സ്വര്ഗ്ഗ ത്തിലേതു പോലെ ഭൂമിയിലും

ഈ ലേഖനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 സ്വര്‍ഗ്ഗത്തിലേതു പോലെ ഭൂമിയിലും

മൂവുലകങ്ങളിലും സംഭവിയ്ക്കുന്നതെല്ലാം ദൈവ ഹിതമാണു്, സംശയമില്ല. ദൈവത്തിന്റെ നിര്‍വ്വചനം തന്നെയാണതിനു തെളിവു്. സര്‍വ്വശക്തനും സര്‍വ്വതും അധീനമായിരിയ്ക്കുന്നവനുമാണു് ദൈവം. എവിടെയെങ്കിലും ദൈവഹിതത്തിനു വിരുദ്ധമായി എന്തെങ്കിലും സംഭവിയ്ക്കുന്നു എന്നു വന്നാല്‍ അവിടം ദൈവത്തിനധീനമല്ലെന്നും അവിടം അധീനമാക്കാന്‍ മാത്രം ദൈവം ശക്തനല്ലെന്നും വരും. മാത്രമല്ല, അവിടം അധീനമാക്കിയിരിയ്ക്കുന്ന മറ്റൊരു 'ദൈവം' ഉണ്ടെന്നൊരു സൂചനയും അതു നല്‍കുന്നു. ഇതു യുക്തിയ്ക്കു നിരക്കുന്നതല്ല. ഒന്നുകില്‍ ഈ രണ്ടു 'ദൈവ'ങ്ങള്‍ക്കുമുപരി മറ്റൊരു ദൈവമുണ്ടു്. അങ്ങനെയെങ്കില്‍ താഴെയുള്ളതു രണ്ടും ദൈവമല്ല. അല്ലെങ്കില്‍ ഈ രണ്ടും ചേര്‍ന്നു് ഒരു ദൈവമാണു്. മാത്രമല്ല, ഒന്നിലധികം ദൈവം എന്നതു നമ്മുടെ ഏകദൈവ വിശ്വാസത്തിനു നിരക്കുന്നതുമല്ല. പക്ഷേ, പ്രശ്‌നം അവശേഷിക്കുന്നു; നമുക്കു ചുറ്റും സംഭവിയ്ക്കുന്നതെല്ലാം ദൈവഹിതാനുസാരമെന്നു മനസ്സിലാക്കാനോ സ്വീകരിയ്ക്കാനോ നമുക്കു കഴിയുന്നില്ല. അത്രമാത്രം അനീതിയും സഹനവും ഉള്‍ചേര്‍ന്ന സംഭവങ്ങളാണു് നമുക്കു ചുറ്റും. ഇതു നമ്മുടെ മാത്രം പ്രശ്‌നമല്ല. എക്കാലത്തെയും ചിന്തിയ്ക്കുന്ന മനുഷ്യര്‍ അഭിമുഖീകരിച്ചിട്ടുള്ള പ്രതിസന്ധിയാണിതു്. ഈ വഴിത്തിരിവില്‍ നിന്നു് ദൈവത്തെ കൂടാതെ ലോകത്തില്‍ നിന്നു അനീതിയും സഹനവും തുടച്ചുമാറ്റാന്‍ ശ്രമിച്ചവരുടെയും പ്രസ്ഥാനങ്ങളുടെയും പരാജയങ്ങളും കൂടി ചേര്‍ന്നതാണു് ചരിത്രം. സര്‍വ്വതും ദൈവഹിതമായി സ്വീകരിയ്ക്കുകയും അതുതന്നെ പഠിപ്പിക്കുകയും ചെയ്ത യേശുവിന്റെ സ്വന്ത ശിഷ്യന്മാരും ഇത്തരമൊരു പ്രതിസന്ധിയില്‍ കുഴങ്ങിപ്പോകുന്നതു് ലൂക്കാ 24/13-35 ല്‍ നാം കാണുന്നു. യേശുവിന്റെ ക്രൂശീകരണത്തിനു ശേഷം എമ്മാവൂസിലേയ്ക്കു പോയ അവര്‍ക്കു്, സംഭവിച്ചതൊക്കെയും ദൈവഹിതമായിരുന്നു എന്നു തെളിയിച്ചു കൊടുക്കുകയാണവിടെ നാഥന്‍. നമുക്കു ന്യായീകരിയ്ക്കാനും മനസ്സിലാക്കാനും സ്വീകരിയ്ക്കാനും കഴിയാത്തപ്പോഴും സംഭവിയ്ക്കുന്നവയിലൊക്കെ ദൈവ ഹിതം ദര്‍ശിയ്ക്കാന്‍ ഓരോ ദൈവ വിശ്വാസിയും കടപ്പെട്ടിരിയ്ക്കുന്നു.

ആര്‍ക്കും നല്‍കാനാവാത്തത്ര അളവിലാണു് ദൈവം മനുഷ്യനു സ്വാതന്ത്ര്യം നല്‍കിയിരിയ്ക്കുന്നതു്. ഒരുദാഹരണത്തിലൂടെ വിശദമാക്കാന്‍ ശ്രമിക്കട്ടെ. നമ്മുടെ നാട്ടില്‍, ഓരോ പൗരനും പൗരസ്വാതന്ത്ര്യം നല്‍കുന്നതും ഉറപ്പാക്കുന്നതും നമ്മുടെ ഭരണഘടനയാണു്. അതിനാല്‍ ഭരണഘടനയെ നിഷേധിയ്ക്കുന്നവര്‍ക്കു് അക്കാരണത്താല്‍ത്തന്നെ പൗരസ്വാതന്ത്ര്യം നഷ്ടമാകുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ തന്നെത്തന്നെ നിഷേധിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ഭരണഘടനയ്ക്കാവില്ല. ഭരണഘടനയെ്ക്കന്നല്ല ആര്‍ക്കും, ഒന്നിനും അതിനാവില്ല. എന്നാല്‍ ദൈവം മനുഷ്യനു നല്‍കിയിരിക്കുന്നതു് ദൈവത്തെത്തന്നെയും നിഷേധിക്കാന്‍ കഴിയുന്നത്ര സ്വാതന്ത്ര്യമാണു്. മനുഷ്യനു ലഭിച്ചിരിയ്ക്കുന്ന ഈ പരിധിയില്ലാത്ത സ്വാതന്ത്ര്യവും ദൈവ ഹിതത്തിന്റെ സാര്‍വ്വലൗകീക നിറവേറലും ഒരുമിച്ചു നിലനില്‍ക്കുന്നു എന്നതു് സത്യമാണെങ്കിലും അത്ര വിശദീകരണ ക്ഷമമല്ല. ഇവ രണ്ടിന്റെയും പാരസ്പര്യം (interaction) വ്യവഹരിയ്ക്കാന്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഒരു മാര്‍ഗ്ഗമാണു്, ദൈവഹിതത്തെ (Will of God) ദൈവത്തിന്റെ നിര്‍ദ്ദേശ(Directive Will of God)മെന്നും ദൈവം അനുവദിക്കുന്ന(Permissive Will of God)തെന്നും രണ്ടായി തിരിയ്ക്കല്‍. പക്ഷേ, അതുകൊണ്ടു് ദൈവത്തിനു് രണ്ടു തരം ഹിതമുണ്ടെന്നു നാം തെറ്റിദ്ധരിക്കരുതു്. സത്യത്തില്‍, ദൈവത്തിനു് ഒരു ഹിതമേയുള്ളു. സ്വാതന്ത്ര്യമുള്ള മനുഷ്യന്‍ അതിനോടു പ്രതികരിയ്ക്കുന്നിടത്താണു് ബഹുത്വമുള്ളതു്.

 യൂദാസ് യേശുവിനെ ഒറ്റികൊടുത്ത സംഭവം നല്ലൊരുദാഹരണമാണു്. വ്യക്തമായ പലേ മുന്നറിയിപ്പുകളെയും അവഗണിച്ചു്, മുപ്പതു വെള്ളിക്കാശിനു് യേശുവിനേക്കാള്‍ മൂല്യം കണക്കാക്കി, സ്വതന്ത്ര മനസ്സോടെയുള്ള അവന്റെ തീരുമാനമായിരുന്നു ആ ഒറ്റിക്കൊടുക്കല്‍. അതിനാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം അവനുണ്ടു്. അതേ സമയം തന്നെ അതു ദൈവഹിതത്തിന്റെ പൂര്‍ത്തീകരണവുമായിരുന്നു. 'മനുഷ്യപുത്രന്‍ തന്നെക്കുറിച്ചു് എഴുതപ്പെട്ടിരിക്കുന്നതു പോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ജനിയ്ക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു.' (മര്‍ക്കോസ് 14/21) എന്ന വചനത്തിലൂടെ യേശു ഈ രണ്ടു സത്യങ്ങളെയും ഒന്നിച്ചുയര്‍ത്തിക്കാട്ടുന്നു. യൂദാസിലൂടെ ദൈവഹിതം നടപ്പിലായി. പക്ഷേ, അവന്റെ ഉദ്ദേശ്യം (intention) ദൈവ വിരുദ്ധമായിരുന്നു. നരകത്തില്‍ ദൈവഹിതം നിറവേറുന്നതെങ്ങിനെ എന്നതിനു് നല്ലൊരു മാതൃകയാണു് ഇതു്. അവന്‍ പ്രതീക്ഷിച്ച സന്തോഷം അവനു കിട്ടിയില്ല എന്നു മാത്രമല്ല, ഉണ്ടായിരുന്ന സമാധാനവും നഷ്ടമായി. പകരം നിരാശയും മരണവും അവനിലേയ്ക്കിറങ്ങി വന്നു. അതെ, നരകം അവനിലേയ്ക്കിറങ്ങി വന്നു. അല്ലെങ്കില്‍ അവന്‍ നരകത്തിലായി. (യൂദാസ് നിത്യശിക്ഷയ്ക്കുടമയായി എന്നു് ഇവിടെ വിവക്ഷയില്ല. അതു് അയാളുടെ അന്തിമ തീരുമാനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതെന്തായിരുന്നു എന്നു് എനിയ്ക്കറിയില്ല താനും.)

'താരിളം മെയ്യില്‍ മിശിഹാ രുധിരം ചൊരിഞ്ഞു നിന്നു.

ദൂരെയായ് തീയും കാഞ്ഞു് നിര്‍ദ്ദയം ശിമയോന്‍ നിന്നു.'

ബ. പനച്ചിയ്ക്കലച്ചന്‍ പ്രസക്തമായ വചന ഭാഗത്തിനു് കൃത്യമായ ഒരു വ്യാഖ്യാനം നല്‍കുകയാണീ ഈരടികളില്‍. എന്തു കൊണ്ടു് 'നിര്‍ദ്ദയം'? തന്റെ സര്‍വ്വസ്വവുമെന്നു് അംഗീകരിച്ച് ഏറ്റുപറഞ്ഞിട്ടുള്ള ഗുരു, നിരപരാധിയായ അവിടുന്നു് തികച്ചും അന്യായമായി മരണശിക്ഷ നല്‍കപ്പെടാനായി വിചാരണ ചെയ്യപ്പെടുമ്പോള്‍ തീയും കാഞ്ഞിരിയ്ക്കുന്ന പ്രീയ ശിഷ്യന്റെ ഇരുപ്പിനെ നിര്‍ദ്ദയം എന്നെങ്കിലും വിളിയേ്ക്കണ്ടതല്ലേ?

 ഇനി മറ്റൊരു രംഗത്തേയ്ക്കു ശ്രദ്ധ തിരിയ്ക്കൂ! കുരിശിന്റെ വഴിയില്‍ മകനെ അനുഗമിയ്ക്കുന്ന അമ്മ. നിര്‍ബ്ബന്ധത്തിനു വഴങ്ങിയിട്ടാണെങ്കിലും ഒരു കൈത്താങ്ങെങ്കിലും നല്‍കുന്ന കിറേനേക്കാരന്‍ ശിമയോനെ അവിടെ നാം കാണുന്നു. എന്നാല്‍ മകനെ സഹായിയ്ക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത അമ്മയെ ആണു് നാം കാണുന്നതു്. ഏകമകനെ കുരിശോടു ചേര്‍ത്തു് ആണിയടിയ്ക്കുമ്പോള്‍ നോക്കി നില്ക്കാന്‍ ഏതമ്മയ്ക്കാണു കഴിയുക? നിഷ്പ്രയോജനമെന്നുറപ്പുള്ളപ്പോഴും തന്റെ മകനെ പൊതിഞ്ഞു പിടിച്ചു് 'എന്നെ കൊല്ലാതെ നിങ്ങള്‍ക്കിവനെ തൊടാനാവില്ല' എന്നലറി വിളിയ്ക്കാനാണു് ഏതൊരമ്മയ്ക്കും സ്വാഭാവികമായുണ്ടാകുന്ന പ്രചോദനം. പക്ഷേ, മറിയം? വേദന അടക്കിപ്പിടിക്കാനാകാതെ വാവിട്ടു കരയുന്ന ജറുസലേം പുത്രിമാരുടെ കൂട്ടത്തില്‍ പോലും അവളുണ്ടായിരുന്നില്ല. വിചാരണാ വേളയില്‍ തീയും കാഞ്ഞിരുന്ന ശിമയോന്റെ ഇരുപ്പിനെ നിര്‍ദ്ദയം എന്നു വിശേഷിപ്പിച്ചെങ്കില്‍ ഈ അമ്മയുടെ നില്പിനെ എന്തു പേരിട്ടു വിളിയ്ക്കും?

നില്ക്കൂ ! അതു തീരുമാനിയ്ക്കും മുമ്പു് ഈ അമ്മ എന്തുകൊണ്ടു് അങ്ങനെ നിന്നു എന്നു് അന്വേഷിയേ്ക്കണ്ടതുണ്ടു്. മുപ്പത്തിമൂന്നു കൊല്ലങ്ങള്‍ക്കു് മുമ്പു് ദൈവദൂതന്റെ മുമ്പില്‍ അവള്‍ ദൈവവചനത്തിനു്, ദൈവഹിതത്തിനു് പൂര്‍ണ്ണമായി സമര്‍പ്പിച്ചതാണു്. മൂന്നു കൊല്ലത്തിനു മുമ്പു് കാനായില്‍ വച്ചു് തന്റെ പരസ്യജീവിതം ആരംഭിയ്ക്കും മുമ്പു് ആ മകന്‍ തന്റെ സമയത്തെ, മണിക്കൂറിനെ - തന്റെ കുരിശിലെ മഹത്വീകരണത്തെ - സ്വീകരിക്കാന്‍ ആ അമ്മ തയ്യാറായിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയില്‍ മുഴുവന്‍ മാര്‍ക്കോടെ പാസ്സായതാണു്. 'എന്റെ പിതാവു് എനിയ്ക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?' എന്നു ചോദിച്ച മകന്റെ ആവേശം ഒട്ടും ചോരാതെ ഏറ്റെടുത്തവളായിരുന്നു മറിയം. അതുകൊണ്ടു് മാതൃസഹജമായ എല്ലാ വിചാര വികാരങ്ങളെയും അടക്കിപ്പിടിച്ചു് ദൈവഹിതം നിറവേറ്റാന്‍ അവള്‍ മകനെ പ്രോത്സാഹിപ്പിച്ചു. ഏകമകനെ ക്രൂരമായ മരണത്തിനേല്പിച്ചു കൊടുക്കാന്‍ പോലും മടിയ്ക്കാത്തത്ര ആഴമേറിയതായിരുന്നു ദൈവഹിതത്തോടുള്ള അവളുടെ സമര്‍പ്പണം. 'നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക' എന്നു് കുരിശിന്‍ ചുവട്ടില്‍ നിന്നുയര്‍ന്ന വെല്ലുവിളിയ്ക്കും 'എന്റെ ദൈവമേ! എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?' എന്നു് കുരിശില്‍ നിന്നുയര്‍ന്ന വിലാപത്തിനും മുമ്പില്‍ പതറാതെ, പരാതിപ്പെടാതെ വേദന കടിച്ചിറക്കി ദൈവഹിതത്തിനു കീഴ് വഴങ്ങി മറിയം നിന്നു. കാര്യ കാരണങ്ങള്‍ നോക്കാതെ, ലാഭ നഷ്ടങ്ങള്‍ ഗണിക്കാതെ ദൈവ ഹിതം എന്തായിരുന്നാലും നിരുപാധികം അതിനു മുമ്പില്‍ ആമേന്‍ പറഞ്ഞവളായിരുന്നു ആ അമ്മ. അങ്ങനെ, സ്വര്‍ഗ്ഗത്തില്‍ ദൈവ ഹിതം നിറവേറുന്നതിന്റെ ഉത്തമ നിദര്‍ശനമായി പ. മറിയം. ഫലമോ? സ്വര്‍ഗ്ഗം അവളിലേയ്ക്കിറങ്ങി വന്നു. സ്വര്‍ഗ്ഗത്തിലേയ്ക്കു് അവള്‍ ഉയര്‍ത്തപ്പെട്ടു. അതിലുപരിയായി, സ്വര്‍ഗ്ഗം ഭൂമിയിലേയ്ക്കിറങ്ങി വരാന്‍ ദൈവത്തിന്റെ കയ്യിലെ നല്ലൊരു ചാനലായി അവള്‍ മാറി. സ്വര്‍ഗ്ഗത്തിനൊരു നിര്‍വ്വചനവും നമുക്കിവിടെ ലഭിയ്ക്കുന്നു. യേശുവിലും മറിയത്തിലും നിറവേറിയതു പോലെ ദൈവ ഹിതം എവിടെ നിറവേറുന്നുവോ അവിടമാണു സ്വര്‍ഗ്ഗം. അലസമായി തീയും കാഞ്ഞിരുന്ന ശിമയോനിലൂടെയും ദൈവഹിതം നിറവേറുക തന്നെയായിരുന്നു. ഭൂമിയില്‍ ദൈവ ഹിതം നിറവേറുന്നതിങ്ങനെ എന്നു പറയാമെന്നു തോന്നുന്നു.

കര്‍ത്തൃപ്രാര്‍ത്ഥനയില്‍ നാം അപേക്ഷിയ്ക്കുന്നു, 'അങ്ങയുടെ തിരുമനസ്സു് സ്വര്‍ഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകണം.' 'എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിയ്ക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണു് എന്റെ ഭക്ഷണം' എന്നു പറഞ്ഞ യേശുവിലും 'ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വാക്കു് എന്നില്‍ സംഭവിയ്ക്കട്ടെ' എന്നു പറഞ്ഞ മറിയത്തിലും സംഭവിച്ചതു പോലെ എന്നിലും ദൈവഹിതം നിറവേറട്ടെ എന്നാണതിന്റെ അര്‍ത്ഥം. എന്റെ പ്രവൃത്തിയേക്കാളുപരി അതിന്റെ പിന്നിലെ എന്റെ ഉദ്ദേശ്യമാണു് ഇവിടെ പ്രസക്തമാകുന്നതു്. കഷ്ട നഷ്ടങ്ങള്‍ വകവയ്ക്കാതെ ലാഭ ചേതങ്ങള്‍ കണക്കാക്കാതെ എങ്ങനെയെന്നും എന്തിനെന്നും മനസ്സിലാകാത്തപ്പോളും ദൈവഹിതം നിറവേറുന്നതിനായി നമ്മേത്തന്നെ സമര്‍പ്പിച്ചു കൊണ്ടു് ദൈവ തിരുമനസ്സു് സ്വര്‍ഗ്ഗത്തിലേതു പോലെ നമ്മുടെ 'ഭൂമി'യിലുമാക്കാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിയ്ക്കാം.


ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.

Comments

  1. An excellent exposition of Gods will - clarifies a lots of questions - Thanks George cheta

    ReplyDelete

Post a Comment