64 പേരുടെ പേര് എഴുതിയ കടലാസ്

 64 പേരുടെ പേര് എഴുതിയ കടലാസ്

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം  ഇവിടെ

 

പല ധ്യാനങ്ങളിൽ സംബന്ധിച്ചിട്ടും അയാൾക്ക് ഒരു മാറ്റവുമില്ല. മൂക്കറ്റം കുടിക്കും. കുടി മാറ്റണമെന്ന് അയാൾക്കും ആഗ്രഹമുണ്ട്. കഴിയുന്നില്ല! അങ്ങനെയിരിക്കെ ആ മാസത്തെ മൂന്നാമത്തെ ധ്യാനത്തില്‍ സംബന്ധിക്കാന്‍  സ്വന്തം ഭാര്യ തന്നെ അയാളെ കൊണ്ടുവന്നു ധ്യാനകേന്ദ്രത്തിലെ സിസ്റ്ററിനെ ഏൽപ്പിച്ചു.  ഭാര്യ  ടീച്ചറാണ്. ദൈവഭക്തയായ ഒരു സ്ത്രീ.

ധ്യാനത്തിനിടയില്‍ സിസ്റ്റര്‍ അയാൾക്കുവേണ്ടി പ്രാർത്ഥിച്ചിട്ട്, പരിശുദ്ധ കുർബാനയുടെ മുൻപിൽ പോയി ഒരു മണിക്കൂർ പ്രാർത്ഥിച്ചു ക്ഷമിക്കുവാൻ ഉള്ള വ്യക്തികളുടെ പേരുകള്‍ ഒരു കടലാസിൽ എഴുതി കൊണ്ടുവരാൻ പറഞ്ഞു വിട്ടു.

കുറേ നേരം കഴിഞ്ഞു 64 പേരുടെ പേരെഴുതിയ കടലാസുമായി അയാള്‍ സിസ്റ്ററിനെ കാണാന്‍ ചെന്നു.  സിസ്റ്ററേ, ഈ 64 പേരിൽ രണ്ടേ രണ്ടുപേരൊഴികെയുള്ളവരോടു ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞു. ബാക്കി രണ്ടുപേരുടെയും ക്ഷമിക്കാൻ എന്നെനിര്‍ബ്ബന്ധിക്കരുത്. എനിക്ക് സാധിക്കില്ല.  ആരാണ് ആ രണ്ടുപേർ? സിസ്റ്റർ തിരക്കി.  ഒന്ന് എന്റെ അപ്പൻ.അപ്പനില്ല. മരിച്ചുപോയി. രണ്ട് സഹോദരി. അവർ ഇപ്പോൾ ഒരു സിസ്റ്ററാണ്.

കൌണ്‍സിലിംഗിന്റെ അവസരത്തില്‍  സിസ്റ്ററിനു മനസ്സിലായി വലിയ ആന്തരിക മുറിവുകൾ ഉള്ള ഒരു വ്യക്തിയാണിയാള്‍. പല സംഭവങ്ങളും പങ്കുവെച്ച കൂട്ടത്തിൽ ഒരു സംഭവം മറക്കാനാവുന്നില്ല.

സഹോദരങ്ങളും അപ്പനും -  അമ്മ നേരത്തെ മരിച്ചു പോയി - ഭക്ഷിച്ചു കഴിഞ്ഞ് അന്നു ചോറു ബാക്കി ഇല്ലായിരുന്നു. അമ്മയുടെ അഭാവത്തിൽ അവന്‍ ആയിരുന്നു വീട്ടുജോലിയും ചെയ്തിരുന്നത്. വിശന്നു പൊരിഞ്ഞ അവൻ അടുത്തുള്ള പള്ളി പറമ്പിൽ കിടന്ന ഒരു തേങ്ങ പൊതിച്ചു ഭക്ഷിച്ചു. അത് കണ്ട സഹോദരി ഓടിച്ചെന്ന് അപ്പനെ വിവരമറിയിച്ചു.  അപ്പന്‍ കുടിയുടെ ലഹരിയില്, അവനെ ഉടുപ്പൂരി  തെങ്ങിൽ കെട്ടിയിട്ടു മടല്‍ പൊളികൊണ്ടു പൊതിരെ തല്ലി.  പലരും അതു കണ്ടു. അപമാനം സഹിക്കവയ്യാതെ അവൻ വീടുവിട്ടിറങ്ങി. വർഷങ്ങൾക്ക് ശേഷം തിരികെ വരുമ്പോൾ അപ്പൻ ഇല്ല.  സഹോദരി മഠത്തിൽ ചേർന്ന് സിസ്റ്ററായി.

 കൗൺസിലർ സിസ്റ്ററിന് ആത്മാവിന്റെ ഒരു പ്രേരണ ലഭിച്ചു.  സ്വന്തം സഹോദരി സിസ്റ്ററിനെ പ്രതി അവർ അവനോടു മാപ്പുപറയാൻ. അവര്‍ എഴുന്നേറ്റ് അയാളുടെ മുമ്പിൽ മുട്ടുകുത്തി കാലിൽ തൊട്ട് സഹോദരി സിസ്റ്ററിനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു എന്നു പറഞ്ഞതേ അയാൾ കരയാൻ തുടങ്ങി. വലിയ കരച്ചിലായി.  പെങ്ങള്‍ സിസ്റ്ററിനോട് ഞാൻ ക്ഷമിക്കുന്നു സിസ്റ്ററേ....

അന്നു തന്നെ മറ്റൊരു ഒരുസംഭവവുമുണ്ടായി. ആരാധനയുടെ സമയത്ത് പ്രായംചെന്ന ഒരു മനുഷ്യൻ എഴുന്നേറ്റു വന്ന് ഈ സഹോദരന്റെ കാൽക്കൽ മുട്ടുകുത്തി മോനേ എന്നോട് ക്ഷമിക്കണേ എന്ന് പറഞ്ഞു മാപ്പപേക്ഷിച്ചു.  അദ്ദേഹത്തെ ജീവിതത്തില്‍ ആദ്യം കാണുകയാണ്! അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍  സ്വന്തം മകനോട് ചെയ്ത തെറ്റിന് മാപ്പ് പറയാൻ ആത്മാവിന്റെ പ്രേരണയാല്‍ ആ വയസ്സായ മനുഷ്യൻ വന്നതാണ്.  ഇയാൾ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. സ്വന്തം അപ്പൻ ഇയാളോടു ക്ഷമ ചോദിക്കുന്നതായിട്ടാണ് തോന്നിയത്. വലിയൊരു കരച്ചിലിൽ അപ്പാ ഞാൻ ക്ഷമിക്കുന്നേ.......   അതോടെ പ്രശ്നം എല്ലാം പരിഹരിക്കപ്പെട്ടു. ദൈവത്തിൻറെ വഴികൾ അത്ഭുതകരം!  

വലിയ സന്തോഷവും സമാധാനവും നിറഞ്ഞ ആളായിട്ടാണ് ഭാര്യ അയാളെ തിരികെ കൊണ്ടുപോയതു! ഏതാനും ദിവസങ്ങൾക്കുശേഷം ഭാര്യ സിസ്റ്റനെ വിളിച്ചു ഒരുപാട് നന്ദി ദൈവത്തിനും സിസ്റ്ററിനും പറഞ്ഞിട്ട്, സിസ്റ്ററേ, എന്റെ ഭർത്താവിനെ കർത്താവെനിക്കു തിരികെത്തന്നിരിക്കുന്നു. അദ്ദേഹത്തിന്റെ കുടി പൂർണ്ണമായും മാറി!

ഉള്ളിൽ വെറുപ്പോ പകയോ ഉള്ളപ്പോൾ മോചനമോ രക്ഷയോ അഭിഷേകമോ പ്രാപിക്കുക അസാധ്യമാണെന്ന് പ്രത്യേകം ഓർക്കുക. എത്ര കുമ്പസാരിച്ചാലും ധ്യാനങ്ങൾ കൂടിയാലും ക്ഷമിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുക ഇല്ല(മത്താ.6/15) എന്ന വചനം അന്വര്‍ത്ഥമാകാതിരിക്കാന്‍ നിവൃത്തിയില്ല!  സ്തോത്രം! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments