കൃപയൊഴുകും വഴികള്‍

 

കൃപയൊഴുകും വഴികള്‍


ഞങ്ങളാര്‍ക്കെങ്കിലും സ്കൂളിലോ കോളജിലോ പ്രവേശനം തേടി ഞങ്ങളുടെ അപ്പനു് ആരുടെയെങ്കിലും മുന്നില്‍ തല കുനിച്ചു നില്ക്കേണ്ടി വന്നിട്ടില്ല. ഇക്കാര്യം പലപ്പോഴും വലിയ അഭിമാനത്തോടെ അദ്ദേഹം പറയുന്നതു് ഞാന്‍ കേട്ടിട്ടുമുണ്ടു്. മിക്കപ്പോഴും സേ്കാളര്‍ഷിപ്പോടെയായിരുന്നു ഞങ്ങളുടെ പഠനം. എന്നാല്‍, ഇതൊക്കെ വലിയ ദൈവ കൃപയാണെന്നു് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ മകളുടെ അഡ്മിഷന്‍ ഒരു പ്രശ്‌നമായി മുന്നിലെത്തിയപ്പോഴാണു് അതൊരു ദൈവകൃപയായിരുന്നെന്ന തിരിച്ചറിവു് എനിയ്ക്കുണ്ടായതു്. എന്റെ അപ്പനു കിട്ടിയ കൃപ എനിയ്ക്കെന്തുകൊണ്ടു ലഭ്യമായില്ല? ആ ചോദ്യവുമായി തിരുമുമ്പിലെത്തിയപ്പോഴാണു് ദൈവകൃപയുടെ ചില അജ്ഞാത വശങ്ങള്‍ വെളിവായതു്. എന്റെ അപ്പനു കിട്ടിയതു് മക്കള്‍ക്കു് ദൈവഹിതപ്രകാരം വിദ്യാഭ്യാസം നല്കി വളര്‍ത്താനുള്ള കൃപയായിരുന്നു. അതു് അദ്ദേഹത്തിനു കിട്ടിയതു് മക്കള്‍ക്കു പരീക്ഷകളില്‍ ലഭിച്ച നല്ല മാര്‍ക്കിന്റെ രൂപത്തിലായിരുന്നു. അതു് അദ്ദേഹം ഉപയോഗപ്പെടുത്തി ഞങ്ങളെ പഠിപ്പിച്ചു. എനിക്കും മക്കള്‍ക്കു് ദൈവഹിത പ്രകാരമുള്ള വിദ്യാഭ്യാസം നല്കാനുള്ള കൃപ ദൈവം നിഷേധിച്ചിട്ടില്ല എന്ന തിരിച്ചറിവു് ഏറെ ആശ്വാസദായകമായിരുന്നു. പക്ഷേ, ആ കൃപ പ്രത്യക്ഷമായതു് വലിയ നാണക്കേടൊന്നും കൂടാതെ അധികാരികളുടെ കരുണയ്ക്കു യാചിയ്ക്കാനും, അവകാശപ്പെടാന്‍ ഒന്നുമില്ലാത്തവന്‍ സ്വാഭാവികമായും കേള്‍ക്കേണ്ടിവരുന്ന ശൈലിയിലും പ്രയോഗങ്ങളിലുമുള്ള മറുപടികള്‍ തലകുനിച്ചും തലകുലുക്കിയും അവസരോചിതമായി കേട്ടു നില്ക്കാനുമുള്ള കഴിവിന്റെ രൂപത്തിലായിരുന്നെന്നു മാത്രം. എന്റെ ഒരു സ്നേഹിതനു് ഇതേ കൃപ ലഭിച്ചതു് മറ്റൊരു രൂപത്തിലായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിയ്ക്കാം. `അന്നേരം ദൈവാനുഗ്രഹത്താല്‍ ആ തുക കയ്യിലുണ്ടായിരുന്നു. അതു് രൊക്കമേ അങ്ങു കൊടുത്തു് മകന്റെ സീറ്റുറപ്പാക്കി.' ദൈവാനുഗ്രഹം പല രൂപത്തിലാവാം പ്രത്യക്ഷപ്പെടുന്നതു്. അതു തിരിച്ചറിയുന്നവന്‍ ഭാഗ്യവാന്‍. ഇന്ന രീതിയില്‍ത്തന്നെ അതു കിട്ടണമെന്നു മര്‍ക്കട മുഷ്ടി പിടിയ്ക്കുന്നതു നിര്‍ഭാഗ്യകരവും.

 പല രൂപത്തിലാണു് പ്രത്യക്ഷമാകുന്നതെന്ന പോലെ, പ്രതീക്ഷിയ്ക്കാത്ത വഴികളിലൂടെയുമാണു് ദൈവകൃപ നമ്മളിലെത്തിച്ചേരുന്നതും. മാര്‍ക്കു കുറവാണെന്നു കണ്ടപ്പോള്‍ പഠിപ്പിച്ച ടീച്ചര്‍ എന്റെ മകളോടു പറഞ്ഞു `തന്റെ ഫാദര്‍ സുവിശേഷ പ്രവര്‍ത്തകനൊക്കെയല്ലെ? നിങ്ങളുടെ സഭ വക സ്ഥാപനങ്ങളില്‍ തനിയെ്ക്കാരു സീറ്റു കിട്ടാനൊന്നും വലിയ ബുദ്ധിമുട്ടുണ്ടാവില്ല.' ടീച്ചറിന്റെ വാദഗതിയില്‍ അല്പം കാര്യമുണ്ടു്. `മെതിയ്ക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുതു് ' (നിയ. 25/4) എന്ന ഭാഗം വി. പൗലോസ് രണ്ടു പ്രാവശ്യം ഉദ്ധരിയ്ക്കുന്നതും (1 കൊറി. 9/9; 1തിമോ. 5/18) സുവിശേഷ പ്രവര്‍ത്തകന്റെ പ്രതിഫല കാര്യം സമര്‍ത്ഥിയ്ക്കാനാണു്. അല്പമെങ്കിലും അവകാശമുള്ളിടത്തു വേണമല്ലോ ആദ്യം കരുണ തേടാന്‍. സഭാവക സ്ഥാപനങ്ങളുടെ അധികാരികളെത്തന്നെ ആദ്യം സമീപിച്ചു. അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി അവര്‍ കൈ മലര്‍ത്തി. ഉദാഹരണത്തിനായി ഒരു മറുപടി മാത്രം ഉദ്ധരിയ്ക്കാം. `മാനേജുമെന്റ് ക്വോട്ടയെല്ലാം ഇപ്പോള്‍ മെറിറ്റടിസ്ഥാനത്തിലാ. 80 ശതമാനക്കാരനും 90 ശതമാനക്കാരനും ക്യൂ നില്ക്കുമ്പോള്‍ തന്റെ മകള്‍ക്കു സാദ്ധ്യത തീരെയില്ല കെട്ടോ. പിന്നെന്തെങ്കിലും സീറ്റു മിച്ചമുണ്ടെങ്കില്‍ ഇലക്ട്രിസിറ്റിക്കാര്‍ക്കും വാട്ടര്‍ അതോറിട്ടിക്കാര്‍ക്കും മുന്‍സിപ്പാലിറ്റിക്കാര്‍ക്കും വീതം വയ്ക്കാന്‍ തികയില്ല. അവരെ പിണക്കിയാല്‍ പിന്നെ പറയണ്ട. സോറി കെട്ടോ. ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണേ'. എന്റെ മകള്‍ക്കു് ദൈവം മറ്റെവിടെയോ ആണു് സീറ്റൊരുക്കിയിരിയ്ക്കുന്നതെന്ന പ്രത്യാശയോടെ അവിടെയെല്ലാം പടിയിറങ്ങി.

 അവസാനം, എന്റെ ഭാര്യയുടെ ഒരു സ്നേഹിതയുടെ കാര്യം ഓര്‍മ്മ വന്നു. സ്നേഹിതയെന്നാല്‍, പണ്ടു കുഞ്ഞുങ്ങളെ നേഴ്‌സറി ക്ലാസ്സില്‍ കൊണ്ടു വിടാന്‍ പോയിരുന്നപ്പോള്‍ അവിടെ വച്ചുണ്ടായിരുന്ന പരിചയം. ഒരു മുസ്ലിം വനിത. അവരുടെ ഭര്‍ത്താവു് ഒരു സ്ഥാപനത്തിലെ രക്ഷാകര്‍ത്തൃ സമതിയുടെ പ്രസിഡന്റാണു്. ആ വനിതയോടു് ഭാര്യ ഫോണ്‍ ചെയ്തു് കാര്യം പറഞ്ഞു. അവരുടെ ഭര്‍ത്താവു് കാര്യമായി പരിശ്രമിച്ചു് സീറ്റും നേടിത്തന്നു. നോക്കൂ, നമ്മള്‍ പ്രതീക്ഷിച്ച വഴിയേതു്? സകല പ്രതീക്ഷയും തകിടം മറിച്ചു കൊണ്ടു് ദൈവത്തിന്റെ കരുതല്‍ പ്രകടമായ വഴിയേതു്? എന്റെ തൊഴില്‍ മേഖലയിലും ശുശ്രൂഷാ മേഖലയിലുമുള്ള ബന്ധങ്ങളിലൂടെ ഒന്നും നടക്കാഞ്ഞിടത്തു് വീടിനു വെളിയില്‍ അധികമൊന്നുമിറങ്ങാത്ത വീട്ടമ്മയായ എന്റെ ഭാര്യയുടെ പരിചയത്തിലൂടെ ദൈവം പ്രവര്‍ത്തിയ്ക്കാന്‍ തിരുമനസ്സാകുന്നു. നാം കരുതുന്ന വഴിയെ തന്നെ ദൈവം പ്രവര്‍ത്തിക്കണമെന്നു ബലം പിടിച്ചിരുന്നാല്‍ നിരാശയായിരിയ്ക്കും പലപ്പോഴും ഫലം. എല്ലാം അവിടുത്തെ കരങ്ങളിലേയ്ക്കു് വിട്ടുകൊടുത്തു് അവിടുത്തേയ്ക്കായി കാത്തിരിയ്ക്കയാവും അഭികാമ്യം.

 ഇതൊക്കെ, അവസ്സാനം എന്റെ മോള്‍ക്കു് സീറ്റു കിട്ടിയപ്പോള്‍. ഇനിയതു കിട്ടിയില്ലായിരുന്നെങ്കിലോ? അപ്പോഴും ദൈവകൃപ നമ്മോടൊപ്പമുണ്ടെന്നതാണു് യാഥാര്‍ത്ഥ്യം. അതെ, നമ്മുടെ പദ്ധതികള്‍ തകിടം മറിയുമ്പോഴും, നാം ആശ്രയം വച്ചിരുന്നവര്‍ നമ്മെ കൈവിടുമ്പോഴും; ചുറ്റും ഇരുള്‍ നിറയുമ്പൊഴും കണ്ണീരുപ്പിട്ടു് കയ്പുനീര്‍ കുടിയ്ക്കുമ്പൊഴും - നമ്മേക്കുറിച്ചുള്ള ദൈവീക പദ്ധതി നിറവേറ്റുവാന്‍ ആവശ്യമായ കൃപ അപ്പോഴും നമ്മോടൊപ്പമുണ്ടു്. അതു തിരിച്ചറിയാന്‍ കഴിയുന്നവന്‍ ഭാഗ്യവാന്‍. അതാണു് വലിയ ദൈവകൃപ. അപ്പോള്‍ എന്താണു് ദൈവകൃപ?

`ഇതാ, കര്‍ത്താവിന്റെ ദാസി / ദാസന്‍, അവിടുത്തെ വാക്കു് എന്നില്‍ സംഭവിയ്ക്കട്ടെ' എന്ന മനോഭാവത്തോടെ അജ്ഞാത ഭാവിയെ സധൈര്യം ദൈവ തൃക്കരങ്ങളില്‍ നിന്നേറ്റുവാങ്ങാനുള്ള കഴിവാണു് ദൈവകൃപ. `എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' യെന്നു് കയ്പുമാത്രം നിറഞ്ഞ പാനപാത്രം എറ്റുവാങ്ങാനും `എന്റെ പിതാവു് എനിയ്ക്കു തന്ന പാനപാത്രം ഞാന്‍ കുടിയേ്ക്കണ്ടതല്ലയോ' എന്നു പറഞ്ഞു് മട്ടോളം കുടിയ്ക്കാനുമുള്ള സിദ്ധിയാണു് ദൈവകൃപ. അതിനായി നമുക്കു പ്രാര്‍ത്ഥിയ്ക്കാം.

 കര്‍ത്താവേ, അങ്ങയില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു്, ആശ്രയിച്ചു് അങ്ങേ തൃക്കരങ്ങളില്‍ നിന്നു ഞങ്ങളുടെ ഭാവിയെ ഏറ്റുവാങ്ങാനുള്ള കൃപ ഞങ്ങള്‍ക്കു തരണമേ. ആശങ്കകളും ഉത്കണ്ഠകളും ഉലയ്ക്കാത്ത ഒരു ജീവിതം ഞങ്ങള്‍ ആസ്വദിയ്ക്കട്ടെ. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ കൃപയുടെ നിറവു് ഏറ്റുവാങ്ങിയ പ. കന്യാമറിയമേ, ഞങ്ങള്‍ക്കും ആ കൃപ ലഭിയ്ക്കാനായി അങ്ങേ പുത്രനോടു പ്രാര്‍ത്ഥിയ്ക്കണമേ.


ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.


Comments