‘തോമാലീശോ’ സുഖമാക്കും

 ‘തോമാലീശോ സുഖമാക്കും

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം ഇവിടെ

കളരി നടത്തിയിരുന്ന ആശാന്റെയും അയാളുടെ ഭാര്യയുടെയും വലിയ വേദന അവർക്കുണ്ടായ ആൺകുഞ്ഞിന് പിള്ളവാതം വന്നു കാലുകൾക്ക് സ്വാധീനമില്ലാതായി പോയതാണ്. അവന് നടക്കാനോ എഴുന്നേറ്റ് നേരെ നിവർന്നു നിൽക്കാനോ കഴിവില്ലായിരുന്നു. അച്ഛൻ കളരിയിലേക്ക് പോകുമ്പോൾ 7 വയസ്സുള്ള മകനെയും എടുത്തുകൊണ്ടാണ് പോയിരുന്നത്.

മകനെ കണ്ട ഒരാൾ അവനെ മലയാറ്റൂര്‍ കൊണ്ടു പോയാൽ കാലിനു സ്വാധീനം കിട്ടുമെന്ന് പറഞ്ഞു.  ആദ്യം വിശ്വാസം തോന്നിയില്ല, എങ്കിലും പിന്നീട് പോകാൻ തീരുമാനിച്ചു. അവർ ഹൈന്ദവർ ആയിരുന്നു. ഇന്നത്തേതുപോലെ യാത്രാസൗകര്യം ഒന്നും അന്നില്ല. മലബാറിൽനിന്ന് കുട്ടിയേയും കൊണ്ട് ആശാനും കൂട്ടുകാരും നടന്നു.  ദിവസങ്ങളെടുത്തു മലയാറ്റൂരെത്താന്‍.  അടിവാരത്തെത്തി വിശ്രമിച്ചു.  ഇനി കുട്ടിയെയും എടുത്തു കൊണ്ടു മലകയറണം.  ക്ലേശിച്ചാണെങ്കിലും കുട്ടിയേയും എടുത്തുകൊണ്ടു സാവധാനം മല കയറാൻ തുടങ്ങി. തോമാലീശോ (അങ്ങനെയാണ് ആശാന്റെ നാട്ടിലെ ആളുകൾ തോമാശ്ലീഹായെ അന്ന് വിളിച്ചിരുന്നത്) മകനെ സുഖമാക്കും എന്ന പ്രത്യാശ കൈവിട്ടില്ല. നിന്നും ഇരുന്നും അവർ മല കയറി.  മുകളിൽ എത്താറായി, ഇനി അല്പം ദൂരം കൂടെ.  മടുപ്പു കാരണം കുട്ടിയെ ഒന്നു ഇരുത്താനായി  നിലത്തു തുണി വിരിച്ചു.  ഇരുത്താന്‍ ശ്രമിച്ചപ്പോൾ അത്ഭുതം!  കുട്ടി കാലുകളൂന്നി നിന്നു!  ദൈവമേ!  ആശാനും  കൂട്ടർക്കും വലിയ സന്തോഷമായി. മലകയറിയ ക്ഷീണമെല്ലാം പോയി.  

കുട്ടിക്ക് കാലൂന്നി നിൽക്കാൻ കഴിയുമെങ്കിൽ  നടക്കാനും കഴിയുമായിരിക്കും എന്നാശാനു തോന്നി. മകന്റെ കൈ പിടിച്ചു ഓരോ അടി വയ്ക്കാൻ പറഞ്ഞു. സാവധാനം അവൻ ഓരോ അടി വയ്ക്കുവാൻ തുടങ്ങി ആദ്യം അല്പം വേച്ചു എങ്കിലും ക്രമേണ നേരെയായി.  ശേഷിച്ച ദൂരം അവൻ അച്ഛന്റെ കൈപിടിച്ച് ചവിട്ടി തന്നെ കയറി.  ആശാന്റെ കൂട്ടരുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു.  അവർ ഒരത്ഭുതം കൺമുമ്പിൽ കണ്ടിരിക്കുന്നു!

മലമുകളിൽ എത്തി യേശുവിനും തോമാലീശോയ്ക്കും  അവർക്കറിയാവുന്ന വിധം മനസ്സു നിറഞ്ഞു നന്ദി അർപ്പിച്ചു. അതിനുശേഷം സാവധാനം അവർ മലയിറങ്ങി.  മടക്കയാത്രയിൽ ആർക്കും ക്ഷീണം ഒന്നും തോന്നിയില്ല.  എല്ലാവരുടെയും സംസാരവിഷയം കുട്ടിക്ക് ലഭിച്ച അത്ഭുത സൗഖ്യം ആയിരുന്നു!  

രണ്ടു കാലിനും സ്വാധീനമില്ലാതിരുന്ന കുഞ്ഞിന് മലയാറ്റൂർ തീർത്ഥാടനത്തിന്റെ ഫലമായാണ് സൗഖ്യം ലഭിച്ചത് എന്നകാര്യം ഓർമ്മിപ്പിക്കാനെന്നവണ്ണം അവന്‍ നടക്കുമ്പോൾ ചെറിയ ഒരു ചട്ടുണ്ട്.  പക്ഷേ നടക്കുന്നതിനോ ആവശ്യങ്ങൾ നിർവഹിക്കുന്നതിനോ അതു തടസ്സമല്ല. വീട്ടിൽ അതിൽ പിന്നെ യേശുവിന്റെ തിരുഹൃദയത്തിന്റെയും തിരുകുടുംബത്തിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടേയും ചിത്രങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

30 വർഷമായി ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചന്റെ ടീമിൽ മധ്യസ്ഥ പ്രാർത്ഥന, കൗൺസിലിംഗ്, വചനപ്രഘോഷണം തുടങ്ങി എല്ലാ ശുശ്രൂഷകളും നടത്തുന്ന നന്ദിനി (ഇപ്പോൾ മേരി മാർഗ്രറ്റ്)യുടെ പിതാവിന്റെ സാക്ഷ്യത്തില്‍ നിന്നു.  Praise the Lord!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment