ഏതാണ് ആ രേഖ?

 ഏതാണ് ആ രേഖ?

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audihere 
ഈലേഖനം കേള്‍ക്കാം ഇവിടെ


ഇറ്റലിയിലെ ഒരു പ്രസിദ്ധ നഗരമായ നേപ്പിൾസ് (Napoli എന്നാണ് ഇറ്റാലിയൻ ഭാഷയിൽ) സർവകലാശാലയിൽ നിന്ന് പതിനാറാമത്തെ വയസ്സിൽ ആ ചെറുപ്പക്കാരൻ - പയ്യൻ എന്ന് പറയുന്നതാവും കൂടുതല്‍ ശരി – നിയമവിജ്ഞാനീയത്തില്‍ പ്രശസ്ത വിജയം കൈവരിച്ചു. സിവിൽ നിയമത്തിൽ മാത്രമല്ല തിരുസഭാനിയമത്തിലും, രണ്ടിലും അവൻ പ്രഗത്ഭൻ ആയിരുന്നു. അൽഫോണ്‍സെന്നാണവന്റെ പേര്.

പത്തൊമ്പതാമത്തെ വയസ്സിൽ പിതാവിൻറെ ആഗ്രഹത്തിന് വഴങ്ങി അവൻ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. അൽഫോൻസ് വാദിച്ച ഒരൊറ്റ കേസ് പോലും പരാജയപ്പെട്ടിട്ടില്ല! എട്ടു വർഷത്തോളം വിജയശ്രീയിലാളിതനായി വക്കിൽ ജോലിയിൽ അവൻ മുന്നേറി. സീനിയർ അഭിഭാഷകരും പട്ടണവാസികളും അതീവ താല്പര്യത്തോടെ അൽഫോൻസിന്‍റെ വാദം കേട്ടിരിക്കും എതിർകക്ഷിയുടെ വക്കീലന്മാരുടെ വാദമുഖങ്ങൾ ഒന്നൊന്നായി അവൻ തറ പറ്റിക്കുന്നത് കേട്ടിരിക്കാൻ വളരെ രസമായിരുന്നു!

അങ്ങനെയിരിക്കെ വളരെ വിവാദമായ ഒരു കേസിന്റെ വിചാരണ കോടതിയിലെത്തി. ടസ്കനിയിലെ ഒരു ധനാഢ്യനും നേപ്പിൾസിലെ ഒരു പ്രഭുവും ആയിരുന്നു കക്ഷികൾ. കോടികളുടെ വില വരുന്ന ഒരു വസ്തുവിനെ സംബന്ധിച്ചായിരുന്നു നിയമ യുദ്ധം. നേപ്പിൾസിലെ പ്രഭുവിനു വേണ്ടി ഹാജരായത് അൽഫോൻസും. ഇതുവരെ പരാജയം അറിയാത്ത ആളാണ് താൻ എന്ന് എല്ലാവർക്കും അറിയാമായിരുന്നു. നേപ്പിൾസിലെ പ്രഭു വിജയിക്കുമെന്നു എല്ലാവർക്കും ഉറപ്പുമായിരുന്നു. തൻറെ വാദമുഖങ്ങൾ എല്ലാം ഒന്നൊന്നായി നിരത്തി തന്റെ കിടിലൻ പ്രസംഗം സദസിനു മുമ്പിൽ അവതരിപ്പിച്ചതിനു ശേഷം അൽഫോൻസ് ഇരുന്നു. എതിർകക്ഷിയുടെ വക്കീലിനു വാക്കുമുട്ടും എന്നു ഏവർക്കും തോന്നി.

എതിർപക്ഷത്തെ വക്കീലെഴുന്നേറ്റു അല്‍ഫോണ്‍സിന്‍റെ പ്രസംഗത്തെ ശ്ലാഘിച്ചിട്ടു  പറഞ്ഞത്: ‘താങ്കൾക്ക് ഒരു പിശക് പറ്റി. കേസിലെ ഏറ്റവും പ്രധാനമായ ഒരു രേഖ താങ്കൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.’

ഏതാണ് ആ രേഖ? കോടതിയുടെ പരിശോധനയ്ക്ക് സമർപ്പിച്ച ആ രേഖ അൽഫോൻസ് വാങ്ങി നോക്കി. ഒരു നിമിഷം അദ്ദേഹം സ്തംഭിച്ചു നിന്നു! ആ രേഖ നിപ്പിൾസ് പ്രഭുവിന്റെ അവകാശത്തെ അസാധുവാക്കിയിരിക്കുന്നു!

‘ക്ഷമിക്കണം,  എനിക്കു തെറ്റുപറ്റി’ പരാജയം സമ്മതിച്ചു തകര്‍ന്ന മനസ്സോടെ അദ്ദേഹം കോടതിയില്‍ നിന്ന് ഇറങ്ങിപ്പോന്നു.  പിന്നീടൊരിക്കലും അദ്ദേഹം കോടതിയില്‍ കയറിയിട്ടില്ല!

തിരുസഭാ പണ്ഡിതനും മെത്രാനും റിഡംപ്റ്ററിസ്റ്റ് സഭാ സ്ഥാപകനുമായ വി.അല്‍ഫോന്‍സ് മരിയ ലിഗോരിയുടെ മുന്‍കാല ചരിത്രമാണ് നാം കണ്ടത്. സ്വന്തം പരാജയം തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു പ്രാര്‍ത്ഥനയില്‍ തിരിച്ചറിഞ്ഞ അദ്ദേഹം നന്ദി നിറഞ്ഞ ഹൃദയത്തോടെ തന്നെത്തന്നെ ദൈവത്തിൻറെ പുതിയ പദ്ധതിക്കായി സമർപ്പിച്ചു.  ഒരു വൈദികനാകാൻ അദ്ദേഹം തീരുമാനിച്ചു. പിതാവ് ജോസഫ് ലീഗോരിക്കു അത് ഇഷ്ടമായില്ല. മകൻറെ കഴിവിനെ പറ്റി നല്ല ബോധ്യമുണ്ടായിരുന്ന അദ്ദേഹം മകൻറെ ലൗകികമായ പ്രശസ്തിക്കുവേണ്ടി നീങ്ങി.  മകനുവേണ്ടി സുന്ദരിയും സുശീലയും ആയ ഒരു പ്രഭുകുമാരിയുമായി വിവാഹത്തിന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ നേപ്പിൾസിലെ രോഗികൾക്കുള്ള ആതുരാലയത്തിലേക്ക് പോകാൻ ഒരു ഉൾപ്രേരണ അൽഫോൻസിൽ ഉണ്ടായി. അവിടെ രോഗികളെ ശുശ്രൂഷിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു അത്ഭുത പ്രകാശം തന്നെ വലയം ചെയ്യുന്ന ഒരു ആത്മീയ അനുഭൂതി ഉണ്ടായി. നിൽക്കുന്ന സ്ഥലം ഇളകിയാടുന്നതായും അനുഭവപ്പെട്ടു. തുടർന്ന് ഒരു സ്വരം ഉള്ളിൽ നിന്ന് - അത് ദൈവസ്വരം ആയിരുന്നു – ‘ലോകത്തെ ഉപേക്ഷിക്കുക, നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുക’. ഒരു പ്രാവശ്യം കൂടി ഈ അനുഭവ ആവർത്തിച്ചു.

ആതുരാലയത്തിൽ നിന്ന് നേരെ അവൻ പോയത് ‘വീണ്ടെടുപ്പിന്റെ നാഥ’യുടെ പേരിലുള്ള ദേവാലയത്തിലേക്ക്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ചിട്ട് തന്റെ ലൗകിക അധികാരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായ വാള് അദ്ദേഹം അള്‍ത്താരയില്‍ സമർപ്പിച്ചു. ദൈവരാജ്യത്തിന് വേണ്ടി ആത്മാവിന്റെ വാളെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ആ തീരുമാനത്തിൽ നിന്ന് സ്വപുത്രനെ ഇളക്കുവാന്‍ ജോസഫ് ലിഗോരിക്ക് കഴിഞ്ഞില്ല.

ഭൗതിക ജീവിതത്തിൽ ഉണ്ടാകുന്ന പതനമോ പരാജയമോ ദൈവിക പദ്ധതിയിലേക്കുള്ള വിളി ആകാമെന്ന് എത്രപേർ മനസ്സിലാക്കുന്നുണ്ട്? ജറെമിയ 29/11-12 നമുക്ക് മറക്കാതിരിക്കാം.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments