ഉരുകിത്തീരുന്ന നമ്മൾ

ഉരുകിത്തീരുന്ന നമ്മൾ

'


 അൾത്താരയിൽ അർപ്പിക്കപ്പെടുന്ന  ദിവ്യബലി ഒരേ സമയം ബലിയും വിരുന്നുമാണ്. പാശ്ചാത്യ സഭയിൽ പൊതുവേ വിരുന്നിനാണു പ്രാമാണ്യം; പൗരസ്ത്യ സഭകളിൽ ബലിക്കും. കാൽവരിയിൽ അർപ്പിക്കപ്പെട്ടത് ക്രിസ്തുവിനു ബലിയായിരുന്നു.  എന്നാൽ നമുക്കതു തിരുവത്താഴ മേശയിലെ വിരുന്നിനു കാരണമാണ്.  ഈ വിരുന്നിൽ നാം പങ്കെടുക്കുന്നതു നാം ജീവിതത്തിൽ ബലിയായി മാറാനാണ്.  നമ്മുടെ പലരുടെയും ജീവിതം ഉരുകിത്തീരുന്ന മെഴുകുതിരി പോലെ  ബലിയായി അർപ്പിക്കപ്പെട്ടതാണ്. ഏറ്റം ചുരുങ്ങിയത് നമ്മുടെ ചിന്തയെങ്കിലും അങ്ങിനെയാണ്. 

യേശുവിൻ്റെ ജീവിതം പിതാവിൻ്റെ മുമ്പിൽ ഒരു ബലിയായിരുന്നു, സമർപ്പണമായിരുന്നു;  നമുക്കു വേണ്ടി വ്യയം ചെയ്യപ്പെട്ടതായിരുന്നു അവിടുത്തെ ജീവിതം.  അതിൻ്റെ മൂർദ്ധന്യമായിരുന്നു, പൂർണ്ണതയായിരുന്നു കാൽവരിയിൽ.  ജപമാലയിലെ സന്തോഷത്തിൻ്റെ നാലാം രഹസ്യത്തിൽ നാം ധ്യാനിക്കുന്നതു പോലെ ദൈവത്തിനു സമർപ്പിക്കപ്പെട്ടതും മനുഷ്യർക്കു ഏല്പിച്ചു കൊടുക്കപ്പെട്ടതുമായിരുന്നു യേശുവിൻ്റെ ജീവിതം.  പിതാവിനുള്ള സമർപ്പണം പൂർണ്ണമാകാൻ ശ്രദ്ധിച്ചതു പോലെ തന്നെ തൻ്റെ ജീവിതം നമുക്കുള്ള കുറ്റമറ്റ വിരുന്നാകാനും അവിടുന്നു ശ്രദ്ധിച്ചിരുന്നു. അന്ത്യ അത്താഴത്തിൽ മാത്രമല്ല ജീവിതത്തിൽ ഉടനീളം അതുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്തവണ്ണം തിരക്കേറിപ്പോൾ അല്പമൊരു ഇടവേളയ്ക്കായി അക്കരെയ്ക്കു പോയ യേശു  അവിടെ തടിച്ചുകൂടിയ ജനത്തിൻ്റെ മേൽ അനുകമ്പ തോന്നി വിശ്രമം മറക്കുന്നതു മർക്കോ 6/31-34 ൽ നാം കാണുന്നു. എല്ലാം പൂർത്തിയായി എന്ന സംതൃപ്തിയിൽ ജീവിതം പൂർണ്ണമാക്കാൻ അവിടുത്തേയ്ക്കു കഴിഞ്ഞു. അവിടുത്തെ ജീവിതം ബലി മാത്രമല്ല മറ്റുള്ളവർക്കു വിരുന്നു കൂടിയായിരുന്നു.  നമ്മുടെ ജീവിതം ബലിയായി ഉരുകിത്തീരുന്നു എന്ന ചിന്ത ഒരു ദു:ഖ സ്മരണയാകാം. അതു മറ്റുള്ളവർക്കു വിരുന്നാകുന്നു എന്ന തിരിച്ചറിയലാണ് അതിനെ മധുരോദാരമാക്കുന്നത്.  എങ്കിലേ ജീവിതം സഫലമായി എന്ന കൃതാർത്ഥതയിൽ എത്താനാവൂ. 

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

.

Comments