പ്രവാചകന്റെ പ്രതിഫലം

ഇഷ്ടമായെങ്കിൽ suscribe  ചെയ്യുക.


പ്രവാചകന്റെ പ്രതിഫലം


പ്രവാചകനെ പ്രവാചകനായി സ്വീകരിയ്ക്കുന്നവനു് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിയ്ക്കുന്നവനു് നീതിമാന്റെ പ്രതിഫലവും ലഭിയ്ക്കുന്നു. (മത്തായി 10/41).

ഈ തിരുവചനം വായിയ്ക്കുമ്പോളൊക്കെ ഇതിന്റെ പിന്നിലെ നീതിയെന്തെന്നു് ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു. ദൈവത്തിന്റെ വക്താവാകുന്നതിന്റെ പേരില്‍ പ്രവാചകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെത്ര? അനുഭവിയ്ക്കേണ്ടിവരുന്ന വേദനകളെത്ര? അയാളെ പ്രവാചകനായി സ്വീകരിയ്ക്കുന്നതിന്റെ പേരില്‍ ഒരുവനു് പ്രവാചകനു തുല്യം പ്രതിഫലം നല്‍കുന്നതിലെ നീതിയായിരുന്നു എന്നെ കുഴക്കിയതു്. അതുപോലെ തന്നെ, നീതിമാനായി ജീവിയ്ക്കുന്നതു് എത്രയോ പ്രയാസകരം. അവനെയും അവനെ നീതിമാനായി അംഗീകരിയ്ക്കുന്നവനെയും ഒരേ അളവുകോലു കൊണ്ടു് അളക്കുന്നതെങ്ങനെ? പ്രവാചകനും നീതിമാനും സമൂഹത്തില്‍ സ്വീകരിയ്ക്കപ്പെടുന്നതിനു ദൈവം ഏര്‍പ്പാടാക്കിയിരിയ്ക്കുന്ന ക്രമീകരണമായിരിയ്ക്കും ഇതൊക്കെ എന്നു ഞാന്‍ സമാശ്വസിച്ചു. അല്ലെങ്കില്‍ത്തന്നെ, കാലത്തെ വന്നവനും വൈകുന്നേരം വന്നവനും ഒരേ കൂലി കൊടുക്കുന്ന ദൈവീക നീതി എപ്പോഴും നമുക്കു മനസ്സിലായെന്നു വരികയില്ലല്ലൊ എന്നും ഞാന്‍ സമാധാനിച്ചു.

 

അങ്ങനെയിരിയെ്ക്കയാണു് എന്റെ ഒരു സ്നേഹിതന്‍ ഒരു ക്രിസ്തീയ പ്രസിദ്ധീകരണത്തില്‍ ഒരു ലേഖനമെഴുതിയതു്. ലേഖനത്തിന്റെ ഉള്ളടക്കം ചിലരെയൊക്കെ പ്രകോപിപ്പിച്ചു എന്നു തോന്നുന്നു. ഞാനും ആ ലേഖനം വായിച്ചിരുന്നു എങ്കിലും അത്ര പ്രകോപനകരമായി എനിയെ്ക്കാട്ടു തോന്നിയിരുന്നുമില്ല. ആ നാളുകളിലൊന്നില്‍, എനിയെ്ക്കാരു ഫോണ്‍ കോള്‍. എന്നെ പരിചയമുള്ള, എനിയ്ക്കു പരിചയമുള്ള ഒരാളാണു ലൈനില്‍. അദ്ദേഹം മേപ്പടി ലേഖനത്തെപ്പറ്റി എന്റെ അഭിപ്രായം ചോദിച്ചു. ഞാന്‍ ഒട്ടും മടിയ്ക്കാതെ, മറയ്ക്കാതെ എന്റെ അഭിപ്രായം പറയുകയും ചെയ്തു: `അതൊരു പ്രവാചകശബ്ദമായാണു് എനിയ്ക്കു തോന്നിയതു്. ബന്ധപ്പെട്ടവര്‍ അതങ്ങനെ തന്നെ സ്വീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.' പിന്നെ എന്റെ ചെവിയില്‍ വീണു നിറഞ്ഞതു് ഒരു ചുമടു ചീത്തയായിരുന്നു. വെറും ചീത്തയെന്നു പറഞ്ഞാല്‍ പോര പിതാമഹന്മാരെയും പ്രപിതാമഹന്മാരെയുമൊക്കെ ഉള്‍പ്പടുത്തിയുള്ള പ്രയോഗം. ഒരു നിമിഷം ഞാനൊന്നു സ്തംബ്ധനായിപ്പോയി. നല്ലൊരു ചെറുപ്പക്കാരന്‍, നല്ലൊരാത്മീയ സംഘടനാംഗം. അദ്ദേഹത്തിന്റെ വായില്‍ നിന്നിതൊക്കെ വന്നല്ലൊ എന്നൊരു വിഷമം. പിന്നെ ആലോചിച്ചപ്പോള്‍ തോന്നി, പ്രാര്‍ത്ഥനകളിലും ദിവ്യബലിയിലുമൊക്കെ യാക്കോബും ഇസഹാക്കും വരെ മാത്രമല്ല അബ്രഹാം വരെയുള്ള പിതാക്കന്മാരുടെ പേരു പറയുന്നുണ്ടല്ലൊ. ഇതത്രയുമൊന്നുമെത്തിയില്ലല്ലോ എന്നാശ്വസിച്ചു. പിന്നീടുള്ള ചില ദിവസങ്ങളിലും ഏറിയും കുറഞ്ഞും പലരും ഇതാവര്‍ത്തിച്ചു. മാന്യമായി പ്രതിഷേധം അറിയിച്ചവരുമുണ്ടു കെട്ടോ. ഇത്രയുമായപ്പോള്‍ ഞാന്‍ ചിന്തിച്ചു. മറ്റൊരാള്‍ എഴുതിയ ലേഖനത്തെച്ചൊല്ലി ഞാനെന്തിനിതെല്ലാം കേള്‍ക്കണം? സഹകര്‍ത്തൃത്വമൊന്നുമില്ലെന്നു മാത്രമല്ല എനിയ്ക്കാ ലേഖനവുമായി യാതൊരു ബന്ധവുമില്ല. അന്വേഷിച്ചപ്പോളറിഞ്ഞു ലേഖനകര്‍ത്താവിനും കിട്ടിയിട്ടുണ്ടു് കണക്കിനു്.

 

ഇപ്പോഴാണു് മത്തായി 10/41 ന്റെ അര്‍ത്ഥം എനിയ്ക്കു വെളിപ്പെട്ടതു്. `പ്രവാചകനെ പ്രവാചകനായി സ്വീകരിയ്ക്കുക' എന്നാല്‍ പ്രവാചകനോടൊപ്പം നില്ക്കുക, പ്രവാചകന്റെ നിലപാടു സ്വീകരിയ്ക്കുക എന്നൊക്കെയാണര്‍ത്ഥം. അങ്ങനെ ചെയ്യുന്നവനു് പ്രവാചകനു കിട്ടിയതൊക്കെ കിട്ടിയെന്നിരിയ്ക്കും. അപ്പോള്‍ പ്രവാചകനൊപ്പം പ്രതിഫലത്തിനു് അവന്‍ അര്‍ഹനാകുന്നു. അതില്‍ അനീതിയൊന്നുമില്ല. യഥാര്‍ത്ഥ പ്രവാചകന്‍ ദൈവത്തിന്റെ വക്താവാണു്. ദൈവഹിതത്തിന്റെ വെളിപ്പെടലാണു് അവനിലൂടെ നടക്കുന്നതു്. ദൈവവചനത്തോടാണു് അവന്‍ ചേര്‍ന്നു് നില്ക്കുന്നതു്. പ്രവാചകനോടു ചേര്‍ന്നു് നില്ക്കുന്നവനും അങ്ങനെ തന്നെ. നീതിമാന്‍ ദൈവഹിതം പ്രവര്‍ത്തികമാക്കുന്നവനാണു്; ദൈവത്തിന്റെ സഹപ്രവര്‍ത്തകനാണു്. ദൈവത്തോടാണവന്‍ ചേര്‍ന്നു നില്ക്കുന്നതു്. അവനെ നീതിമാനായി സ്വീകരിയ്ക്കുന്നവനും അങ്ങനെതന്നെ.

 

നമ്മുടെ അനുദിന ജീവിതത്തില്‍ പലപ്പോഴും നാം ദൈവസ്വരം പ്രതിധ്വനിപ്പയ്ക്കുന്നവരെയും ദൈവഹിതം നടപ്പാക്കുന്നവരെയും കണ്ടുമുട്ടാറുണ്ടു്. നാമെന്തു നിലപാടാണെടുക്കാറുള്ളതെന്നു് ഒന്നാത്മശോധന ചെയ്യുക. നാമെടുക്കുന്ന ശരിയായ നിലപാടുകള്‍ക്കു കൊടുക്കേണ്ടിവന്നേക്കാവുന്ന വില പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്നു. എന്തങ്കിലുമൊക്കെ നഷ്ടപ്പെടുവാനുള്ളവരാണു നമ്മളൊക്കെ. നഷ്ടപ്പെടുവാനുള്ളതിന്റെ അളവു കൂടുന്നതിനു് ആനുപാതികമായി ഭയവും കൂടുന്നു. സ്വജീവനെക്കൂടെയും വെറുക്കാതെ ഒരുവനും തന്നെ അനുഗമിയ്ക്കാനാവുകയില്ലെന്നു് യേശുനാഥന്‍ പറഞ്ഞതതുകൊണ്ടാണു്. സ്വജീവനെയും വെറുത്തവനു് നഷ്ടപ്പെടുവാനൊന്നുമില്ല; അവനു ഭയവുമില്ല. ഈ ഭയം സ്വന്തബന്ധങ്ങളെപ്പോലും തള്ളിപ്പറയാന്‍ പ്രേരിപ്പിയ്ക്കുന്നത്ര ശക്തമാണു്. യോഹന്നാന്‍ 9ല്‍ യേശു ജന്മനാ അന്ധനായ ഒരുവനെ സൗഖ്യമാക്കിയ സംഭവം നോക്കുക. യേശുവാണു് ജന്മനാ അന്ധനായ തന്നെ സൗഖ്യമാക്കിയതെന്നു് ഏറ്റുപറയാന്‍ അയാള്‍ തയ്യാറാകുന്നു. പക്ഷെ, അവന്റെ സ്വന്ത മാതാപിതാക്കള്‍ അവനോടൊപ്പം നില്ക്കാന്‍ തയ്യാറാകുന്നില്ല. മതത്തില്‍ നിന്നു തങ്ങളെ പുറത്താക്കിയേക്കുമെന്നവര്‍ ഭയപ്പെട്ടു. പ്രവാചകനെ പ്രവാചകനായി സ്വീകരിയ്ക്കാന്‍ അവര്‍ മടിച്ചു; പ്രവാചകന്റെ പ്രതിഫലം അവര്‍ക്കു നഷ്ടമാവുകയും ചെയ്തു. സധൈര്യം തന്നെ ഏറ്റുപറഞ്ഞവനെ പിന്നീടു കണ്ടപ്പോള്‍ യേശു തന്നെത്തന്നെ അവനു വെളിപ്പെടുത്തി കൊടുത്തു.(35-38). യേശു താന്‍ ആരാണെന്നു് നേരിട്ടു പറഞ്ഞു കൊടുത്തതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രണ്ടു പേരില്‍ ഒരാളാകാനുള്ള ഭാഗ്യമാണവനു കൈവന്നതു്. അവന്റെ മാതാപിതാക്കള്‍ അവനെ യഥാവിധി സ്വീകരിച്ചിരുന്നെങ്കില്‍ ഈ ഭാഗ്യത്തിലും അവര്‍ക്കു പങ്കുപറ്റാമായിരുന്നു. സ്വസഹോദരന്‍ അന്ത്രയോസിനെ പ്രവാചകനായി സീകരിച്ച ശിമയോനു ലഭിച്ചതു് കേപ്പാ എന്ന പുത്തന്‍ പേരാണു്. തന്റെ വിജ്ഞാനത്തിനിണങ്ങാത്ത കാര്യമാണു പറഞ്ഞതെങ്കിലും പീലപ്പോസിനെ പ്രവാചകനായി സ്വീകരിച്ച നഥാനിയേലിനു് പീലപ്പോസിനൊപ്പം യേശുവിനെ ക്രിസ്തുവായി തിരിച്ചറിയാനുള്ള ഭാഗ്യമാണുണ്ടായതു്.

 

രാജസദസ്സില്‍ കയറിച്ചെന്നു് ദാവീദുരാജാവിന്റെ നേരെ വിരല്‍ ചൂണ്ടി `ആ മനുഷ്യന്‍ നീ തന്നെ' എന്നലറിയ നാഥാന്‍ പ്രവാചകന്റെ കൂടെ നില്ക്കാന്‍ രാജസദസ്സില്‍ ആരുമുണ്ടായിരുന്നിരിയ്ക്കയില്ല. `എന്തൊരവിവേകം! രാജസദസ്സില്‍ വച്ചു് മഹാരാജാവിനെ അപമാനിയ്ക്കുകയോ? ഇയാള്‍ക്കു് അത്രയ്ക്കങ്ങു് പ്രവചിയ്ക്കണമെന്നുണ്ടായിരുന്നെങ്കില്‍ അന്തപ്പുരത്തിലെങ്ങാനും ചെന്നു് മറ്റാരും കേള്‍ക്കാതെ രാജാവിന്റെ ചെവിയിലൊ മറ്റോ പ്രവചിച്ചാല്‍ പോരായിരുന്നൊ?' എന്നഭിപ്രായപ്പെട്ടവരായിരിയ്ക്കും ഏറെയും. എന്നാല്‍ അയാളെ പ്രവാചകനായി സ്വീകരിച്ച ദാവീദു് പാപമോചനവും പ്രവാചകപദവിയും നേടി. തന്റെ നേരെ വിരല്‍ ചൂണ്ടിയ സ്‌നാപകന്റെ തലയെടുത്ത ഹേറോദേസിനു കിട്ടിയ പ്രതിഫലം എത്ര വ്യത്യസ്തം!

 

കഷ്ടനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ പ്രവാചകനെ പ്രവാചകനായും നീതിമാനെ നീതിമാനായും സ്വീകരിയ്ക്കാനുള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ത്ഥിയ്ക്കാം. അപ്രകാരം ചെയ്യുമ്പോള്‍ നാം ദൈവത്തോടാണു ചേര്‍ന്നു നില്ക്കുന്നതു്. അവിടുന്നു് പ്രവാചകന്റെയും നീതിമാന്റെയും പ്രതിഫലം തന്നു് നമ്മെ തൃപ്തരാക്കും.



 

Comments