ചോദിച്ചതും കിട്ടിയതും

  ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.


അപ്പനും മോളും

ചോദിച്ചതും കിട്ടിയതും

ഞാനും മകളും രാവിലെ പുറപ്പെടുകയായിരുന്നു, അവള്‍ സ്‌കൂളിലേയ്ക്കും ഞാന്‍ഓഫീസിലേയ്ക്കും.  അപ്പോളാണു് അവള്‍ പറയുന്നതു് അവളുടെ കുടയുടെ കമ്പിയൊടിഞ്ഞു് ഉപയോഗശൂന്യമായെന്നു്. കര്‍ക്കടക മാസം. പക്ഷേ, അപ്പോള്‍ ഞാന്‍ എന്തു ചെയ്യാന്‍?  അതുകൊണ്ടു് വേഗം ഞാന്‍ എന്റെ കുടയെടുത്തു് അവള്‍ക്കു് കൊടുത്തു.  ഞാന്‍ കുടയില്ലാതെ പോകുന്നതോര്‍ത്താകണംഅവള്‍  അല്പമൊന്നു് ശങ്കിച്ചു. എങ്കിലും എന്റെ കയ്യില്‍നിന്നും കുടയും വാങ്ങി അവള്‍ പോയി.  പിറ്റേന്നു്, അതേ സമയത്തു് അവള്‍ അറച്ചറച്ചു് എന്നോടു പറഞ്ഞു, ആ കുടയുടെ കാലൊടിഞ്ഞെന്നു്.   ഞാന്‍പറഞ്ഞു, 'ഇന്നലെ എന്റെ കയ്യില്‍ ഒരു കുടയുണ്ടായിരുന്നു, അതു ഞാന്‍ നിനക്കു തന്നു.  ഇന്നു് എന്റെ കയ്യില്‍ അതുമില്ല.  ഇനി എന്തു ചെയ്യാന്‍?'  അന്നു് ഞങ്ങള്‍ രണ്ടുപേരും കുടയില്ലാതെ പോയി. ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ബസ്സിലിരുന്നു്  ഒന്നു വിലയിരുത്തുമ്പോള്‍ ആ സംഭവപരമ്പരയില്‍എന്തോ ഒരസ്വാഭാവീകത എനിയ്ക്കു തോന്നി. അതിലൂടെ ദൈവം എന്നെ എന്തോ പഠിപ്പിയ്ക്കാന്‍  ആഗ്രഹിക്കുന്നെന്നൊരു തോന്നല്‍. എന്തോ എന്നോടു പറയാന്‍ ശ്രമിയ്ക്കുന്നതു പോലെ.  അതുകൊണ്ടു് ആ ചിന്തയുമായാണു് അന്നു വൈകിട്ടു് തിരുമുമ്പിലിരുന്നതു്.  'ആദ്യ ദിവസം അവള്‍നിന്നോടു ചോദിച്ചതു് ഒരു കുടയായിരുന്നു. നിനക്കതു മനസ്സിലായി. നിന്റെ കയ്യില്‍ അതുണ്ടായിരുന്നു, നിന്നെ മറന്നു് നീ അതു കൊടുക്കുകയും ചെയ്തു.  പിറ്റേന്നും അവള്‍ചോദിച്ചതു് അതു തന്നെ.  പക്ഷേ, നീ എന്തു കൊണ്ടു കൊടുത്തില്ല?'   'പിറ്റേന്നു് എന്റെ കയ്യില്‍ കുടയില്ലായിരുന്നു.  ആകെയുണ്ടായിരുന്നതു് മഴക്കാലത്തു കുടയില്ലാതെ നടക്കാനുള്ള തന്റേടം മാത്രം.' ഞാന്‍ മൊഴിഞ്ഞു.   ' 'തന്റേടംകുറച്ചുകൂടി ശരിയായ, കൃത്യമായ വാക്കെന്തെങ്കിലും?'  ഹോ! എനിയ്ക്കു തെറ്റി.  വേഗം തന്നെ ഞാന്‍ തിരുത്തി.  'കൃപ! മഴക്കാലത്തു കുടയില്ലാതെ നടക്കാനുള്ള ദൈവകൃപ.'  'അപ്പോള്‍ നീ അതംഗീകരിയ്ക്കുന്നു, അല്ലേകൊള്ളാം.  അതു നിനക്കുണ്ടായിരുന്നതു കൊണ്ടാണു് അവള്‍ചോദിച്ചപ്പോളേ അത്രയെളുപ്പത്തില്‍ കുടയെടുത്തു കൊടുക്കാന്‍ നിനക്കായതു്.  അതു കിട്ടിയപ്പോള്‍ അവള്‍ തൃപ്തയായി. എന്നാല്‍പിറ്റേന്നും അവള്‍ തിരിച്ചറിഞ്ഞില്ല അതവളുടെ പ്രശ്‌നത്തിനു ശാശ്വത പരിഹാരമല്ലെന്നു്.  അവള്‍ചിന്തിച്ചില്ല, എന്റെ അപ്പനു് ഈ മഴക്കാലത്തു് കുടയില്ലാതെ ഇത്ര കൂളായി എങ്ങനെ പോകാന്‍ കഴിയുന്നെന്നു്.  ആ കൃപയ്ക്കായി അവള്‍ചോദിയ്ക്കുകയും നീ അതു കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ അവള്‍ക്കു് അതിരട്ടിയായി കിട്ടുമായിരുന്നു നിനക്കുള്ളതൊട്ടും കുറയാതെ തന്നെ.'  'പാവം! അവള്‍ക്കിതു വല്ലതും മനസ്സിലായിട്ടുണ്ടോ തമ്പുരാനേ?' എനിയ്ക്കു പ്രതികരിയ്ക്കാതിരിയ്ക്കാനായില്ല.  'അവള്‍ക്കിതു മനസ്സിലായില്ലെന്നതാണു് നിന്റെ പ്രശ്‌നം.  ഇത്രയുമായിട്ടും ഞാന്‍ പറഞ്ഞുവരുന്നതെന്താണെന്നു് നിനക്കു മനസ്സിലായില്ലല്ലോ എന്നതാണെന്റെ സങ്കടം.ഒരു നിമിഷം. എനിയ്ക്കു മനസ്സിലായി, ഞാന്‍ എന്റെ സ്വര്‍ഗ്ഗീയ അപ്പനോടു ചോദിയ്ക്കുന്നതാണിവിടുത്തെ പ്രതിപാദ്യ വിഷയം.  ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ തമ്പുരാനോടു ചോദിച്ചിട്ടുണ്ടു്എന്തെല്ലാം തമ്പുരാന്‍തന്നിട്ടുണ്ടു്അതൊക്കെ എത്രത്തോളം എന്റെ പ്രശ്‌നങ്ങള്‍ക്കു് ശാശ്വത പരിഹാരമായിട്ടുണ്ടു്ഞാനൊന്നു കണക്കെടുക്കാന്‍ ശ്രമിച്ചു.  പണമാണെന്റെ പ്രശ്‌ന പരിഹാരത്തിനാവശ്യമെന്നു കരുതി ഞാനെത്രയോ തവണ തമ്പുരാനോടതു ചോദിച്ചിരിയ്ക്കുന്നു! എത്രയോ തവണ തമ്പുരാനതു തന്നിരിയ്ക്കുന്നു! പക്ഷേ, പരിഹാരങ്ങള്‍ തികച്ചും താല്ക്കാലികങ്ങളായിരുന്നു. തന്ന പണം തീരും. വീണ്ടും പുതിയ പ്രശ്‌നങ്ങള്‍.  പണം മാത്രമല്ല, ആരോഗ്യം, രോഗശാന്തി, വീട്, സ്ഥലം മാറ്റം, സ്വഭാവമാറ്റം......  അങ്ങനെ അങ്ങനെ എന്തെല്ലാം.  പലതും കിട്ടിയിട്ടുമുണ്ടു്. പക്ഷേ പ്രശ്‌നങ്ങള്‍ തീര്‍ന്നോ? ഇന്നും പ്രശ്‌നങ്ങളുടെ നടുവില്‍തന്നെ.  ചോദിച്ചവ കിട്ടിയിട്ടും എന്റെ പ്രശ്‌നങ്ങള്‍ തീരാത്തപ്പോളെങ്കിലും ഞാനൊന്നോര്‍ക്കേണ്ടതല്ലായിരുന്നോ ഞാന്‍ചോദിച്ചതിലും എനിയ്ക്കു കിട്ടിയതിലും എന്തൊക്കെയോ കുറവുണ്ടെന്നു്? സത്യത്തില്‍എന്താണെന്റെ ആവശ്യം? എന്താണു് ഞാനെന്റെ തമ്പുരാനോടു ചോദിക്കേണ്ടതു്? എന്തു കിട്ടിയാല്‍എനിയ്ക്കു തൃപ്തിയാകും? ചോദ്യങ്ങള്‍ എന്നെ വേട്ടയാടാന്‍ആരംഭിച്ചിരിയ്ക്കുന്നു.  പ്രീയപ്പെട്ടവരെ, നിങ്ങളും ഒരു ചെറിയ ബ്രേക്ക് എടുക്കൂ. എന്നിട്ടു് ഒരു സ്റ്റോക്കെടുപ്പു് നടത്തൂ, നിങ്ങള്‍ ചോദിച്ചതിന്റെയും കിട്ടിയതിന്റെയും.  കിട്ടിയതു കൊണ്ടു് എത്രത്തോളം നിങ്ങള്‍ തൃപ്തരായിഎനിക്കുറപ്പുണ്ടു്, നിങ്ങളെയും ചോദ്യങ്ങള്‍ വേട്ടയാടിത്തുടങ്ങും.  അതു നല്ലതല്ലേചോദ്യങ്ങളാണല്ലോ ഉത്തരങ്ങളിലേയ്ക്കുള്ള ആദ്യ പടി.  സകലതിനും ഉത്തരമായവനേ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കു് ഉത്തരമാകണമേ, ഉത്തരമേകണമേ.


ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.














Comments