വൈദീകരോട് ക്ഷമിക്കാഞ്ഞാല്‍....

വൈദീകരോട് ക്ഷമിക്കാഞ്ഞാല്‍.... 



വൈദീകനോട്/രോട് ക്ഷമിക്കാന്‍ തീരെ കഴിയാതെ വളരെ  ബുദ്ധിമുട്ടുന്ന അയാളെ ആ വൈദീകന്റെ അടുത്തേക്ക്‌ ആരോ പറഞ്ഞു വിട്ടതാണ്.  ആ വൈദീകന്‍ സ്നേഹത്തോടെ അയാളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.  അതിനു ശേഷം അദ്ദേഹം പതുക്കെ പറഞ്ഞു തുടങ്ങി.  ‘ആ തെറ്റ് നിന്നോടു ചെയ്തതു ആ വൈദീകന്‍/ര്‍ അല്ല.  ഞാനാണ് മോനേ നിന്നോടാ തെറ്റ് ചെയ്തതു. എന്നോട് കരുണ തോന്നി മോന്‍ എനിക്കു മാപ്പ് തരണം.  തരാതെ ഞാന്‍ ഇവിടെനിന്നും എഴുന്നേല്‍ക്കില്ല.’  ആ വൈദീകന്‍ അയാളുടെ പാദങ്ങള്‍ കെട്ടിപ്പിടിച്ചു, നെറ്റി ചേര്‍ത്തു സാഷ്ടാംഗം പ്രണമിച്ചു.  അയാള്‍ക്ക്‌ അധികനേരം പിടിച്ചുനില്ക്കാനായില്ല.  അയാളുടെ കണ്ണില്‍നിന്നുതിര്‍ന്ന  കണ്ണീര്‍ കണങ്ങള്‍ ആ വൈദീകന്റെ ശിരസ്സില്‍ പതിക്കാനാരംഭിച്ചു.  ‘ക്ഷമിച്ചച്ചാ! ഞാന്‍ സകലതും ക്ഷമിച്ചച്ചാ......!’  അലറിക്കരഞ്ഞുകൊണ്ട് അയാള്‍ ആ വൈദീകനെ പിടിച്ചെഴുന്നേല്പിച്ചു.  ആ വൈദീകന്റെ മാറില്‍ മുഖമമര്‍ത്തി അയാള്‍ വിങ്ങിവിങ്ങിക്കരഞ്ഞു.  ആ തേങ്ങലിനിടയില്‍ അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു ‘യൂദാസിന്റെ കാലുകഴുകി മുത്തുന്ന ഈശോയെ ഞാന്‍ കണ്ടച്ചാ... കുരിശില്‍ സകലരോടും ക്ഷമിച്ച ഈശോയെ ഞാന്‍ കണ്ടച്ചാ...’  കണ്ണീരില്‍ ളോഹ നനഞ്ഞു ഈര്‍പ്പം ഉള്ളിലേക്ക് പടരുമ്പോഴും ആ വൈദീകന്‍ അയാളെ ചേര്‍ത്തു പിടിച്ചുകൊണ്ടു നിന്നു,  അയാള്‍ ആശ്വാസം പ്രാപിക്കുവോളം. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത യേശുവിന്റെ വികാരി – പ്രതിനിധി – ആയ ആ വൈദീകന്‍ അറിഞ്ഞിരുന്നു, പത്രോസിലൂടെ സഭയ്ക്ക് കിട്ടിയതു സ്വര്‍ഗ്ഗത്തിന്റെ താക്കോലാണെന്ന്;  നരകത്തിന്റെ താക്കോലല്ലെന്നു.  യജമാനന്റെ മനമറിഞ്ഞ കാര്യസ്ഥനെ പോലെ എത്ര പേരെ സ്വര്‍ഗ്ഗകവാടം തുറന്നു അദ്ദേഹം അകത്തേക്ക് തള്ളിക്കയറ്റി വിട്ടിരിക്കുന്നു!  എന്റെയും വീണ്ടും ജനനാനുഭവ രംഗത്ത് പിതൃസ്ഥാനത്തു നിന്ന ആ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ തുരുത്തിമറ്റത്തിലച്ചന്‍ നിത്യ സമ്മാനത്തിനായി തന്റെ നാഥന്റെ പക്കലേക്ക് യാത്ര തിരിച്ചിട്ടു ഇന്നു (22.08.2023) 18 വര്‍ഷങ്ങള്‍ തികയുന്നു.

സുന്ദരസ്വപ്‌നങ്ങള്‍ നിറഞ്ഞ സുഖനിദ്രയ്ക്കു ശേഷം വെളുപ്പാന്‍കാലത്ത് കണ്ട പേക്കിനാവുപോലെ മനസ്സിലീ സംഭവം തെളിഞ്ഞുവരുന്നു.  സ്വതേ ക്ഷമിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരാള്‍ ഈയിടെ   M Th കാരനായ (അതോ M Thനു പഠിക്കുന്നതോ?) ഒരു വൈദീകന്റെ അടുത്തു കുമ്പസാരിക്കാന്‍ പോയി.  മറ്റു പാപങ്ങളുടെ കൂടെ സ്വന്തം അമ്മയോടും മകനോടും ക്ഷമിക്കാന്‍ ബുദ്ധിമുട്ടുന്നത് ഏറ്റുപറഞ്ഞു.  കൂടെ രണ്ടു വൈദീകരോടു ക്ഷമിക്കാന്‍ കഷ്ടപ്പെടുന്ന കാര്യവും പറഞ്ഞു.  രണ്ടു വൈദീകരുടെ കാര്യം പറഞ്ഞതേ കുമ്പസാരക്കാരന്‍ ഇടയ്ക്കു കയറി പറഞ്ഞു: ‘വൈദീകരോട് ക്ഷമിക്കാന്‍ തീരുമാനിക്കാതെ ഒരു വൈദീകനായ എന്നിലൂടെ നിങ്ങള്‍ക്കു പാപമോചനം കിട്ടില്ല’.  കുമ്പസാരിക്കാന്‍ പോയയാള്‍ സകലരോടും ക്ഷമിക്കാന്‍ തീരുമാനിച്ചു പോയതായിരുന്നതുകൊണ്ട് അയാള്‍ക്കു ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

എന്റെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകള്‍ ഇതാണ്. 

വൈദീകനോട് ക്ഷമിക്കാത്തതുകൊണ്ട് മറ്റൊരു വൈദീകനിലൂടെ കിട്ടേണ്ട പാപക്ഷമ കിട്ടില്ല. കൊള്ളാം. അപ്പോള്‍ അമ്മയോടു ക്ഷമിക്കാത്തത് കൊണ്ട് മാതൃവേദിക്കാരില്‍ നിന്നും ഒന്നും കിട്ടില്ല.

ഒരു മകനോട്‌ ക്ഷമിക്കാത്തതുകൊണ്ട് മറ്റു മക്കളാരും  ആ വൃദ്ധനു കഞ്ഞിവെള്ളം പോലും കൊടുക്കില്ല. അതും ന്യായമാണല്ലോ, അല്ലെ?

നിങ്ങള്‍ക്ക് നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.(എഫേ.6/2)  ഈ കല്പനയില്‍ നിന്നും ഉരുത്തിരിയുന്നതാണ് ഭൂമിയിലെ മറ്റെല്ലാ ബഹുമാനങ്ങളും എന്നിരിക്കെ ഇവരേക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നവര്‍ ആര്‍?

ഒരു സന്യാസി മെത്രാനായാല്‍ സന്യാസ സംബന്ധമായ വൃതങ്ങളില്‍ നിന്നും മോചിതനാകുന്നു.  അദ്ദേഹം ഇനിമേല്‍ ആബട്ടിനെ / സുപ്പീരിയറിനെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനല്ലെന്നു സാരം.  എന്നാല്‍ ഒരാള്‍ പോപ്പായാല്‍ പോലും മാതാപിതാക്കളെ ബഹുമാനിക്കുന്നതില്‍ നിന്നും ഒഴിവില്ല.

മാതാപിതാക്കളോടുള്ള ബന്ധത്തെ കവച്ചുവയ്ക്കുന്ന ഒരു ബന്ധമേ ഈ ലോകത്തിലുള്ളതായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നുള്ളു – ദാമ്പത്യ ബന്ധം.  എന്നു മാത്രമല്ല, ദൈവത്തിനു മനുഷ്യനോടുള്ള ബന്ധം വര്‍ണ്ണിക്കാന്‍ ഏറെ ഉപയോഗിച്ചിട്ടുള്ളതും ഈ രണ്ടു ബന്ധങ്ങളാണ് താനും.  അങ്ങിനെ നോക്കിയാലും മാതാപിതാക്കളോടോ ജീവിതപങ്കാളിയോടോ ക്ഷമിക്കാത്ത അവസ്ഥ ആവും കൂടുതല്‍ കഠിനം.

മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.(മത്തായി 6/15) ഈ മറ്റുള്ളവര്‍ അപ്പനായാലും അമ്മയായാലും മകനായാലും വൈദീകനായാലും, ഇനി ആരുതന്നെയായാലും. അതല്ലേ അതിന്റെ ശരി?

 
 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments