ഈശോ തന്ന ഐസ്ക്രീം


 
വലിയ സന്തോഷത്തോടെയാണ്  മോന്‍ അന്ന് സ്കൂളില്‍ നിന്നെത്തിയത്.  വന്നപാടെ അവന്‍ അമ്മയോടു വിളിച്ചുപറഞ്ഞു:  ‘ഐസ്ക്രീം വാങ്ങാന്‍ അമ്മ എനിക്ക് പൈസ തന്നില്ലല്ലോ.  എന്റെ ഈശോ എനിക്കു രൂപ തന്നല്ലോ.  ഞാന്‍ ഐസ്ക്രീം തിന്നല്ലോ.’  രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ അവന്‍ ഐസ്ക്രീം വാങ്ങാന്‍ പണം ചോദിച്ചതും  കൊടുക്കാഞ്ഞതും അമ്മയോര്‍ത്തു.  ‘എന്താടാ ഉണ്ടായത്? പറ.’  അമ്മയുടെ ചോദ്യത്തിനു മറുപടിയായി മോന്‍ തന്റെ സാക്ഷ്യം പറയാന്‍ തുടങ്ങി.  ‘ഇന്ന് സ്കൂളില്‍ പോകാന്‍ നേരത്തെ പ്രാര്‍ത്ഥനയില്‍ ഞാന്‍ ഈശോയോടു പറഞ്ഞാരുന്നു,  അമ്മ രൂപ തന്നില്ല,  ഈശോ എനിക്കു ഐസ്ക്രീം വാങ്ങിത്തരണമെന്നു.  ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിയരുകില്‍ ഒരമ്പതു രൂപയുടെ നോട്ട്.  അതീശോ തന്നതല്ലാതെ പിന്നെന്താ?  ഞാന്‍ അതെടുത്തു പോക്കറ്റിലിട്ടു.  ക്ലാസ് കഴിഞ്ഞു പോരുമ്പോള്‍ ഞാനും കൂട്ടുകാരനും കൂടി ഐസ്ക്രീം വാങ്ങി തിന്നു.  അത്രേ ഉള്ളു.’  അമ്മയുടെ മുഖം പ്രതീക്ഷിച്ചത്ര തെളിഞ്ഞില്ലെന്നു കണ്ടു അവന്‍ തുടര്‍ന്നു, ‘ഞാന്‍ ഈശോയ്ക്കു നന്ദീം പറഞ്ഞു.’  ഒരു പുഞ്ചിരിയോടെ അമ്മ പറഞ്ഞു: ‘വേഗം പോയി കയ്യും കാലും മുഖവും കഴുകി ഓടിവാ.  നിനക്കിഷ്ടപ്പെട്ട പഴം പൊരിയാണിന്നു കാപ്പിക്ക്.’  ‘അമ്മേ, എനിക്കു മതി’ എന്നവന്‍ പറയുവോളം ചൂടു പഴംപൊരി മോന്റെ പാത്രത്തിലേക്കു വിളമ്പിയിട്ടു, കസേര വലിച്ചു അവന്റെ അടുത്തേക്കിട്ട്‌ അമ്മയും അവനോടു ചേര്‍ന്നിരുന്നു.  അവന്റെ പുറത്തു തലോടിക്കൊണ്ട് അമ്മ മെല്ലെ ചോദിച്ചു:  ‘അമ്മ മോനോടൊരു കാര്യം പറയട്ടെ?’  ‘എന്താമ്മേ?’  ആകാംഷയോടെ മോന്‍ അമ്മയുടെ മുഖത്തോട്ടു നോക്കി.  അമ്മ മെല്ലെ പറഞ്ഞു തുടങ്ങി ‘ മോനേ എന്തെങ്കിലും ഒരു സാധനം, ഒരു വസ്തു അല്ലെങ്കില്‍ പണം നമുക്ക് സ്വന്തമാക്കണമെങ്കില്‍ രണ്ടു വഴികളേയുള്ളൂ.  ഒന്ന്.  നാം അദ്ധ്വാനിച്ചു അതു സമ്പാദിക്കണം.  ഈ അദ്ധ്വാനം നമ്മുടെ ശരീരം കൊണ്ടോ മനസ്സുകൊണ്ടോ നമുക്കു ദൈവം തന്നിട്ടുള്ള പ്രത്യേക കഴിവുകൊണ്ടോ ഒക്കെയാവാം.  അതുകൊണ്ടാണു പപ്പാ ജോലിക്ക് പോകുന്നത്.  ഇനിയൊരു വഴിയുള്ളത് ഇതാണ്.  അതിന്റെ ഉടമ നമുക്കു തരുകയും നാം അതു സ്വീകരിക്കുകയും വേണം.  അയാള്‍ അതു സ്വമനസ്സാലെ തരുന്നതാവണം, കെട്ടോ?’  ‘ അപ്പോള്‍ ആ അമ്പതു രൂപ ഈശോ തന്നതല്ല എന്നാണോ അമ്മ പറയുന്നതു?’ അവന്റെ ചോദ്യത്തില്‍ ആശങ്ക കലര്‍ന്നിരുന്നു.  ‘എന്നാണു അമ്മയുടെ ശക്തമായ തോന്നല്‍.  അതു ആരുടെയെങ്കിലും കയ്യില്‍ നിന്ന് വീണു പോയതാവാനാണ് സാദ്ധ്യത.  ഒരുപക്ഷെ, ഇന്നത്തെ അത്താഴത്തിനു ഒരുകിലോ അരി വാങ്ങാന്‍ പോയ ഒരാളുടെ മടിയില്‍ നിന്ന്.  അല്ലെങ്കില്‍ അമ്മയ്ക്കു മരുന്ന് വാങ്ങാന്‍ പോയ ഒരു കുട്ടിയുടെ കയ്യില്‍ നിന്ന്.  അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കയ്യില്‍ നിന്ന്.  എന്തായാലും നീ അതു അദ്ധ്വാനിച്ചു സമ്പാദിച്ചതല്ല,  അതിന്റെ ഉടമ സന്തോഷത്തോടെ നിനക്ക് തന്നതുമല്ല.’  ‘ഈശോ എനിക്കു അതു വഴിയില്‍ ഇട്ടു തന്നതും ആവില്ലേ, അമ്മേ?  ഞാന്‍ പ്രാര്‍ത്ഥിച്ചാരുന്നല്ലോ.’ മോന് വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല.  ‘മോനേ, നിന്റെ സാറന്മാരോ ടീച്ചര്‍മാരോ വഴി ഈശോയ്ക്കത് തരാമായിരുന്നു.  നിന്റെ കൂട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും നിനക്ക് ഒരു ഐസ്ക്രീം വാങ്ങിത്തരാമായിരുന്നു.  നിനക്ക് കിട്ടിയ മാര്‍ക്കിന്റെ പേരില്‍ അല്ലെങ്കില്‍ നന്നായി പാടിയതിന് സമ്മാനമായി കിട്ടാമായിരുന്നു. അങ്ങിനെ എന്തെല്ലാം.  അനന്ത ജ്ഞാനമായ ദൈവത്തിനു ഇത്രയേറെ മാര്ഗ്ഗങ്ങളുണ്ടായിരിക്കെ നിനക്കതു വഴിയിലിട്ടു തന്നു എന്നു കരുതാന്‍ പറ്റുമോ?’ അമ്മയുടെ ആ ചോദ്യംഅവനെ ചിന്തിപ്പിച്ചു.  ‘അമ്മേ, അതെനിക്കു ഈശോ തന്നതല്ലെങ്കില്‍ ..........?’  അര്‍ദ്ധോക്തിയില്‍ അവന്‍ നിര്‍ത്തിയതു അമ്മ പൂരിപ്പിച്ചു.  ‘അതിന്റെ ഉടമയ്ക്കു നീ തിരികെ കൊടുക്കണം’   ‘അയ്യോ! അമ്മേ ഞാന്‍ ഐസ്ക്രീം വാങ്ങി തിന്നുപോയല്ലോ.’ എന്ന അവന്റെ വിലാപത്തിനു മറുപടിയായി ‘വഴിയുണ്ടാക്കാം’  എന്ന് പറഞ്ഞു എഴുന്നേറ്റ അമ്മ മടങ്ങിവന്നതു അമ്പതിന്റെ ഒരു നോട്ടുമായിട്ടായിരുന്നു.  ‘ഇനി ഉടമസ്ഥനെ കണ്ടു പിടിക്കണം.’ അവന്റെ തലയില്‍ വഴിയൊന്നും തെളിഞ്ഞില്ല.  അമ്മ സഹായത്തിനെത്തി. ‘ആരുടെയെങ്കിലും അമ്പതു രൂപ കളഞ്ഞു പോയിട്ടുണ്ടോ എന്ന് വിളിച്ചു ചോദിച്ചാല്‍ പലരും വന്നു അവകാശം ഉന്നയിക്കും എന്ന് മാത്രമല്ല നമുക്കു യഥാര്‍ത്ഥ ഉടമയെ തിരിച്ചറിയാനുമാവില്ല.  ഇവിടെയാണ്‌ നമുക്കു വിവേകം വേണ്ടത്.  പോലീസില്‍ ഏല്പിക്കാനോ പത്രത്തില്‍  പരസ്യപ്പെടുത്താനോ ഉള്ളത്രയും തുകയില്ലിത്.  അതുകൊണ്ട് ഈ തുക കുറെ ദിവസത്തേക്കു നീ പോക്കറ്റിലിട്ടേക്കുക.  എല്ലാ ദിവസവും നീ പോകുന്ന വഴിയല്ലേ?  കണ്ണും കാതും തുറന്നിട്ടു നടക്കുക.  ഉടമയെ കണ്ടെത്താന്‍ നിനക്കായേക്കും.  ഇല്ലെങ്കില്‍..’  ‘ഇല്ലെങ്കില്‍ എനിക്കെടുക്കാമോ, അമ്മേ?’ മോന്‍ ഇടയ്ക്ക് കയറി ചോദിച്ചു.  അമ്മ തുടര്‍ന്നു.  ‘ മോനേ, നിനക്കു പിടികിട്ടിയില്ലേ?  ആ പണം നിന്റേതല്ല.  അതെങ്ങിനെ ഉചിതമായി ഒഴിവാക്കാം എന്നാണു നമ്മള്‍ ചിന്തിക്കുന്നത്.  ഉടമയെ കണ്ടെത്താനായില്ലെങ്കില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് കൊടുക്കുക.  ഉദാഹരണമായി, ഫീസു കൊടുക്കാന്‍ കഴിയാതിരിക്കുന്ന അല്ലെങ്കില്‍ ഉച്ചയൂണു കഴിക്കാതിരിക്കുന്ന അല്ലെങ്കില്‍ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന ഒരു കുട്ടിയെ കണ്ടെത്തി മാനക്കേടുണ്ടാക്കാതെ  അവനു/അവള്‍ക്കു കൊടുക്കുക.  അതിനും പറ്റിയില്ലെങ്കില്‍ നേര്ച്ചപ്പെട്ടിയിലിടുകയോ പോതുസ്ഥാപനങ്ങള്‍ക്ക് കൊടുക്കുകയോ ചെയ്യുക.’  ‘ഹോ!  ഇതെട്ടിന്റെ പണിയായി പോയല്ലോ.  ഇതറിഞ്ഞിരുന്നെങ്കില്‍ ആ അമ്പതു  രൂപ   അവിടെ കിടന്നോട്ടെ എന്നു വച്ചേനേ.’ മോന്റെ പ്രതികരണം അതായിരുന്നു.  ‘അതു ശരിയാവില്ലല്ലോ മോനേ’ അമ്മ അതങ്ങു സമ്മതിച്ചു കൊടുത്തില്ല.  ‘നീയൊന്നോര്‍ത്തു നോക്കിക്കേ.  ഒരു കൊച്ചു കുട്ടിയുടെ കയ്യില്‍ നിന്നും വീണുപോയ പണമായിരുന്നു അതു.  നീയത് എടുക്കാന്‍ മടിച്ചു മുന്നോട്ടുപോയി.  കുറച്ചുദൂരം ചെന്നപ്പോള്‍ ആ കുട്ടി കരഞ്ഞു കൊണ്ടു നിനക്കെതിരെ വരുന്നു.  ‘ചേട്ടാ, ഒരമ്പതു രൂപ വഴിയിലെങ്ങാനും കിടന്നു കിട്ടിയാരുന്നോ?  അമ്മയ്ക്കു വലിവ് കൂടിയപ്പോ അയലത്തൂന്നു കടം വാങ്ങി മരുന്ന് വാങ്ങാന്‍ പോയതാരുന്നു.  മരുന്നു കടേല്‍  ചെന്നപ്പോ രൂപ കാണാനില്ല.’  ആ കുട്ടിയേയും കൂട്ടി അമ്പതു രൂപ കിടന്നിരുന്നിടത്തു എത്തിയപ്പോള്‍ അതവിടെയില്ല.  കാറ്റടിച്ചു പറന്നു പോയോ?  അവിടെ അടുത്തു മേഞ്ഞുകൊണ്ട് നിന്ന പശു പുല്ലു തിന്നുന്നതിനിടയില്‍ അതിന്റെ വായിലായിപ്പോയോ? അറിയില്ല.  അന്ന് ആ അമ്മ മരുന്ന് കിട്ടാതെ കിടന്നു വലിക്കുന്നതില്‍ നിനക്ക് ഒരുത്തരവാദിത്തവുമില്ലേ?  ആ കുഞ്ഞിന്റെ ഹൃദയം മുറിഞ്ഞതില്‍ നിനക്ക് പങ്കില്ലേ?  നീ നിന്റെ സഹോദരന്റെ കാവല്‍ക്കാരനാണ്‌ മോനേ.’  അമ്മ പറഞ്ഞു നിര്‍ത്തുമ്പോള്‍ മോന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.  അമ്മ തുടര്‍ന്നു. ‘നീ പ്രാര്‍ത്ഥിച്ചത് കൊണ്ടു ഈശോ തന്നതാണെന്നു നീ നേരത്തെ പറഞ്ഞിരുന്നല്ലോ.  ഇപ്പോള്‍ എന്ത് പറയുന്നു?’  ‘ഐസ്ക്രീമിനേക്കാള്‍ എത്ര വിലയേറിയ അറിവുകളാണ് ആ അമ്പതു രൂപയിലൂടെ ഈശോ എനിക്കു തന്നത്?’ മകന് തൃപ്തിയായി.   ‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂക്കാലം തരുന്ന ദൈവമാണു നമുക്കുള്ളത്, മോനേ.’  അമ്മ പറഞ്ഞവസാനിപ്പിച്ചു.

Comments

Post a Comment