അവിചാരിത സന്ദർശകൻ

 അവിചാരിത സന്ദർശകൻ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം  ഇവിടെ

രാത്രി മരംകോച്ചുന്ന തണുപ്പിൽ പാദ്രേ പിയോ എന്ന കപ്പൂച്ചിന്‍ വൈദികൻ നെരിപ്പോടിനടുത്തു പ്രാർത്ഥനയിൽ ലയിച്ച് ഇരിക്കുകയാണ്.  പ്രായമുള്ള ഒരു മനുഷ്യൻ സാവധാനം അദ്ദേഹത്തിൻറെ അടുത്തു വന്നിരുന്നു. അദ്ദേഹമത് ശ്രദ്ധിച്ചില്ല. കുറെ കഴിഞ്ഞപ്പോൾ അയാൾ പാദ്രേയുടെ ശ്രദ്ധയിൽപ്പെട്ടു. ദരിദ്രരായ കര്‍ഷകര്‍ ധരിക്കുന്ന കോട്ടാണ് അയാൾ ധരിച്ചിരുന്നത്.  അതു പഴകിയതും മുഷിഞ്ഞതുമായിരുന്നു. 

ഇയാൾ എങ്ങനെ അകത്തു പ്രവേശിച്ചു?  സന്യാസ ഭവനത്തിന്റെ വാതിലുകളും ജനലുകളും എല്ലാം അടച്ചുപൂട്ടി ഇരിക്കുകയാണല്ലോ!  അദ്ദേഹത്തിന് അത്ഭുതമായി. താൻ ആരാണ്? എന്താണയാൾക്ക് വേണ്ടത്?  പാദ്രെ തിരക്കി.

അയാൾ പേരും ആരുടെ മകനാണെന്നും പറഞ്ഞു.  തുടർന്ന്,  ഈ സന്യാസഭവനം ഇവിടെ വരുന്നതിനു മുമ്പ് സാധുജന സംരക്ഷണത്തിനായുള്ള ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നു.  നാലാം നമ്പർ മുറിയിൽ ആയിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, ഒരു രാത്രിയിൽ ചുരുട്ടു വലിച്ചിരുന്നു ഉറങ്ങിപ്പോവുകയും പുതപ്പും മെത്തയുമെല്ലാം തീപിടിച്ചുണ്ടായ പുകയിലും തീപ്പൊള്ളലിലും തനിക്കു ജീവഹാനി സംഭവിച്ചു എന്നും അതു 1908 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി ആയിരുന്നു എന്നും അയാൾ പറഞ്ഞു.  താന്‍ വര്‍ഷങ്ങളായി ശുദ്ധീകരണസ്ഥലത്താണ്.  പാദ്രേയുടെ  സഹായം ചോദിക്കാനായി കാരുണ്യപൂർവം തന്നെ കർത്താവ് അയച്ചതാണെന്നും  തനിക്കു വേണ്ടി ഒരു കുർബാനയര്‍പ്പിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു.  

തീര്‍ച്ചയായും നാളെ പ്രഭാതത്തിൽ തന്നെ കുർബാനയര്‍പ്പിക്കാമെന്നു സമ്മതിക്കുകയും കതകു  തുറന്ന് പുറത്തേക്ക് നയിക്കുകയും ചെയ്തു. പുറത്ത് ചെയ്തു കിടക്കുന്ന മഞ്ഞിലൂടെ ചന്ദ്രികയുടെ വെളിച്ചത്തിൽ ആ മനുഷ്യൻ ദൂരെ മറയുന്നത് കണ്ടു കതകടച്ച് പാദ്രേപിയോ അകത്തേക്ക് പോന്നു.

താൻ ഇത്രയും നേരം ഒരു മനുഷ്യപ്രേതത്തോടാണല്ലോ സംസാരിച്ചത് എന്ന് തിരിച്ചറിഞ്ഞ പാദ്രെ പിയോയ്ക്കു കുറെ നേരം ഭയം തോന്നി.

കുറേ ദിവസങ്ങൾക്കുശേഷം ഇക്കാര്യം തൻറെ സുപ്പീരിയർ അച്ചനോടും ഒരു വൈദിക സുഹൃത്തിനോടും പങ്കുവെച്ചു.  അവർ പഴയ രേഖകൾ പരിശോധിച്ചപ്പോൾ ആ മനുഷ്യൻ പറഞ്ഞ തീയതിയില്‍ ആ സ്ഥാപനത്തിൽ നാലാം നമ്പർ മുറിയിൽ അഗ്നിബാധയുണ്ടായി ആ പേരുകാരൻ നിര്യാതനായ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതു കണ്ട് ആശ്ചര്യപ്പെട്ടു! പാദ്രേയുടെ അനുഭവം വാസ്തവമാണെന്ന് അവർക്ക് ബോദ്ധ്യമായി.

ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടിയുള്ള പ്രാർത്ഥനയും പ്രായശ്ചിത്തവും ദിവ്യബലിയുമെല്ലാം കൂടുതൽ ശ്രദ്ധയോടെ, അർപ്പണബോധത്തോടെ നിർവഹിക്കുവാൻ പാദ്രെ പിയോയ്ക്കു പ്രോത്സാഹനമായി!  Praise the Lord! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments