പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍

 


അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.(മത്താ.7/20) ഒരാളില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ തിരിച്ചറിയാനുള്ള അടയാളമായാണ് യേശു ഇവിടെ ഫലങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ഇതു മനസ്സില്‍ വച്ചുകൊണ്ടു വായിക്കുമ്പോള്‍ ഗലാത്തിയാ 5 ല്‍ പറയുന്ന പരിശുദ്ധാത്മാവിന്റെ ഫലങ്ങളെ നമുക്കു അല്പം കൂടി വ്യക്തമായി മനസ്സിലാക്കാനാവും.  വരങ്ങളില്‍നിന്നും ദാനങ്ങളില്‍ നിന്നും ഫലങ്ങളെ വ്യത്യസ്തമാക്കുന്ന പ്രധാന പ്രത്യേകത അതാണ്‌.  നാം പലപ്പോഴും അങ്ങിനെ തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ടെങ്കിലും വരങ്ങളുടെയോ ദാനങ്ങളുടെയോ സാന്നിദ്ധ്യം ഒരാളില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ എപ്പോഴും സാക്ഷ്യപ്പെടുത്തുന്നു എന്ന് വരണമെന്നില്ല.  ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം.  ഒരാള്‍ പ്രവചിക്കുന്ന കാര്യം സംഭവിക്കുകയോ സഫലമാവുകയോ ചെയ്താല്‍ അയാളെ പ്രവാചകനായി സ്വീകരിക്കാം എന്നാ സൂചനയാണ് നിയമാവര്‍ത്തനം 18/22 നല്‍കുന്നത്.  അതായതു അയാള്‍ക്കു പ്രവചനവരം ഉണ്ട് എന്നു കണക്കാക്കാം എന്ന്.  എന്നാല്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16/16 മുതലുള്ള വചന ഭാഗങ്ങളില്‍ കാണുന്ന അടിമ പെണ്‍കുട്ടി കാര്യങ്ങള്‍ കൃത്യമായി പ്രവചിക്കുന്നെങ്കിലും അവളില്‍ പ്രവര്‍ത്തിക്കുന്ന ആതമാവ്‌ ശരിയല്ലെന്നു പൗലോസ്‌ തിരിച്ചറിയുന്നു.  ആത്മാവിനെ തിരിച്ചറിയാന്‍ ഫലങ്ങളോളം വ്യക്തമായ അടയാളങ്ങളില്ല.  ഇക്കാരണത്താല്‍ തന്നെ വരങ്ങളെയും ദാനങ്ങളെയും ഒന്നൊന്നായി എടുത്തു പരിശോധിക്കുന്നതുപോലെ ഫലങ്ങളെ പരിശോധിക്കാന്‍ ആവില്ല.  അതുകൊണ്ടായിരിക്കണം മൂലഭാഷയില്‍  ഗലാത്തിയ 5/22 ല്‍ ഫലം  എന്നു ഏകവചനം ഉപയോഗിച്ചിരിക്കുന്നതു.  അതായതു പ്രവചനവരമുള്ള ഒരാള്‍ക്കു രോഗശാന്തി വരമുണ്ടായിരിക്കണം എന്നു നിര്‍ബ്ബന്ധമില്ല.  എന്നാല്‍ ഫലങ്ങളുടെ കാര്യം അങ്ങിനെയല്ല;  അതു പരിശുദ്ധാത്മ സന്നിദ്ധ്യത്തിന്റെ അടയാളമാണല്ലോ.തീരെ കൃത്യതയില്ലാത്തതെങ്കിലും ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാം.  ഉപ്പു, പഞ്ചസാര,  പുളി,  ഇന്ദുപ്പ്, തുടങ്ങിയ വിവിധ വസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വെള്ളം ഒരു കുപ്പിയിലേക്കു അല്പാല്പമായി നിറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് കരുതുക.  ഏതെങ്കിലും ഒരു പ്രത്യേക സമയത്തു കുപ്പിയില്‍ എത്രമാത്രം പഞ്ചസാരയുണ്ട് അല്ലെങ്കില്‍ ഉപ്പുണ്ട്‌ എന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുക എളുപ്പമല്ല.  ഇതെല്ലാം ചേര്‍ന്ന വെള്ളത്തിന്റെ നിലവാരമായിരിക്കും നമുക്കറിയാന്‍ കഴിയുക.  അതുപോലെ തന്നെ,  ഏതെങ്കിലും ഒരു ദാനത്തിനോ വരത്തിനോ വേണ്ടി പ്രാര്‍ത്ഥിക്കുന്നതോ പ്രതീക്ഷിക്കുന്നതോ പോലെ ഒരു ഫലത്തിനായി നമുക്ക് ചെയ്യാനാവില്ല.  അതായതു ആനന്ദം ഉള്ളയാള്‍ക്കു സമാധാനവും ഉണ്ടായിരിക്കും എന്ന് സാരം.  മറ്റുവാക്കുകളില്‍  പറഞ്ഞാല്‍ ഏതെങ്കിലും ഒരു ഫലം ഉണ്ടാകുവാനല്ല പരിശുദ്ധാത്മ നിറവിനായാണ് നാം ആഗ്രഹിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും പരിശ്രമിക്കേണ്ടതും.  ഇവിടെ പരിശ്രമം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനായി സ്വയം വിട്ടുകൊടുക്കുന്നതിനെയാണ്.  പരിശുദ്ധാതമാവ്‌ നിയന്ത്രണം ഏറ്റെടുക്കുന്നതിനു ആനുപാതികമായി അയാളില്‍ ഫലങ്ങള്‍ നിറഞ്ഞു വരുന്നതും കാണാം.  ഒരു ലായനി അമ്ലമോ ക്ഷാരമോ എന്ന് തിരിച്ചരിയാനുപയോഗിക്കുന്ന സൂചകമാണ് ലിറ്റ്മസ് അമ്ലത്തില്‍ ചുവപ്പും ക്ഷാരത്തില്‍ നീലയും.  ഇവിടെ ചുവപ്പ് മാറി നീലയാവുകയല്ല അമ്ലത്വം മാറി ക്ഷാരത്വം ഉണ്ടാകുകയാവണം  നമ്മുടെ ലക്ഷ്യം. അത് സംഭവിച്ചോ ഇല്ലയോ എന്നറിയാനുള്ള അടയാളം മാത്രമാണ് ലിറ്റ്മസ്സിന്റെ നിറം.   അതുപോലെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളാല്‍ നിറയാന്‍ എന്നതിലുപരി പരിശുദ്ധാത്മാവിനാല്‍  നിറയാനാണു നാം ആഗ്രഹിക്കേണ്ടതും ലക്ഷ്യമിടേണ്ടതും.  അല്ലെങ്കില്‍ യഥാര്‍ത്ഥ ഫലങ്ങള്‍ക്ക് പകരം കപട ഫലങ്ങള്‍ നമ്മില്‍ രൂപപ്പെട്ടേക്കാം.ഫലങ്ങള്‍ ഉണ്ട് എന്ന നാട്യമാണതു.  ഇത് വളരെ അപകടം പിടിച്ച ഒരു കാര്യമാണു താനും.  ഇതുമൂലം നാം പരിശുദ്ധാത്മ ഫലങ്ങള്‍ നിറഞ്ഞവരാണെന്നതെറ്റിദ്ധാരണ മറ്റുള്ളവര്‍ക്കു മാത്രമല്ല നമുക്ക് തന്നെയും ഉണ്ടായേക്കാം.  അത് യഥാര്‍ത്ഥ ഫലങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്നു തടയുക മാത്രമല്ല ആത്മീയാഹന്തതയില്‍ എത്തിക്കുകയും ചെയ്തേക്കാം.

സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, സഹനശക്തി, മിതത്വം, ശുദ്ധത  എന്നിങ്ങനെ പരിശുദ്ധാത്മ ഫലങ്ങള്‍ പന്ത്രണ്ടെണ്ണമാണുള്ളത്.  എന്നാല്‍ നാം ഗലാത്യ ലേഖനം എടുത്തു പരിശോധിച്ചാല്‍ ഇതില്‍ ഒമ്പതെണ്ണമേ നാമവിടെ കാണുകയുള്ളൂ.  പിന്നെയീ മൂന്നെണ്ണം എവിടെനിന്നു വന്നു? വിശുദ്ധ ജെറോം നാലാം നൂറ്റാണ്ടില്‍  ലത്തീനിലേക്ക് ബൈബിള്‍ പൂര്‍ണ്ണമായി വിവര്‍ത്തനം ചെയ്യുകയുണ്ടായി. വുള്‍ഗാത്താ എന്നാണതിന്റെ പേരു.  റോമാ സഭയുടെ ഔദ്യോഗിക വേദപുസ്തകം അതാണ്‌. അതില്‍ ഗലാത്തിയ 5 ല്‍ പന്ത്രണ്ടു ഫലങ്ങളും കാണുന്നു.  കൂടാതെ  വെളിപാടിന്റെ പുസ്തകത്തില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്ന് പുറപ്പെടുന്ന ജീവജലത്തിന്റെ നദിയുടെ ഇരുകരകളിലുമായി നില്‍ക്കുന്ന ജീവന്റെ വൃക്ഷം പന്ത്രണ്ടു തരം ഫലങ്ങള്‍ കായ്ക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.  അവ പരിശുദ്ധാത്മാവിന്റെ പന്ത്രണ്ടു ഫലങ്ങളായി പൊതുവേ കരുതപ്പെടുന്നു.

സ്നേഹം

 പരിശുദ്ധാത്മാവിന്റെ ഫലമായ സ്നേഹത്തെ അങ്ങിനെ വിളിക്കുന്നതില്‍ തന്നെ കുഴപ്പമുണ്ട്.  സാധാരണയായി നാം ആ വാക്ക് നാം ഉപയോഗിക്കുന്ന അര്‍ത്ഥമൊന്നും ഇവിടെ ചേരില്ല എന്നതു തന്നെ കാരണം.  ദൈവസ്നേഹം എന്ന വാക്കാണ്‌ കുറേക്കൂടി അനുയോജ്യം.  ഈ വാക്ക് നമുക്ക് വളരെ പരിചിതമായ ഒരു പ്രാര്‍ത്ഥനയില്‍ ഉപയോഗിച്ചിരിക്കുന്നിടത്തു നിന്നു വിശദീകരിക്കാന്‍ ശ്രമിക്കാം.  ജപമാലയിലെ ആദ്യത്തെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപത്തിനു ശേഷം പ. മറിയത്തിനു ത്രീത്വൈക ദൈവത്തോടുള്ള ബന്ധം പരാമര്‍ശിക്കുന്ന മൂന്നു ജപങ്ങളും അവയോരോന്നിനും ശേഷം ഓരോ നന്മനിറഞ്ഞ മറിയമേ എന്ന ജപവുമുണ്ടല്ലോ.  അതിലെ മൂന്നാമത്തെ ജപത്തില്‍ നാം ഇങ്ങനെ കാണുന്നു.  പരിശുദ്ധത്മാവായ ദൈവത്തിന്റെ  പ്രീയ മണവാട്ടിയായ പ.മറിയമേ ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കാനായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കണമേ.  ഇവിടെ പരാമര്‍ശിക്കുന്നതു പരിശുദ്ധാത്മാവിന്റെ ഫലമായ ദൈവസ്നേഹമാണ്. പരിശുദ്ധാത്മാവും പ.മറിയവും തമ്മിലുള്ള ദാമ്പത്യസ്നേഹമാണ് ഇവിടെ പരാമര്‍ശമെന്നു ശ്രദ്ധിക്കുക.  ദാമ്പത്യസ്നേഹത്തിന്റെ പ്രത്യേകത അത് ആ രണ്ടുപേര്‍ക്കിടയിലല്ലാതെ മറ്റാരുമായും പങ്കുവയ്ക്കപ്പെടാവുന്നതല്ല എന്നുള്ളതാണ്.  ഒന്നാമത്തെ കല്പനയുടെ സാരം പോലും ദൈവാത്മാവുമായി മനുഷ്യാത്മാവിനുള്ള ഈ ബന്ധമാണ്.  അതുകൊണ്ടാണ് അന്യദേവാരാധനയെ ബൈബിളില്‍ ഉടനീളം വ്യഭിചാരമായി വ്യവഹരിച്ചിരിക്കുന്നത്.  ?  നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു(യാക്കോ.4/5)  എങ്ങിനെയും തന്റെ മാത്രം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മൂല ഭാഷ. തീവ്രമായ പരസ്പര ദാമ്പത്യ സ്നേഹമല്ലാതെ മറ്റൊന്നല്ലിത്.  പരസ്പരം ഒന്നാകാനുള്ള തീവ്രമായ ദാഹമാണ് അതിന്റെ പ്രത്യേകത. .  ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു;  നിന്നില്‍ വിശ്രമം കണ്ടെത്തുവോളം ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും എന്ന വാക്കുകളിലൂടെ വിശുദ്ധ അഗസ്തീനോസ് പരാമര്‍ശിക്കുന്നതു ഈ ദാഹത്തെയാണ്.   ഈ ഒന്ന് ചേരലിന്റെ പൂര്‍ണ്ണതയിലാണ് ആനന്ദം (bliss).  ആ ആനന്ദത്തില്‍ മുഴുകിയാലേ അസ്വസ്ഥത മാറി സമാധാനമുണ്ടാകൂ എന്നല്ലേ  അഗസ്തീനോസ് പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം.  അങ്ങിനെ നാം പരിശോധിക്കുമ്പോള്‍ ഈ ഫലങ്ങളെല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം.  അപ്പോള്‍ നമുക്കൊന്നെ ചെയ്യാനുള്ളൂ.  പരിശുദ്ധാത്മാവിനാല്‍ നിറയാം, അവിടുത്തെ ഫലങ്ങളാല്‍ നിറയാം.

Comments