സ്വര്‍ഗ്ഗ വാതില്ക്കല്‍


 

തനതു വിധിയെയും പൊതുവിധിയെയും കുറിച്ചു സംശയങ്ങളുമായി ഫോണ്‍ വിളിച്ച ഒന്നിലധികം പേരോട് എനിക്കറിയാവുന്നതു പോലെ വിശദീകരിച്ചു കൊടുത്തിട്ടിരിയ്ക്കയായിരുന്നു അന്നു ഞാന്‍.  നമ്മിലേറെപ്പേരും ഈ വിധിയെ ഏതാണ്ടൊരു പി എസ് സി  ടെസ്റ്റ്‌ പോലെയാണു കാണുന്നതെന്നു കൌതുകത്തോടെ ഞാന്‍ നിരീക്ഷിച്ചു.  എങ്ങിനെയെങ്കിലും ഒന്ന് കടന്നു കൂടിയാല്‍ രക്ഷപ്പെട്ടു.  അത് കാണാതെ പഠിച്ചിട്ടോ നോക്കിയെഴുതിയിട്ടോ മറ്റുള്ളവരുടെ സഹായത്താലോ എങ്ങിനെയാണെങ്കിലും വേണ്ടില്ല.  നെറ്റി ചുളിക്കണ്ട.  ജീവിതം നന്നാക്കുന്നതില്‍ കൂടുതല്‍ മരണസമയത്തു സഹായം കിട്ടാനല്ലേ നാം ഏറെയും പ്രാര്‍ത്ഥിക്കുന്നതു?  വില്ലേജാഫീസര്‍ ജോലിക്കുള്ള ടെസ്റ്റ്‌ എഴുതുന്നവര്‍ എങ്ങിനെ ടെസ്റ്റ്‌ പാസ്സാകാം എന്ന് മാത്രമല്ലേ ചിന്തിക്കുന്നത്?  അല്ലാതെ, എങ്ങാനും വില്ലേജാഫീസര്‍ ആയാല്‍ എങ്ങിനെ അതിനടുത്ത ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും,  അതിനുള്ള കഴിവു എനിക്കു ഉണ്ടോ, എന്നൊക്കെ ആരെങ്കിലും വേവലാതിപ്പെടാറുണ്ടോ? അതുപോലെ തന്നെ എങ്ങിനെയും സ്വര്‍ഗ്ഗത്തില്‍ പോകണമെന്നല്ലാതെ അതിനുള്ള യോഗ്യത നമുക്കുണ്ടോ എന്നു നാം ശ്രദ്ധിക്കാറുണ്ടോ?  ഓ!  അതത്ര പ്രശ്നമാകുമോ?  ആകുമല്ലോ.  ഏതു സ്വര്‍ഗ്ഗത്തെയും നരകമാക്കാന്‍ കഴിവുള്ളവരാണ് നമ്മളില്‍ പലരും എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കു ഇഷ്ടപ്പെട്ടെന്നു വരില്ല.  അതുകൊണ്ടു ഞാന്‍ എന്റെ കാര്യം പറയാം.  ഞാന്‍ മരിച്ചു സ്വര്‍ഗ്ഗകവാടത്തില്‍ എത്തിയെന്നു കരുതുക.  വി. പത്രോസ്  എന്റെ പേരു കീ ഇന്‍ ചെയ്യുമ്പോള്‍ തന്നെ പിതാവിന്റെ ഡിസ്പ്ലേ പാനലില്‍ ആധാര്‍ നമ്പര്‍ ഉള്‍പെടെ എന്റെ മുഴുവന്‍ വിവരങ്ങളും തെളിയും.  ങാ! ജോര്‍ജിങ്ങെത്തിയല്ലോ.  അവനു ഒരു ബക്കറ്റും സോപ്പും കൊടുത്തു അവിടെത്തന്നെ നിയമിച്ചോ.  വേണ്ട നിര്‍ദ്ദേശങ്ങളും കൊടുത്തേരെ  എന്നു പിതാവു പത്രോസിനെ ഇന്റര്‍ കോമില്‍ വിളിച്ചു പറഞ്ഞെന്നും കരുതുക.  പത്രോസ് ബക്കറ്റും സോപ്പും എന്നേ ഏല്പിച്ചുകൊണ്ട് പറയും ദാ!  ആ അരുവിയില്‍ നിന്നു വെള്ളം കോരിക്കോ.  എപ്പോഴും ബക്കറ്റു നിറച്ചു വെള്ളമുണ്ടായിരിക്കണം.  എപ്പഴാ ഒരോരുത്തരു വരുന്നതെന്നു ദൈവത്തിനേ അറിയത്തുള്ളു.  വരുന്നവരുടെയൊക്കെ കാല്‍ ദാ ഈ സോപ്പിട്ടു നന്നായി കഴുകണം.  എവിടെയൊക്കെ, എന്നാത്തിലൊക്കെ ചവിട്ടിയാ വരുന്നതെന്നു ആര്‍ക്കറിയാം.  കഴുകി കഴിഞ്ഞു നിനക്കു തന്നെ ആ കാലുകളില്‍ ഉമ്മ കൊടുക്കാനുള്ളതല്ലേ? അതുകൊണ്ടാ പറഞ്ഞതു.  ഇതു കേട്ടാല്‍ സ്വര്‍ഗ്ഗ കവാടത്തില്‍  ഞാന്‍ കിളി പോയി അങ്ങിനെ നില്‍ക്കില്ലേ?  ഭൂമിയില്‍ മറ്റുള്ളവരെക്കൊണ്ട് കാലു കഴുകിച്ചു ജീവിച്ചവനാണ് ഞാന്‍ എങ്കില്‍ പത്രോസിനോട് പറയും, ഇതൊന്നും എനിക്കു പരിചയമില്ല.  എനിക്കിതൊട്ടിണങ്ങുകയുമില്ല.  മറിച്ചു, ഭൂമിയില്‍ മറ്റുള്ളവരുടെ കാലുകഴുകി മടുത്തവനാണെങ്കില്‍ പറയും, ഭൂമിയിലുണ്ടായിരുന്ന കാലമത്രയും ഇതുതന്നെയായിരുന്നു പണി. മരണത്തോടെയെങ്കിലും ഇതൊന്നവസാനിച്ചു കിട്ടുമെന്നാ കരുതിയത്.  ഇനിയിപ്പം എന്താ ചെയ്ക?  ഇവിടൊട്ട് മരണവുമില്ലല്ലോ. എന്റെ നിലപാട് എന്തായാലും പത്രോസ് പറയും, മോനെ, ഇത് സ്വര്‍ഗ്ഗമാ.  ഇവിടെ ദൈവഹിതമാ നടക്കുന്നതു.  മോന്‍ പോയി പറഞ്ഞ പണി ചെയ്യു.  വേറെ പോക്കിടമില്ലാത്തതുകൊണ്ട് ഞാന്‍ പോയി പിരാകിയും നേര്‍ന്നും ഏല്‍പിച്ച പണി ചെയ്യും എന്ന് കരുതുക.  ഇവിടെയാണ്‌ പ്രശ്നം. എന്താണു പ്രശ്നമെന്നോ?  സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഭൂമിയിലോ എവിടെയായിരുന്നാലും ദൈവത്തിന്റെ ഹിതമാണ് നടക്കുന്നതു.  കാരണം ദൈവം ദൈവമാണ്.  പിന്നെ മനുഷ്യനു സ്വാതന്ത്ര്യമുള്ളതുകൊണ്ട് മനോഭാവത്തില്‍ വ്യത്യാസം ഉണ്ടാകാം.  അതായതു നരകത്തിലേതുപോലെയല്ല ഭൂമിയില്‍.  ഇത് രണ്ടു പോലെയുമല്ല സ്വര്‍ഗ്ഗത്തില്‍.  ഇനി കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന ഒന്ന് നോക്കിക്കേ.  ഭൂമിയില്‍ ദൈവഹിതം നടപ്പാക്കണമേ എന്നല്ല പ്രാര്‍ത്ഥന,  സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും നടക്കണമെന്നാ.  ഭൂമിയിലും സ്വര്‍ഗ്ഗത്തിലേപ്പോലെ ദൈവഹിതം നടപ്പായാല്‍ എന്താ?  ഭൂമി സ്വര്ഗ്ഗമാകും. പിടികിട്ടിയില്ലേ?  ദൈവഹിതം നടപ്പിലാകുന്ന രീതിയാണ് സ്വര്‍ഗ്ഗത്തിനും നരകത്തിനും തമ്മിലുള്ള വ്യത്യാസമെന്നു.  സ്വര്‍ഗ്ഗത്തില്‍  സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റുമ്പോള്‍ നരകത്തില്‍ പ്രാകിയും ശപിച്ചും കോപിച്ചും അത് നിറവേറ്റും.  പ്രശ്നം മനസ്സിലായില്ലേ? കാര്യം ഞാന്‍ ഇരിക്കുന്നതു പത്രോസിന്റെ കാല്‍ച്ചുവട്ടിലാണെങ്കിലും പ്രാകിയും നേര്‍ന്നും വിഷമത്തോടെ ദൈവഹിതം നിറവേറ്റുമ്പോള്‍ ഞാന്‍ നരകത്തിലാണെന്നു തന്നെ. ഓ! സ്വര്‍ഗ്ഗത്തില്‍ അങ്ങിനെയൊന്നും ആവില്ലെന്നെ. അവിടെ നമ്മള്‍ കാലും നീട്ടിയിരുന്നാല്‍ മതി, മാലാഖമാര്‍ വന്നു കാലു കഴുകിക്കോളും എന്നാണോ ചിന്ത.  അതിനുള്ള സാദ്ധ്യത തീരെ കുറവാ കേട്ടോ.  താന്‍ ദൈവമാതാവാകാന്‍ പോകുന്നെന്നു കേട്ടപ്പോഴേ എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ഓടിയ പ. മറിയമാണ് സ്വര്‍ഗ്ഗ റാണി.  സ്വന്തം ശിഷ്യരുടെ കാലുകഴുകി മുത്തിയിട്ടു നിങ്ങളും പരസ്പരം കാലുകള്‍ കഴുകണം എന്നു നിര്‍ദ്ദേശിച്ചിട്ടു പോയ യേശുവാണ് അവിടുത്തെ കര്‍ത്താവ്.  സ്വര്‍ഗ്ഗത്തില്‍ എത്തിയവര്‍ എന്ന് സഭ പ്രഖ്യാപിച്ചിട്ടുള്ളവരുടെ ചരിത്രം പരിശോധിച്ചാലും അവരൊക്കെയും ശുശ്രൂഷിക്കപ്പെടുന്നതിനേക്കാള്‍ ശുശ്രൂഷിക്കുന്നവരായിരുന്നു.  അവരുടെ സ്വഭാവം മാറിയിരിക്കാന്‍ സാദ്ധ്യതയില്ല.  ചുരുക്കിപ്പറഞ്ഞാല്‍ ശുശ്രൂഷാ മനോഭാവമില്ലെങ്കില്‍ വെറുതെ സ്വര്‍ഗ്ഗം വരെ പോയി ചമ്മണ്ട.  നമുക്ക് പറ്റിയ ഇടത്തോട്ടു പോയാല്‍ പോരെ?  ഇത് ശുശ്രൂഷാ മനോഭാവത്തിന്റെ കാര്യം.  ഇതുപോലെ എത്ര കാര്യങ്ങളാ കിടക്കുന്നതു.

ചുരുക്കി പറഞ്ഞാല്‍, സ്വര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ പരിശീലിക്കാനാണ് ദൈവം നമ്മളെ ഈ ഭൂമിയില്‍ ആക്കിയിരിക്കുന്നത്. കിട്ടിയ സമയം കൊണ്ടു അത് നന്നായി പരിശീലിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ സുഖമായി കഴിഞ്ഞു കൂടാം.  എന്താ ഞാനീ പറഞ്ഞു വരുന്നത്?  ഈ പരിശീലനത്തിനനുസരിച്ചാണോ സ്വര്‍ഗ്ഗത്തിലേക്കുള്ള റിക്രൂട്ടുമെന്റ്?  അല്ല.  വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും (മാര്‍ക്കോ.16/16) എന്നാല്‍ ഇതുകൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.  ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.   പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍.  ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. (മത്താ.28/19, 20)  അടിവരയിട്ട ഭാഗങ്ങള്‍ മുന്‍പറഞ്ഞ പരിശീലനത്തെ വ്യക്തമായി സൂചിപ്പിക്കുന്നു.  ഇനി ആരെങ്കിലും ആവശ്യമായ പരിശീലനമില്ലാതെ സ്വര്‍ഗ്ഗത്തില്‍ ചെന്നു പറ്റിയാലോ?  അവരെ പരിശീലിപ്പിക്കാന്‍ പ്രത്യേക പരിപാടിയുണ്ടേ.  ശുദ്ധീകരണസ്ഥലം എന്നാണു സാധാരണയായി അതിനെ വിളിക്കാറ്.  അവിടുത്തെ പരിശീലനം ഇത്തിരി കട്ടിയാണേ;  ഒരൊന്നൊന്നര പരിശീലനം.  അല്ല, അതൊഴിവാക്കുകയല്ലേ ബുദ്ധി? 

Comments