനാഗ്രഹിക്കുന്നതു്. മറിച്ച്,  ആനുപാതികമായ ഗുണമേന്മയിലേക്ക് ഇവിടുത്തെ സമൂഹം  വളർന്നുവോ എന്നതാണ്.  തീർച്ചയായും, രോഗശാന്തി കിട്ടി, കാര്യലാഭമുണ്ടായി എന്നിങ്ങനെയുള്ള സാക്ഷ്യങ്ങൾക്കപ്പുറം  മാനസാന്തരത്തിൻ്റെ സദ്ഫലങ്ങൾ പുറപ്പെടുവിച്ച ഒട്ടേറെ ജീവിതങ്ങളേ നമുക്കിവിടെ കാണാനാകും.  എന്നാൽ, നമ്മുടെ സമൂഹത്തിൻ്റെ ഗുണനിലവാരം ഒന്നു സിംഹാവലോകനം ചെയ്താൽ എന്താണു കാണുക?  മദ്യപാനാസക്തിയും മദ്യവിപണനവും പല മടങ്ങു വർദ്ധിച്ചു.  മയക്കുമരുന്നുപയോഗവും വിതരണ ശൃംഗലയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്നേറുന്നു, പ്രാഥമിക വിദ്യാലയങ്ങളുടെ പടിവാതിലും കടന്ന് കുരുക്കുകളൊരുക്കുന്നു. കുടുംബ ബന്ധങ്ങൾ തകരുന്നു. വിവാഹ മോചനങ്ങൾ ഏറുന്നു. ജീവിത പങ്കാളികളേയും മാതാപിതാക്കളേയും മക്കളേയും കൊല്ലുന്ന സംഭവങ്ങളുടെ അഭൂതപൂർവ്വമായ വളർച്ച മനസ്സു മരവിപ്പിക്കുന്നു. ലൈംഗീക അരാജകത്വവാദികളുടെ സ്വരം ആദർശവൽക്കരിക്കപ്പെടുന്നു. അഴിമതിയും സ്വജനപക്ഷപാതവും നാട്ടുനടപ്പായി മാറുന്നു.  ഒരുത്തൻ്റെ മോഷണം മറ്റൊരുവൻ്റെ വെട്ടിപ്പിനാൽ നീതീകരിക്കപ്പെടുന്നു.  പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകാത്തവൻ വിഡ്ഡിയായി ചിത്രീകരിക്കപ്പെടുന്നു. പണിശാലകളുടെ പതിന്മടങ്ങ് ലോട്ടറി കടകളുണ്ടാകും വിധം അദ്ധ്വാനത്തിനു പകരം ചൂതാട്ടം ധനാഗമ മാർഗ്ഗമായി കാണുന്ന മനോഭാവം പോഷിപ്പിക്കുന്ന സമൂഹം. ഒരു കാലത്ത് വിശുദ്ധിയുടെ നിറകുടങ്ങളെന്നു കരുതപ്പെട്ടിരുന്നിടങ്ങൾ അഴുക്കു ചാലുകളാണെന്നു തെളിയിക്കപ്പെടുന്നു..... പട്ടിക നീളുകയാണ്.  ഇതൊക്കെ ഒരു ദോഷൈകദൃക്കിൻ്റെ മോങ്ങലുകളല്ല എങ്കിൽ ശാപം ആസന്നമാണ്‌.


"കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു.
ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്‍മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്‍റെ അവസാനം.''(ഹെബ്രായര്‍ 6 : 7-8)
വചന പ്രഘോഷണത്തിൻ്റെ ഫലത്തിന് ഒരു മറുവശമുണ്ടെന്ന് നാമിവിടെ കാണുകയാണ്.
'ഞാന്‍ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ഒഴികഴിവില്ല.
മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.'(യോഹന്നാന്‍ 15 : 22,24) എന്ന നാഥൻ്റെ വാക്കുകൾ അതാണു ചൂണ്ടിക്കാണിക്കുന്നത്.
യേശു ഏറ്റവുമധികം വചനം പ്രഘോഷിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്ത പ്രദേശങ്ങളെ ചൂണ്ടി പറഞ്ഞതിതാണ്.
'കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു!'(മത്തായി 11 : 21)  ആ പ്രദേശങ്ങളൊക്കെയും ആത്മീയമായും ഭൗതീകമായും എത്ര വലിയ ദുരന്തങ്ങളിലൂടെയാണ് കടന്നു പോയതെന്നതിന് ചരിത്രം സാക്ഷി.
മരിയൻ അടയാളങ്ങൾ.
ഇക്കാലയളവിൽ കേരളത്തിലുണ്ടായ മാതാവിൻ്റെ പ്രത്യക്ഷീകരണങ്ങളുടെ ആധിക്യം ശ്രദ്ധേയമാണ്.  ദുരന്തമുഖങ്ങളിൽ ആവശ്യമുള്ളത്ര നേരത്തേ എത്തി മുന്നറിയിപ്പു നൽകുകയും രക്ഷാമാർഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്യുന്ന മാതാവിൻ്റെ സ്വഭാവം പരിഗണിക്കുമ്പോൾ ഇതു സവിശേഷ ശ്രദ്ധ അർഹിക്കുന്നു എന്നു  വ്യക്തം.  അവയിലെ സന്ദേശം എന്തെന്നു മനസ്സിലാക്കുന്നതു പോയിട്ട്  അതിലെത്ര സത്യമുണ്ട് എത്ര മിഥ്യയാണ് എന്നു വിലയിരുത്താൻ പോലും ആരു  മെനക്കെട്ടിരിക്കുന്നു? അനേക കാര്യങ്ങളിൽ വ്യഗ്രചിത്തയായിരുന്ന സഭ എത്രമാത്രം ഗൗരവത്തിലെടുത്തു ഇതൊക്കെ എന്നത് പരിശോധനാർഹമാണ്.
ഉൾവിളി
എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾക്കു മുമ്പ് കെട്ടിയിട്ടിരിക്കുന്ന വളർത്തുമൃഗങ്ങൾ കയറു പൊട്ടിച്ച് ഓടാൻ ശ്രമിക്കുന്നതും പക്ഷികൾ കൂട്ടത്തോടെ സുരക്ഷിത സങ്കേതങ്ങളിലേക്ക് വ്യഗ്രതപ്പെട്ടു പറക്കുന്നതും നായ്ക്കൾ ഓരിയിട്ടു മുന്നറിയിപ്പു നൽകുന്നതും നാം കാണാറുണ്ട്.  കാര്യകാരണങ്ങളറിയില്ലെങ്കിലും അവയ്ക്കൊക്കെ എന്തോ മുന്നറിയിപ്പു ലഭിക്കുന്നുണ്ടെന്നു വൃക്തം.  മനുഷ്യർക്കും ഇത്തരം പ്രചോദനങ്ങൾ ഉണ്ടാകാഞ്ഞിട്ടല്ല,യുക്തിചിന്തയുടെയും വിവേകത്തിൻ്റെയും പേരിൽ ഇത്തരം ചോദനകൾ ചെറുപ്പത്തിലേ തന്നെ നിർവ്വീര്യമാക്കപ്പെടുന്നതു കൊണ്ടു നാം അറിയാതെ പോകുന്നു എന്നു മാത്രം.  ഇക്കഴിഞ്ഞ സുനാമി ദുരന്തം പരിശോധിക്കാം.  ബംഗാൾ ഉൾക്കടലിൽ ഒന്നിലധികം ഏർലി വാണിംഗ് സിസ്റ്റംസ് ഉണ്ടായിരുന്നിട്ടും ഭാരതത്തിൻ്റെ കിഴക്കൻ തീരങ്ങളിൽ അതു എന്തുമാത്രം മരണങ്ങളാണ് വരുത്തി വച്ചത്!  എന്നാൽ, ഈ ഉൾക്കടലിൽത്തന്നെയുള്ള ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹങ്ങളിലെ ഒരു ചെറു ദ്വീപിൽ അധിവസിക്കുന്ന വസ്ത്രം ധരിക്കാൻ പോലുമറിയാത്തത്ര പ്രാചീന സംസ്കാരത്തിനുടമകളായ നൂറിൽപരം അംഗസംഖ്യ മാത്രമുള്ള മനുഷ്യസമൂഹത്തിൻ്റെ കാര്യമെടുക്കാം.  ഉപഗ്രഹങ്ങളിലൂടെ അവരെ നിരീക്ഷിച്ചവർ കണ്ടെത്തിയതു  അവർ ആ ദ്വീപിലെ ഏറ്റം ഉയർന്ന മലമുകളിൽ സുരക്ഷിതരാണെന്നാണ്.  നമുക്കുള്ളതിനേക്കാൾ ഏതു മികവുറ്റ 'ഏർലി വാണിംഗ് സിസ്റ്റ'മാണ് അവർക്കുണ്ടായിരുന്നത്?
എ. ഡി. 70 ൽ ജെറുസലേം ദേവാലയ നാശത്തിലെത്തിയ റോമൻ ആക്രമണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ക്രിസ്തു വിശ്വാസികൾ മിക്കവരും നഗരം വിട്ട് പലായനം ചെയ്തത്രെ.  അതിനു മുമ്പുണ്ടായ മത മർദ്ദനത്തിലും പിടിച്ചു നിന്നവരായിരുന്നു അവർ.  എന്നാൽ 'ജറുസലെമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ.(ലൂക്കാ 21 : 20-21) എന്ന കർത്താവിൻ്റെ ദീർഘദർശനപരമായ നിദ്ദേശം അവർ മുഖവിലക്കെടുക്കുകയും അനുസരിക്കുകയും ചെയ്തു.അവരുടെ പാലായനവീഥികളില്‍ സുവിശേഷം പരന്നൊഴുകി..  അവിടെ അവശേഷിച്ചവർ വെള്ളവും ഭക്ഷണവും കിട്ടാതെ നരകയാതനയിലൂടെ കടന്നു പോയി.
മുകളിൽ കണ്ട വസ്തുതകളുടെ വെളിച്ചത്തിൽ വേണം ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്ന പലായനത്തെ വിലയിരുത്താനും മനസ്സിലാക്കാനും.  തൊഴിൽ തേടിയുള്ള നാടുവിടൽ മലയാളിക്കു പുതുമയല്ല.  എന്നാൽ ഈ കുടിയേറ്റത്തിനുള്ള സവിശേഷതകൾ നാം ശ്രദ്ധിക്കണം.  മുമ്പൊക്കെ തൊഴിൽ തേടിയുള്ള യാത്രയായിരുന്നു. യാഥാർത്ഥ്യമായാലും ഇല്ലെങ്കിലും, തിരിച്ചു നാട്ടിലെത്തുന്ന മധുരമനോഹര ദിനങ്ങൾ സ്വപ്നം കണ്ടു കൊണ്ടുള്ള യാത്രയായിരുന്നു അത്‌.  ഒരിക്കൽ തിരിച്ചു വരുമ്പോൾ താമസിക്കാനായി മനോഹരമായ സൗധങ്ങൾ അവർ തീർത്തിരുന്നു.  ഇത്തരം കോൺക്രീറ്റു സൗധങ്ങളിൽ വൃദ്ധ ദമ്പതികളും ഒരു അൽസേഷ്യൻ നായയും മാത്രമായിരിക്കുന്ന കാഴ്ച പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിൽ സാധാരണമായിരുന്നു.  രണ്ടു പേരും ജോലിക്കു പോകുമ്പോൾ കൊച്ചു കുഞ്ഞുങ്ങളെ നോക്കാനായി താല്കാലികമായി മാതാപിതാക്കളെ കൊണ്ടു പോയിരുന്നെങ്കിലും വേഗം തന്നെ അവരെ തിരിച്ചെത്തിച്ചിരുന്നു.  അവരും തിരിച്ചു പോരാനുള്ള ദിനവുമെണ്ണി കണ്ണും നട്ടിരിക്കയായിരിക്കും താനും. പലപ്പോഴും കുഞ്ഞുങ്ങൾ അല്പം മുതിർന്നാൽ അവരെ വിദ്യാഭ്യാസത്തിനായി നാട്ടിലേക്കയയ്ക്കുന്നതും പതിവായിരുന്നു.  മുമ്പ് പഠനം കഴിഞ്ഞ് നാട്ടിൽ പണി കിട്ടാതെ ജോലി തേടി പുറത്തോട്ടു പോയിരുന്നെങ്കിൽ ഇന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനും തുടർ ജീവിതത്തിനുമായി നാടുവിടുന്നു. അവർ നാട്ടിൽ വീടുവയ്ക്കുന്നില്ലെന്നു മാത്രമല്ല, ചെന്നേടത്തു വേരുപിടിക്കാൻ തുടങ്ങിയാൽ മാതാപിതാക്കളേയും പറ്റുന്നത്ര സ്വന്തക്കാരെയും ബന്ധുക്കളെയും അങ്ങോട്ടു കൊണ്ടുപോവുകയും പറ്റുന്നെങ്കിൽ വീടും ഭൂസ്വത്തും വിറ്റുകൊണ്ടു പോകുകയും ചെയ്യുന്നു.  വാങ്ങാനാളില്ലാതെ എത്രയോ വീടും പുരയിടങ്ങളും കിടക്കുന്നു.  ഇതൊരവസരമായിക്കണ്ട് പൂട്ടിക്കിടക്കുന്ന വീടുകൾക്ക് പ്രത്യേക കരം ചുമത്താൻ സർക്കാരും നോക്കുന്നു.  മുമ്പത്തേ പോലെയല്ല.  കാമറാ കണ്ണുകളിലൂടെ എപ്പോൾ വേണമെങ്കിലും വിദേശത്തിരുന്ന്‌ മാതാപിതാക്കളെ കാണാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും മക്കൾക്കു കഴിയും.  അൾസേഷ്യനെ ആശ്രയിക്കേണ്ടതില്ലെന്നു സാരം. പോലീസിനെയോ ഫയർ ഫോഴ്സിനെയോ ഡോക്ടറേയോ അവിടിരുന്നു തന്നെ മക്കൾക്കു വീട്ടിലെത്തിക്കാമെന്നു മാത്രമല്ല ഓരോ നേരത്തെ ആഹാരം പോലും ഓഡർ ചെയ്തു മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കാനും അത് അവർ കഴിക്കുന്നുണ്ടോ എന്നു നോക്കാൻ പോലും കഴിയും.  ഇതൊക്കെയായിട്ടും കാലാവസ്ഥയുടെ പ്രാതികൂല്യവും സംസ്കാരത്തിൻ്റെയും ഭാഷയുടെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചാണു്  ഇവർ നാടുവിടുന്നത്  എന്നു ഓർമ്മിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇതു തൊഴിൽ തേടിയുള്ള യാത്രയല്ല, പലായനമാണ്.
ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് നിങ്ങൾ ചിന്തിക്കൂ.  കേരളത്തെ കാത്തിരിക്കുന്നത് എന്താണ്? ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! മറ്റുള്ളവരും അറിയട്ടെ.

Comments