ജത്രോയുടെ ഉപദേശം

പല കുടുംബങ്ങളിലും സ്ഥാപനങ്ങളിലും കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത് ജത്രോയുടെ ഉപദേശത്തിനു ചെവി കൊടുക്കാഞ്ഞിട്ടാണ്. എന്താണീ ജത്രോയുടെ ഉപദേശം?

ഫറവോയുടെ അടിമത്തത്തിൽ നിന്നും ഇസ്രായേൽക്കാരെ മോചിപ്പിക്കാനുള്ള ദൈവനിയോഗവുമായി  ഈജിപ്തിലേയ്ക്കു പുറപ്പെട്ടപ്പോൾ മോശ ഏൽപ്പിച്ചിട്ടു പോയ  ഭാര്യയെയും രണ്ടു മക്കളെയും തിരിച്ചേല്പിക്കാൻ എത്തിയതായിരുന്നു അമ്മായിയപ്പനായിരുന്ന ജത്രോ. ദൈവം ഇസ്രായേലിനു വേണ്ടി ചെയ്ത അത്ഭുതകരമായ കാര്യങ്ങൾ കേട്ട് മരുമകനോടൊപ്പം കഴിയവേ, മോശയുടെ തിരക്കു ജത്രോ നേരിട്ടു കണ്ടു.  അദ്ദേഹം വളരെ പ്രായോഗികമായ ഒരുപദേശം മോശയ്ക്കു കൊടുത്തു.  കുറെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവർക്കു വിഭജിച്ചു നൽകുക.  ‘അവർ എല്ലായിപ്പോഴും ജനങ്ങളുടെ തർക്കങ്ങൾക്കു തീർപ്പു കല്പിക്കട്ടെ.  വലിയ കാര്യങ്ങൾ നിന്നെ ഏൽപിക്കുകയും ചെറിയവ അവർ തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ.’(പുറ. 18/22)  അതു ദൈവഹിതമായി മോശ സ്വീകരിച്ചു.  പിന്നീട്, എഴുപതു പേർക്കു ദൈവം മോശയുടെ ചുമതലകൾ വീതിച്ചു നൽകുന്നതായി സംഖ്യ 11/17 ൽ നാം കാണുന്നുമുണ്ട്.  ഈ ക്രമീകരണം ജനത്തിനു ഏറെ ഉപകാരപ്പെടുകയും ചെയ്തു.

ജത്രോയുടെ ഈ ഉപദേശം സ്വീകരിക്കാത്തവരെ ഇന്നും ധാരാളമായി കാണാം, കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സഭയിലും എല്ലാം. വീട്ടുകാര്യങ്ങളിലൊന്നും മക്കളെ ഇടപെടുത്താതെ പഠിക്കാൻ മാത്രമായി അവരെ മാറ്റി നിർത്തുന്ന മാതാപിതാ‍ക്കൾ ഇക്കൂട്ടത്തിൽ പെടുന്നു.  താൻ കടന്നു പോകുന്ന പ്രതിസന്ധിയൊന്നും ഭാര്യയോടു പങ്കുവയ്ക്കാതെ സ്വയം ചുമക്കുന്ന ഭർത്താവും ഇക്കൂട്ടത്തിൽ തന്നെ.  കൃഷികാര്യങ്ങളിലായാലും ബിസ്സിനസ് കാര്യങ്ങളിലായാലും പ്രായപൂർത്തിയായ മക്കളെപ്പോലും ഉൾപ്പെടുത്താതെ തനിക്കു ശേഷം പ്രളയമെന്ന മട്ടിൽ ഒറ്റയാനായി നീങ്ങുന്ന വയോവൃദ്ധനും കീഴ്ജീവനക്കാർക്കു ഉത്തരവാദിത്തങ്ങൾ പങ്കുവച്ചു കൊടുക്കാത്ത മാനേജരും ജത്രോയുടെ ഉപദേശം കേൾക്കാത്തവർ തന്നെ.

ജോലി ഏല്പിച്ചു കൊടുക്കുന്ന കാര്യമല്ല ഇവിടെ പറഞ്ഞു വരുന്നതു്ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു കൊടുക്കുന്ന കാര്യമാണു്.  ഇതു രണ്ടും വ്യത്യസ്തമാണു്.  ജോലി ഏല്പിക്കുമ്പോൾ ‘ഒരു പണി’ കൊടുത്തതായാണു് സ്വീകർത്താവിനു തോന്നുക. നേരേ മറിച്ച് ഒരു ഉത്തരവാദിത്തമേല്പിക്കുമ്പോൾ അയാളുടെ ആത്മാഭിമാനമുയരുന്നു. ഞാൻ ബാങ്കിൽ ജോലിയ്ക്കു കയറിയ ആദ്യകാലത്തെ ഒരു സംഭവം ഓർക്കുന്നു.  അംഗവൈകല്യമുള്ളവർക്കു വേണ്ടിയുള്ള ഒരു സർക്കാർ പദ്ധതിയിൽ ചേരുന്നതിനു ഫീസ് ബാങ്ക് ഡ്രാഫ്റ്റായി അവർ അടയ്ക്കേണ്ടിയിരുന്നു. ഫീസ് ചെറിയ തുകയായിരുന്നെങ്കിലും ബാങ്കു കമ്മീഷനും ഏതാണ്ട് അത്രയും തന്നെ വന്നിരുന്നു.  ഒരു ദിവസം തീരെ വയ്യാത്ത ഒരാളുമായി ഞാൻ കാബിനിലെത്തി മാനേജരോടു കമ്മീഷനിൽ ഇളവു കൊടുക്കണമെന്നപേക്ഷിച്ചു.  അദ്ദേഹം അതനുവദിക്കുകയും ചെയ്തു.  പിന്നീട്  ഈ ആവശ്യത്തിനു ഡ്രാഫ്റ്റെടുക്കാൻ വന്ന ഒന്നുരണ്ടു പേർക്കു കൂടി ഞാൻ ഇളവു വാങ്ങി കൊടുത്തു.  അടുത്തതവണ ഈ ആവശ്യത്തിനായി അടുത്തെത്തിയ എന്നോട് അദ്ദേഹം ചോദിച്ചു: ‘എത്ര ഇളവു കൊടുക്കണം? എന്റെ മനസ്സിൽ തോന്നിയ ഒന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു ‘അതു കൊടുത്തോളൂ.  ഇനി ഇതു ചോദിക്കാൻ എന്റെ അടുത്തു വരേണ്ടതില്ല. ന്യായമായ ഇളവു ജോർജ്ജിനുതന്നെ അനുവദിക്കാം.’  അമ്പരന്നു നിന്ന എന്റെ വായിൽ നിന്നും ഈ വാക്കുകൾ ഉതിർന്നു: ’അതു മാനേജരുടെ വിവേചനാ....’ അതു മുഴുമിക്കാൻ അദ്ദേഹം അനുവദിച്ചില്ല. ‘അതെ, അതു മാനേജരുടെ വിവേചനാധികാരത്തിൽ പെട്ടതു തന്നെ. ഇപ്പോൾ ഞാൻ അതു തനിക്കു തന്നിരിക്കുന്നു.’  ബാങ്കിൽ കയറിയിട്ടു മൂന്നു മാസം പോലും തികയാത്ത എന്നിൽ ആ വാക്കുകൾ വരുത്തിവച്ച മാറ്റം ചെറുതല്ലായിരുന്നു.  അതുവരെ ഞാൻ ജോലി ചെയ്യുന്നഎനിക്കു ശമ്പളം തരുന്ന ഒരു സ്ഥാപനമായിരുന്ന ആ ബാങ്ക് അപ്പോൾ മുതൽ എന്റേതു കൂടിയായി.  മാത്രമല്ലനാല്പതു വർഷത്തിനു ശേഷവും ആ വാക്കുകൾ എന്നോടു പറഞ്ഞ ആർ. പി. കമ്മത്തു സാറിന്റെ പേരും മുഖവും മങ്ങാതെ, മായാതെ എന്റെ മനസ്സിൽ അവശേഷിക്കുകയും ചെയ്യുന്നു.

പിൻഗാമികൾക്കു യഥാസമയം ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു കൊടുക്കുന്നവർ  സ്വന്തം ഭാരം ലഘൂകരിക്കുന്നു, പിൻഗാമികളെ വളർത്തുന്നു, മാത്രമല്ല, തങ്ങൾ അധികാരികളായിരിക്കുന്ന സ്ഥാപനത്തിന്റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.  അതു കുടുംബമാകട്ടെ, വ്യാപാരവ്യവസായ സംരംഭങ്ങളാകട്ടെ, സഭയാകട്ടെ മറ്റെന്തുമാകട്ടെ.  കൊന്നത്തെങ്ങുകളാകുന്ന മുറയ്ക്കു കേരകർഷകൻ തൈത്തെങ്ങുകൾ വച്ചു വിടുന്നതു കണ്ടിട്ടില്ലേഅതുതന്നെ ഇവിടുത്തെയും തത്വശാസ്ത്രം.  ചെങ്കടൽ കടത്തി ഇസ്രായേൽകാരെ ഈജിപ്തിൽ നിന്നു കൊണ്ടുപോന്ന മോശയ്ക്കു പക്ഷെ, അവരെ യോർദാൻ കടത്തി കനാൻ നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ല.  അതിനു ജോഷ്വയെയും കാലെബിനേയും പൊലെ രണ്ടു നേതാക്കളുണ്ടായതു മോശ ജത്രോയുടെ ഉപദേശം സ്വീകരിച്ചതു കൊണ്ടു കൂടിയാണു്.


Comments

  1. നല്ല ആശയം ,നന്നായി അവതരിപ്പിച്ചു .അനുമോദനങ്ങൾ .സാബു ജോസ്

    ReplyDelete
  2. നല്ല സന്ദേശം...

    ReplyDelete
  3. Dear George Gloria,
    Very sensible message indeed.

    ReplyDelete

Post a Comment