വ്യത്യസ്തനാമൊരു.........
വളരെ പഴയ
ഒരോര്‍മ്മ. കോളജിലെ സുഹൃത്കൂട്ടം. ഒരു പത്തു പേരോളം വരും. കന്റീനില്‍ കയറി പത്തു ചായ എന്ന് ആരെങ്കിലും
ആളെണ്ണി ചായയ്ക്ക് ഓഡര്‍ ചെയ്‌താല്‍ കൂട്ടത്തില്‍ ഒരു സുഹൃത്ത് ചാടിവീണ് പറയും
എനിക്ക് കാപ്പി മതി. ഓ! അവന്‍ കാപ്പിയേ കുടിക്കുകയുള്ളല്ലോ എന്നു കരുതി അടുത്ത തവണ
നമ്മള്‍ പത്തു കാപ്പി എന്നു പറഞ്ഞാല്‍ എനിക്ക് ചായ മതി എന്ന് ആ സുഹൃത്തു
പറഞ്ഞിരിക്കും.
മറ്റൊരു
രംഗം. കുടുംബാന്തരീക്ഷത്തിലൊരു ചെറു
വിരുന്നു. ഇരുപതോ ഇരുപത്തഞ്ചോ ആള്‍ക്കാര്‍
കാണുമായിരിക്കും. ഒന്നാന്തരം സസ്യേതര
ഭക്ഷണം. വിളമ്പു തുടങ്ങിയപ്പോള്‍ കൂട്ടത്തിലൊരാള്‍
‘വെജിറ്റേറിയന്‍ ഒന്നുമില്ലേ?’ എന്ന് ചോദിക്കുന്നതു കേട്ടു
ഞാനൊന്നമ്പരന്നു. എനിക്ക് ആളെ നന്നായി
അറിയുന്നതാണ്. നോണ്‍വെജ്ജില്ലാതെ
ആഹാരമിറങ്ങാത്ത ആളാണ്. നോമ്പിനു പോലും
എന്തെങ്കിലും ഒഴികഴിവുണ്ടാക്കുന്നയാള്‍.
തന്നെയുമല്ല, ബന്ധുക്കളെ മാത്രം
ഉദ്ദേശിച്ചു നടത്തുന്ന വിരുന്നായതിനാല്‍ വെജിറ്റേറിയന്‍ കരുതിയിരിക്കാന്‍
സാദ്ധ്യതയുമില്ല. വിരുന്നു തരുന്നയാളെ ആകെ വിഷമത്തിലാക്കുമല്ലോ എന്നും ഞാനോര്‍ത്തു. പക്ഷേ, എന്നെ അതിശയിപ്പിച്ചുകൊണ്ട് മീനും മുട്ടയുമൊന്നുമില്ലാത്ത ശുദ്ധ സസ്യാഹാരം
നമ്മുടെ ചോദ്യകര്‍ത്താവിന്റെ മുന്നിലെത്തി.
അദ്ദേഹം അതു കഷായം കുടിക്കുന്നതു പോലെ കഴിച്ചു തീര്‍ക്കുന്നത് ഒട്ടൊരു
ഹാസ്യം കലര്‍ന്ന വൈരനിര്യാതനബുദ്ധിയോടെ
ഞാന്‍ നോക്കിയിരുന്നതും ഓര്‍ക്കുന്നു.
ഇത്തരം
ആളുകളെ നിങ്ങളും കണ്ടുമുട്ടിയിരിക്കും, വ്യത്യസ്തതയ്ക്കുവേണ്ടി
വ്യത്യസ്തരാകുന്നവര്‍. യഥാര്‍ത്ഥത്തില്‍
വ്യത്യസ്തരായവരുണ്ട്. അവരെ വേഗം
തിരിച്ചറിയാന്‍ കഴിയും. അവരുടെ
വ്യത്യസ്തതയില്‍ പ്രകടനപരത തീരെ കുറവായിരിക്കും.
അവരുടെ കാര്യമല്ല ഇവിടെ പരാമര്‍ശിക്കുന്നത്. മേല്പറഞ്ഞ സംഭവങ്ങളിലെ നായകരെ
പോലെയുള്ളവര്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഒരുതരം ‘ഞാനിവിടുണ്ടേ’ എന്ന് വിളിച്ചു പറയല്‍. മറ്റുള്ളവരുടെ ശ്രദ്ധ എല്ലാ മനുഷ്യരുടെയും
ആവശ്യമാണ്. അതുകൊണ്ടാണല്ലോ ചിലര്‍
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുകയോ എന്തിനെങ്കിലുമൊക്കെ
സ്വന്തം പേരിടുകയും മറ്റും ചെയ്യുന്നത്.
താന്‍ മരിച്ചു കഴിഞ്ഞാലും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരുമുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിലല്ല
കാര്യം എന്നിടത്തേയ്ക്ക് വളര്ന്നവരുമുണ്ട്.
മറ്റുള്ളവരുടെ ശ്രദ്ധ അമിതമായി ദാഹിക്കുന്നവരാണ് വ്യത്യസ്തതയ്ക്കു വേണ്ടി
വ്യത്യസ്തരാകുന്നവര്‍. ഇതു ഭക്ഷണ
കാര്യത്തില്‍ തന്നെയാകണമെന്നില്ല. വസ്ത്ര ധാരണത്തിലോ പെരുമാറ്റത്തിലോ സംഭാഷണത്തിലോ
ഒക്കെയാവാം. ചിലര്‍ ചില രംഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തേക്കാം എന്നു മാത്രം. മുന്‍കാലങ്ങളില്‍ എവിടെയോ അവര്‍ക്കാവശ്യത്തിനു
ശ്രദ്ധ കിട്ടാതെ പോയതിന്റെ തേങ്ങലാണത്,
വിശേഷിച്ചു ശൈശവത്തിലോ കൌമാരത്തിലോ.
ഇങ്ങനെയൊരു പ്രശ്നം തനിക്കുണ്ടെന്നു അറിയുന്നതു പ്രശ്നപരിഹാരത്തിനു
തുടക്കമാകും. അപരിചിത സമൂഹത്തില്‍ വേഗം
ശ്രദ്ധ പിടിച്ചു പറ്റിയേക്കാമെങ്കിലും വളരെ വേഗം തന്നെ സാധാരണക്കാര്‍ ഇത്തരം
പ്രകടനങ്ങളെ ഒരുതരം പുച്ഛം കലര്‍ന്ന അവജ്ഞയോടെയാവും നോക്കുക എന്നും അറിയുക. പരിണിതപ്രജ്ഞരായ ചിലര്‍ ഇവരെ സഹതാപത്തോടെ നോക്കിയേക്കാം
എന്നല്ലാതെ ഇവര്‍ പ്രതീക്ഷിക്കുന്ന പ്രാധാന്യമോ ശ്രദ്ധാകേന്ദ്രമാകലോ ഒരിക്കലും
ഉണ്ടാകാന്‍ പോകുന്നില്ല. വിപരീത
ഫലമാണുണ്ടാകുന്നത് എന്ന തിരിച്ചറിവും ഒരളവോളം ഈ വൈകല്യത്തില്‍ നിന്നു
കരകയറുന്നതിനു കാരണമാകും. ഓര്‍മ്മകളുടെ
സൌഖ്യത്തിനായുള്ള പ്രാര്‍ത്ഥന ഒത്തിരി ഉപകാരപ്പെടും.
Comments
Post a Comment