ക്രിസ്തീയതയുടെ ദനഹ

 ക്രിസ്തീയതയുടെ ദനഹ


ദനഹ പ്രത്യക്ഷീകരണത്തിൻ്റെ, വെളിപ്പെടുത്തലിൻ്റെ ദിവസമാണ്. വാഗ്ദാനപൂർത്തീകരണമായ രക്ഷകൻ ലോകത്തിനു വെളിപ്പെട്ടതു അന്നാണ്, ത്രിത്വമുൾപ്പെടെ പല ദൈവീക രഹസ്യങ്ങളും. ദനഹ തിരുനാളിലെ വായനയിൽ നാം കേട്ട അതേ സംഭവമാണ് ദനഹ കാലത്തിലെ അവസാന ഞായറാഴ്ചയിലും നമുക്കു ലഭിച്ചിരിക്കുന്നത്. രക്ഷാകര സംഭവത്തിൻ്റെ മൂർദ്ധന്യമായ പീഢാനുഭവ സംഭവങ്ങൾക്കായി നാം ഒരുങ്ങുന്ന നോമ്പുകാലത്തിലേക്കാണ് ഇനി നാം കടക്കുന്നത്. ആ നിലയിൽ ഈ വായനയുടെ പ്രസക്തി എന്തെന്നു നമുക്കു നോക്കാം. 
മറ്റു സുവിശേഷകർ വർണ്ണിച്ച സംഭവങ്ങൾ അയവിറക്കാതെ അതിൻ്റെ കാതലിലേക്ക് ഇറങ്ങി ചെല്ലുന്ന യോഹന്നാൻ യേശുവിൻ്റെ സ്നാനം ഒന്നു സൂചിപ്പിക്ക മാത്രം ചെയ്തിട്ട് അതിൻ്റെ ഉള്ളിലേക്ക് ഇറങ്ങുന്നതു ഇങ്ങനെയാണ്:  ഇതാ, ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന / വഹിക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് .  അതെ, സ്നാപകൻ്റെ മുന്നിൽ സ്നാനപ്പെടാൻ നിന്നിരുന്ന പാപികളുടെ നിരയിലേക്ക് യേശു കയറി നിന്നപ്പോൾ ഏറ്റം ക്ലിഷ്ടമായ ദൈവഹിതം  ഏറ്റെടുക്കുകയായിരുന്നു.  പരിശുദ്ധൻ എന്നു നിരന്തരം പ്രകീർത്തിതനായവൻ സ്വയം പാപമായി മാറുന്നതിനു വഴങ്ങുകയായിരുന്നു. പ്രിയപുത്രൻ എന്ന വിളി മറ്റുള്ളവരുടെ മരണം സ്വയമേറ്റെടുക്കുന്ന യേശുവിനാണ് ലഭിക്കുന്നതെന്നു ശ്രദ്ധിക്കുക. ഒരിക്കൽ കൂടി ആ വിളിയുണ്ടാകുന്നതു ഈ ഏറ്റെടുക്കലിൻ്റെ മൂർദ്ധന്യത്തിന് ഒരുക്കമായിട്ടായിരുന്നു എന്നു കൂടി ഓർക്കുക. അവിടുത്തെ ചർച്ചാ വിഷയവും പീഢാനുഭവമായിരുന്നല്ലൊ. മറ്റുള്ളവരുടെ കഷ്ടങ്ങൾ സ്വയം ഏറ്റെടുക്കുന്നത് ദൈവത്തിന് എത്ര പ്രസാദകരമെന്ന് ഇവിടെ വെളിവാകുന്നു. 'സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല.' (യോഹ.15:13) എന്ന പ്രസ്താവനയിലൂടെ യേശു ഇതു പഠിപ്പിക്കുന്നുമുണ്ടല്ലൊ.
അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്നു ശ്രീനാരായണ ഗുരു.  അപരൻ്റെ കുറവുകൾ ഏറ്റെടുത്തു കൊണ്ടാണ് ആത്മസൗഖ്യം നേടേണ്ടതെന്ന് ക്രിസ്തീയത.  സ്വയം വിമലീകരിക്കുന്നതിനായി രുചിയുള്ള കറിയിൽ ചാരം വാരിയിട്ടു ഭക്ഷിക്കുന്ന സന്യാസിയേക്കാൾ, ഉണ്ടാക്കിയ കറിയുടെ രുചിയേറിയതുമൂലം കാലിയായ കറിച്ചട്ടിയിൽ കഞ്ഞിവെള്ളം ഒഴിച്ചു കറക്കി കറിയാക്കി മാറ്റി സന്തോഷത്തോടെ ഉണ്ണുന്ന വീട്ടമ്മയുടെ പ്രവൃത്തി ശ്ലാഘനീയമാകുന്നത് ഇവിടെയാണ്. മകൻ ഒരു ചപ്പാത്തി കൂടി ചോദിച്ചപ്പോൾ തനിക്കായി അവശേഷിച്ചിരുന്നതു കൂടി അവനെടുത്തു കൊടുത്തിട്ട് ഒന്നുമറിയാത്ത പോലെ ഇരുന്ന അമ്മ- അതെ, ശ്രീ എ പി ജെ അബ്ദുൾ കലാമിൻ്റെ അമ്മ-  ആത്മീയോത്കർഷത്തിനായി ഉപവാസമെടുക്കുന്ന ആത്മീയനെക്കാൾ  ക്രിസ്തീയ മാതൃകയാകുന്നതിങ്ങനെ.
നമ്മുടെ ജീവിതത്തിന് ക്രിസ്തീയതയുടെ ഒരു ദനഹ(Epiphany) ഉണ്ടാവട്ടെ.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments