കൈത്തോക്കുമായി ലൂർദ്ദിൽ

 കൈത്തോക്കുമായി ലൂർദ്ദിൽ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audi here 
ഈലേഖനം കേള്‍ക്കാം ഇവിടെ


ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിലാണ് ആ പയ്യൻ ജനിച്ചത്.  പേര് ജിയോവാന് ബത്തിസ്ത തോമാസി (Giovanni Bastista Thomsi).  ചെറുപ്പത്തിലെ സന്ധിവാതത്തിന്റെ ശക്തമായ പിടിയിൽ അകപ്പെട്ടതിനാൽ ക്രമേണ ആ ജീവിതം വീൽചെയറിൽ ഒതുങ്ങി.  പല ചികിത്സകൾ നടത്തിയിട്ടും ഫലമുണ്ടായില്ല.

തൻറെ പ്രായക്കാർ നല്ല പ്രസരിപ്പോടെ ഓടി കളിച്ചും വിനോദങ്ങളിലും വിനോദസഞ്ചാരങ്ങളിലും ഒക്കെ ഏർപ്പെട്ടു ഉല്ലസിക്കുമ്പോൾ തനിക്ക് മാത്രമീഗതി വന്നല്ലോ എന്നോർത്ത് ജിയോവാന്നിയുടെ മനസ്സ് വേദനിച്ചു കഴിയവേ ദൈവത്തിനെതിരെയായി ചിന്ത.  തനിക്ക് എന്തിനാണ് ദൈവം ഈ രോഗം വരുത്തിയത്?  ഇനി ദൈവമല്ല മറ്റു സാഹചര്യങ്ങൾ മൂലമാണ് ഈ ഗതി വന്നതെങ്കിൽ അതിൽ നിന്ന് മോചനം നൽകാതെ എന്തിനാണ് ഈ ക്രൂരമായ സംഗത തന്നോട് ദൈവം പുലർത്തുന്നത്? ദൈവത്തോടു കോപവും നീരസവും അവന്റെ മനസ്സിൽ നിറഞ്ഞു.

ആ കാലയളവിൽ ലൂർദ്ദിനെക്കുറിച്ചും അവിടെ നടക്കുന്ന രോഗശാന്തികളെ കുറിച്ചും കേൾക്കാനിടയായി.  വലിയ വിശ്വാസം ഒന്നും തോന്നിയില്ലെങ്കിലും അവിടം വരെ ഒന്നു പോകാൻ ആ 22 കാരൻ ആലോചിച്ചു. ദൈവത്തോട് ഒരു വ്യവസ്ഥയും വെച്ചു.  എന്നെ ഈ വീൽചെയറിൽ നിന്ന് എഴുന്നേൽപ്പിക്കണം.  ഇല്ലെങ്കിൽ പരിശുദ്ധ അമ്മ ദർശനം നൽകി എന്നു പറയുന്ന ഗ്രോട്ടോയുടെ കൃത്യം മുന്നിലെത്തി എൻറെ കൈത്തോക്ക് ഞാൻ പ്രയോഗിക്കും. ഞാനെന്റെ കഥ കഴിക്കും. തീരുമാനിച്ചത് പോലെ കൈതോക്കുമായി ജിയോവാന്നി ലൂര്‍ദ്ദില്‍ എത്തി. അവിടെയെത്തിയപ്പോൾ അനേക രോഗികൾ കിടക്കകളിലും വീൽചെയറിലുമായി എത്തിയിരിക്കുന്നു. എന്നാൽ ജിയോയുടെ ശ്രദ്ധ പോയത് ഈ രോഗികളെ പരിചരിക്കുന്നതിനായി അവിടെ എത്തിയിരുന്ന യൂണിഫോറം ധരിച്ച വോളണ്ടിയർമാരായിരുന്നു. ഹൃദ്യവും സ്നേഹനിർഭരവും ആയിരുന്നു അവരുടെ സംഭാഷണവും പെരുമാറ്റവും. അവരിൽ ഒന്നുരണ്ടു പേർ തന്റെയും സഹായത്തിന് എത്തി. ആവശ്യങ്ങൾ അറിഞ്ഞു രോഗികളെ പരിചരിക്കുന്നതിനുള്ള അവരുടെ കഴിവ് ജിയോവാന്നിയെ സ്പർശിച്ചു. ശുശ്രൂഷകൾ എല്ലാം അവൻ പങ്കെടുത്തു.  ഗ്രോട്ടോയിലും ദേവാലയത്തിലും പരിസരങ്ങളിലും പരിശുദ്ധ അമ്മയുടെ സ്നേഹ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നതായി അവന് അനുഭവപ്പെട്ടു.  അവനറിയാതെ തന്നെ അവൻറെ മനസ്സ് മാറുകയായിരുന്നു.  അത്ഭുതകരമായിരുന്നു ആ മാറ്റം.

അവൻ ആഗ്രഹിച്ച ശാരീരിക സൗഖ്യം ലഭിച്ചില്ല പക്ഷേ അത് അവന് വിഷയമേ അല്ലാതായി. അതിലും എത്രയോ ശ്രേഷ്ഠമാണ് ആത്മാവിനും മനസ്സിനും ലഭിക്കുന്ന സൗഖ്യം!  ആഴമായ ദൈവവിശ്വാസിയായി അവൻ മാറി. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത ശാന്തിയും സമാധാനവും കൊണ്ട് അവൻ നിറഞ്ഞു.

തിരികെ പോരുന്നതിന് മുമ്പ് ലൂർദ്ദിലേ സ്പിരിച്വൽ ഡയറക്ടറായ മെത്രാനെ ചെന്ന് കണ്ടു ആത്മഹത്യ ചെയ്യാനായി കൊണ്ടുവന്ന കൈത്തോക്ക് അദ്ദേഹത്തെ ഏൽപ്പിച്ചിട്ട് സ്വന്തം കഥ ചുരുക്കമായി അദ്ദേഹത്തോട് പറഞ്ഞു.  ഇതും കൂടി കൂട്ടിച്ചേർത്തു പിതാവേ, പരിശുദ്ധ അമ്മ വിജയിച്ചിരിക്കുന്നു. എൻറെ ആത്മാവിനെ അവൾ സുഖമാക്കി. എനിക്കിനി ഇത് തോക്ക്- ആവശ്യമില്ല!

തീർന്നില്ല. സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ആ പയ്യൻ ഒരു സംഘടനയ്ക്ക് രൂപം നൽകി. ഇറ്റലിയിൽ നിന്നും ലൂർദ്ദിലേക്ക് പോകാൻ ആഗ്രഹിക്കുന്ന രോഗികളുടെ പരിചരണം ഏറ്റെടുക്കുന്ന ഒരു സന്നദ്ധ സംഘടന. 1933ൽ - അന്നാണ് ഈ സംഭവം നടക്കുന്നത് - ആരംഭിച്ച പ്രസ്ഥാനത്തിൽ ഇന്ന് 70,000 ത്തോളം വോളണ്ടിയർമാർ പ്രവർത്തിക്കുന്നു.  ദൈവത്തിന് സ്തുതി! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments