കഥയില്‍ കാണാത്ത മകന്‍


 

ധൂര്‍ത്തനായ ഒരു മകന്റെ പേരില്‍ നമ്മള്‍ തുല്യം ചാര്‍ത്തി കൊടുത്ത ഒരുപമയുണ്ട് സുവിശേഷത്തില്‍ -  പരിധികളില്ലാതെ ക്ഷമിക്കുന്ന ഒരപ്പന്റെ കഥ (ലൂക്കാ.15/11-32). അതില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മകനുണ്ട് – മൂത്ത മകന്‍.  എനിക്കു തോന്നുന്നു  ഇന്നു ഈ ഉപമ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവരില്‍ ഏറെ പേര്‍ക്കും പ്രസക്തമായത് ഈ മകനാണെന്ന്.  കാരണം നമ്മളിലൊക്കെ പലപ്പോഴും നാമറിയാതെ ഈ മൂത്ത മകന്‍  ഒളിഞ്ഞിരിക്കുന്നു.  എന്താണ് അയാളുടെ പ്രത്യേകത?  അയാള്‍  മകനാണെങ്കിലും സ്വയം അതു തിരിച്ചറിയുന്നില്ല.  അയാള്‍ മകനാണ്. കാരണം അപ്പന്‍ അതു അംഗീകരിക്കുന്നു.  ‘അപ്പോള്‍ പിതാവു പറഞ്ഞു:  മകനേ,  നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റെതാണ്.’ (ലൂക്കാ.15/31)  എന്നാല്‍ മകന്റെ ഉള്ളില്‍ ആ ബോദ്ധ്യമില്ല.  അവന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.  ‘എന്നാല്‍, അവന്‍ പിതാവിനോട് പറഞ്ഞു:  നോക്കൂ,  എത്ര വര്‍ഷമായി ഞാന്‍ നിനക്ക് ദാസ്യവേലചെയ്യുന്നു.  ഒരിക്കലും നിന്റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല.  എങ്കിലും,  എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.’ (ലൂക്കാ. 15/29)  അവനു പറയാനുള്ളത് അവന്‍ ചെയ്ത വേലയുടെ കണക്കാണ്;  അവന്‍ ചെയ്തത് ദാസ്യവേലയാണ്.  അവന്‍ വേലക്കാരനാണ്‌.  അവനു അര്‍ഹമായ കൂലി കിട്ടിയില്ലെന്നതാണ് അവന്റെ പരാതി.  അവന്‍ കൂലിക്കാരനാണ്.  ഈ കഥയില്‍ ഉടനീളം പരിശോധിച്ചാല്‍ അവന്‍ ഒരിടത്തെങ്കിലും പിതാവിനെ അപ്പാ എന്നു വിളിക്കുന്നത്‌ നാം  കാണുന്നില്ല എന്നും ഓര്‍ക്കുക.   അവനൊരിക്കലും മകന്റെ നിലവാരത്തിലേക്കു എത്താനാവുന്നില്ല.

നാമൊക്കെ ചെറുപ്പം മുതലേ കേട്ടു വളരുന്നതും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുത്തു  വളര്‍ത്തുന്നതും ‘സല്‍പ്രവൃത്തികള്‍  ചെയ്യണം, അതാണു ദൈവത്തിനു പ്രീതികരം’ എന്ന പല്ലവിയാണ്.  അക്കൂട്ടത്തില്‍, ആചാരാനുഷ്ഠാനങ്ങളിലേക്കു കൂടി നയിക്കപ്പെടുമ്പോള്‍ ‘മൂത്തമകന്‍’ നമ്മില്‍  ചിരപ്രതിഷ്ഠിതമാകുന്നു.  (ഭൌതീക നേട്ടം മാത്രം ലക്ഷ്യമാക്കി വളര്‍ന്നവരെയും വളര്‍ത്തുന്നവരെയും ഇവിടെ പരിഗണിക്കുന്നില്ല.)  മാതാപിതാക്കള്‍ക്കും തല്‍സ്ഥാനത്ത് വരുന്നവര്‍ക്കും സമൂഹത്തിനും വേണ്ടതും സൌകര്യപ്രദമായതും സല്ക്കര്‍മ്മങ്ങളാണല്ലോ.  അതുകൊണ്ട്  ഈ അര്‍ദ്ധസത്യം പ്രോത്സാഹിക്കപ്പെടുന്നു. നമ്മുടെ സല്‍പ്രവൃത്തികളില്‍  പ്രതീക്ഷയുറപ്പിച്ചു  നാം ജീവിക്കുകയും ചെയ്യുന്നു.  എന്നാല്‍ മൂത്ത മകന്റെ  അവസ്ഥ എന്താണെന്നറിയാന്‍  ഉപമയിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാം.  കഥാന്ത്യത്തില്‍ അവന്റെ സ്ഥാനം വീടിനു പുറത്താണ്.  വീടിനുള്ളില്‍ വിരുന്നു പൊടിപൊടിക്കുന്നു.  പിതാവ് അവനെ പുറത്താക്കുന്നതല്ല, അവന്‍ അകത്തു കയറാന്‍ വിസമ്മതിക്കുന്നതാണ്.  വേശ്യകളോട് ചേര്‍ന്ന് സ്വത്തെല്ലാം ധൂര്‍ത്തടിച്ച ഇളയപുത്രന്റെ കൂടെയുള്ള വിരുന്നു അവനു വേണ്ട. അവനെ അനുജനായി സ്വീകരിക്കാനും അവന്‍ തയ്യാറല്ല.  അവന്റെ പ്രയോഗം നോക്കൂ:  ‘നിന്റെ ഈ മകന്‍’. സുവിശേഷങ്ങളില്‍  ‘വിരുന്നു’,  ‘പിതാവിന്റെ ഭവനം’ ഇവയൊക്കെ സൂചിപ്പിക്കുന്നത് ദൈവരാജ്യത്തെ, സ്വര്‍ഗ്ഗത്തെ ആണെന്ന് കൂടി മനസ്സിലാക്കുമ്പോള്‍ മൂത്ത പുത്രന്റെ അവസ്ഥ വ്യക്തമാകുന്നു.  അതേസമയം പിതാവിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ചു മടങ്ങിയെത്തിയ ഇളയപുത്രന്‍ പിതാവിനൊപ്പം ഭവനത്തിലെ വിരുന്നില്‍ പങ്കുചേരുന്നു എന്നുകൂടി കാണുമ്പോള്‍  ‘സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കുമുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക’ (മത്താ. 21/31) എന്ന യേശു വചനത്തിന്റെ പൊരുള്‍ നമുക്കു തിരിയുന്നു.

ഇളയ മകന്‍ എന്തുകൊണ്ട് സ്വീകൃതനായി?  ഇത് പരിശോധിക്കുമ്പോള്‍, മൂത്തമകന്റെ അളവുകോലുകള്‍  നമ്മളും ഉപയോഗിക്കുക എന്നുള്ള അപകടസാദ്ധ്യതയെക്കുറിച്ചു നാം ബോധപ്പെടണം.  ‘അവന്‍ തിരിച്ചു വന്നതുകൊണ്ടു’, ‘അവന്റെ തെറ്റ് അവനു ബോദ്ധ്യപ്പെട്ടതുകൊണ്ട്’’,  ‘തെറ്റ് ഏറ്റുപറഞ്ഞതുകൊണ്ട്’’,  ‘മേലില്‍ തെറ്റ് ചെയ്യില്ലെന്ന് തീരുമാനിച്ചത്കൊണ്ടു’ തുടങ്ങിയ ഉത്തരങ്ങളൊക്കെ ആ അളവുകോല്‍  ഉപയോഗിച്ചതിന്റെ തെളിവുകളാണ്.  നമുക്കത്ര സ്വീകാര്യമല്ലെങ്കിലും ഇതാണു സത്യം.  അവന്റെ എന്തെങ്കിലും പ്രവൃത്തികളോ അവന്‍ കൊണ്ടുവന്ന എന്തെങ്കിലും കാഴ്ചവസ്തുക്കളോ മൂലമല്ല അവന്‍ സ്വീകൃതനായത്.  അവന്‍ പുത്രനായതുകൊണ്ടാണ്.  ആ തിരിച്ചു വരവിന്റെ  രംഗം ഒന്നുകൂടി പരിശോധിച്ചാല്‍ നമുക്കിതു വ്യക്തമാകാവുന്നതേയുള്ളൂ..   ‘നീ എവിടെ പോയിരുന്നു?  കൊണ്ടുപോയ ധനം കൊണ്ടു എന്തു ചെയ്തു?  ഇപ്പോള്‍ എന്തുകൊണ്ട് തിരിച്ചു വന്നു?  എവിടെയാണ് തെറ്റിയതെന്ന് തിരിച്ചറിഞ്ഞോ?  ഇനി ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പു തരാമോ?’  എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും അവിടെ ഉയരുന്നില്ല.  വിചാരണയില്ല;  ശിക്ഷാവിധിയുമില്ല.  കൈപ്പേറിയ കഴിഞ്ഞ കാലത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തലുമില്ല.  എന്തിനു?  ഏറെ റിഹേഴ്സല്‍ ചെയ്തു ഒരുങ്ങി വന്നു പറയാന്‍ തുടങ്ങിയ ഡയലോഗ്‌ അപ്പന്‍ ശ്രദ്ധിക്കുന്നതായിപ്പോലും തോന്നുന്നില്ല.  മകനതു മനസ്സിലായി.  അതുകൊണ്ടല്ലേ ആ പണി പാതിവഴിക്കവന്‍ ഉപേക്ഷിച്ചത്?  ആ വരുന്നതു തന്റെ പോന്നുമോനാണെന്ന് അപ്പന് തിരിച്ചറിയാന്‍ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.  അവന്‍ എന്തെങ്കിലും പറയും മുമ്പേ, ‘ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു.  അവന്‍ മനസ്സലിഞ്ഞു ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.’ (ലൂക്കാ.15/20)  ഇത്രയൊക്കെ പറഞ്ഞാലും,  ‘അവന്‍ തിരിച്ചു വന്നതുകൊണ്ടല്ലേ അപ്പന്‍ സ്വീകരിച്ചതു?’ എന്നു സംശയിക്കുന്നവരുണ്ടാകും.  അവര്‍ക്കു വേണ്ടി ഈ ഉപമയുടെ പശ്ചാത്തലം കൂടി നമുക്കൊന്ന് പരിശോധിക്കാം.

കാണാതായ ആടിനെ കണ്ടെത്തുന്ന ഇടയന്റെയും നഷ്ടപ്പെട്ടു പോയ നാണയം കഷ്ടപ്പെട്ട് കണ്ടുപിടിക്കുന്ന സ്ത്രീയുടെയും ഉപമകളുടെ പിന്നാലെയാണ് അതിരില്ലാതെ ക്ഷമിക്കുന്ന ഈ പിതാവിന്റെ ഉപമ ലൂക്കാ സുവിശേഷകന്‍ പതിനഞ്ചാം അദ്ധ്യായത്തില്‍ അവതരിപ്പിക്കുന്നത്‌. അതിന്റെ പശ്ചാത്തലം ഇതാണ്. ‘ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ (യേശുവിന്റെ) വാക്കുകള്‍ കേള്‍ക്കാന്‍ അടുത്ത് വന്നുകൊണ്ടിരുന്നു.  ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു:  ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടു കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.’ (ലൂക്കാ.15/1,2)  ഈ പിറുപിറുപ്പിനു മറുപടിയായി ഈ മൂന്നുപമകളും യേശു പറയുന്നതായാണ് അവതരണം. അതായത് പാപികളോടുള്ള ദൈവത്തിന്റെ മനോഭാവം ഫരിസേയരില്‍ നിന്നും എത്ര വ്യത്യസ്തമാണ് എന്നു വ്യക്തമാക്കുകയാണ് ഈ ഉപമകളില്‍.  ഇടയനും സ്ത്രീയും പിതാവും ദൈവത്തെ തന്നെ പ്രതിനിധീകരിക്കുന്നു എന്നു സാരം;  പാപികളുടെ വ്യത്യസ്തമായ അവസ്ഥകളെ സൂചിപ്പിക്കാനായി ആടിനെയും നാണയത്തെയും പുത്രനെയും.  തെറ്റിപ്പോയി എന്നറിയാമെങ്കിലും ആടിന്  ആലയിലേക്ക്‌ തിരികെ വരാനുള്ള അറിവില്ല, കഴിവില്ല.  ഇടയന്‍ അതിനെ തേടി അതായിരിക്കുന്നിടത്തെത്തി രക്ഷിക്കുന്നു.  ഈ ഒന്നിനെ നഷ്ടപ്പെട്ടാല്‍ പിന്നെ തൊണ്ണൂറ്റിയൊമ്പതുണ്ടായിട്ടും കാര്യമില്ലെന്ന മട്ടിലാണ് ഇടയന്റെ പോക്ക്.  നാണയത്തിനാകട്ടെ താന്‍ നഷ്ടപ്പെട്ടു എന്നുപോലും അറിയില്ല.  അതറിയാവുന്ന ഉടമസ്ഥ വീട് മുഴുവന്‍ അടിച്ചു വാരി അതിനെ കണ്ടെത്തുന്നു.  വേദപണ്ഡിതന്മാര്‍ പറയുന്നതു ഈ പത്തു നാണയങ്ങളില്‍ ഒന്നു പോയാല്‍ ആ സ്ത്രീക്ക് അതു മാലയായി അണിയാനാവില്ലെന്നാണ്,  അമ്പത്തൊമ്പത്  മണികളുള്ള ജപമാലയിലെ ഒരു മണി നഷ്ടമായാല്‍ അതുപയോഗശൂന്യമാകുന്നതുപോലെ.  ഇവിടെയും ആവശ്യക്കാരന്റെ റോളിലാണ് ദൈവം.  സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയും അറിയാതിരിക്കുകയും, അതേ സമയം ആത്മാര്‍ത്ഥഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനസ്സാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സു പ്രസാദവരത്തിന്റെ പ്രചോദനങ്ങള്‍ക്കനുസൃതമായി നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക്  നിത്യ രക്ഷ പ്രാപിക്കാം.’ (L G 16)  എന്നു സഭ പഠിപ്പിക്കുന്നതു  താന്‍ നഷ്ടമായി എന്നുപോലും തിരിച്ചറിയാത്ത നാണയത്തെ അടിച്ചുവാരി കണ്ടെത്തുന്ന സ്ത്രീയില്‍ ദൈവം നിഴലിക്കുന്നത്  മനസ്സിലാക്കുന്നതുകൊണ്ടാണ്.  ധൂര്‍ത്തപുത്രനെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവ്‌ അനിവാര്യമായിരുന്നു.  എന്നാല്‍,  അപ്പന്‍  (ദൈവം) തിരിച്ചുവരുന്നവനെ മാത്രം സ്വീകരിക്കുന്നയാളായിരുന്നില്ല എന്നു വ്യക്തം.

എങ്ങിനെയാണു ഇളയപുത്രന്റെ തിരിച്ചുവരവ്‌ സംഭവിക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിക്കാം.  അവന്‍ പിതാവിന്റെ ഭവനത്തിലായിരുന്നവനാണ്.  പുത്രനാണെന്ന നല്ല ബോദ്ധ്യവും അവനുണ്ടായിരുന്നു;  പുത്രനായതുകൊണ്ട് അവകാശിയാണെന്നും.  അതുകൊണ്ടാണല്ലോ  ‘പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക.’ എന്നവന്‍ തന്റേടത്തോടെ ചോദിക്കുന്നത്.  കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കുന്നതിനു ഒരാട്ടിന്‍കുട്ടിയെ ചോദിക്കാന്‍ പോലും ധൈര്യം കാണിക്കാത്ത മൂത്തവന്റെ ബോദ്ധ്യവുമായി വേണം നാമിതിനെ താരതമ്യം ചെയ്യാന്‍.  ഒരു തര്‍ക്കവുമുന്നയിക്കാതെ,  ഒന്നുപദേശിക്കാന്‍ പോലും മെനക്കെടാതെ അപ്പന്‍ അവന്‍ ചോദിച്ചത് കൊടുത്തു.  കാരണം അതു ന്യായമായിരുന്നു.  പിന്നെ എവിടെയാണ് അവനു തെറ്റിയത്?  സ്വത്തു കയ്യില്‍ കിട്ടിയപ്പോള്‍ അതു സ്വന്ത ഇഷ്ടപ്രകാരം ഉപയോഗിക്കാന്‍ അപ്പന്റെ സാന്നിദ്ധ്യം ഒരു തടസ്സമാണെന്ന് അവനു തോന്നി.  അപ്പന്റെ സ്വത്തില്‍ തനിക്കുള്ള അവകാശം എന്നതിലുപരി തന്റെ സ്വത്തു എന്നവന്‍ കണ്ടു.  അതൊന്നാമത്തെ തെറ്റ്.  ഈ സ്വത്തെല്ലാമുണ്ടാക്കിയ അപ്പനെക്കാള്‍ നന്നായി അതുപയോഗിക്കാന്‍ തനിക്കാവും എന്നവന്‍ കരുതി.  തെറ്റുകളുടെ പരമ്പര തുടരുകയായി.  സ്വത്തിന്റെമേല്‍ തനിക്കുള്ള പരമാധികാരം സ്ഥാപിക്കാന്‍ പിതാവിന്റെ സാമിപ്യവും പിതാവിനോടുള്ള ബന്ധവും തടസ്സമാനെന്നവന്‍ കണ്ടു;  അപ്പനെ ഉപേക്ഷിച്ചു,  ദൂരദേശത്തേക്കു പോയി.  ‘ധൂര്‍ത്തനായി ജീവിച്ചു,  സ്വത്തു നശിപ്പിച്ചു കളഞ്ഞു’  എന്നല്ലാതെ വിശദാംശങ്ങളൊന്നും ഉപമയില്‍ കാണുന്നില്ല. (‘വേശ്യകളോട് കൂട്ടുചേര്‍ന്നാ’ണു സ്വത്തെല്ലാം നശിപ്പിച്ചതെന്നത്  ചേട്ടന്റെ കുറ്റാരോപണം മാത്രമാണ്, അതത്ര ഗൌരവത്തിലെടുക്കണ്ട.)  ഇവിടെ അവന്റെ തെറ്റ് പൂര്‍ണ്ണമാകുന്നു.   എന്നാല്‍ നമ്മുടെ ജീവിതത്തിലേക്കു വരുമ്പോള്‍ ഈ സ്വത്തെല്ലാം ധൂര്‍ത്തടിച്ചതിന്റെ വിശദാംശങ്ങളില്‍ ആണ് നമ്മുടെ ശ്രദ്ധ.  ദൈവത്തെ ഉപേക്ഷിച്ചതോ ദൈവത്തില്‍ നിന്നു അകന്നു പോയതോ നമ്മുടെ ആത്മശോധനയിലെ ഗൗരവമുള്ള വിഷയങ്ങളായിട്ടുണ്ടോ?  സകല സമ്പത്തിന്റെയും ഉറവിടത്തില്‍ നിന്നും ബന്ധം മുറിച്ചു അകന്നു പോയവന്റെ സ്വാഭാവിക പരിണാമമാണ് പന്നിക്കുഴിയിലെ വാസം.  ‘ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതു നിമിത്തം, അധമവികാരങ്ങള്‍ക്കും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.’ (റോമ. 1/28)  എന്ന ദൈവ വചനത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് നാമെത്തിച്ചേരുന്നു.  തുടര്‍ന്നുള്ള വചനങ്ങള്‍ എല്ലാത്തരം തിന്മകളുടെയും ഒരു പട്ടികയാണ്;  പന്നിക്കുഴിയുടെ തനി രൂപം.  പന്നിക്കുഴിയിലെ ജീവിതം ദുസ്സഹമായപ്പോള്‍ അവനു സുബോധമുണ്ടായി.  പന്നിക്കുഴിയോടു സമരസപ്പെട്ടു പോകുന്നവനു സുബോധമുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. പന്നിയ്ക്കുള്ള തീറ്റ കൂടി കിട്ടാതായതാണ് അവനു നേട്ടമായത്.  എന്താണ് അവനുണ്ടായ സുബോധം?  സമ്പല്‍സമൃദ്ധനായ, സ്നേഹസമ്പന്നനായ ഒരു പിതാവിന്റെ മകനാണ് താനെന്ന ബോദ്ധ്യം.  സകലത്തിന്റെയും അധിപതിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ടു സകലത്തിന്റെയും അടിമയായി അതിന്റെയൊക്കെ ഏറ്റക്കുറച്ചിലിനനുസരിച്ചു അഭിമാനവും സ്വത്വവും പണയപ്പെടുത്തിയവന്റെ ബോധോദയം.  ആ ബോദ്ധ്യമാണ് അവനെ പന്നിക്കുഴിയില്‍ നിന്നു പിതാവിന്റെ ഭവനകവാടത്തിലെത്തിച്ചത്. പിതാവ് നിരുപാധികം വച്ചുനീട്ടിയ കരുണയിലൂടെ അതൊരു വീണ്ടും ജനനാനുഭവത്തിലേക്കാണ് അവനെ ഉയര്‍ത്തിയതു;  വീണ്ടും മകനായ അനുഭവം.

എന്നാല്‍ മൂത്തമാകനാകട്ടെ വീട്ടില്‍ സ്ഥിരതാമസമായിരുന്നു.  പിതാവിന്റെ കല്പനകളെല്ലാം അനുസരിച്ചിരുന്നു. യജമാനനെ പ്രീതിപ്പെടുത്താന്‍ ദാസനെന്നപോലെ ദാസ്യവേല ചെയ്തിരുന്നു.  കിട്ടിയതിനെക്കുറിച്ചും കിട്ടാത്തതിനെക്കുറിച്ചും പരാതികള്‍ ഉള്ളില്‍ അടക്കി വയ്ക്കുകയും ഇടയ്ക്കു പൊട്ടി പുറത്തു വരുകയും ചെയ്തിരുന്നു.  പുറപ്പെട്ടുപോയവന്‍ മടങ്ങിവന്നു അവകാശിയായപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കാനായില്ല എന്നുമാത്രമല്ല പിണങ്ങി വീടിനു പുറത്തിറങ്ങുകയും ചെയ്തു.  കല്പനകളെല്ലാം ചെറുപ്പം മുതലേ അന്യൂനം പാലിച്ച മറ്റൊരുവനെ സമാന്തര സുവിശേഷകര്‍ മൂവരും ഒന്നുപോലെ വര്‍ണ്ണിക്കുന്നുണ്ട് (മത്താ.19/16-22; മാര്‍ക്കോ.10/17-22; ലൂക്കാ.18/18-23)– യേശുവിന്റെ പക്കല്‍ നിന്നു ദുഃഖത്തോടെ  മടങ്ങിപ്പോയ ചെറുപ്പക്കാരന്‍.  ഇനി, ദൈവത്തോടൊപ്പമാണെന്നു കരുതുകയും കല്പനകളെല്ലാം പാലിക്കാന്‍ അശ്രാന്ത പരിശ്രമം ചെയ്യുകയും ദൈവത്തിനു പ്രീതികരമായ അനുഷ്ടാനങ്ങളും നേര്‍ച്ചകാഴ്ചകളും അര്‍പ്പിക്കുകയും ജീവിതത്തെക്കുറിച്ച് ഏറെയും പരാതികള്‍ സൂക്ഷിക്കുകയും പ്രാര്‍ത്ഥനകളേറെയും  പരാതിപ്പെട്ടി തുറന്നു കമഴ്ത്തലുകളാക്കുകയും ,  നല്ലകള്ളനെ അസൂയയോടെ നോക്കുകയും അവസാന മണിക്കൂറില്‍ വന്നവനും ഒരു ദെനാറ കൊടുത്തതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്ന നമ്മുടെ മുഖത്തിനു മൂത്ത മകന്റെ മുഖത്തോടല്ലേ സാമ്യം എന്നൊന്ന് സൂക്ഷിച്ചു നോക്കൂ.

ഇനി കഥയില്‍ കാണാത്ത ചില കാര്യങ്ങള്‍ പരിശോധിക്കാം.  ഉപമ അവസാനിക്കുമ്പോള്‍ മൂത്ത പുത്രന്‍ വീടിനു പുറത്താണെന്നു നാം കണ്ടു.  വീടിന്റെ, വിരുന്നുശാലയുടെ വാതിലടച്ചിട്ടില്ല എന്നതു നമുക്കു പ്രത്യാശ നല്‍കുന്നു.  പിതാവിന്റെ ക്ഷണം നിലവിലുണ്ട്;  എപ്പോള്‍ വേണമെങ്കിലും അകത്തു കയറാം. പക്ഷെ വാതില്‍ അടച്ചു കഴിഞ്ഞാല്‍ അകത്തുകയറ്റം അസാദ്ധ്യം.  അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.  അതുകൊണ്ട് ഇപ്പോള്‍ തന്നെ അകത്തു കടക്കുന്നതാണ് ബുദ്ധി.  പുറത്തെ തണുപ്പും ഇരുട്ടും അനുഭവിക്കേണ്ട എന്നു മാത്രമല്ല വിരുന്നാസ്വദിച്ചു തുടങ്ങുകയുമാവാം.  അങ്ങിനെ മൂത്തപുത്രനും അകത്തു കയറി എന്നു കരുതുക.  ഇവിടെ ഒരു പ്രശ്നം ആരംഭിക്കുകയായി.  എന്താണെന്നല്ലേ?  ‘എനിക്കുള്ളതെല്ലാം നിന്റെതാണ് ‘ എന്ന മൂത്തമകനോടുള്ള അപ്പന്റെ  വാഗ്ദാനം നിലനില്‍ക്കുന്നു.  അല്ലെങ്കിലും അതാണു ന്യായവും.  ഇളയവന്റെ ഭാഗം അവന്‍ നേരത്തെ തന്നെ കൊണ്ടുപോയതാണല്ലോ.  ഇനിയുള്ളത് മൂത്തവന്റേതു മാത്രം.  അങ്ങിനെയെങ്കില്‍  തിരിച്ചുവന്ന ഇളയ മകനെ ചെരുപ്പണിയിച്ചു യജമാനനാക്കിയതും മോതിരമണിയിച്ചു അവകാശിയാക്കിയതും ‘വന്ധ്യപിതാവ് ’ എന്ന വിളിപോലെ അര്‍ത്ഥശൂന്യം.  ഇവിടെ മൂന്നാമതൊരു മകന്റെ സാന്നിദ്ധ്യം നാം തിരിച്ചറിയുന്നു.  വാസ്തവത്തില്‍ ആദ്യ ജാതന്റെ.  അനാദിയിലെ പുത്രന്റെ അവകാശം സ്വന്തമാക്കിയവന്‍(യോഹ.17/5 നോക്കുക).  ‘പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു’(ഹെബ്രാ.5/8)  അങ്ങിനെ  നേടിയെടുത്തൊരു പുത്രത്വത്തിന്റെ അവകാശം അധികമായി അവന്റെ പക്കലുണ്ട്.  അങ്ങിനെ ‘തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം അവന്‍ നിത്യരക്ഷയുടെ ഉറവിടമായി.’ അതാണ്‌ ധൂര്‍ത്ത പുത്രന്‍ കൈപ്പറ്റുന്ന അവകാശം.  ‘ഞാന്‍ വന്നിരിക്കുന്നതു നീതിമാന്മാരെ വിളിക്കാനല്ല,  പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്’(ലൂക്കാ. 5/32) എന്ന വചനത്തിനു പുതിയൊരു അര്‍ത്ഥതലം കൂടി നാമിവിടെ കണ്ടെത്തുന്നു.  കൂടാതെ, മൂത്തപുത്രന്റെ  വേഷത്തില്‍ നില്‍ക്കുന്ന നാം ഭയപ്പെടേണ്ട ഒരു യാഥാര്‍ത്ഥ്യത്തിലേക്കൊരു വിരല്‍ ചൂണ്ടല്‍ കൂടി ഇവിടെ ഒളിഞ്ഞിരിക്കുന്നു.  മേലുദ്ധരിച്ച ലൂക്കാ.5/32 നോട്  ‘ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍  നമുക്ക് രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല’(അ.പ്ര. 4/12) എന്ന ആദ്യ പാപ്പയുടെ വാക്കുകള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അത് തെളിഞ്ഞു വരുന്നു.  ‘നിയമം അനുഷ്ഠിക്കുന്നതുകൊണ്ട് , ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല.’(റോമാ.3/20) എന്ന് പൌലോസ് അപ്പസ്തോലന്‍ പറയുന്നതു കൂടി കേള്‍ക്കുമ്പോള്‍ ഈ മൂത്ത പുത്രന്റെ വേഷം എത്രയും വേഗം ഊരി മാറ്റുന്നതാണ് നല്ലതെന്ന് മനസ്സിലാകും.  യേശു ഏറ്റമധികം ശാസിച്ചിട്ടുള്ള ഫരിസേയന്റെ വേഷമാണത്.

Comments