ഇളയകുഞ്ഞുങ്ങള്‍ പെരുകുമ്പോള്‍

 


കുറച്ചുനാള്‍  മുമ്പ് നമ്മുടെ നാട്ടില്‍ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍  ഈ വിവരണം ആരംഭിക്കുന്നില്ല.  കാരണം സംഭവം വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ പറയും ഇത് പണ്ടെങ്ങും നടന്നതല്ല എന്ന്.  ഒരു വീട്ടിലെ ഇളയ കുട്ടിക്ക് പനിയും കലശലായ തലവേദനയും മാത്രമല്ല തലവേദനയും കലശലായ പനിയും.  മുതിര്‍ന്നവര്‍ക്കായിരുന്നെങ്കില്‍  വല്ല ചുക്ക് കഷായവും കൊടുക്കാമായിരുന്നു.  ഇത് കുട്ടിക്കല്ലേ?  ആവിപിടിപ്പിക്കാനും പറ്റുന്നില്ല. എന്തു ചെയ്യും?  ടാങ് പോലും കുടിക്കാതെ കിടക്കുന്ന കുഞ്ഞിനു എന്നുംകൊണ്ട് സിപ് അപ്പ്‌  അല്ലെങ്കില്‍ ഐസ് ക്രീം കൊടുക്കാനാവുമോ?  കുഞ്ഞിനു dehydration കൊണ്ട് എന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന ഭയവും.  നാനാതരത്തിലുള്ള പത്തിരുപത്തഞ്ചു ആശുപത്രികളുള്ള നഗരമാണ്, പക്ഷേ, ആ ദിവസം, ആ സമയം ഒരിടത്തും ശിശുരോഗ വിദഗ്ദ്ധനില്ല.  ഒരാവശ്യം വരുമ്പോള്‍ അല്ലെങ്കിലും അങ്ങിനെയാണ്.  ഫോണ്‍ വിളികളുടെ ഒരു നീണ്ട പരമ്പരയുടെ അവസാനത്തിലാണ്  ആ ഒരാശുപത്രിയില്‍ പീഡിയാട്രീഷ്യന്‍ ഉണ്ടെന്നറിയുന്നത്‌.  മുമ്പങ്ങിനെ കേട്ടിട്ടുള്ള ആശുപത്രിയല്ല,  പരിചയക്കാരാരും അവിടെ ചികിത്സ തേടി പോയതായും അറിയില്ല.  ബ്ലേഡ് ആണെന്നൊരു കുപ്രചരണം നിലവിലുണ്ടെന്നത് നേര്.  അതിപ്പോ എല്ലാവരും പണത്തിനു വേണ്ടിയല്ലേ?  തന്നെയുമല്ല, നമുക്കിവിടെ തിരഞ്ഞെടുപ്പിനു തീരെ അവസരവുമില്ല.  അവിടെ മാത്രമേ  തല്‍കാലം ശിശുരോഗവിദഗ്ദ്ധനുള്ളൂ.  നേരേ കുഞ്ഞിനേയും കൊണ്ട് വണ്ടി അങ്ങോട്ടു വിട്ടു.  ആശുപത്രിയിലെത്തിയതേ അവര്‍ കുഞ്ഞിനെ അഡ്മിറ്റാക്കി.  മൂന്നാലു കുത്തു കുത്തിയിട്ടാണെങ്കിലും വെയിന്‍ കണ്ടുപിടിച്ചു ഡ്രിപ്പ് കൊടുക്കാനുള്ള സംവിധാനമോക്കെ പിടിപ്പിച്ചു.  ഇത്രയുമൊക്കെ ആയപ്പോഴേക്കും  നഴ്സ് കൊടുത്ത ORS ലായനി കുടിക്കാന്‍ കുഞ്ഞു തയ്യാറായതുകൊണ്ട് ഡ്രിപ്പ് ഒഴിവായി.  ശിശുരോഗ വിദഗ്ദ്ധനെത്തി കുഞ്ഞിനെ അന്നത്തേക്ക്‌ നിരീക്ഷണത്തിനിട്ടു.  പിറ്റേന്ന് ബാംഗ്ലൂര്‍ ഒക്കെ പ്രചാരത്തിലുള്ള  ഒരു രോഗമാണോ എന്നറിയാനുള്ള ടെസ്റ്റുകള്‍ നടത്തി.  അങ്ങിനെ ഒരു സംശയം തോന്നിയ നിലയില്‍ കുഞ്ഞിനെ വാര്‍ഡില്‍ നിന്നും സിംഗിള്‍ റൂമിലേക്ക്‌ മാറ്റി.  കാര്യം ദിവസം നാലായിരം രൂപ വാടകയിനത്തില്‍ മാത്രമാകുമെങ്കിലും മറ്റുള്ളവര്‍ക്ക് മാരക രോഗം പകര്‍ത്തിക്കൊടുക്കാന്‍ നമ്മള്‍ കാരണമാകരുതല്ലോ.  തന്നെയുമല്ല, ഇത്തരം രോഗം കണ്ടെത്തിയാല്‍ അന്നേരം സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്, അധികാരികള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാന്‍.  ഡോക്ടര്‍ നമ്മളോടുള്ള പ്രത്യേക പരിഗണന കൊണ്ട് ഇതുവരെ അതൊട്ട്‌ ചെയ്തുമില്ല. 

പിറ്റേന്ന് രാവിലെ തെളിഞ്ഞ മുഖവുമായാണ് ഡോക്ടര്‍  എത്തിയത്.  അദ്ദേഹം എത്തിയ പാടെ പറഞ്ഞു, ആംഗലത്തില്‍ : I have a good news for you’ (നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്.)  ആ രോഗ സാദ്ധ്യത ഞങ്ങള്‍ rule out ചെയ്തു.  കുഞ്ഞിനു ആ മാരക രോഗമില്ലെന്നു സാരം.  ഇതിനോടകം O R S ലായനിയെക്കാള്‍ രുചി കഞ്ഞിവെള്ളത്തിനും പഴച്ചാറിനുമുണ്ടെന്നു കണ്ടെത്തിയ കുഞ്ഞു അവയൊക്കെ അളന്നു കുടിക്കാനും അമ്മ മൂത്രം അളന്നു വിവരം നഴ്സിനെ കൃത്യമായി അറിയിക്കാനും പഠിച്ചുകഴിഞ്ഞിരുന്നു.  അന്നുച്ചകഴിഞ്ഞു ഡോക്ടറെത്തിയതു ഒരു സംശയവുമായിട്ടായിരുന്നു.  ഈ ശൂന്യാകാശത്തൊക്കെ പോകുന്നവര്‍ ധരിക്കുന്ന വസ്ത്രം പോലുള്ള വസ്ത്രം ധരിച്ചു ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ പരിചരിക്കുന്ന ഒരുതരം രോഗം, ഹാ!  ഈ സിനിമേലൊക്കെ കണ്ടിട്ടില്ലേ, ങ്ഹാ! ആ  അസുഖമാണോ മോള്‍ക്കെന്നു.  ദൈവമേ,  അതൊന്നും ആവരുതേ എന്റെ മോള്‍ക്ക്‌.  അറിയാവുന്നിടത്തൊക്കെ നേര്‍ച്ച നേര്‍ന്നു.  പ്രാര്‍ത്ഥനയുടെ ശക്തിക്കൊരു കുറവും വരാതിരിക്കാന്‍ എല്ലാ സാമുഹ്യ മാദ്ധ്യമ ഗ്രൂപ്പുകളിലും പ്രാര്‍ത്ഥനാ സഹായം തേടി.  ദൈവാനുഗ്രഹത്താല്‍ പിറ്റേന്ന് രാവിലേയും ഡോക്ടര്‍ എത്തിയതു സദ്വാര്‍ത്തയുമായിട്ടായിരുന്നു.  കുഞ്ഞിനു ആ അസുഖവും ഇല്ലെന്നുറപ്പായി.

 ഒരു പ്രത്യേക ബ്രാണ്ട് സോപ്പുകൊണ്ടു കൈകഴുകിയില്ലെങ്കില്‍ നശിക്കാത്ത കീടാണുക്കള്‍ക്കും ഒരു തരം ഫിനോള്‍ കലര്‍ത്തിയ വെള്ളം കൊണ്ട് തറ തുടച്ചില്ലെങ്കില്‍  പോകാത്ത രോഗാണുക്കള്‍ക്കും കുളിമുറി കഴുകാന്‍ ഇത് തന്നെ ഉപയോഗിച്ചില്ലെങ്കില്‍ പോകാത്ത ആയിരം ഇനം മാരകാണുക്കള്‍ക്കും മുറിയുടെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന കീടങ്ങള്‍ക്കും തൊട്ടാല്‍ പകരുന്നതും തുമ്മിയാല്‍ പകരുന്നതുമായ വൈറസുകള്‍ക്കും 15 സെക്കന്റില്‍ അധികം സൂക്ഷിച്ചു നോക്കിയാല്‍  അതിക്രമിച്ചു കടക്കുന്ന അണുക്കള്‍ക്കും ദൈവാനുഗ്രഹത്താല്‍ ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍  നമ്മുടെ കുഞ്ഞിനു എല്ലാ ദിവസവും ഉച്ചകഴിഞ്ഞു സ്കാനിങ്ങുകളും ടെസ്റ്റുകളും പിറ്റേന്ന് പ്രഭാതങ്ങളില്‍  ഗുഡ് ന്യൂസുകളും തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരുന്നു.  മാരക രോഗങ്ങളൊന്നും മോള്‍ക്കില്ലെന്നറിയുമ്പോള്‍ ഉള്ള ആ സന്തോഷം,  ആ ആശ്വാസം! അതനുഭവിച്ചു തന്നെ അറിയേണ്ടതാണ്.  ടെസ്റ്റുകളുടെയും സ്കാനിങ്ങു കളുടെയും കള്ച്ചറുകളുടെയും ടാര്‍ജെറ്റ്‌ ഇത്രവേഗം എത്തിക്കാന്‍ പറ്റുന്നതിനാല്‍ ഡോക്ടര്‍ക്ക്‌ സന്തോഷം.  മുറി വാടകയും മറ്റിതര സേവനങ്ങള്‍ക്കുള്ള തുകകളും കിട്ടുന്നതിനാല്‍ ആശുപത്രി ഉടമകളും സന്തോഷത്തില്‍.  ഇടത്തോട്ടു തിരിഞ്ഞാലും വലത്തോട്ടു തിരിഞ്ഞാലും ടാക്സ് കിട്ടുന്നതിനാല്‍ സര്‍ക്കാരിനും സന്തോഷം.  ഇവിടെ എല്ലാവരും സന്തുഷ്ടരാണ്. രോഗത്തിന് മാറ്റമൊന്നുമില്ലെങ്കിലും,   മോളുടെ രോഗമെന്താണെന്ന് കണ്ടുപിടിച്ചില്ലെങ്കിലും പലേ മാരക രോഗങ്ങളും അല്ല എന്ന് തെളിഞ്ഞല്ലോ.  അങ്ങിനെ സന്തോഷിച്ചിരിക്കെ പിറ്റേ ദിവസം രാവിലെ മോളുടെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടത് അമ്മ.  ആ വിവരം ഡോക്ടറോട് പറഞ്ഞു.  ഇത് ഇന്റേണല്‍ ഹെമറേജു മുതല്‍ എന്തുമാകാം.  ചിലപ്പോള്‍ രക്താര്‍ബ്ബുദത്തിന്റെ  ലക്ഷണം പോലുമാകാം. എന്തായാലും ഒരു മള്‍ട്ടി സ്ലൈസ് ടോട്ടല്‍ സ്കാനിംഗ് ആകാം.  മറ്റു ചില പരിശോധനകളും.  ദൈവം നമ്മുടെ കുഞ്ഞിന്റെ പക്ഷത്തായിരുന്നതിനാല്‍ പിറ്റേന്ന് രാവിലേയും ഡോക്ടര്‍  പ്രസന്ന വദനനായിത്തന്നെ എത്തി അറിയിച്ചു: ഒന്നും ഭയപ്പെടാനില്ല. പന്ത്രണ്ടു പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടികള്‍ക്കിതു സ്വാഭാവികമാണ്.  എന്ന് മാത്രമല്ല ചില സമൂഹങ്ങള്‍ ഇതാഘോഷിക്കാറുപോലുമുണ്ട്.  എന്തായാലും ഇതോടെ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക്  ഒരു തിരിച്ചറിവുണ്ടായി.  തങ്ങളുടെ മോളേ ഇനി ചികിത്സിക്കാന്‍ പീഡിയാട്രീഷ്യന്‍ തന്നെ വേണമെന്നില്ല ഗൈനെക്കോളജിസ്റ്റ് ആയാലും മതിയെന്ന്.  അടുത്ത ദിവസം മോളേ മറ്റൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കും മുന്‍പ്   ചികിത്സിച്ചാല്‍ ഒറ്റ ആഴ്ചകൊണ്ടു സുഖപ്പെടാവുന്നതും ചികിത്സിച്ചില്ലെങ്കില്‍ ഏഴു ദിവസം വരെയും നീളാവുന്നതുമായിരുന്ന ആ മാരക രോഗത്തില്‍ നിന്നു അവള്‍  സൌഖ്യപ്പെട്ടു.

ജനസംഖ്യയില്‍ കുട്ടികളുടെ ഭാഗം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  ചോക്കലേറ്റ് കമ്പനികള്‍ പുതിയ ഫാഷനില്‍ താടിയും മീശയും വളര്‍ത്തിയ കൊച്ചു ആണ്‍കുട്ടികളും ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള തീരെ കുഞ്ഞു പെണ്‍കുട്ടികളും ചോക്കലേറ്റ് തിന്നുന്നതായി പരസ്യം കാണിക്കുന്നതു അവരുടെ കച്ചവടത്തിനു ആവശ്യമാണ്‌.  നാളെ അവര്‍ തലനരച്ച കുഞ്ഞുങ്ങള്‍ ചോക്കലറ്റ് തിന്നുന്നതു കാണിച്ചേക്കാം.  എന്നുംകൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ എന്തു പ്രായമായെന്നു നാം അറിയാതെ പോകരുത്.  പ്രായാനുസൃതമായി അവരോടു പെരുമാറാനും ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചുകൊടുക്കാനും നാം തയ്യാറാകണം.  പണ്ടൊക്കെ ഇളയ മക്കള്‍ക്ക്‌ മാത്രമായിരുന്നു പ്രായം മറന്നുള്ള വളര്‍ത്തല്‍  ലഭിച്ചിരുന്നത്.  അന്ന് കുടുംബത്തില്‍ തന്നെയുള്ള മൂത്ത സഹോദരരില്‍ നിന്ന് ഉത്തരവാദിത്തപൂര്‍ണ്ണമായ ജീവിതം എന്താണെന്ന് കാണാനും മനസിലാക്കാനും അവര്‍ക്കു അവസരം കിട്ടിയിരുന്നു താനും.  ഇന്നിപ്പോള്‍ ഒന്നല്ലെങ്കില്‍ രണ്ടു കുഞ്ഞുങ്ങള്‍ മാത്രമുള്ളിടത്തു എന്തു മൂത്തതും ഇളയതും. പത്തിരുപത്തിയഞ്ചു വയസ്സുവരെ കുഞ്ഞായി വളര്‍ന്നവര്‍ വിവാഹിതരാകുന്നു.  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചോക്കലേറ്റ് മുറിച്ചപ്പോള്‍ വലിയ കഷണം കിട്ടിയില്ലെന്ന കാരണവും പറഞ്ഞു തമ്മില്‍ പിരിഞ്ഞു മാതാപിതാക്കളുടെ അടുത്തെത്തുന്നു.  അവരാകട്ടെ തുല്യത കാണിക്കാത്തവന്റെ കൂടെ എന്റെ മോളിനി പോകണ്ട;  അല്ലെങ്കില്‍ വലിയ കഷണം നിനക്ക് തരാത്ത അവളെന്തിനാ ഇനി നിന്റെ ജീവിതത്തില്‍ എന്ന നിലപാടും എടുക്കുന്നു.  അല്ല, കുടുംബക്കോടതികളില്‍ വിവാഹമോചന ഹര്‍ജികള്‍ പെരുകുന്നതിന് ഇതും ഒരു കാരണമല്ലേ?

Comments

  1. Hello sir, can we follow each ? Please look my profile

    ReplyDelete
  2. So close to the reality... Congratulations

    ReplyDelete

Post a Comment