കുടുംബം

 കുടുംബം


You can hear the audio      Click here
ഈലേഖനം കേള്‍ക്കാം  ഇവിടെ

ത്രിത്വം ..... തുടര്‍ച്ച

ദൈവം ത്രിത്വമാണെന്ന് നാം കണ്ടു.  ത്രിത്വത്തെ നമുക്ക് പിടികിട്ടുന്നതു യുക്തിയിലല്ല ബന്ധത്തിലാണെന്നും നാം കണ്ടു.  അതായതു ത്രിത്വം ചിന്താവിഷയമല്ല അനുഭവിച്ചറിയേണ്ട ബന്ധമാണെന്നു.  ബന്ധം അനുഭവിച്ചു തുടങ്ങേണ്ടയിടമാണ് കുടുംബം.  പലരാണെങ്കിലും ഒന്നാണെന്ന അനുഭവം അറിയുന്നതു കുടുംബത്തിലാണ്.  അതു യുക്തിയുടെ അടിത്തറയിലല്ല താനും.  ആ കുടുംബത്തിനാധാരമോ രണ്ടാണെങ്കിലും ഒരു ശരീരമായ ഭാര്യാഭര്‍ത്താക്കന്മാരും.

ത്രിത്വത്തെ അറിയാതെ ദൈവത്തെ അറിയുന്നതു ഒന്നുമാവില്ല.  പിതാവില്‍ വസിക്കുന്ന പുത്രനെയും പുത്രനില്‍ വസിക്കുന്ന പിതാവിനെയും അവരുടെ ശ്വാസനിശ്വാസമായ പരിശുദ്ധാത്മാവിനെയും അറിയുന്നതിലാണ് മനുഷ്യന്റെ നിത്യജീവന്‍.  മനുഷ്യനെ നിത്യജീവനില്‍നിന്നകറ്റി തന്റെ പിടിയില്‍ ഒതുക്കാനാഗ്രഹിക്കുന്ന തിന്മ മനുഷ്യനെ കുടുംബത്തില്‍ നിന്നകറ്റുന്നതും കുടുംബമെന്ന സ്ഥാപനത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും സ്വാഭാവീകം.  അതിനായി വളരെ സൂത്രത്തില്‍ അവന്‍ നുഴഞ്ഞു കയറുന്നതു പലപ്പോഴും നാം അറിയുന്നുമില്ല.

കുടുംബത്തെ തകര്‍ക്കുന്നതിനു പില്‍കാലത്ത് വളരെയേറെ കാരണമായ ജനനനിയന്ത്രണ ആശയങ്ങള്‍ക്ക് ആധാരമായ ജനസംഖ്യാവിസ്ഫോടന സിദ്ധാന്തത്തിനു ആരംഭമിട്ട മാല്‍ത്തൂസ് ഒരു ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു എന്നതു തന്നെ ഇതിനു നല്ലോരുദാഹരണമല്ലേ?  കുഞ്ഞുങ്ങള്‍ എത്രയെന്നു ദമ്പതികള്‍ക്കു തീരുമാനിക്കാമെങ്കില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്നു തീരുമാനിക്കാനും അവര്‍ക്കു അധികാരമുണ്ടെന്ന് വരുന്നു.  (അതിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കൃത്രിമമോ സ്വാഭാവികമോ എന്നൊക്കെ തരം തിരിക്കാനും ഇളവുകള്‍ പ്രഖ്യാപിക്കാനും പോകും മുമ്പ് ഇത് ചിന്തിച്ചിരുന്നെങ്കില്‍!)  കുഞ്ഞുങ്ങള്‍ വേണ്ട എന്നു വയ്ക്കാംഎങ്കില്‍   സ്ത്രീപുരുഷന്മാര്‍  സഹവസിക്കുന്നത് വിവാഹമെന്ന കൂട്ടായ്മയാകുന്നില്ല;  പങ്കാളിത്തഉടമ്പടി മാത്രമായി അത് മാറുന്നു.  പരസ്പര താത്പര്യം നിലനില്‍ക്കുന്ന അത്രയും കാലമേ അതിനു നിലനില്‍പ്പുള്ളൂ.  ഉഭയ സമ്മതപ്രകാരമോ മുന്‍‌കൂര്‍ തീരുമാനിച്ച നിബന്ധനപ്രകാരമോ അതു അവസാനിപ്പിക്കാവുന്നതേയുള്ളൂ. വിവാഹത്തിന്റെ നിര്‍വ്വചനം മനുഷ്യ മനസ്സുകളില്‍ ഇങ്ങനെയായി മാറുമ്പോള്‍  കുട്ടികളുള്ളതും കരാര്‍ അവസാനിപ്പിക്കുന്നതിന് ഒരു തടസ്സമല്ല എന്നായിത്തീരും.  വിവാഹമോചനങ്ങള്‍ സര്‍വ്വ സാധാരണമാകുന്നതു അങ്ങിനെയാണ്.  സമീപകാല ചരിത്രം പരിശോധിച്ചാലും ഈ നിഗമനത്തിന്റെ സാധുത തെളിയിക്കാവുന്നതെയുള്ളു.  ജനനനിയന്ത്രണകാര്യത്തില്‍ അമേരിക്കയും യൂറോപ്പും വളരെ മുന്‍പിലായിരുന്നു.  വിവാഹമോചനം സര്‍വ്വസാധാരണമായതിലും അവര്‍തന്നെ മുന്നില്‍.  സ്ത്രീപുരുഷ സഹവാസം പങ്കാളിത്ത ഉടമ്പടി മാത്രമെങ്കില്‍ അതു സ്ത്രീപുരുഷന്മാര്‍ തമ്മില്‍ത്തന്നെ ആവണമെന്നു എന്തിനു നിര്‍ബന്ധിക്കണം?  പരസ്പര താല്പര്യമാണല്ലോ പങ്കാളിത്ത ഉടമ്പടിയില്‍ പ്രധാനം. സ്വവര്‍ഗ്ഗ വിവാഹത്തിനു സാമുഹ്യാംഗീകാരം ലഭിക്കാനിടയാകുന്നത് ഇങ്ങനെയാണ്.

നാശോന്മുഖമായിരിക്കുന്ന കുടുംബം എന്ന സ്ഥാപനത്തെ രക്ഷിക്കാന്‍ കുടുംബത്തില്‍ ദൈവത്തിനു കൊടുത്തിരുന്ന പരമാധികാരം പുനഃസ്ഥാപിക്കുക മാത്രമാണ് പോംവഴി.  അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല.  ........  ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണെന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു. (റോമ. 1/21 32)  ഈ ദൈവവചന ഭാഗം നമുക്കൊരു വെളിപാടായി തീര്‍ന്നിരുന്നെങ്കില്‍.  കുടുംബം തകരുമ്പോള്‍ ത്രിത്വൈക ദൈവത്തെ അറിയുന്നതിന് ദൈവം ഏര്‍പ്പാടാക്കിയ മനോഹരമായ സംവിധാനം കൂടിയാണ് തകരുന്നത് എന്നുകൂടി നാമോര്‍ത്താല്‍ നന്ന്.

കൂടുതൽ വായനയ്ക്ക്: ഒളിഞ്ഞിരിക്കുന്ന മുത്ത്

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

 

Comments