ഇരുളും വെളിച്ചവും



 എന്തോ ഓടുന്നതിന്റെ ശബ്ദം കേട്ടാണ് രാത്രിയില്‍ ഞാന്‍ മുറ്റത്തേക്കു നോക്കിയത്.  അരണ്ട വെളിച്ചത്തില്‍ ഒരു വലിയ പൂച്ച ഓടുന്നതാണ് ഞാന്‍ കണ്ടതു.  പൂച്ച ഓടിയാല്‍ ഇങ്ങനെ ശബ്ദം കേള്‍ക്കുമോ? തന്നെയുമല്ല, ആ പൂച്ച ഓടുന്നത് തന്നെ ഇടയ്ക്കിടയ്ക്ക് പേടിച്ചു പുറകോട്ടു നോക്കിക്കൊണ്ടാണ് താനും.  അതു എന്താണെന്നറിയാന്‍ ഞാന്‍ നോക്കിക്കൊണ്ടിരുന്നു.  പൂച്ച ഓടിവന്നു മുറ്റത്തെ വിളക്കിന്റെ വെളിച്ചം നന്നായി വീഴുന്ന ഭാഗത്തെത്തിയപ്പോള്‍ ഒരു വിജയിയുടെ ഭാവത്തില്‍ അവിടെ ഇരിപ്പുറപ്പിച്ചു, വന്ന വഴിയിലേക്ക് നോക്കിക്കൊണ്ടിരുന്നു.  എന്റെ നോട്ടവും അങ്ങോട്ടായി.  അപ്പോഴാണ്‌ പുറകെ വന്ന വലിയൊരു പെരുച്ചാഴിയെ കണ്ടത്.  പൂച്ചയേക്കാള്‍ വലിപ്പം കാണുമതിനു.  അത് വരുന്നതിന്റെയായിരുന്നു ഞാന്‍ കേട്ട ശബ്ദം.  പൂച്ച അതിനെ പേടിച്ചോടി വരുകയായിരുന്നു എന്ന് വ്യക്തം.  പക്ഷേ , ഇപ്പോള്‍ അത് പേടികൂടാതെ പെരുച്ചാഴിയെ നോക്കി അങ്ങിനെയിരിക്കുന്നതു എന്നേ അതിശയിപ്പിച്ചു.  വേഗം തന്നെ അതിനു കാരണം ഞാന്‍ കണ്ടെത്തി.  പെരുച്ചാഴി വെളിച്ചത്തിലെത്തിയതും എന്തോ മുറുമ്മല്‍ ശബ്ദമുണ്ടാക്കിക്കൊണ്ട്  വീണ്ടും ഇരുട്ടിലേക്കു തിരിച്ചുപോയി.  താന്‍ വെളിച്ചത്തില്‍ എത്തിയിരിക്കുന്നു എന്നതാണു പൂച്ചയുടെ ധൈര്യത്തിനാധാരം എന്നു എനിക്കു പിടികിട്ടി.  പൂച്ചയ്ക്കും ഇരുട്ടില്‍ സാമാന്യം നന്നായി കാണാം.  അതല്ല കാര്യം.  പെരുച്ചാഴി ഇരുട്ടിന്റെ സന്തതിയാണ്.  അതു വെളിച്ചത്തിലേയ്ക്കു വരില്ല.  അതിനു വെളിച്ചത്തെ പേടിയാണ്.  അതുകൊണ്ടു താന്‍ വെളിച്ചത്തിലായിരിക്കുമ്പോള്‍ സുരക്ഷിതനാണ് എന്ന് പൂച്ചയ്ക്കറിയാം.  ഞാനോര്‍ത്തു. മനുഷ്യരില്‍ പലര്‍ക്കും ഇല്ലാത്ത അറിവ്. 

പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ത്തു.  ടൌണിലെ ബസ്‌ സ്റ്റാന്‍ഡില്‍ രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ആണുങ്ങളെ കണ്ണ് കാണിച്ചു ക്ഷണിക്കുന്ന സ്ത്രീ.  ഇര കുരുക്കിലായി എന്ന് കണ്ടാല്‍ അവള്‍ പതുക്കെ അടുത്തുള്ള ഇടവഴിയിലെ ഇരുളിന്റെ മറയിലേക്ക്  നീങ്ങും.  അവളുടെ പുറകെ പമ്മി എത്തുന്ന ഇരയെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന അവളുടെ സംഘാംഗങ്ങള്‍ പിടികൂടുന്നു,  കയ്യിലുള്ള വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നെടുത്തു രണ്ടു തല്ലും കൊടുത്തു പറഞ്ഞുവിടുന്നു.  എന്തിനാണ് പാതിരാത്രിയില്‍ ഇരുളടഞ്ഞ ഇടവഴിയില്‍ പോയതെന്നു പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന മാനഹാനി ഭയന്നു ആരും പോലീസില്‍ പരാതിപ്പെടാറുമില്ല.  ആരോ ഒരാള്‍ ധൈര്യപ്പെട്ടു കേസു കൊടുത്തപ്പോളാണ് സംഭവം പുറംലോകം അറിയുന്നതു.  എന്നാല്‍ ആ പൂച്ചയെ പോലെ വെളിച്ചത്തിന്റെ സുരക്ഷിതത്വം തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടതോര്‍ക്കുന്നു.

ഗ്രാമീണാന്തരീക്ഷത്തില്‍ നിന്നും ഡിഗ്രിയ്ക്ക് പഠിക്കാന്‍ നഗരത്തിലെ കോളജിലെത്തിയതായിരുന്നു അവള്‍.  അവളുടെ അടക്കവും ഒതുക്കവും ആ കാമ്പസ്സിനു അത്ര ഇണങ്ങുന്നതായിരുന്നില്ല.  ആദ്യ സെമസ്റ്റര്‍ കഴിയുമ്പോഴേക്കും അവള്‍ കന്യാസ്ത്രി ആവാന്‍ പോകുന്നവളാണ് എന്നൊരു കിംവദന്തി കാമ്പസില്‍ ആകെ പടര്‍ന്നു.  ഞാനൊട്ടു തിരുത്താനും പോയില്ല.  വിവാഹാലോചനയ്ക്കു എത്തിയതായിരുന്നില്ലല്ലോ ഞാന്‍ അവിടെ. അവള്‍ എന്നോടു പറഞ്ഞു.  മൂന്നു കൊല്ലത്തിനിടെ അപകടകരമായേക്കാമായിരുന്ന ബന്ധങ്ങളില്‍  നിന്നു പല സഹപാഠികളെയും തടയാന്‍ അവള്‍ക്കായി,  മാതൃകയിലൂടെയും മുന്നറിയിപ്പുകളിലൂടെയും.  കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുടെ ബൈക്കിനു പുറകില്‍ കയറി ജൂസു കുടിക്കാന്‍ പോകാന്‍ ഭരണഘടന എനിക്കു സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്നു പറഞ്ഞു പോയ പലരെയും പിന്നീടു സമാശ്വസിപ്പിക്കാനും അവള്‍ക്കിടയായിട്ടുണ്ട്.  ആദ്യത്തെ ജൂസിലായിരിക്കില്ല മയക്കു മരുന്നു കലര്‍ത്തുന്നത്.  അവളുടെ വാക്കുകളില്‍ നല്ല ഉറപ്പുണ്ടായിരുന്നു.

ആണ്‍-പെണ്‍ ബന്ധങ്ങളുടെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നതു; എല്ലാത്തരം തിന്മകളെക്കുറിച്ചുമാണ്. നിഴലിലേക്കു മാറാനുള്ള ആഗ്രഹം മനസ്സിലുദിക്കുമ്പോഴേ  അറിയണം ഇത് ഇരുളിലേ ചെന്നവസാനിക്കൂ എന്ന്.  അവിടെ വലിയ ആപത്താണു കാത്തിരിക്കുന്നതെന്നും.  തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു.  അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിനു അവന്‍ വെളിച്ചത്തു വരുന്നുമില്ല.(യോഹ.3/20) പ്രകാശത്തിലായിരിക്കുന്നവന്റെ സുരക്ഷിതത്വത്തിന്റെ കാരണം ഇവിടെ നാം തിരിച്ചറിയുന്നു. 

യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.  എന്നേ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല.  അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. (യോഹ. 8/12)

Comments