അവരെന്തിനാ മത പ്രചരണം നടത്തുന്നത്?

 അവരെന്തിനാ മത പ്രചരണം നടത്തുന്നത്


 ഞാൻ കർണ്ണാടകയിലെ ഒരു ചെറു പട്ടണത്തിൽ ജോലി ചെയ്യുന്ന കാലം.  പതിനഞ്ചിലേറെ വർഷങ്ങൾ മുമ്പാണു, കെട്ടോ.  അക്കാലത്ത് കർണ്ണാടകയിൽ അവിടെയും ഇവിടെയുമൊക്കെ പള്ളികളും മoങ്ങളും ആക്രമിക്കപ്പെട്ടിരുന്നു, ഇടയ്ക്കിടെ.  ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ തീവ്രഹിന്ദുത്വവാദിയൊന്നുമല്ലാത്ത എൻ്റെ സ്നേഹിതൻ ഒട്ടൊക്കെ സ്വഗതമായും ഒട്ടൊക്കെ ഞാൻ കേൾക്കാനുമായി ഇങ്ങനെ പ്രതികരിക്കുമായിരുന്നു, 'ഇവരീ മതപ്രചരണത്തിനു പോകുന്നതല്ലേ അവരെ പ്രകോപിപ്പിക്കുന്നത്.'  ഞാനൊട്ടു കേട്ടതായി ഭാവിയ്ക്കയുമില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളിരുവരും ഒരുമിച്ച് ജോലിയ്ക്കു പോകുന്ന വഴിയരുകിൽ വെറും നിലത്ത് ഒരാൾ ചുരുണ്ടുകൂടി കിടക്കുന്നു.  വെള്ളമടിച്ചോ വല്ല കഞ്ചാവോ മയക്കുമരുന്നോ കഴിച്ചോ കിടക്കുന്നതാവും എന്നു കരുതി ഞങ്ങൾ കടന്നു പോയി.  എന്നാൽ വൈകുന്നേരം ജോലി കഴിഞ്ഞു ഞങ്ങൾ മടങ്ങുമ്പോഴും അയാൾ അങ്ങിനെ തന്നെ കിടപ്പുണ്ട്, വായിൽ നിന്നും എന്തോ ദ്രാവകമൊക്കെ ഒഴുക്കി ഈച്ച പാറി.  അല്പമകലെയുള്ള മാടക്കടക്കാരൻ്റെ അടുത്തെത്തി വിവരം അന്വേഷിച്ചു. അയാളുടെ മറുപടിയിൽ നിന്നും ഞങ്ങളുടെ പരിമിത കന്നഡ ജ്ഞാനം ഉപയോഗിച്ച് ഇതാണു മനസ്സിലാക്കിയത്. ഈ മനുഷ്യൻ്റെ വീട് അവിടെ അടുത്തെവിടെയോ ആണ്.  ഇയാൾക്ക് എയ്ഡ്സ് ആണെന്നു പറഞ്ഞ് വീട്ടുകാർ ഇയാളെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണ്. ഒരു പാക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പിവെള്ളവും ആ കടയിൽ നിന്നു തന്നെ വാങ്ങി അയാളുടെ അടുത്തു കൊണ്ടു വയ്ക്കാനല്ലാതെ അതിൽ കൂടുതൽ സഹാനുഭൂതിയൊന്നും ഞങ്ങളിരുവർക്കും ഒട്ടു തോന്നിയതുമില്ല.  പിറ്റേന്നു രാവിലെ ഞങ്ങൾ അതുവഴി പോകുമ്പോൾ അയാൾ അവിടെത്തന്നെയുണ്ട്, കുപ്പിവെള്ളവും ഉറുമ്പുകയറിയ നിലയിൽ ബിസ്കറ്റും.  ഈച്ചകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നു മാത്രം.  "ശ്ശോ!  ആ മനുഷ്യൻ അവിടെത്തന്നെ കിടപ്പുണ്ടല്ലോ." ഞാൻ പറഞ്ഞു.  "നമ്മളെന്തു ചെയ്യാനാ.  നാട്ടിലായിരുന്നെങ്കിൽ വല്ല കോൺവെൻ്റിലും വിളിച്ചു പറയാമായിരുന്നു." സ്നേഹിതൻ പ്രതികരിച്ചു.  "അതെ.  ഇതൊക്കെ ചെയ്യാൻ അവർ തന്നെ വേണം.  എല്ലാ നാട്ടിലും കോൺവെൻ്റ് അത്യാവശ്യം തന്നെ.  അവിടേയ്ക്കു ആളുകളെ പ്രചോദിപ്പിക്കാൻ സഭയും.  അതന്യം നിന്നുപോകാതെ നോക്കേണ്ടതല്ലേ?"  ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.  അതെ, ആവശ്യം വരുമ്പോൾ മാത്രമാണ് നാമിതോർക്കുന്നത്.  അതു പറഞ്ഞപ്പോഴാണ് മറ്റൊരു സംഭവം ഞാനോർക്കുന്നത്.
അഞ്ചോ പത്തോ വർഷങ്ങൾ കൂടി പുറകോട്ടു പോകണം.  അവസരത്തിലും അനവസരത്തിലും വൈദീകരെയും കന്യാസ്ത്രികളെയും അസഭ്യം പറയുന്ന ഒരു സഹപ്രവർത്തകൻ എനിക്കുണ്ടായിരുന്നു.  അവരുടെ മക്കളെ വളർത്താനാണ് അനാഥാലയം നടത്തുന്നതു് എന്നു വരെ പറയാൻ അദ്ദേഹം മടിച്ചിരുന്നില്ല.  അതിനൊക്കെ ഉചിതമായ മറുപടി പറയാൻ മാത്രം താഴാൻ എനിക്കു മടിയായിരുന്നതിനാൽ സ്വമേധയാ നിർമ്മിച്ച മൗനത്തിൻ്റെ വാത്മീകത്തിൽ ഞെരുങ്ങി ഒളിയ്ക്കയായിരുന്നു എൻ്റെ പതിവ്.  അങ്ങിനെയിരിക്കെ,  ഈ സഹപ്രവർത്തകൻ എന്നെ വിളിച്ച് അയാളുടെ മകൾക്ക് ടെസ്റ്റും ഇൻറർവ്യുവും ഒക്കെയായി ഒരു മൂന്നാലു ദിവസം തിരുവനന്തപുരത്തു താമസിക്കേണ്ടി വരും. അതിന് അവിടെ സുരക്ഷിതരായ ഒരിടം തിരുവനന്തപുരം പരിചയമുള്ള ഞാൻ ചൂണ്ടിക്കാണിക്കണം എന്നു പറഞ്ഞു.  എനിക്കവിടെ അയാളേക്കാൾ പരിചയമൊന്നുമില്ലെന്ന കാര്യം അയാൾക്കുമറിവുള്ളതാണല്ലോ എന്നോർത്തു ഞാനമ്പരന്നു.  എങ്കിലും അതു പ്രകടിപ്പിക്കാതെ, അയാളുടെ ജാതി സംഘടന നടത്തുന്ന ഒരു ലേഡീസ് ഹോസ്റ്റൽ ഞാൻ നിർദ്ദേശിച്ചു.'അതെനിക്കറിയാവുന്നതല്ലേടോ.  വേറേ ഏതെങ്കിലും?' അയാൾ ചോദിച്ചു.  ഞാൻ മറ്റൊരു ജാതീയ സംഘടനയുടെ ഹോസ്റ്റൽ ചൂണ്ടിക്കാട്ടി. 'എടോ, നിങ്ങളുടെ കൂട്ടർ നടത്തുന്നതേതെങ്കിലും?' അതായിരുന്നു പ്രതികരണം.  ഞാൻ YWCA പോലൊരു സ്ഥാപനം നിർദ്ദേശിച്ചു.  'എടോ, അതു കന്യാസ്ത്രികൾ നടത്തുന്നതാണോ? പെങ്കൊച്ചല്ലേ? അതാകുമ്പോ പേടിക്കണ്ടല്ലോ.'  അയാൾ നിലപാടു വ്യക്തമാക്കി. ഞാനാകെ കണ്ണു തള്ളി നിന്നു. 
ഇന്നും സഭാ സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങിയവരും മിഷൻ പ്രവർത്തനത്തിൻ്റെ സദ്ഫലങ്ങൾ സ്വീകരിച്ച് വളർന്നു വന്നവരും ചോദിക്കുന്നു:

അവരെന്തിനാ മതപ്രചരണം നടത്തുന്നത്?

Comments

  1. അന്ന് എയ്ഡ്സ് ബാധിച്ച് കിടന്ന ആ മനുഷ്യനെ ഏതെങ്കിലും കന്യാസ്ത്രീകൾ വാഹനത്തിൽ കയറ്റി തങ്ങളുടെ സ്ഥാപനത്തിൽ കൊണ്ടുപോയി ഷേവ് ചെയ്ത്, മുടി വെട്ടി കുളിപ്പിച്ച് നല്ല വസ്ത്രമൊക്കെ ധരിപ്പിച്ച് ഭക്ഷണവും മരുന്നും കൊടുത്ത് അവിടെ പാർപ്പിച്ചിട്ടുണ്ടാകും

    ReplyDelete
  2. നന്ദി

    ReplyDelete

Post a Comment