റിമോട്ട് കൈയിലുണ്ടോ?

                 റിമോട്ട് കയ്യിലുണ്ടോ?

                

 ശാന്തവും അതേസമയം ശക്തവുമായ ഒരു മദ്യവിരുദ്ധ മനോഭാവത്തിനുടമയായിരുന്നു എന്റെ സ്നേഹിതന്‍.  അത്തരമൊരു മനോഭാവത്തിനാധാരമായി ദൃഢമായ ഒരു ബോദ്ധ്യമുണ്ടായിരിയ്ക്കുമെന്നു് എനിയ്ക്കുറപ്പുണ്ടായിരുന്നു.  അതെവിടെ നിന്നു കിട്ടി?  എങ്ങിനെ കിട്ടി?

 അതറിയാന്‍ എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഒറ്റവാക്കില്‍ ഒരുത്തരമായിരുന്നില്ല എനിയ്ക്കാവശ്യം.  അതുകൊണ്ടു് നല്ലൊരവസരത്തിനായി ഞാന്‍ കാത്തിരുന്നു.  വീണു കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ ഞാന്‍ പ്രശ്‌നം എടുത്തിട്ടു. അദ്ദേഹം മെല്ലെ പറഞ്ഞു തുടങ്ങി. "എന്റെ ചെറുപ്പത്തില്‍ ഒരാറിന്റെ പരിസരത്തായിരുന്നു ഞങ്ങളുടെ വീടു് ;  ആഴമുള്ള കയങ്ങളും വിജനമായ തീരങ്ങളുമുള്ള ആറു്.  കയങ്ങളില്‍ കന്നാസില്‍ നിറച്ച വാറ്റുചാരായം ഒളിപ്പിച്ചു് തീരങ്ങളില്‍ കച്ചവടം പൊടിപൊടിച്ചിരുന്നു.  വൈകുന്നേരമാകുന്നതോടെ ഞങ്ങളുടെ വീടിനു മുമ്പിലുള്ള റോഡിലൂടെ ആറ്റുതീരത്തേയ്ക്കു് ആളുകളുടെ പ്രവാഹമാരംഭിയ്ക്കും. അങ്ങോട്ടു് ഭംഗിയായി നടന്നു പോകുന്ന ആളുകള്‍ തിരികെ നാലുകാലിലും ചിലര്‍ പാമ്പായി ഇഴഞ്ഞും പോകുന്ന കാഴ്ച ഞങ്ങള്‍ക്കു് പതിവായിരുന്നു.  സ്വതവേ നല്ലവരും മാന്യരുമായ ആളുകള്‍ പൂരപ്പാട്ടും പാടി,  പലരും മുക്കാലും വിവസ്ത്രരുമായി പോകുന്നതു നോക്കിനില്ക്കുമ്പോള്‍ അമ്മ അവരെ ഉദാഹരണമാക്കി ഞങ്ങളോടു പറഞ്ഞു തരും, മദ്യം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ചു്.  മദ്യം വിഷമാണു്;  അതുണ്ടാക്കരുതു്;  കൊടുക്കരുതു്;  കുടിക്കരുതു് എന്ന ഗുരുദേവസൂക്തത്തോടെയാവും മിക്ക ദിവസവും ആ പ്രഭാഷണം അവസാനിയ്ക്കുന്നതു്. സന്ധ്യ കഴിഞ്ഞു് അയല്‍വീട്ടിലെ പെണ്ണുങ്ങള്‍ അത്താഴത്തിനു് അരി വായ്പ വാങ്ങാന്‍ വരുമ്പോള്‍ ആ തിരികെ കിട്ടാ വായ്പകള്‍ കൊടുത്തിട്ടു് അവര്‍ പോയിക്കഴിയുമ്പോള്‍ അമ്മ ഞങ്ങളോടു പറയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഞങ്ങളുടെ പറമ്പിലെ തേങ്ങയിട്ട വകയില്‍ത്തന്നെ എത്ര തുക സമ്പാദിച്ചെന്നു്. എന്നിട്ടും അത്താഴത്തിനരിയില്ലാത്ത അവസ്ഥ വീട്ടില്‍ ഉണ്ടാക്കുന്ന മദ്യചെകുത്താന്റെ കളികളേക്കുറിച്ചു് അമ്മ വാചാലയാകും.  മദ്യം വീടു മുടിക്കും;  നാടു മുടിക്കും. അമ്മ പറഞ്ഞവസാനിപ്പിക്കും.  ഇങ്ങനെ കിട്ടുന്ന അവസരങ്ങളിലൊക്കെ മദ്യം മനസ്സിനെയും സമാധാനത്തെയും, ആരോഗ്യത്തെയും സമ്പത്തിനെയും, വീടിനെയും നാടിനെയും എങ്ങിനെയൊക്കെ നശിപ്പിയ്ക്കും എന്നു് അമ്മ പറഞ്ഞു തരുമായിരുന്നു.  അമ്മയുടെ അവസരോചിതമായ ഈ വാക്കുകളാവണം ഞങ്ങളുടെ മനസ്സില്‍ മദ്യവിരോധത്തിന്റെ വിത്തുകള്‍ പാകിയതു് "  അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു .

'ചെറുപ്പത്തില്‍ ഞങ്ങളുടെ വീടിന്റെ പരിസരത്തൊക്കെ കള്ളവാറ്റായിരുന്നു. അങ്ങനെയാണു് ഞാനിങ്ങനെ ആയിത്തീര്‍ന്ന'തെന്ന മുക്കുടിയന്മാരുടെ സാക്ഷ്യം നമ്മള്‍ കേട്ടിട്ടുണ്ടു്.  എന്റെ സ്നേഹിതന്റെ കാര്യത്തില്‍ അതെങ്ങനെ തിരിഞ്ഞു വന്നു?  വിപരീതമെന്നു നമ്മള്‍ വിശേഷിപ്പിയ്ക്കുന്ന സാഹചര്യം എങ്ങനെ അനുകൂലം മാത്രമല്ല ക്രീയാത്മകം കൂടിയായി മാറി? ഇവിടെയാണു് ആ അമ്മയുടെ അവസരോചിതമായ ഇടപെടലിന്റെ മാഹാത്മ്യം നമ്മള്‍ തിരിച്ചറിയേണ്ടതു്.  മക്കളേ, ജീവിതത്തിലൊരിയ്ക്കലും മദ്യപിയ്ക്കരുതു് ' എന്നുപദേശിയ്ക്കുകയായിരുന്നില്ല ആ അമ്മ ചെയ്തതു്.  മദ്യപിച്ചാല്‍ നിന്നെ ഞാന്‍.....' എന്ന മട്ടില്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നില്ല.  കുഞ്ഞുങ്ങളുടെ മുമ്പില്‍ വന്നുപെട്ട തിന്മയുടെ അഴിഞ്ഞാട്ടങ്ങളെ അവരുടെ നന്മയ്ക്കുതകും വിധം വ്യാഖ്യാനിയ്ക്കുന്നതില്‍ ആ അമ്മ വിജയിച്ചു. ഇന്നത്തെ ചുറ്റുപാടുകളില്‍ കുഞ്ഞുങ്ങളെ നന്മയില്‍ വളര്‍ത്താന്‍ പാടുപെടുന്ന നമുക്കു് ഒരു മാതൃക നല്‍കുന്നുണ്ടു് ഈ അമ്മ.  സാഹചര്യങ്ങളെ പഴിപറഞ്ഞു് ഉത്തരവാദിത്വത്തില്‍ നിന്നു തലയൂരാന്‍ ശ്രമിയ്ക്കുന്നതിനു പകരം ലഭിച്ച സാഹചര്യങ്ങളെ കുഞ്ഞുങ്ങള്‍ക്കു് ഗുണപാഠങ്ങളാക്കുന്നതെങ്ങിനെയെന്നു് ഈ അമ്മ നമ്മെ പഠിപ്പിയ്ക്കുന്നു.

ടെലിവിഷനും ഇന്റര്‍നെറ്റും വരുത്തിവയ്ക്കുന്ന വിനകള്‍ കണ്ടറിഞ്ഞു് അവയെ പാടേ വേണ്ടെന്നു വയ്ക്കുന്നതില്‍ വിജയിച്ചിട്ടുള്ള കുടുംബങ്ങളെ എനിക്കറിയാം.  അതുപോലെ,  ടെലിവിഷനില്‍ വാര്‍ത്ത മാത്രം കാണുന്ന കുടുംബങ്ങളെയും. സിനിമ, സീരിയല്‍ തുടങ്ങിയ ഫിക്ഷനുകളേക്കാള്‍ മനുഷ്യരെ വഴിതെറ്റിയ്ക്കാന്‍ വാര്‍ത്തകളാണു് കൂടുതല്‍ ശക്തമെന്നു് അടുത്ത കാലത്തു് നടത്തിയ ഒരു സര്‍വ്വേ കണ്ടെത്തിയതായി കേട്ടു. ഫിക്ഷനുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഇതൊക്കെ വെറും കഥയല്ലേ എന്നൊരു മുന്‍വിധി നമുക്കുണ്ടാവും. അക്കാരണത്താല്‍ ഇതൊക്കെയാണു് നമുക്കു ചുറ്റും നടക്കുന്നതു് ; ഇതൊക്കെ സാധാരണമാണു് എന്ന തോന്നലിന്റെ ശക്തി ഒരളവോളവുമെങ്കിലും കുറയാന്‍ ഇടയാകുന്നു.  ഇവിടെയാണു് വാര്‍ത്തകള്‍ ശക്തമാകുന്നതും. പത്രം വായന പോലും വേണ്ടെന്നു വച്ചവരെ ആദരവോടെയും തെല്ലൊരത്ഭുതത്തോടെയുമാണു് ഞാന്‍ നോക്കിയിരുന്നതു്. എന്നാല്‍, അടുത്ത കാലത്തു് സാഹചര്യവശാല്‍ പത്തുമാസത്തോളം പത്രമൊന്നും വായിയ്ക്കാതെ കഴിയാന്‍ എനിക്കിടയായി. അപ്പോള്‍ എനിയ്ക്കും മനസ്സിലായി, ഞാന്‍ പത്രം വായിച്ചില്ലെങ്കിലും പ്രഭാതത്തില്‍ കൃത്യമായിത്തന്നെ സൂര്യനുദിയ്ക്കുമെന്നു്.   പക്ഷേ, ഇതെത്രത്തോളം പ്രായോഗീകമാണു്, സാധാരണക്കാരന്റെ ജീവിതത്തില്‍? തന്നെയുമല്ല, അത്തരത്തില്‍ നാം മക്കളെ വളര്‍ത്തിയാല്‍ അമ്മയുള്‍പ്പെടെ സ്ത്രീകളെയൊന്നും കാണിയ്ക്കാതെ വളര്‍ത്തപ്പെട്ട ഋശ്യശൃംഗന്റെ ഗതിയാകുമോ അവര്‍ക്കു് എന്ന ഭയവും തെല്ലില്ലാതെയില്ല എനിയ്ക്കു്. ആദ്യം കണ്ട സ്ത്രീയുടെ കൂടെ പോവുകയായിരുന്നല്ലൊ അയാള്‍. ലോകത്തില്‍ നിന്നു് അവരെ അവിടുന്നു് എടുക്കണം എന്നല്ല, ദുഷ്ടനില്‍നിന്നു് അവരെ കാത്തുകൊള്ളണം' എന്ന യേശുവിന്റെ പ്രാര്‍ത്ഥന ഇവിടെ സംഗതമാകുന്നില്ലേ? ഈ ലോകത്തില്‍ തിന്മയെ തിരിച്ചറിഞ്ഞു് ഒഴിവാക്കി ജീവിയ്ക്കാന്‍ മക്കളെ പരിശീലിപ്പിയ്ക്കുകയാവും കരണീയം. ടി വി , ഇന്റര്‍നെറ്റു്, പത്രം തുടങ്ങിയ മാദ്ധ്യമങ്ങളുമായി കുഞ്ഞുങ്ങള്‍ ഇടപഴകുന്നിടത്തു് മാതാപിതാക്കളിലൊരാളുടെയെങ്കിലും സജീവസാന്നിദ്ധ്യം ഉറപ്പാക്കുകയാണു് ഇതിനേറ്റം അത്യാവശ്യ കാര്യം. വാര്‍ത്തയാകട്ടെ, കഥയാകട്ടെ ഇടയ്ക്കു് അവശ്യ സാഹചര്യത്തില്‍ നമ്മുടെ മൂല്യഘടനയെ അനുസ്മരിപ്പിയ്ക്കുന്ന ഒരു കമന്‍റു് , വിരളമായെങ്കിലും ചാനല്‍ മാറ്റാന്‍, വായന അവസാനിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശം തുടങ്ങിയവ കൊടുക്കുന്ന സജീവസാന്നിദ്ധ്യം. ഇത്തരം ഇടപെടലുകള്‍ ആധികാരികമായിരിയ്ക്കുന്നതോടൊപ്പം ഏകാധിപത്യപരമാകാതിരിയ്ക്കാനും ശ്രദ്ധിയ്ക്കണം; കാര്യകാരണ വിശദീകരണം കൂടി നല്കാന്‍ തയ്യാറാകണം എന്നു സാരം.

ഒരുദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ. ഒരു വലിയ നിധി മോഷണം ടി വി സ്ക്രീനിലോ പത്രത്താളിലോ നിങ്ങള്‍ സകുടുംബം കാണുന്നു എന്നിരിക്കട്ടെ - കാര്യം കഥയോ വാര്‍ത്തയോ ആകട്ടെ. നിങ്ങളുടെ വായില്‍ നിന്നു വീഴുന്ന കമന്‍റു് സുപ്രധാനമാണു്. 'കോളടിച്ചല്ലോ! ഏഴു തലമുറയ്ക്കു കഴിയാനുള്ളതു് അവനു കിട്ടി.' എന്ന കമന്‍റും 'കഷ്ടം! അവനെന്തിനീ പണികാണിയ്ക്കുന്നു? അന്യന്റെ മുതല്‍ എന്തിനെങ്കിലും ഉപകരിയ്ക്കുമോ?' എന്ന കമന്‍റും എന്തു വ്യത്യസ്തമായ രൂപീകരണങ്ങളായിരിയ്ക്കും നമ്മുടെ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്നതെന്നറിയാമോ? പലപ്പോഴും നമ്മുടെ സദുപദേശ പ്രസംഗങ്ങളേക്കാള്‍ കുഞ്ഞുങ്ങളെ സ്വാധീനിയ്ക്കുന്നതു് ഇത്തരം കമന്‍റുകളായിരിയ്ക്കും എന്നതാണു് സത്യം. നമ്മുടെ സാന്നിദ്ധ്യം അവിടെയില്ലെങ്കില്‍ അല്ലെങ്കില്‍ നാം നിശബ്ദരായിരിയ്ക്കുന്നു എങ്കില്‍ കഥാസന്ദര്‍ഭവും കുഞ്ഞിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയും അപ്പോഴത്തെ മനോഭാവവും നിര്‍ദ്ദേശിയ്ക്കന്ന ഏതെങ്കിലും ഒരിടത്തായിരിയ്ക്കും കുഞ്ഞെത്തിച്ചേരുക - അതു നന്മയായിരിക്കുമെന്നു് ഒരുറപ്പുമില്ല താനും.  'അതുപോലൊരു നിധി എനിയ്ക്കടിച്ചുമാറ്റാനായില്ലല്ലൊ!' എന്നാണു നിങ്ങളുടെ മനസ്സിലിരുപ്പെങ്കില്‍ പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങളുടെ കുഞ്ഞിനെ അതാവും സ്വാധീനിയ്ക്കുക എന്നും ഓര്‍ത്തിരിയ്ക്കുക. കുഞ്ഞുങ്ങളെ നന്നാക്കാന്‍ മാതാപിതാക്കള്‍ നന്നാവുക എന്നതാണു് ആദ്യ പടി എന്ന തത്വത്തിനു് മാറ്റമില്ലെന്നറിയുക. സ്വയം പരിശുദ്ധനായിരുന്നിട്ടും 'അവര്‍ക്കു വേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു' എന്നു പറഞ്ഞുകൊണ്ടു് സ്വശിഷ്യര്‍ക്കു വേണ്ടി യേശു സ്വയം വിശുദ്ധീകരിച്ചെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി നാം എത്രയധികമായി വിശുദ്ധീകരിക്കേണ്ടിയിരിയ്ക്കുന്നു.

'പിന്നെ, കുഞ്ഞുങ്ങള്‍ ടി വി കാണുന്നിടത്തും പത്രം വായിക്കുന്നിടത്തും ഒക്കെ പോയി കൂടെയിരിയ്ക്കാന്‍ എവിടെ സമയം?' എന്നാണെങ്കില്‍ ഒന്നു പറയട്ടെ, നിങ്ങള്‍ക്കു് സമയമുണ്ടായി വരുമ്പോഴേയ്ക്കും പലതും നിങ്ങളുടെ കൈവിട്ടു പോയിരിയ്ക്കും. പിന്നെ പരിതപിച്ചിട്ടു വലിയ കാര്യമൊന്നുമില്ലല്ലൊ. നിങ്ങള്‍ക്കതു സംഭവിക്കാതിരിയ്ക്കട്ടെ.

തൊട്ടുകൂട്ടാന്‍:

ഉയര്‍ന്ന ശമ്പളക്കാരായ ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ സന്ദര്‍ശകനായി എത്തിയതായിരുന്നു ഞാന്‍. മൂന്നു വയസ്സുകാരനായ അവരുടെ മകനു അനിഷ്ടമായതെന്തോ എന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ അവന്റെ പ്രതികരണമിതായിരുന്നു. "I'll kill you; destroy you. I'll eliminate you" (ഞാന്‍ നിങ്ങളെ തട്ടിക്കളയും, നശിപ്പിയ്ക്കും. നിങ്ങളെ ഇല്ലായ്മ ചെയ്യും.) പറഞ്ഞ വാക്കുകള്‍ സൂചിപ്പിയ്ക്കുന്ന ഭാവം തന്നെ ക്രൗര്യം നിറഞ്ഞ ആ കുഞ്ഞിക്കണ്ണിലും വൈരം ഇരുട്ടിയ മുഖത്തും കണ്ടപ്പോള്‍ എനിയ്ക്കു സഹിയ്ക്കാനായില്ല. 'ഞാന്‍ പിണങ്ങും. ഇനി അങ്കിളിനോടു കൂടില്ല ' എന്നൊക്കെ പരമാവധി പറയാവുന്ന സാഹചര്യമേയുള്ളു. ഞാനിതും ചിന്തിച്ചുകൊണ്ടിരിക്കെ, അവന്റെ പിതാവിന്റെ ക്ഷമാപണ സ്വരത്തിലുള്ള വിശദീകരണമെത്തി. "ചെറുപ്പം മുതലേ കരയാതിരിക്കാന്‍ കാര്‍ട്ടൂണ്‍ സി ഡി ഇട്ടു കാണിക്കുമായിരുന്നു. ഇപ്പോള്‍ അവന്‍ ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായങ്ങു താദാത്മ്യപ്പെട്ടു പോയി." അവര്‍ ചെയ്തതെന്തെന്നു് അവര്‍ക്കറിയാം. പിന്നെ അവരോടെന്തു പറയാന്‍?    


ഇഷ്ടപ്പെട്ടെങ്കില്‍ subscribe ചെയ്യൂ!

Comments

  1. Congratulations georgechetta you communicated the subject creatively and effectively..

    ReplyDelete
  2. All parents should read it
    Waiting for your next article
    May the Holy Spirit be with you always 🙏

    ReplyDelete

Post a Comment