നീയും നിന്റെ കുടുംബവും

 നീയും നിന്റെ കുടുംബവും

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം  ഇവിടെ

വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തിൽ ഒരു കൺവെൻഷൻ നടക്കുകയാണ്. മലയാളത്തിലെ പ്രസംഗം ഒരു ദ്വിഭാഷി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുന്നു.

കൺവെൻഷൻ പന്തലിനു അല്പം ദൂരെയായി പത്തിരുപതു വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഒരു മരവുംചാരി നിൽക്കുന്നുണ്ട്.  രാവിലെ മുതലുള്ള നിൽപ്പാണ്. ഉച്ചയോടുകൂടി അവൻ പന്തലിനടുത്തേക്ക് വന്ന് നിലയുറപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോൾ അവൻ പന്തലിനുള്ളിൽ പ്രവേശിച്ചു പുറകിലത്തെ നിരയിൽ ഇരുപ്പുറപ്പിച്ചു. രഹസ്യമായി അന്വേഷിച്ചതില്‍ നിര്‍ബ്ബന്ധിത മതപരിവർത്തനം വല്ലതും ഇവിടെ നടക്കുന്നുണ്ടോ എന്നറിയാൻ ഏതോ മൌലികവാദികളയച്ചതാണവനെ എന്നാണ് അറിയാൻ കഴിഞ്ഞത്.

ഏതായാലും ആ സമയം കർത്താവായ യേശുക്രിസ്തുവിൽവിശ്വസിക്കുവിൻ നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും(അപ്പ.പ്ര.16: 30, 31) എന്ന ഭാഗം ഉദ്ധരിച്ചായിരുന്നു വചനപ്രഘോഷണം.  മനുഷ്യരുടെ രക്ഷയെ കുറിച്ചും അതിൻറെ ഭാഗമായി നടക്കാനിടയുള്ള രോഗശാന്തിയെ കുറിച്ചും അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിഷേകത്തോടെ പ്രഘോഷിക്കുന്നത് അവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. കൊള്ളാമല്ലോ. ഇതൊന്നു പരീക്ഷിക്കണമല്ലോ എന്ന് ആ പയ്യൻ മനസ്സിൽ വിചാരിച്ചു. അവന് അപ്പനും അമ്മയും ഇല്ല. അമ്മ അവന്റെ ചെറുപ്പത്തിലെ മരിച്ചു. അന്നുമുതൽ അവനെ അന്വേഷിച്ചത് അവന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ്. ചേച്ചിയോട് അവനു വലിയ കാര്യമാണ്. ആ സ്ത്രീ ഏതാനും വർഷങ്ങളായി കിടപ്പിലാണ്.  അവനു ചേച്ചിയുടെ കാര്യം ഓർമ്മ വന്നു. ചേച്ചി സുഖം പ്രാപിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു അവനു കഴിയുംവിധം യേശുവിൽ വിശ്വസിക്കാൻ ശ്രമിച്ചു.

കൺവെൻഷൻ കഴിഞ്ഞു വീട്ടിലെത്തി കതകില്‍ മുട്ടി. അനക്കമില്ല. വീട് ഒന്നു ചുറ്റിനടന്നു നോക്കി തിരികെയെത്തി വീണ്ടും കതകിൽ മുട്ടി. പിന്നെ കതകു തുറക്കുന്ന ശബ്ദം. വാതിൽ തുറന്നു. അവന്‍ അത്ഭുതസ്തബ്ധനായി നിന്നു! ദാ! വര്‍ഷങ്ങളായി കിടപ്പിലായിരുന്ന അവന്റെ ചേച്ചി പ്രസന്നവദനനായി മുന്നിൽ!

അത്ഭുതത്തോടും ആനന്ദത്തോടെ കൂടി അവൻ ചേച്ചിയോടാരാഞ്ഞു. എന്താണ് സംഭവിച്ചത്? അവൾ പറഞ്ഞു ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മൂന്നു മൂന്നരയോടെ വെളുത്ത നെടിയ അങ്കിയണിഞ്ഞ നല്ല പ്രസാദമുള്ള ഒരു മനുഷ്യൻ സ്നേഹപൂർവ്വം എന്നോട് പറഞ്ഞു മകളേ, നീ സുഖമാക്കപ്പെട്ടിരിക്കുന്നു. എഴുന്നേൽക്കുക.  എനിക്ക് നല്ല ഉന്മേഷം തോന്നി. ഞാൻ എഴുന്നേറ്റു.  അദ്ദേഹത്തെ പിന്നീട് കണ്ടില്ല!

കണ്‍വെൻഷനിൽ ആരാധനയുടെ സമയമായിരുന്നു അത് എന്ന് അവൻ തിരിച്ചറിഞ്ഞു. അപ്പോൾ യേശു എന്ന വ്യക്തി സത്യമാണല്ലേ!  ഇന്നും ജീവിക്കുന്ന ദിവ്യരക്ഷകൻ. യേശുവിന് നന്ദി! സ്തുതി!

(ബ. നായിക്കംപറമ്പിലച്ചന്റെ  അനുഭവത്തില്‍ നിന്ന്.)

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments