വലിയ സിനിമാ സ്ക്രീനിലെ ഗുണനചിഹ്നം

 വലിയ സിനിമാ സ്ക്രീനിലെ ഗുണനചിഹ്നം

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം  ഇവിടെ

 

 സിനിമയിൽ പ്രവർത്തിക്കുക അയാളുടെ ഒരു വലിയ കമ്പമായിരുന്നു.  അഭിനയിക്കാൻ പറ്റിയില്ലെങ്കിലും വേറെയും മേഖലകൾ സിനിമയ്ക്ക് ഉണ്ടല്ലോ.  തനിക്ക് ആണെങ്കിൽ എഴുതുന്നതിലും പാടുന്നതിലുമൊക്കെ നല്ല താല്പര്യവുമുണ്ടല്ലോ.   

അങ്ങനെയിരിക്കെ നവോദയ അപ്പച്ചനെ കാണാനുള്ള ഒരു അവസരം ഉണ്ടായി. അദ്ദേഹത്തെ കണ്ട് ആഗ്രഹം പറയുകയും എഴുതിയ ഒരു സ്ക്രിപ്റ്റ് അദ്ദേഹത്തെ കാണിക്കുകയും ചെയ്തു.  അതു വാങ്ങി നോക്കിയ അപ്പച്ചൻ അയാളെ മദ്രാസിലേക്ക് ക്ഷണിച്ചു. ഒരു ചിരകാല അഭിലാഷം സാധിച്ച ത്രിൽ ആയിരുന്നു അത് അയാൾക്ക്!

മദ്രാസിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെ ചേച്ചി അയാളോട്,  നീ ഒരു നല്ല കാര്യത്തിന് പോവുകയാണല്ലോ.  ഒരു ധ്യാനം കൂടി ദൈവാനുഗ്രഹത്തോടെ പോകുന്നതല്ലേ നല്ലത്? എന്നാരാഞ്ഞു. വലിയ താല്പര്യം അതിനോട് തോന്നിയില്ലെങ്കിലും പോയി.

ധ്യാനത്തിന് ഇടയിൽ കൗൺസിലിങ്ങിന് ചെന്നപ്പോൾ കൗൺസിലർ അൽപസമയം സ്തുതിച്ചു പ്രാർത്ഥിച്ചിട്ട് ബേബി ജോണിനോട് - അതാണ് അയാളുടെ പേര് - ഒരു വലിയ സിനിമ സ്ക്രീൻ കാണുന്നുണ്ടല്ലോ എന്നുപറഞ്ഞതേ ബേബി ജോണിനുറപ്പായി, ഇതു തന്നെയാണ് തന്റെ ഭാവിയെന്ന്. അല്പനേരംകൂടി കൗൺസിലർ സ്തുതിച്ചിട്ടു പറഞ്ഞു ആ സ്ക്രീനിന്റെ  നടുവിലായി ഒരു വലിയ ഗുണന ചിഹ്നം (X) ആണല്ലോ കാണുന്നത്. അതിന്റെ അർത്ഥം അതുവേണ്ട, അതല്ല എന്ന് ആയിരിക്കുമല്ലോ.  കർത്താവിന്റെ പദ്ധതി മറ്റു വല്ലതും ആയിരിക്കാമല്ലോ.  ബേബിജോൺ പെട്ടെന്ന് ഡിമ്മായി.  പിന്നെ ധ്യാനത്തില്‍ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.  ഇച്ഛാഭംഗത്തോടെ വീട്ടിലേക്ക് മടങ്ങി.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു ധ്യാനത്തിൽ കൂടി സംബന്ധിച്ച് കൊള്ളാമെന്ന് തോന്നി. ഒരു പക്ഷെ ഗുണനചിഹ്നം റൈറ്റ് ( ) ആയാലോ?

ഇത്തവണ പ്രാർത്ഥനയോടും ശ്രദ്ധയോടും കൂടി ധ്യാനിച്ചു. ഒരു ഘട്ടത്തിൽ യേശു തന്നോടുപറയുന്നതായി തോന്നി: നിന്റെ കഴിവുകൾ നീ എനിക്കായി അർപ്പിച്ചാൽ ഞാൻ നിനക്കുവേണ്ടി നിലകൊള്ളാം. അതിന്റെ അർത്ഥം ഉള്ളിൽ തെളിഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ സമ്മതം മൂളി.  തുടർന്നുണ്ടായ ആത്മീയ ആനന്ദം വർണ്ണിക്കാനാവുന്നതല്ല! ജീവിതത്തിൽ ഒരിക്കലും ഇത്രയും സന്തോഷം അനുഭവിച്ചിട്ടില്ല! അതിനോടു തുലനം ചെയ്യുമ്പോൾ ലോകം നൽകുന്ന സന്തോഷങ്ങൾ വെറും കുപ്പയായി തോന്നി.  സിനിമാ കമ്പമെല്ലാം  ആവിയായിപ്പോയി.  യേശുവും  അവിടുത്തെ രക്ഷ നൽകുന്ന ആനന്ദവും  അവിടേക്ക് വേണ്ടി ജീവിക്കുന്നതിനുള്ള ആഗ്രഹവും ഹൃദയത്തിൽ നിറഞ്ഞു!   ഇന്ന് കർത്താവിനെ അനുഭവത്തിൽനിന്ന് പ്രഘോഷിക്കുകയും അവിടുത്തെ സ്തുതിയ്ക്കായി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും പരിശുദ്ധ അമ്മയുടെ ഒരു ഉത്തമ ഭക്തനായ ജീവിച്ചുകൊണ്ട് പ്രാർത്ഥനയിലും കർതൃ ശുശ്രൂഷയിലും സന്തുഷ്ടമായ ജീവിതം നയിക്കുന്നു.  കേരളീയർക്ക് സുപരിചിതനായ ബേബി ജോൺ കലയന്താനിയുടെ ജീവിതസാക്ഷ്യത്തിന്റെ  ചുരുക്കമാണിത്. 

ദൈവത്തിനു സ്തുതി! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments

Post a Comment