വ്യാഴാഴ്ചത്തെ കല്യാണവും തിങ്കളാഴ്ചത്തെ ജപ്തിയും

 വ്യാഴാഴ്ചത്തെ കല്യാണവും തിങ്കളാഴ്ചത്തെ ജപ്തിയും


You can hear the audio            
ഈലേഖനം കേള്‍ക്കാംClick here ഇവിടെ ക്ലിക്ക് ചെയ്യുക

`അടുത്ത തിങ്കളാഴ്ച ..........രൂപ ബാങ്കില്‍ അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ ആരംഭിയ്ക്കും. ഒറ്റ രൂപ എന്റെ കയ്യിലില്ല. എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിയ്ക്കണം' ചെറിയൊരു മുറിയില്‍ പത്തിരുപത്തഞ്ചു പേരുടെ പ്രാര്‍ത്ഥനായോഗം ആരംഭിയ്ക്കാന്‍ നേരം അയാള്‍ ആവശ്യപ്പെട്ടു. ആ കുടിയേറ്റ ഗ്രാമത്തിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഏതാണ്ടെല്ലാവരും തന്നെ പാവപ്പെട്ട കര്‍ഷകര്‍. അവര്‍ക്കാര്‍ക്കും അത്ര എളുപ്പത്തില്‍ എത്തിപ്പിടിയ്ക്കാവുന്ന തുകയല്ല പരാമര്‍ശിതമായിരിയ്ക്കുന്നതു്. `അത്യധികം പ്രാര്‍ത്ഥനാ പ്രാധാന്യമുള്ള വിഷയം', ഞാന്‍ മനസ്സില്‍ കരുതി. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയിലെ ആ പ്രാര്‍ത്ഥനായോഗത്തില്‍ പ്രാര്‍ത്ഥിച്ചിട്ടു് തിങ്കളാഴ്ച ബാങ്കിലടയ്ക്കാന്‍ പാകത്തിനു ദൈവം എങ്ങനെയാവും പണം കൊടുക്കുക? അതായിരുന്നു എന്റെ ചിന്ത. ഏറെ നാളുകളായിട്ടില്ല ഞാന്‍ ആ പ്രാര്‍ത്ഥനായോഗത്തിലും നവീകരണത്തിലും എത്തിപ്പെട്ടിട്ടു്. അഞ്ചപ്പം കൊണ്ടു് അയ്യായിരം പേരെ തീറ്റിയതും ചൂണ്ടയിട്ടു മീന്‍ പിടിച്ചു് അതിന്റെ വായിലെ നാണയമെടുത്തു് നികുതി കൊടുക്കാന്‍ പറഞ്ഞതും ഒക്കെ ഞാനോര്‍ത്തു. `ദൈവത്തിനു് ഒന്നും അസാദ്ധ്യമല്ലല്ലൊ.'

 

`നാളെ പള്ളീപ്പോകുന്ന വഴി എന്റെ വീട്ടിലൊന്നു വാ', മറ്റൊരു മൂലയില്‍ നിന്നും ഒരു സ്വരമുയര്‍ന്നു. 40 വാട്ടു് ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍ പരതിയ എന്റെ കണ്ണുകള്‍ ആ സ്വരത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. അത്ഭുതമാണോ അമര്‍ഷമാണോ അതൊ മറ്റെന്തെങ്കിലും വികാരമാണോ എന്റെ മനസ്സില്‍ നുരഞ്ഞു പൊന്തിയതില്‍ മുന്നില്‍ നിന്നതെന്നറിയില്ല. കുറച്ചു നാളുകള്‍ക്കു മുമ്പാണു് ആ ചേട്ടന്‍ തന്റെ മകള്‍ക്കു് ഒരു കല്യാണാലോചന ഒത്തുവന്ന കാര്യം ഇതേ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കുവച്ചതു്. സ്ത്രീധനത്തിനുള്ള പണത്തിനു മാര്‍ഗ്ഗമില്ല. എന്തൊക്കെയൊ വിറ്റും പലരു ചേര്‍ന്നു് സഹായിച്ചും ഒരു വിധത്തില്‍ ആ പണം തികഞ്ഞെന്നു പിന്നീടു കേട്ടു. അടുത്ത വ്യാഴാഴ്ച ഒത്തുകല്യാണത്തിനു് ആ തുക കൊടുക്കേണ്ടതാണു്. ആ ചേട്ടനാണിപ്പോള്‍ സഹായ വാഗ്ദാനം ചെയ്തിരിയ്ക്കുന്നതു്. വ്യാഴാഴ്ച കല്യാണത്തിനു കൊടുക്കേണ്ട പണമെടുത്തു് തിങ്കളാഴ്ചത്തേ `ജപ്തിക്കാര'നു കൊടുത്താല്‍ കല്യാണമെങ്ങനെ നടക്കും? ഒത്തുകല്യാണത്തോളമെത്തി കല്യാണം നടക്കാതെ നില്ക്കുന്ന മകളുടെ മുഖമെന്തേ ആ അപ്പനോര്‍ത്തില്ല? നല്ല അയല്ക്കാരനാകുന്നതും സഹായിയ്ക്കുന്നതും നല്ലതു തന്നെ. പക്ഷേ, വിവേകം വേണ്ടേ? യോഗം തീരുന്നതു വരെ ചോദ്യങ്ങളെല്ലാം ഉള്ളിലടക്കിപ്പിടിച്ചു ഞാനിരുന്നു. യോഗം കഴിഞ്ഞു് പുറത്തിറങ്ങിയതും ഞാനാ ചേട്ടന്റെ കൈയ്ക്കു പിടിച്ചു് ഒറ്റയ്ക്കു മാറ്റി നിര്‍ത്തി ചോദിച്ചു: `ചേട്ടന്‍ എന്തു പണിയാ കാണിച്ചതു്? ഇനി കല്യാണത്തിനു് പണമെവിടുന്നുണ്ടാകും? എന്തു വിചാരിച്ചാ ആ പണം കൊടുക്കാമെന്നേറ്റതു്?' `ആരാ പണം കൊടുക്കുന്നതെന്നാ മോന്‍ കരുതിയതു്?' ചേട്ടന്‍ ശാന്തനായി എന്നോടു ചോദിച്ചു. അരണ്ട വെളിച്ചത്തില്‍ എനിയ്ക്കാളു മാറിപ്പോയോ? ഞാനാകെ ഇളിഭ്യനായി പറഞ്ഞു: `ഞാന്‍ വിചാരിച്ചു, ചേട്ടനായിരിയ്ക്കും ആ പറഞ്ഞതെന്നു്.'

 

`അതെ, പറഞ്ഞതു ഞാന്‍ തന്നെ. അയാളുടെ വീടു ജപ്തിയില്‍ പെടാതിരിയ്ക്കാന്‍ പണം കൊടുക്കുന്നതു് പക്ഷേ, ഒടേതമ്പുരാനല്ലേ? പിന്നെ, അതെന്റെ കയ്യിലൂടെയാണെന്നു മാത്രം. ഞാനാണു പണം കൊടുക്കുന്നതെന്നു കരുതിയല്ലേ, എന്റെ മകളുടെ കല്യാണത്തിനു് എവിടെ നിന്നു പണം കിട്ടുമെന്നു ചോദിച്ചതു്? ഇപ്പോള്‍ അതിനും ഉത്തരം കിട്ടിയിരിയ്ക്കുമല്ലൊ, അല്ലേ?' ചിരിച്ചു കൊണ്ടു് മെല്ലെ എന്റെ കൈ വിടുവിച്ചു് ആ ചേട്ടന്‍ നടന്നു നീങ്ങുമ്പോള്‍ കൂട്ടായ്മയുടെ കാതലെന്താണെന്നു് ഒരു വെളിപാടിലെന്നപോലെ ഞാന്‍ അറിയുകയായിരുന്നു.

 

ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഐക്യത്തോടെ മുന്നോട്ടു പോകുന്നതു് ഐക്യമുന്നണി; കൂട്ടായ്മയല്ല. കൂട്ടായ്മയില്‍ ഐക്യമുണ്ടായിരിയ്ക്കും; ഐക്യമുള്ളിടത്തെല്ലാം കൂട്ടായ്മയുണ്ടായിരിയ്ക്കണമെന്നില്ല. സാത്താന്റെ രാജ്യത്തിലും ഐക്യമുണ്ടെന്നു യേശു പറഞ്ഞു.(ലൂക്കാ 11:17 നോക്കുക) പക്ഷേ, അവിടെ കൂട്ടായ്മയില്ല. തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായി കരുതി, ആവശ്യാനുസരണം വിതരണം ചെയ്യുന്നതു് ആദര്‍ശ കമ്മ്യൂണിസമാണു്; കൂട്ടായ്മയാവണമെന്നു നിര്‍ബ്ബന്ധമില്ല. ഒരു ഉടമ്പടിയുടെ കെട്ടുപാടില്‍ ഒരുമിച്ചു നില്ക്കുന്ന ഒരു സമൂഹമോ പൊതുലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള ഒരു മുന്നേറ്റമോ അല്ല കൂട്ടായ്മ. മകളുടെ വിവാഹത്തിനു വച്ചിരുന്ന പണമെടുത്തു ബാങ്കിലടയ്ക്കാന്‍ അപരനു കൊടുത്ത ചേട്ടന്റെ കാര്യമെടുക്കാം. ആ ചേട്ടന്‍ അതു ചെയ്തതു് ഒരു പുണ്യപ്രവൃത്തി ചെയ്തു് സ്വര്‍ഗ്ഗം നേടാനായിരുന്നില്ല. ജപ്തി നേരിടുന്ന സഹോദരനോടു തോന്നിയ അനുകമ്പയിലലിഞ്ഞുമല്ല ആ പ്രവൃത്തി സംഭവിച്ചതു്. ദൈവം ഇവിടെ കേന്ദ്രബിന്ദുവായി വരുന്നു. എനിയ്ക്കും അപരനും എല്ലാം നല്കുന്ന, നല്കാകാന്‍ കഴിവും തയ്യാറുമുള്ള ദൈവം. അങ്ങനെ എല്ലാം ദൈവദാനമാണെന്ന തിരിച്ചറിവില്‍ എന്റേതു് അവന്റേതു് എന്ന തരം തിരിവു തന്നെ ഇല്ലാതാകുന്നു. `ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്നു് അവകാശപ്പെട്ടില്ല. എല്ലാം പൊതു സ്വത്തായിരുന്നു.'(അ. പ്ര. 4/32) എന്ന അവസ്ഥ ഉണ്ടായതങ്ങനെയായിരുന്നു. `വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു.' എന്നാണു് ആ വചനം തുടങ്ങുന്നതെന്നു ശ്രദ്ധിയ്ക്കുക. എനിയ്ക്കുള്ളതു മാത്രമല്ല ഞാനും ദൈവത്തെ ആശ്രയിച്ചും ദൈവത്തിലും നിലനില്ക്കുന്നതു പോലെ തന്നെ അപരനും എന്ന തിരിച്ചറിവില്‍ ബോദ്ധ്യപ്പെടുന്ന ഒന്നെന്ന അവസ്ഥയാണു് കൂട്ടായ്മ. ഈ യാഥാര്‍ത്ഥ്യത്തെ യേശു അവതരിപ്പിയ്ക്കുന്നതു് നോക്കുക. `ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണു്. ആരു് എന്നിലും ഞാന്‍ അവനിലും വസിയ്ക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്കു് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.' (യോഹന്നാന്‍ 15/5) മുന്തിരിച്ചെടിയെ കൂടാതെ ശാഖകള്‍ക്കു് നിലനില്പില്ല എന്നു മാത്രമല്ല, മുന്തിരിച്ചെടിയാണു് ശാഖകള്‍ തമ്മിലുള്ള ബന്ധത്തിനു കാരണവും. ദൈവത്തിന്റെ ഛായയും സാദൃശ്യവും പൂര്‍ത്തിയാക്കാന്‍ ദൈവം ചേര്‍ത്ത ഇണകളാണു് തങ്ങളെന്നു തിരിച്ചറിയുന്ന ദമ്പതികള്‍; മക്കള്‍ ദൈവത്തിന്റെ വരദാനമാണെന്ന ബോദ്ധ്യമുള്ള മാതാപിതാക്കള്‍; ദൈവീക പരിപാലനയില്‍ തങ്ങള്‍ക്കു കിട്ടിയ സൗഭാഗ്യമാണു് മാതാപിതാക്കളെന്നു് മനസ്സിലാക്കുന്ന മക്കള്‍ - ആ കുടുംബം ഒരു കൂട്ടായ്മയാകുന്നു. ഇവിടെ നിന്നും ദൈവത്തെ എടുത്തു മാറ്റുക. വിവാഹം ഒരു സിവില്‍ ഉടമ്പടി മാത്രമായി തരം താഴുന്നു. കുഞ്ഞുങ്ങള്‍ ഒഴിവാക്കാവുന്ന ശല്യങ്ങളോ ഒഴിച്ചുകൂടാത്ത തിന്മയെങ്കിലുമോ ആയി മാറുന്നു. കുടുംബം ഒരു ക്ലബോ ആളുകള്‍ ഉണ്ണാനും ഉറങ്ങാനും ഒത്തുകൂടുന്ന ഇടമോ മാത്രമായിത്തീരുന്നു. തീവ്രമായ ജൈവബന്ധങ്ങള്‍ പോലും കുടുംബത്തെ കൂട്ടായ്മയാക്കാന്‍ മാത്രം ശക്തമല്ല.

 

`ഞാന്‍ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍, ഞാന്‍ ഇച്ഛിയ്ക്കുന്നതല്ല, വെറുക്കുന്നതാണു് ഞാന്‍ പ്രവര്‍ത്തിയ്ക്കുന്നതു്. ..... ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍!'(റോമാ.7/15,24). ശരീരവും മനസ്സും ആത്മാവും തമ്മിലുള്ള കൂട്ടായ്മ നഷ്ടമായ മനുഷ്യന്റെ ദൗര്‍ഭാഗ്യമാണു് ഇവിടെ വര്‍ണ്ണിതമായിരിയ്ക്കുന്നതു്. എന്നെ ആരു മോചിപ്പിയ്ക്കും എന്ന വിലാപത്തിനു് പൗലോസു് നല്‍കുന്ന മറുപടി ശ്രദ്ധേയമാണു്. `നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവത്തിനു സേ്താത്രം!' (25) എന്തെന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവില്‍ വെളിപ്പെട്ട ദൈവം എന്നിലെ കൂട്ടായ്മ പുനഃസ്ഥാപിയ്ക്കുന്നു. കാരണം `അവന്‍ നമ്മുടെ സമാധാനമാണു്.'

 

ക്രിസ്തു ശിരസ്സായി ശോഭിയ്ക്കുന്ന ശരീരം എന്ന ബിംബമാണു് കൂട്ടായ്മ വിശദീകരിയ്ക്കാന്‍ പൗലോസു് സ്വീകരിയ്ക്കുന്നതു്.(എഫേ. 5/23 കോളോ. 1/18 നോക്കുക) കൈയ്ക്കാണു് കിട്ടുന്നതു്, വായാണു് തിന്നുന്നതു്, വയറ്റിലേയ്ക്കാണു് ചെല്ലുന്നതു് എന്നൊന്നും മറ്റവയവങ്ങള്‍ പരാതിപ്പെടാറില്ലെന്നു മാത്രമല്ല കൈയ്ക്കു കിട്ടാനും വായിലും വയറ്റിലുമൊക്കെ എത്തിയ്ക്കാനും കണ്ണും കാതും കാലുമെല്ലാം എത്രയാണു സഹകരിയ്ക്കുന്നതെന്നു നോക്കുക. തങ്ങളെല്ലാം ചേര്‍ന്നു് ഒന്നാണെന്ന അറിവു് അവയ്ക്കുണ്ടു്. ഇതു് കൂട്ടായ്മയുടെ ഉത്തമോദാഹരണം. നാം കണ്ട ചേട്ടനെ ഈ അറിവു് ഭരിച്ചിരുന്നതു കൊണ്ടാണു് അധികമൊന്നും ആലോചിയ്ക്കാതെ അപരനു പണമെടുത്തു കൊടുക്കാനായതു്. പൗലോസു് ഇവിടെ പറഞ്ഞിരിയ്ക്കുന്നതു് സഭയെക്കുറിച്ചാണു്. സഭയാണു് കൂട്ടായ്മ; ശിരസ്സിനു പൂര്‍ണ്ണമായും വിധേയപ്പെട്ടിരിയ്ക്കുന്ന ശരീരം. ഈ വെളിപാടിന്റെ പൂര്‍ണ്ണതയിലേയ്ക്കു് സഭ വളരേണ്ടിയിരിയ്ക്കുന്നു.

 

ഈ കൂട്ടായ്മയിലേയ്ക്കുള്ള ക്ഷണമാണു് സുവിശേഷപ്രഘോഷണം. സഭ എന്ന കൂട്ടായ്മയിലെത്തിയ്ക്കുക എന്ന ലക്ഷ്യം ഒഴിവാക്കി സുവിശേഷം പ്രഘോഷിയ്ക്കുക സാദ്ധ്യമല്ല. `ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു ഞങ്ങള്‍ സാക്ഷ്യം നല്കുകയും ചെയ്യുന്നു. പിതാവിനോടു കൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിയ്ക്കുന്നു. ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിയ്ക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മയുണ്ടാകേണ്ടതിനാണു് ഞങ്ങള്‍ ഇതു പ്രഘോഷിയ്ക്കുന്നതു്.' (1യോഹന്നാന്‍ 1/2,3) ഇതു പറഞ്ഞിട്ടു് യോഹന്നാന്‍ തുടരുന്നു `ഞങ്ങള്‍ ഇതെഴുതുന്നതു് ഞങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനാണു്.' (4) ഈ കൂട്ടായ്മയിലെത്തുന്ന ഓരോരുത്തരുടെയും സന്തോഷത്തിന്റെ പൂര്‍ണ്ണത മറ്റുള്ളവരെ ഈ കൂട്ടായ്മയിലേയ്ക്കു ക്ഷണിയ്ക്കുന്നതിലാണു്; സുവിശേഷപ്രഘോഷണത്തിലാണു്. ഏതാണീ കൂട്ടായ്മയെന്നു യോഹന്നാന്‍ വിശദീകരിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക. `ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണു് '(3). ഈ കൂട്ടായ്മയ്ക്കു വേണ്ടിയാണു് ക്രിസ്തു പ്രാര്‍ത്ഥിയ്ക്കുന്നതും. (യോഹന്നാന്‍ 17/9-11)

 

കൂട്ടായ്മയുടെ ഈ രഹസ്യം അറിയുവാന്‍, ബുദ്ധിയിലും താത്വിക തലത്തിലുമല്ല, അനുഭവത്തിലും ബോദ്ധ്യത്തിലും അറിയുവാനും സാക്ഷാത്കരിയ്ക്കുവാനും പരിശുദ്ധാത്മാവു നമ്മേ സഹായിയ്ക്കട്ടെ. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പിതാവായ ദൈവത്തിന്റെ പ്രീയ പുത്രിയും പുത്രനായ ദൈവത്തിന്റെ വത്സലമാതാവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ മണവാട്ടിയും ആയി ത്രീത്വത്തിന്റെ കൂട്ടായ്മയുടെ ഇരിപ്പിടമായ മറിയം, തിരുക്കുടുംബ നായികയായി കുടുംബക്കൂട്ടായ്മയ്ക്കു മാതൃകയായ മറിയം, തിരുസഭയാകുന്ന കൂട്ടായ്മയുടെ ജനനത്തില്‍ സൂതികര്‍മ്മിണിയായി നിന്ന മറിയം നമ്മളും നമ്മുടെ കുടുംബങ്ങളും നമ്മുടെ സഭയും കൂട്ടായ്മയുടെ പൂര്‍ണ്ണമായ വെളിപാടിലേയ്ക്കുണരാന്‍ മദ്ധ്യസ്ഥം പ്രാര്‍ത്ഥിയ്ക്കട്ടെ.


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       

Comments

Post a Comment