ആരാണ് നല്ല അയല്‍ക്കാരന്‍?

            ആരാണ് നല്ല അയല്‍ക്കാരന്‍?

യേശു പറഞ്ഞ നല്ല സമരിയാക്കാരന്റെ ഉപമ (ലൂക്കാ.10/25 –37)പ്രസിദ്ധമാണ്. ആ ഉപമയുടെ ഒരു വ്യാഖ്യാനത്തിനു സഭയില്‍ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.  അതിന്‍പ്രകാരം, ജെറുസലേമില്‍ നിന്നു ജെറിക്കോയിലേക്ക് യാത്ര ചെയ്യുന്നയാള്‍ ജീവിത യാത്രയിലായിരിക്കുന്ന ഓരോ മനുഷ്യനുമാണ്‌.  സാത്താന്റെ ആക്രമണത്തിനും കൊള്ളയ്ക്കും വിധേയനായി മരണപ്രായനായി തെരുവില്‍ കിടക്കുന്ന  അവനെ നല്ല സമരിയക്കാരനായ യേശു രക്ഷിച്ചെടുത്തു സഭയാകുന്ന സത്രത്തിലെത്തിച്ചു തുടര്‍ന്നുള്ള ശുശ്രൂഷയ്ക്ക് ഏര്‍പ്പാടാക്കുന്നു.  കേള്‍വിക്കാരനെ ഒന്നും ഉത്തരവാദപ്പെടുത്തുകയോ ഭാരപ്പെടുത്തുകയോ ചെയ്യായ്കയാല്‍ ഒറ്റക്കേള്‍വിക്ക്‌ ഇത് സ്വീകാര്യമായി തോന്നുകയും ചെയ്യും.  എന്നാല്‍ വിശദമായി പരിശോധിക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍  പുറത്തുവരുന്നതു കാണാം.

  ഒന്നാമതായി,  ഈ ഉപമയുടെ ലക്ഷ്യം തന്നെ ആരാണ് എന്റെ അയല്‍ക്കാരന്‍ എന്ന നിയമജ്ഞന്റെ ചോദ്യത്തിന് ഉത്തരം തരുക എന്നതാണ്.  സ്നേഹിക്കുക – സകല കഴിവുകളോടെയും സകലത്തിലും ഉപരിയായും ദൈവത്തെ,  നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും എന്ന ഏക കല്‍പനയുടെ വിശദീകരണമെന്ന നിലയില്‍ നമുക്കും ഉത്തരം തരുന്നതാണീ ഉപമ.  ആവശ്യത്തിലായിരിക്കുന്നവനും ആ ആവശ്യം നിറവേറ്റാന്‍ കഴിവുള്ളവനും തമ്മിലുള്ള ബന്ധമാണ് അയല്‍ബന്ധം എന്നു യേശു ഇവിടെ പഠിപ്പിച്ചു. ആവശ്യത്തിലായിരിക്കുന്ന ഒരുവനെ കണ്ടുമുട്ടുന്ന ഏതൊരുവനെയും ഉത്തരവാദപ്പെടുത്തുന്ന,  ഒഴിവുകഴിവില്ലാത്ത തരത്തില്‍ നിര്‍ബ്ബന്ധിക്കുന്ന  ഒരു പഠനമാണിത്.  എന്നാല്‍ ആ സമരിയാക്കാരന്‍ യേശുവാണെന്നു വരുന്നതോടെ ഇതൊരു ദൈവീക ഇടപെടലായി മാറുന്നു;  ഉത്തരവാദപ്പെട്ടയാള്‍ എന്നിടത്തു നിന്നു നമ്മെ നിഷ്ക്രീയനായ ഗുണഭോക്താവാക്കുകയും ചെയ്യുന്നു.  ഇതു ഈ ഉപമ യേശു പറഞ്ഞതിന്റെ ഉദ്ദേശ്യത്തെയും ലക്ഷ്യത്തെയും ഹനിക്കുന്നതിനാല്‍  അസ്വീകാര്യമാക്കുന്നു.

ഇതിലൊക്കെ മാരകമാണ് രണ്ടാമത്തെ കാര്യം. കവര്‍ച്ചക്കാരുടെ കയ്യില്‍ അകപ്പെട്ട ആ മനുഷ്യനു ആരാണ് അയല്‍ക്കാരനായത് എന്നു നിയമജ്ഞനോട് ചോദിക്കുമ്പോള്‍ അയാള്‍ സത്രക്കാരന്‍ എന്ന അപകടകരമായ മറുപടി പറഞ്ഞേക്കുമെന്നു യേശു ഭയപ്പെട്ടിരുന്നതായി തോന്നുന്നു.  ആ ഉത്തരം ഒഴിവാകത്തക്ക തരത്തില്‍ ‘ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്’’ എന്നാണു അവിടുന്നു ചോദിച്ചത്.  അങ്ങിനെ നിയമജ്ഞനെ തെറ്റായ ഉത്തരത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്തു.  എന്നാല്‍ ആ ഉത്തരത്തിലേക്കു വളഞ്ഞ വഴിയെ എത്തുകയാണ് ഈ വ്യാഖ്യാനം.  A,B.C ഇതിലേതാണ് ഉത്തരമെന്ന് ചോദിക്കുമ്പോള്‍ D എന്നുത്തരം പറയുന്നതുപോലെ.  അതായതു,  സഭയെ സത്രമാക്കുന്നു ഈ വ്യാഖ്യാനം.  അതിന്റെ അപകടം എന്താണെന്നു നോക്കാം.  സഭ സത്രമാകുമ്പോള്‍ സഭയിലെ നിയുക്തര്‍ സത്രക്കാരന്റെ റോളിലാകുന്നു.  സത്രം ഒരു സ്ഥാപനമാണ്‌;  കച്ചവടസ്ഥാപനം.  കരുണയോ സ്നേഹമോ അടിസ്ഥാനമാക്കിയല്ല അതിന്റെ നിലനില്പ്.  ലാഭനഷ്ടങ്ങളുടെ ബാക്കിപത്രമാണ് അതിന്റെ ആധാരം.  ഉപമയിലെ സത്രക്കാരനും ചെയ്യുന്നത് വ്യത്യസ്തമായല്ല.  സമരിയാക്കാരന്‍ കൊടുക്കുന്ന രണ്ടു ദനാറ വാങ്ങി പണപ്പെട്ടിയിലിടുക മാത്രമല്ല തിരികെ വരുമ്പോള്‍ ബാക്കി തരാമെന്ന വാഗ്ദാനത്തെ മൌനംകൊണ്ടു സ്വീകരിക്കുകയും ചെയ്യുന്നു.  വചന വ്യാഖ്യാന വേദിയില്‍ നിന്നും നിയുക്തര്‍ ഈ വ്യാഖ്യാനം നല്‍കുമ്പോള്‍ താഴെ ഇരിക്കുന്ന കേള്‍വിക്കാരന്‍  ‘ഇതാണോ അവന്റെ രണ്ടാം വരവിലുള്ള ഇവരുടെ പ്രതീക്ഷ?’എന്നു ഉള്ളിലോര്‍ത്തു  ഊറിയ ചിരിയോടെ തലകുനിച്ചാല്‍ ആരെ വേണം കുറ്റം പറയാന്‍?

സ്ഥാപനവല്കൃതമായ സഭയുടെ ദൈവവചനത്തെ ഇണക്കിയെടുക്കല്‍ പ്രക്രീയയുടെ ഭാഗമാണീ വ്യാഖ്യാനമെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.


 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
കൂടുതല്‍ പേര്‍ അറിയട്ടെ.


Comments