ഏദന്‍തോട്ടം കിഴക്കോ?

 

ഏദന്‍തോട്ടം കിഴക്കോ?


അവിടുന്ന് (ദൈവമായ കര്‍ത്താവ്)  കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.(ഉല്‍.1/8)  ഇതിന്‍ പ്രകാരം ഏദന്‍തോട്ടം കിഴക്കു തന്നെ.  എന്നാല്‍ തുടര്‍ന്ന് വായിച്ചാല്‍ സംഗതി മാറും.  ഒരുദാഹരണം പറയാം.  സഹ്യപര്‍വ്വതം കിഴക്കാണെന്നു ചെറിയ ക്ലാസ്സില്‍ നാം പഠിച്ചിട്ടുണ്ട്.  പടിഞ്ഞാറു അറബിക്കടലാണെന്നും.  അത് ശരി തന്നെ.  എന്നാല്‍ സഹ്യപര്‍വ്വതത്തില്‍ നിന്നും ഒരാളെ കിഴക്കോട്ടു ഇറക്കിവിട്ടാല്‍  പിന്നീട് അയാള്‍ക്ക് സഹ്യന്‍  പടിഞ്ഞാറായിരിക്കും.  ഇത് സാമാന്യ ബോധം.  ഈ സാമാന്യ ബോധത്തോടെ ഉല്‍.3/23, 24 വായിക്കുക.  കിഴക്കുള്ള ഏദന്‍തോട്ടത്തില്‍ നിന്ന് കിഴക്കോട്ടു മനുഷ്യനെ ദൈവം  ഇറക്കിവിട്ടു അവിടെ കാവലും ഏര്‍പ്പെടുത്തിയപ്പോള്‍ ആ മനുഷ്യനും അവന്റെ സന്തതികള്‍ക്കും ഏദന്‍തോട്ടം പടിഞ്ഞാറായി.  ഇനി അത് കിഴക്കാകണമെങ്കില്‍ തോട്ടത്തിനു കുറുകെ കടന്നു മറുവശത്തെത്തണം.  കെരൂബുകളുടെ ശക്തമായ കാവലും കറങ്ങുന്ന വാളും അതസാദ്ധ്യമാക്കുന്നു.  ഇനിയൊരു സാദ്ധ്യത തോട്ടം ചുറ്റിക്കറങ്ങി മറുവശത്തെത്തുക എന്നതാണ്.  തല്‍സംബന്ധമായ യാതൊരു സൂചനയും ബൈബിളില്‍ കാണാനുമില്ല,  അത് സാദ്ധ്യമോ എന്ന് അറിയത്തുമില്ല.  തന്നെയുമല്ല,  ഇത്ര കഷ്ടപ്പെട്ട് ഏദന്‍തോട്ടം കിഴക്കാക്കാന്‍ വേണ്ടി മനുഷ്യന്‍ പോയി എന്നു കരുതാനും ന്യായമില്ല.

എന്റെ ചെറുപ്പത്തില്‍, എന്റെ അപ്പാപ്പന്‍ (അപ്പന്റെ അപ്പന്‍) ശണ്ഠ കൂടിയ രണ്ടുപേരെ വഴക്കു തീര്‍ത്തു പറഞ്ഞുവിട്ടു.  എന്നിട്ട് വന്നു എന്നോട് പറഞ്ഞു :  ഇനി അവര്‍  ശണ്ഠ കൂടില്ല.  ഞാന്‍ ഒരുത്തനെ കിഴക്കോട്ടും മറ്റവനെ പടിഞ്ഞാട്ടും പറഞ്ഞുവിട്ടു.  ഞാന്‍ പ്രതികരിച്ചതിങ്ങനെ: എന്നാല്‍ അവര്‍ അമേരിക്കയില്‍ വച്ചു കണ്ടുമുട്ടി ശണ്ഠ കൂടും.  ഞാന്‍ പറഞ്ഞതു മനസ്സിലാകാഞ്ഞ അപ്പാപ്പന്‍ വഴക്കുപറഞ്ഞു എന്നെ ഓടിച്ചു വിട്ടു.  എന്റെ അപ്പാപ്പന്‍ മണ്ടനാണെന്നു പറയാന്‍ പറ്റില്ല.  വാസ്തവത്തില്‍ അദ്ദേഹം എന്നെക്കാള്‍ ബുദ്ധിമാനായിരുന്നു.  പിന്നെ എന്തു പറ്റി എന്ന് ചോദിച്ചാല്‍ അദ്ദേഹം പരന്ന ഭൂമിയില്‍ ജീവിച്ചു മരിച്ചയാളാണ്.  ഞാനോ ഉരുണ്ട ഭൂമിയിലും.  എങ്കിലും അദ്ദേഹം പറഞ്ഞതിന്റെ സാരം ഞാന്‍ ഗ്രഹിച്ചാല്‍ മതിയായിരുന്നു.  അത് വ്യക്തമായിരുന്നു താനും.  അതായത്  അവരെ ഇനിയൊരിക്കലും വഴക്കുണ്ടാക്കാത്ത വിധത്തിലാക്കിയെന്നു.  അതിനര്‍ത്ഥം,  എന്റെ അപ്പാപ്പന്‍ പറഞ്ഞതു ഭൂമി പരന്നതാണെന്നാണ്, ഞാന്‍ അങ്ങനെയേ പറയൂ, കരുതൂ എന്നു പറഞ്ഞു നടക്കണമെന്നല്ല.  അങ്ങിനെ ചെയ്യുന്നത് അദ്ദേഹത്തെ ആക്ഷേപ പാത്രമാക്കുകയാവും.  പണ്ടാരോ ഏദന്‍ കിഴക്കാണെന്നു പറഞ്ഞു എന്നു പറയുന്നവരോട് എനിക്കു പറയാനുള്ളതിതാണ്.  പണ്ട് പറഞ്ഞവരെ ആക്ഷേപപാത്രമാക്കുന്നതു ഞാനല്ല എന്നും ദയവായി ഓര്‍മ്മിക്കുക.  അവര്‍ പറഞ്ഞതിന്റെ സാരം ഗ്രഹിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളൂ.  സാരം മനസ്സിലാക്കിയാല്‍ പലതും നഷ്ടമാകും. അതുകൊണ്ട് മനസിലാക്കാതിരിക്കാനാണ് പലപ്പോഴും നമ്മുടെ ശ്രമം.  ഉദാഹരണമായി കര്‍തൃപ്രാര്‍ത്ഥന.  അതുരുവിടാന്‍ നമുക്കാവേശമാണ്,  എന്നാല്‍ അതിന്റെ സാരം ഗ്രഹിച്ചാല്‍ പലതും നമുക്കു നഷ്ടമാകും.

ഇപ്പറഞ്ഞതു പോലൊരു ദൈവവചനമാണിതും.  ‘കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.’  (മത്തായി 24/27)  ഇതിന്റെ അര്‍ത്ഥം യേശുവിന്റെ രണ്ടാമത്തെ വരവ് കിഴക്കു നിന്നായിരിക്കും എന്നാണോ?  പരിശോധിക്കാം. 

ദൈവം സ്നേഹമാകുന്നു എന്നു പറഞ്ഞിരിക്കുന്നതു പോലെ  കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ ആയിട്ടായിരിക്കും മനുഷ്യപുത്രന്റെ ആഗമനം എന്നല്ല പറഞ്ഞിരിക്കുന്നതെന്ന് ആദ്യമേ തന്നെ ശ്രദ്ധിക്കുക.  അതായതു മനുഷ്യപുത്രന്റെ ആഗമനവും കിഴക്കുനിന്നും പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണരും സര്‍വ്വസമമല്ല;  സാമ്യമുണ്ട്‌ എന്നേയുള്ളു.

കിഴക്കുനിന്നു പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പ്പിണര്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,  കണ്ടവര്‍ ആരെങ്കിലും പറഞ്ഞു കേട്ടിട്ടുമില്ല.  നാമൊക്കെ കണ്ടിട്ടുള്ള മിന്നല്‍പ്പിണര്‍ ആകാശത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്നതോ ഭൂമിയിലേക്ക്‌ പതിക്കുന്നതോ ഒക്കെയാണ്.  അതായതു ഒരു പഞ്ചയത്തിലെ ആകാശത്തു കാണുന്ന മിന്നല്‍പ്പിണര്‍ അടുത്ത പഞ്ചായത്തിലെ ആകാശത്തു കാണണമെന്നില്ല. ഇവിടെയാണ്‌ കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന എന്ന പ്രയോഗത്തിന്റെ സ്വാരസ്യം.  അങ്ങിനെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞാല്‍ അത് ലോകം മുഴുവന്‍ കാണും.  തെക്കുനിന്നു വടക്കോട്ടു പായുന്ന മിന്നല്‍പ്പിണരിനു  ഈ ഗുണമില്ലെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.  അതായതു മനുഷ്യപുത്രന്റെ ആഗമനം ആരില്‍നിന്നും മറഞ്ഞിരിക്കില്ലെന്നു സാരം.  ആരും ആരോടും അതു പറഞ്ഞു കൊടുക്കേണ്ടി വരില്ല താനും.  മിന്നല്‍ പിണരിന്റെ മറ്റു പല ഗുണങ്ങളുമായും ആഗമനത്തിനു സാമ്യമുണ്ടായിരിക്കാം.  മറ്റു വചനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അതും നമുക്കു സ്വീകരിക്കാം.  ഉദാഹരണമായി,  ആ ആഗമനം മിന്നല്‍ പിണര്‍ പോലെ അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായിരിക്കും.  മനുഷ്യപുത്രന്റെ ആഗമനത്തിനു കിഴക്കുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലെന്ന്  ഇനിയും മനസ്സിലാക്കാത്തവര്‍ക്കായി എല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം എഴുതിയ വി. ലൂക്കാ ഈ വചനത്തിനു സമാന്തരമായി പറഞ്ഞിരിക്കുന്നത് നോക്കാം.  ‘ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്ക് പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതു പോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും.’ (ലൂക്കാ 17/24)

ഒട്ടുമിക്ക സംസ്കാരങ്ങളിലും കിഴക്കിനു പ്രത്യേക പ്രാധാന്യം കൊടുക്കുന്നതായി കാണാം.  ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനു കാരണമായി കാണപ്പെടുന്ന സൂര്യന്‍ ഉദിക്കുന്ന ദിക്ക് എന്നതാവും അതിനു കാരണം.  ഇതു വളര്‍ന്നു സൂര്യാരാധന വരെ എത്തിനില്‍ക്കുന്നതും ചില സംസ്കാരങ്ങളില്‍ കാണാം.  എന്നാല്‍ ക്രിസ്തീയതയില്‍ കിഴക്കിനു അങ്ങിനെയൊരു പ്രാധാന്യം ഉള്ളതായി കാണുന്നില്ല.

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments