Skip to main content
Cover credit : chatgpt
ലാസർ രോഗഗ്രസ്തനായി എന്നു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.
(യോഹന്നാന്‍ 11 : 4) പക്ഷേ, ലാസർ ആ രോഗത്താൽ മരിച്ചു. രോഗം മരണത്തിൽ അവസാനിച്ചു. പക്ഷേ, ലാസർ ആ മരണത്തോടെ അവസാനിച്ചില്ല. കാരണം, അതു ദൈവത്തിൻ്റെയും ദൈവപുത്രൻ്റെയും മഹത്വത്തിനു വേണ്ടിയുള്ളതായിരുന്നു. എല്ലാറ്റിൻ്റെയും അവസാനമായുള്ള മരണങ്ങളുണ്ട്. മരണത്തോടെ അവസാനിക്കാത്ത ചിലരുടെ മരണങ്ങളുമുണ്ട്. അവയാണ് മഹത്വമാർന്ന മരണങ്ങൾ. അവയിലൂടെ ദൈവം മഹത്വം പ്രാപിക്കുന്നു. എന്താണ് മരണത്തിൻ്റെ മഹത്വം? അതു തിരിച്ചറിയുന്നതിന് ലാസറിൻ്റെ മരണത്തെ കുറച്ചു കൂടി അടുത്തു നിന്ന് അറിയേണ്ടതുണ്ട്.
നായിൻ പട്ടണത്തിലെ വിധവയുടെ പുത്രനെ ഉയിർപ്പിച്ച സംഭവ വിവരണം (ലൂക്ക7/14, 15) പോലെ ലാസറിനെ ഉയിർപ്പിച്ച സംഭവം നാം വായിക്കരുത്. ഇതു വർണ്ണിച്ചിരിക്കുന്നതു യോഹന്നാനാണ്; അത്ഭുതങ്ങളെ അടയാളങ്ങളായി കാണുന്ന യോഹന്നാൻ (2/11).
എങ്ങിനെയാണ് ലാസറിൻ്റെ മരണത്തിൽ ദൈവവും മനുഷ്യപുത്രനും മഹത്വപ്പെടുന്നത്? ലാസറിൻ്റെ ഉയിർപ്പിക്കലിലൂടെ എന്നാവും നമ്മുടെ പെട്ടെന്നുള്ള മറുപടി. അതു ശരിയാണു താനും. എന്നാൽ, അതിൽ ഒതുങ്ങുന്നതല്ല ആ മഹത്വം. ലാസറിൻ്റെ മരണവും ഉയിർപ്പും യേശുവിൻ്റെ മരണത്തിൻ്റെയും ഉയിർപ്പിൻ്റെയും ഉപമയായിരുന്നു. ലാസർ മരിച്ച് നാലാം ദിവസമാണ് ഉയിർത്തത്. നാല് ലൗകീക പൂർണ്ണതയെ സൂചിപ്പിക്കുന്ന സംഖ്യയാണ്. ലാസറിൻ്റെ ഉയിർപ്പ് ഈ ലോകത്തിൻ്റെ തികവിൽ ഉള്ളതായിരുന്നു. എന്നാൽ അത് നിത്യതയിലുള്ളതായിരുന്നില്ല. കാരണം ലാസർ ഇന്നു നമ്മുടെയിടയിൽ ഇല്ല; പിന്നീടെപ്പോഴോ മരിച്ചു പോയി. എന്നാൽ, യേശുവിൻ്റെ ഉയിർപ്പ് മൂന്നാം ദിവസമായിരുന്നു. മൂന്ന് ദൈവീകതയെ സൂചിപ്പിക്കുന്ന സംഖ്യയാണ്. യേശു ഒരിക്കൽ മാത്രം മരിച്ചു, ഉയിർത്തു. ഇനിയവനു മരണമില്ല. ലാസറിൻ്റെ ഈ സാദൃശ്യം തിന്മ മനസ്സിലാക്കിയിരിക്കണം. യേശുവിനോടൊപ്പം വധിക്കണം എന്നു തിന്മയുടെ പിണിയാളുകൾ തീരുമാനിച്ചത് പത്രോസിനെയോ യോഹന്നാനെയോ തോമ്മായേയോ ആയിരുന്നില്ല, ലാസറിനെയായിരുന്നു എന്നോർക്കുക.(യോഹ.12/10 )
യേശുവിൻ്റെ മരണ-പുനരുത്ഥാനങ്ങളുടെ ഉപമമാത്രമായിരുന്നില്ല ലാസർ. മറിച്ച്, യേശുവിനെ കൊല്ലാനുള്ള തീരുമാനത്തിൻ്റെ ഉടനടി കാരണങ്ങളിൽ ഒന്നാമത്തേതുമായിരുന്നു. ഓശാന ഞായറിലെ വരവേല്പും ദേവാലയ ശുദ്ധീകരണവും രണ്ടാമത്തെയും മൂന്നാമത്തെയും കാരണങ്ങളും. മൂന്നു കൊല്ലം മുമ്പ് സിനഗോഗിൽ ചെയ്ത കന്നിപ്രസംഗം മുതൽ യേശു നോട്ടപ്പുള്ളിയായിരുന്നു. പല വധശ്രമങ്ങളും നടന്നിരുന്നു. എങ്കിലും, ഇപ്പോൾ തിരുനാളിനിടയിൽ വേണ്ട (മർക്കോ.4/2) എന്ന് അവർ തീരുമാനിച്ചിരുന്നതാണ്. അതിനു മാറ്റം വരുത്തിയത് ഈ മൂന്നു കാരണങ്ങളായിരുന്നു എന്നോർക്കുക.മരിച്ചവരിൽ നിന്ന് ഉയിർത്തു എന്നതിനപ്പുറം യേശുവിൻ്റെ മരണ ഉത്ഥാനങ്ങളോടുള്ള യോജിപ്പ് ലാസറിൻ്റെ മരണത്തെ മഹത്വീകരിച്ചു.
ഇനി യേശുവിൻ്റെ മരണത്തിൻ്റെ മഹത്വത്തെ നമുക്കൊന്നു പരിശോധിക്കാം.
ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
(യോഹന്നാന്‍ 17 : 1)
ഗത്സമേനിയിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പു യേശു നടത്തുന്ന പ്രാർത്ഥനയാണിത്. ഇവിടെ യേശു പറയുന്നു: സമയമായിരിക്കുന്നു . യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു സമയം, മണിക്കൂർ എന്നിങ്ങനെ പറഞ്ഞിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം (ഉദാ. 2/4, 7/6,7/8, 7/30, 8/20, 12/23, 12/27) തൻ്റെ പീഢാസഹനത്തിൻ്റെയും മരണത്തിൻ്റെയും സമയത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. അതായത് തൻ്റെ പീഢാ സഹനത്തിലൂടെയും മരണത്തിലുടെയും തന്നിൽ പിതാവു മഹത്വപ്പെടേണ്ടതിനായുള്ള പ്രാർത്ഥനയായിരുന്നു അത്. തനിക്കു ലഭിക്കേണ്ടിയിരിക്കുന്ന ആ മഹത്വം ഏതെന്ന് ഈ വചനത്തിൽ യേശു വ്യക്തമാക്കുന്നു.
ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ. (യോഹന്നാന്‍ 17 : 5)
'ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍'. ഏതു മഹത്വത്തിൻ്റെ കാര്യമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്? പെട്ടെന്ന് നാം എത്തിച്ചേരുന്നത് മനുഷ്യാവതാരത്തിനു മുമ്പ് യേശുവിന് പിതാവിനോടൊപ്പമുണ്ടായിരുന്ന മഹത്വത്തിലേക്കായിരിക്കും. എന്നാൽ ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകും, യേശു അതല്ല ഉദ്ദേശിച്ചത് എന്ന്. ഇവിടെ പരാമർശിച്ചിരിക്കുന്നത് ലോക സൃഷ്ടിക്കു മുമ്പുള്ള കാര്യമാണ്. ലോകസൃഷ്ടിയോടെയാണ് സമയം ഉണ്ടാകുന്നത്. അതിനു മുമ്പ് കാലമോ കാലഗണനയോ ഇല്ല. അപ്പോൾ നാം എത്തിച്ചേരുന്നത് യോഹന്നാൻ്റെ സുവിശേഷത്തിൻ്റെ ആരംഭത്തിൽ പറയുന്ന 'ആദിയിൽ ' ആയിരിക്കും. എന്തായിരിക്കും അവിടെ പിതാവിനോടൊപ്പം യേശുവിനുണ്ടായിരുന്ന മഹത്വം? അവിടെയാണ് ദൈവം മരണം ആസ്വദിച്ചത്, ദൈവം മരിച്ചത്. (കുടുതൽ വിശദീകരണത്തിനായി ദൈവം മരിക്കുമ്പോൾ എന്ന ലേഖനം വായിക്കുക)
മരിച്ചിട്ടും ദൈവമായിരിക്കുന്നതാണ് ദൈവമഹത്വത്തിൻ്റെ ഉച്ചസ്ഥായി. അനാദിയിലെ ആ സംഭവത്തിൻ്റെ സ്ഥലകാല പരിമിതിക്കുള്ളിലെ ആവിഷ്ക്കരണമാണ് നാം കുരിശിൽ കാണുന്നത്. അപ്പോൾ അവിടെയും അതേ മഹത്വത്തിൻ്റെ പാരമ്യം ഉണ്ടാവണം. അതിനായാണ് യേശു പിതാവിനോടു പ്രാർത്ഥിക്കുന്നത്. കുരിശിൽ ജീവൻ വെടിഞ്ഞ ആ കുഞ്ഞാടിനെക്കുറിച്ച് സ്വർഗ്ഗത്തിനു പറയാനുള്ളത് ഈ വചനത്തിൽ കാണാം.
ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. (വെളിപാട് 5 : 12)
ശിഷ്യൻ ഗുരുവിനോളമായാൽ മതി (മത്താ. 10:25) സ്രഷ്ടാവിനോളമാവുക എന്നതാണ് സൃഷ്ടിയുടെ പരമാവധി. ആ പരമാവധിയിലേക്കു വിളി ലഭിച്ചവനാണ് മനുഷ്യൻ. (മത്താ.5:48 നോക്കുക.) അങ്ങിനെയെങ്കിൽ മനുഷ്യന് എത്തിപ്പെടാവുന്ന മഹത്വത്തിൻ്റെ തികവ് മരിച്ചവനെങ്കിലും ജീവിച്ചിരിക്കുന്നവനാവുക എന്നതു തന്നെ. സ്വർഗ്ഗം ഏറ്റം സന്തോഷിക്കുന്നതും അതിലായിരിക്കും.
അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകു' (ലൂക്കാ 15 : 7) ന്നതിൻ്റെ കാരണം ഇവിടെ വ്യക്തമാകുന്നു. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ് (ലൂക്കാ 5 : 32) എന്ന് യേശു പറഞ്ഞതിൻ്റെ പൊരുൾ അല്പം കൂടി ആഴത്തിൽ മനസ്സിലാക്കാൻ ഈ ചിന്ത നമ്മേ സഹായിക്കും.
നീതിമാനായി ആരുമില്ല; ഒരുവന്‍' പോലുമില്ല (റോമാ 3 : 10) എന്ന് എഴുതപ്പെടാൻ പാകത്തിന് മനുഷ്യൻ പാപിയാകാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്? മനുഷ്യൻ്റെ പാപത്തിന് ദൈവീക പദ്ധതിയിലുള്ള സ്ഥാനമെന്ത്? ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയിൽ ഈ ചിന്ത ഒരു കൈത്തിരിവെട്ടം പകരുമെന്നു പ്രത്യാശിക്കുന്നു. പാപമല്ല, ക്രിസ്തുവിലേക്കുള്ള മാനസാന്തരം ഉണ്ടാകാത്ത അവസ്ഥയാണ് മനുഷ്യനെ ആഭിശപ്തനാക്കുന്നത് എന്ന തിരിച്ചറിവിലേക്ക് ഈ ചിന്ത നമ്മേ നയിക്കട്ടെ. കളകളുടെ ഉപമയിൽ (മത്താ.13/ 24-30) നിർദ്ദേശിച്ചിട്ടുള്ളതു പോലെ കളയിൽ നിന്നു ശ്രദ്ധ വിളയിലേക്കു മാറുന്ന ഒരു ആത്മീയതയിലേക്കു വളരാൻ നമുക്കു ഇടയാകട്ടെ. സത്യവും ജീവനും പ്രകാശവുമായ ക്രിസ്തുവിൽ നിന്നു വഴിതിരിഞ്ഞു പോകലാണ് പാപം എന്നു യോഹന്നാൻ സുവിശേഷകൻ ഉയർത്തുന്ന ആശയം നമ്മേ ഭരിക്കാൻ ഇടയാകട്ടെ. അതു നമ്മിൽ സുവിശേഷ പ്രഘോഷണത്വര ഉണർത്തട്ടെ.
Comments
Post a Comment