കുട്ടേലിട്ടത് ചട്ടീലിട്ടു.....

 


കുട്ടേലിട്ടത് ചട്ടീലിട്ടു.....

എന്റെ അമ്മയുടെ അമ്മ എന്റെ ചെറുപ്പത്തില്‍ എന്നോട് പറഞ്ഞ ഒരു കഥയാണിത്‌.  കഥയുടെ പശ്ചാത്തലം ഒന്നൊന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളമാണെന്നോര്‍ക്കണമേ.  എല്ലാ ദിവസവും പള്ളിയില്‍ പോകുന്ന ഒരമ്മായിയമ്മ. പ്രാര്‍ത്ഥനക്കൂട്ടങ്ങള്‍ ഒന്നൊന്നായി നിരന്തരം ഉരുക്കഴിക്കുന്ന വയോധിക.  കയ്യില്‍ ജപമാലയുമായി മാത്രമേ ഈ അമ്മായിയമ്മയെ കണ്ടിട്ടുള്ളു മരുമകള്‍.  വലിയ അറിവും വിദ്യാഭ്യാസവും ഒന്നുമില്ലാത്ത ഈ മരുമകള്‍ക്ക് പിടിപ്പതു പണിയുണ്ട് വീട്ടില്‍.  നേരം വെളുത്താല്‍ ഇരുളും വരെ സ്വസ്ഥമായി ഒന്നു ശ്വാസം വിടാന്‍ പോലും നേരം കിട്ടാത്തത്ര പണി.  നിരന്തരം പ്രാര്‍ത്ഥനയിലായിരിക്കുന്ന അമ്മായിയമ്മയ്ക്കു മരുമകളെ ഒന്നു സഹായിക്കാന്‍ ഒട്ടും നേരമില്ലല്ലോ.  ഈ പ്രാര്‍ത്ഥനയും പള്ളീല്‍ പോക്കുമൊന്നുമില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകാനാവില്ലെന്നും മാത്രമൊക്കെ ഈ മരുമകള്‍ക്കറിയാം.  ഇക്കണക്കിനു പോയാല്‍ തന്റെ കാര്യം കട്ടപ്പുക.  എന്തെങ്കിലും ഒരു പ്രാര്‍ത്ഥന അമ്മായിയമ്മ പറഞ്ഞു തന്നിരുന്നെങ്കില്‍ ഈ ജോലിയെല്ലാം ചെയ്തോണ്ടിരിക്കുമ്പോള്‍ തന്നെ ചൊല്ലാമായിരുന്നു എന്നു മരുമകള്‍ ആശിച്ചു.  അമ്മായിയമ്മ പ്രസാദിച്ചിരുന്ന നേരം നോക്കി മരുമകള്‍ അടുത്തുകൂടി ചോദിച്ചു: ‘അമ്മേ, എനിക്കൊരു പ്രാര്‍ത്ഥന പറഞ്ഞു തരുമോ?’

അമ്മായിയമ്മ അപകടം മണത്തു.  ഇവള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയാല്‍ ഈ വീട്ടിലെ പണിയൊക്കെ ആര് ചെയ്യും?  അതുകൊണ്ട് തന്ത്രപൂര്‍വ്വം അവര്‍ മറുപടി പറഞ്ഞു: ‘ എടീ, നീയീ ചെയ്യുന്നതു തന്നെയാ പ്രാര്‍ത്ഥന.  കൊട്ടേലിട്ടതു ചട്ടീലിട്ടു,  ചട്ടീലിട്ടത് കൊട്ടേലിട്ടു.  അല്ലാതിപ്പോ നിനക്കെന്തു പ്രാര്‍ത്ഥനയാ?’  നേരെന്നു വിശ്വസിച്ച പാവം മരുമകള്‍  അന്നു മുതല്‍ തന്റെ ഒരിക്കലും തീരാത്ത പണികള്‍ക്കിടയില്‍ സുകൃതജപം പോലെ ആ സൂക്തം ഒരുവിട്ടു തുടങ്ങി, ‘കൊട്ടേലിട്ടതു ചട്ടീലിട്ടു,  ചട്ടീലിട്ടത് കൊട്ടേലിട്ടു’.  കഥ അവസാനിക്കുന്നതിങ്ങനെ:  ഈ സുകൃതജപം ഉരുവിട്ട മരുമകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടു നൂലിട്ടു കൊടുക്കേണ്ടി വന്നു ശുദ്ധീകരണസ്ഥലത്തു നിന്നും അമ്മായിയമ്മയ്ക്കു കയറിപ്പോകാന്‍.

കഴിഞ്ഞ പ്രേഷിത ഞായറിനു പള്ളിയിലെ പ്രസംഗം കേട്ടപ്പോഴാണ് അറുപതിലേറെ കൊല്ലങ്ങള്‍ക്ക് മുമ്പു കേട്ട ഈ കഥ ഓര്‍മ്മയിലെത്തിയത്.  ആ പ്രസംഗത്തിന്റെ രത്നച്ചുരുക്കം ഇതാണ്.  ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും അതായതു സഭാംഗങ്ങള്‍ എല്ലാവരും പ്രേഷിതരാണ്. സുവിശേഷ പ്രചരണം അവരുടെ കടമയാണ്.  തങ്ങളുടെ ജീവിതാവസ്ഥയ്ക്കൊത്ത ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ട് തന്നെ  അത്മായര്‍ക്കും ഈ കടമ നിറവേറ്റാവുന്നതേയുള്ളു. ഉദാഹരണമായി മക്കളെ വേദപാഠത്തിനയച്ചും വിശ്വാസത്തില്‍ വളര്‍ത്തിയും ജീവിത സാഹചര്യങ്ങളില്‍ ക്രൈസ്തവ മൂല്യങ്ങള്‍ അനുവര്‍ത്തിച്ചും വേദപ്രചാരത്തിനു പോയിരിക്കുന്ന വൈദീകരെയും സന്യസ്തരെയും സാമ്പത്തീകമായി സഹായിച്ചും ഒക്കെ.  എന്നു മാത്രമല്ല  അപ്രകാരമൊക്കെ ചെയ്യാനുള്ള ഗൌരവമായ കടമയും അവര്‍ക്കുണ്ട്.

Comments