പുഞ്ചിരിയുടെ രഹസ്യം



‘ഗുരോ,  അങ്ങയുടെ മുഖത്തു എപ്പോഴും കാണുന്ന ഈ പുഞ്ചിരിയുടെ രഹസ്യമെന്താണ്?  അങ്ങ് ശകാരിക്കുമ്പോള്‍ പോലും ഈ മന്ദഹാസം മുഖത്തു ഒളിഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  എനിക്കും അതു സ്വന്തമാക്കാന്‍ ആഗ്രഹമുണ്ട്.’

‘ശിഷ്യാ,  അതില്‍ രഹസ്യമൊന്നുമില്ല.  നമ്മുടെയൊക്കെ സ്ഥായീ ഭാവമാണതു.  അതു നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന ആനന്ദത്തിന്റെ ബഹിര്‍സ്ഫുരണമാണ്.  അതു പുറമേ നിന്നുള്ള ഒരു ചോദനയേയും  ആശ്രയിച്ചിരിക്കുന്നില്ല.  പുറമേനിന്നുള്ളവ താല്കാലികമായ മാറ്റങ്ങളെ നമ്മില്‍ വരുത്തൂ.  അതു വന്നും പോയും ഇരിക്കും. അതുകൊണ്ടു അതിനെ വികാരം എന്നു വിളിക്കുന്നു.’  ഇത്രയും പറഞ്ഞിട്ട് ഗുരു മേശപ്പുറത്തിരുന്ന  ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ മെല്ലെ കൈ കൊണ്ടു ചെരിച്ചിട്ടു.  പക്ഷെ, അദ്ദേഹം കൈ മാറ്റിയതും ആ പ്രതിമ നിവര്‍ന്നു വന്നു.  അല്പം അങ്ങോട്ടും ഇങ്ങോട്ടും ആടിയിട്ടു അതു സ്വസ്ഥിതിയില്‍ എത്തി സ്വസ്ഥമായി.  ഇതെല്ലാം സാകൂതം നോക്കിയിരുന്ന ശിഷ്യനോടായി ഗുരു തുടര്‍ന്നു:  ‘എന്തുകൊണ്ടാണ് ആ പ്രതിമ നിവര്‍ന്നിരുന്നത് എന്നു മനസ്സിലായോ?  അതിനുള്ളില്‍ കനമുണ്ടായിരുന്നു,  അതു ഏറ്റം താഴെയുമായിരുന്നു. നമ്മുടെ ഉള്ളിലുള്ള ആനന്ദത്തിനു കനമുണ്ടാകുകയും അതു നമ്മില്‍ ആഴപ്പെടുകയും ചെയ്‌താല്‍ പെട്ടെന്നൊന്നിനും നമ്മെ മറിച്ചിടാനാവില്ല.  അഥവാ എന്തെങ്കിലും ഒന്നു നമ്മെ മറിച്ചിടാന്‍ മാത്രം ശക്തമായാലും നാം വേഗം സ്വസ്ഥിതി വീണ്ടെടുക്കും,  സ്വസ്ഥത പ്രാപിക്കും.  ശിഷ്യാ, നിന്റെ ഉള്ളിലെ ആനന്ദത്തെ കണ്ടെത്തുക,  പോഷിപ്പിക്കുക, അതില്‍ ആഴപ്പെടുക.  നിനക്കും പുഞ്ചിരിച്ചുകൊണ്ടേ ഇരിക്കാം.’

‘എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.  ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍.  എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍.  ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.’ ( 1 തെസ. 5/16-18)🌷 

Comments

Post a Comment