ദൈവത്തിന് പരിമിതികളില്ല

 ദൈവത്തിന് പരിമിതികളില്ല

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio     here
ഈലേഖനം കേള്‍ക്കാം ഇവിടെ


മെഡിക്കൽ കോളേജിൽ രോഗികളുടെ തിരക്കുമൂലം മഞ്ഞപ്പിത്തം വന്ന് മൂർച്ഛിച്ച ബിനോയ് എന്ന സെമിനാരികാരനു കിടക്കാൻ കിട്ടിയത് രണ്ടു രോഗികളുടെ കട്ടിലിനു ഇടയ്ക്കുള്ള തറയിലാണ്. അവിടെ പായ വിരിച്ച് അവര്‍ അയാൾ കിടത്തി. ഡോക്ടറുടെ പരിശോധനയിൽ പ്രത്യാശയ്ക്കു വക ഒന്നുമില്ല! താമസിയാതെ ബിനോയ്ക്ക് ഒരു കട്ടിൽ ശരിയായി. ദിവസങ്ങളായി അബോധാവസ്ഥയിലാണ്.

ആ കിടപ്പില്‍ അയാള്‍ക്കൊരു ദർശനമുണ്ടായി.  ഒരു സ്ത്രീ കയറുമായി വന്നു അയാളെ കട്ടിലിനോട് ചേർത്ത് ബന്ധിക്കാൻ ശ്രമിക്കുന്നു.  അപ്പോൾ ആരോ വരുന്നുണ്ട് എന്ന് പറയുന്ന ഒരു സ്വരം കേട്ടു. ഉടൻതന്നെ ആ സ്ത്രീ കയറുമായി സ്ഥലംവിട്ടു!

 കടന്നുവന്നത് പരിശുദ്ധ കന്യകാമറിയം! അമ്മയുടെ ശാന്തവും തേജസ്സുറ്റതുമായ മുഖം! ഓർമ്മയിൽ അത് വ്യക്തമായി പതിഞ്ഞിരിക്കുന്നു!  മോനേ, എന്ന് വിളിച്ചുകൊണ്ടു നീ ഇതുവരെ പ്രധാന ഡോക്ടറെ കണ്ടില്ലല്ലോ. ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ട് വരാം.  പിന്നെ കാണുന്നതു യേശുവിന്റെ മഹത്വപൂർണ്ണമായ തിരുമുഖം! കൂടെ വെണ്‍മേഘങ്ങളും രണ്ടു മാലാഖമാറും.  മാലാഖമാര്‍ വന്നു ബിനോയിയെ വിളിച്ചു.  ഉടനെ തന്റെ ആത്മാവ്  ശരീരത്തിൽ നിന്നും വേര്‍പെട്ടു ഉയർന്ന് പൊങ്ങുന്നത് അനുഭവപ്പെട്ടു! ശരീരം കട്ടിലില്‍ കിടക്കുന്നതും ജ്യേഷ്ഠന്‍ അരികിലിരിക്കുന്നതും മുകളിൽ നിന്ന് കണ്ടു. കിടന്ന മുറിയുടെ മേല്‍ക്കൂര നിര്‍ബാധം കടന്നു അയാള്‍ മാലാഖമാരോടൊപ്പം ഉയർന്നുപൊങ്ങി.  ആകാശത്തുനിന്നും  മെഡിക്കൽ കോളേജ് സമുച്ചയവും അടുത്തുള്ള കെട്ടിടങ്ങളും കണ്ടതിന്റെ ഓര്‍മ്മ ഇപ്പോഴും അയാള്‍ക്കു നല്ല വ്യക്തം!

പിന്നെ ഉയരത്തിലേക്ക് അതിവേഗത്തിൽ.... മുകളിൽ ഒരു വാതിൽ തുറന്നു. സുന്ദരമായ ദൃശ്യങ്ങൾ!  കൂടെ ഒരാൾ പ്രത്യക്ഷപ്പെട്ടു. ഒരു കട പോലുള്ള സുന്ദരമായ ഒരു കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാൾ പറഞ്ഞു ഭൂമിയിൽ ആയിരുന്നപ്പോൾ അയച്ച തന്നിട്ടുള്ള സാധനങ്ങളൊക്കെ നോക്കിയെടുക്കുക.  താനയച്ചു കൊടുത്ത സാധനങ്ങൾ വലിയ ഉത്സാഹത്തോടെ ചൂണ്ടിക്കാണിച്ചിട്ടു അതെന്റേതാണ്, ഇത് എന്റേതാണ് എന്ന് പറയാൻ തുടങ്ങി. പലതരം പുഷ്പങ്ങൾ, ജപമാലകൾ.... ജപമാലകൾ എന്നെ അത്ഭുതപ്പെടുത്തി. ജപമാലകൾ എല്ലാം സ്വർണ്ണ ജപമാലകൾ ആയിരിക്കുന്നു!

ചെറുപ്പത്തിൽ അൾത്താര ബാലനായിരുന്നു. പള്ളിയിൽ പൂക്കൾ വയ്ക്കുന്നതോടൊപ്പം സെമിത്തേരിയിൽ പോയി അനേകം ജപമാലകൾ മരിച്ച വിശ്വാസികൾക്ക് വേണ്ടി ചൊല്ലി കാഴ്ച വച്ചിരുന്നത് ഓര്‍ത്തു!  കുട്ടികള്‍ സാധാരണ ചെയ്യാത്തതാണിത്.

ഈ ലോകത്തിൽ ദൈവസ്നേഹത്തെയും പരസ്നേഹത്തെയും പ്രതി ചെയ്യുന്ന സല്‍പ്രവൃത്തികള്‍ക്കു ദൈവ തിരുമുമ്പില്‍ എന്ത് വിലയാണ് അവിടുന്നു കല്പിക്കുന്നതെന്നു വലിയൊരു ബോദ്ധ്യം എനിക്കുണ്ടായി!

 അവിടെ നിന്നിറങ്ങിയപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ ചോദിച്ചു ഇനി  എന്താണ് ആഗ്രഹം? ഇവിടെയൊക്കെ ഒന്നു നടന്നു കാണണം.  അനുവദിച്ചു. സുന്ദരമായ കാഴ്ചകൾ ഞാൻ നടന്നു കണ്ടു.  കണ്ണും മനസ്സും നിറഞ്ഞു.

 ആ കൂട്ടത്തിൽ ശുദ്ധീകരണത്തിൽ കഴിയുന്ന ചില മനുഷ്യരെയും കണ്ടു. സ്വർഗ്ഗ സൗഭാഗ്യം എന്തെന്ന് അവര്‍ക്കു കാണാം; എന്നാല്‍ അനുഭവിക്കാന്‍ കഴിയാത്തതിന്റെ വേദന അവരുടെ മുഖത്തു വ്യക്തമാണ്. അവർക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

തിരികെ പുറപ്പെടുമ്പോള്‍ സ്ഫടികസമാനമായ ഒരു തടാകത്തിലിറങ്ങി ഒന്നു മുങ്ങി, ഒരു കവിള്‍ വെള്ളവും കുടിച്ചു കയറുമ്പോൾ കുതിരവണ്ടി പോലുള്ള ഒരു യാത്രാ വാഹനം തയ്യാര്‍!  തിരികെ പോകാൻ സമയമായി എന്ന് കൂടെയുണ്ടായിരുന്ന ആൾ. വണ്ടിയിൽ ഞാൻ കയറി.  മാലാഖമാർ എന്നെ അതിവേഗം ഭൂമിയിൽ എത്തിച്ചു.  തിരികെവന്ന ഞാൻ മെഡിക്കൽ കോളേജിലെ മുറിയുടെ വാതിൽക്കൽ എത്തി അബോധാവസ്ഥയിൽ കിടക്കുന്ന എൻറെ ശരീരത്തിൽ പ്രവേശിച്ചു!   നാലരമണി വെളുപ്പിനു ബിനോയി ചാടി എണീറ്റു.  നല്ല ഉന്മേഷം! അടുത്തുണ്ടായിരുന്ന ജ്യേഷ്ഠൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു.  പിന്നെ ഓടിപ്പോയി ഡ്യൂട്ടി ഡോക്ടറിനെ കണ്ടു. അദ്ദേഹവും നേഴ്സുമാരും ഓടിയെത്തി.  ബിനോയി നോര്‍മലായി  സന്തോഷത്തോടെ സംസാരിക്കുന്നു!  രക്തം പരിശോധിക്കാന്‍ കൊണ്ടുപോയി.  റിസള്‍ട്ട് കിട്ടി.  എല്ലാം നോര്‍മല്‍!  വീണ്ടും പരിശോധനയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചു.  കാരണം ടെസ്റ്റില്‍ തെറ്റു വരാം.  രണ്ടാമത്തെ റിസള്‍ട്ടും കിട്ടി.  പെര്‍ഫെക്റ്റ്‌ലി നോര്‍മല്‍!  ഡോക്ടറിന്റെ പ്രതികരണം: മെഡിക്കല്‍ സയൻസിന് പരിമിതികളുണ്ട്. എന്നാൽ ദൈവത്തിന് പരിമിതികളില്ല.  മൂന്നുദിവസത്തിനകം ബ്രദര്‍ ബിനോയി ഡിസ്ചാർജ് ആയി. പിന്നീട് പഠനം പൂർത്തിയാക്കി വൈദികനായി കർത്താവിനും അവിടുത്തെ ജനത്തിനും ഇപ്പോൾ വിശിഷ്ട സേവനം ചെയ്യുന്നു.  പ്രെയ്സ്ദ ലോര്‍ഡ്‌!

ഫാ. ബിനോയി ജോണിന്റെ അനുഭവത്തിൽനിന്ന്. 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments